SignIn
Kerala Kaumudi Online
Sunday, 06 October 2024 3.15 PM IST

എന്നു തീരും ഈ നിണബലി

Increase Font Size Decrease Font Size Print Page
k

പാനൂ‌ർ... ഈ നാടിന്റെ പേരു കേൾക്കുമ്പോൾ തന്നെ കാതടപ്പിക്കുന്ന സ്‌ഫോടന ശബ്ദമാണ് അനുഭവപ്പെടുക. വഴിയരികിലെ രക്തസാക്ഷി, ബലിദാനി സ്തൂപങ്ങളിലെ മാ‌ർബിൾ ഫലകങ്ങളിൽ പോരാട്ടത്തിന്റെ ഓർമപ്പെടുത്തലായി കൊത്തിവച്ച എത്രയോ പേരുകൾ. അപരിചതർക്ക് താക്കീതുകളുമായി പാർട്ടികളുടെ ചെക്‌പോസ്റ്റുകൾ. എവിടെ വച്ചും നിങ്ങൾക്കു നേരെ ചോദ്യമുയരാം ആരാ? എന്താ?. തീവ്രമായി വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി കൗമാരവും യൗവനവും വിടുംമുമ്പേ കൊഴിഞ്ഞ എത്രയോ ജീവിതങ്ങൾ.

ഒരാഴ്ച മുൻപ് ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനത്തിൽ ഛിന്നഭിന്നമായ ചെറുപ്പക്കാരനെ പോലെ. എതി‌ർചേരിയിലുള്ളവരാൽ കൊല്ലപ്പെട്ടവർ ധീര രക്തസാക്ഷികളാകുമ്പോൾ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെടുന്നവരും അംഗ ഭംഗത്തിനിരയായവരും പാർട്ടികളുടെ പട്ടികയിൽ ആരാണ്? അസ്‌നയെ പോലെ, അമവാസിയെ പോലെ ദുരന്ത വിധികളിലേക്ക് എടുത്തെറിയപ്പെട്ടവരുടെ ജീവീതാവസ്ഥ എന്താണ്? കൊല്ലുമെന്നു ഭീഷണി കേട്ടാൽ ചോരത്തിളപ്പുള്ളവർ ചാകാതിരിക്കാനുള്ള വഴി നോക്കില്ലേ'- അത്രയും ലളിതമായാണ് ബോംബ് നിർമ്മാണവും സ്‌ഫോടനവും അതിനിടെയുണ്ടാകുന്ന അപകടവും ന്യായീകരിക്കപ്പെടുന്നത്.

ചിതറിയ

ജീവിതങ്ങൾ

എല്ലാ രാഷ്ട്രീയ പാർട്ടികളും കേരളത്തിൽ ഉടനീളം അവരുടെ രക്തസാക്ഷികൾക്ക് സ്മാരകം പണിതിട്ടുണ്ട്. ഓരോ രക്തസാക്ഷിത്വങ്ങൾക്കു പിന്നിലും ഗൂഢാലോചനയും ആയുധസംഭരണവും കൊല നടത്താനുള്ള മുന്നൊരുക്കങ്ങളും ചേ‌ർന്ന് ആസൂത്രണം ചെയ്യുന്ന ക്രിമിനൽ പ്രവർത്തനമുണ്ട്. സ്വന്തം വിശ്വാസത്തെ സംരക്ഷിക്കുവാൻ ജീവൻ ത്യജിച്ച രക്തസാക്ഷിയെ വാഴ്ത്തുന്ന അതേ നാവുകൊണ്ടു തന്നെ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട സ്വന്തം പാർട്ടി പ്രവർത്തകനെ തള്ളിപ്പറയേണ്ട ഗതികേടാണ് കണ്ണൂരിലെ പാർട്ടി നേതൃത്വങ്ങൾക്ക്.

രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി ബോംബുകൾ നിർമ്മിക്കുന്നതിനിടയിൽ തലശേരി മേഖലയിൽ മാത്രം 20 ലേറെ ജീവനുകൾ പൊലിഞ്ഞു എന്നു കണക്ക്. ഇതിൽ സി.പി.എമ്മുകാരും ബി.ജെ.പി. പ്രവർത്തകരും ലീഗുകാരുമുണ്ട്. എന്നാൽ സ്‌ഫോടനത്തിൽ അംഗവൈകല്യം സംഭവിച്ചവരുടെ കൃത്യമായ എണ്ണം ലഭ്യമല്ല.


ബോംബും ക്വട്ടേഷൻ

രാഷ്ട്രീയവും

തൊണ്ണൂറുകളുടെ ആദ്യം പാർട്ടികൾ ക്വട്ടേഷൻ സംഘമായി പ്രവർത്തിക്കുന്ന അനുഭാവികളെ അക്രമത്തിന് ഉപയോഗപ്പെടുത്തി തുടങ്ങിയതോടെയാണ് ബോംബ് കണ്ണൂരിലെ രാഷ്ട്രീയ ആയുധമാകുന്നത്. കൊലപാതകത്തിനു മുൻപ് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ബോംബേറ്.
ടി.പി കേസിൽ പിടിയിലായ രജീഷ് ജയകൃഷ്ണൻ വധക്കേസിലെ പങ്ക് വെളിപ്പെടുത്തിയതോടെ ആണ് രാഷ്ട്രീയ കൊലക്കേസുകളിലെ ക്വട്ടേഷൻ സാന്നിദ്ധ്യം വ്യക്തമായത്. കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ ക്വട്ടേഷൻ സംഘം താമസിച്ച് തന്നെ ബോംബ് നിർമ്മിച്ചിരുന്നുവെന്ന് മുൻ കണ്ണൂർ ഡി.സി.സി ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബു മൊഴി നൽകിയിരുന്നു.

അസ്‌നയും അമാവാസിയും

വെറും പേരുകളല്ല

എറിഞ്ഞു വീഴ്ത്തിയിട്ടും തളരാത്ത അസ്‌ന ബോംബ് രാഷ്ട്രീയത്തിനെതിരേയുള്ള പ്രതിരോധ മുഖമായിരുന്നു. കണ്ണൂരിന്റെ സ്വന്തം മലാല. രണ്ടര പതിറ്റാണ്ടു മുമ്പ് ബോംബ് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് മുറിച്ചു മാറ്റേണ്ടി വന്ന വലതു കാലിലെ കൃത്രിമ പാദങ്ങളിൽ നിവർന്നു നിന്ന അസ്‌ന ഇപ്പോൾ ഡോക്ടറാണ്. 2000 സെപ്തംബർ 27ന് തിരഞ്ഞെടുപ്പ് ദിനത്തിൽ വീട്ടുവരാന്തയിൽ കളിച്ചുകൊണ്ടിരുന്ന ആറു വയസുകാരി അസ്‌നയ്ക്ക് ബോംബേറിൽ പരുക്കേൽക്കുന്നത്.

കേരളത്തിന്റെ ദുഃഖമായിരുന്നു അമാവാസി. ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടി ഇടത് കൈപ്പത്തിയും വലതുകണ്ണും നഷ്ടമാകുകയായിരുന്നു ഈ തമിഴ് ബാലന്. അതിനിടെ അമാവാസി പേരുമാറ്റി പൂർണ ചന്ദ്രനായി. തിരുവനന്തപുരം സംഗീത കോളജിൽ പഠനം. പഠിച്ച കോളജിൽ ക്‌ളർക്കായി ജോലി.

പാടത്തും

പാഠശാലയിലും

ബോംബ്

ബോംബ് നിർമ്മാണം നടക്കുന്ന മേഖലകളിൽ എവിടെയും പൊട്ടിത്തെറിയുണ്ടാകാം. സ്വന്തം പാടത്ത് കൃഷി ജോലിക്കിടെ പൈപ്പിനുള്ളിൽ ഒളിപ്പിച്ചുവച്ച ബോംബ് പൊട്ടിത്തെറിച്ച് കർഷകന് ഗുരുതരമായി പരിക്കേറ്റിരുന്നു. തെങ്ങിൻ മുകളില്‍ സൂക്ഷിച്ച ബോംബ് എടുക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്തോടെ കൈ അറ്റുപോയതും സ്‌കൂളിലെത്തിയ അദ്ധ്യാപകന്റെ ബാഗിൽ സൂക്ഷിച്ച ബോംബ് ഓഫീസ് റൂമിൽ താഴെ വീണ് പൊട്ടിയതും കഥകളല്ല.

ബോംബിനും

ബ്രാൻഡ്


വിശ്വസനീയതയോടെ പ്രവര്‍ത്തിക്കുന്ന സംഘങ്ങൾ ബോംബ് നിർമ്മാണത്തിൽ സജീവമായതാണു പുതിയ വിവരം. ഏത് പാ‌ർട്ടിക്കും ആവശ്യമുള്ള ബോംബ് ഇവരെത്തിച്ചു നൽകും. റിസ്‌ക് കുറവാണെന്നതിനാൽ പാ‌ർട്ടികൾ ഇവരെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. നേരത്തേ ബോംബുകൾ നിർമ്മിക്കുന്നതിനുള്ള രാസപദാർഥങ്ങളും വെടിമരുന്നും എത്തിച്ചിരുന്നവർ തന്നെയാണ് ഇപ്പോൾ മൊത്ത നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി ബോംബ് നിർമ്മിക്കുകയും പിന്നീട് പാർട്ടികളിൽ നിന്ന് പുറത്തുപോയവരുമായ ചിലരും നിർമ്മാണ സംരഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. നാടൻ ബോംബിനു വീര്യവും ആവശ്യവും കുറഞ്ഞതു മുതലെടുത്താണ് ഇവരുടെ പ്രവർത്തനം. ബോംബ് നിർമ്മാണ സാമഗ്രികൾ ലഭിക്കുന്ന അന്യസംസ്ഥാന ഹബ്ബുകളിൽ നിന്നുള്ള വിതരണം തടയാനും പൊലീസിന് സാധിച്ചിട്ടില്ല. കണ്ണൂരിൽ സജീവമായിരുന്ന ക്വാറികളുടെ ലൈസൻസ് ഉപയോഗിച്ച് വാങ്ങിയ അമോണിയം നൈട്രേറ്റും കോഡ് വയറുകളും പെട്രോൾ തിരികളും മാത്രമായിരുന്ന ബോംബിന്റെ രൂപവും വീര്യവും മാറി മാറി വരികയാണ്.

സാധാരണ വെടിമരുന്നിനൊപ്പം നൈട്രോ മീഥെയ്‌നും ചേര്‍ത്ത് വീര്യം കൂട്ടിയ ബോംബിന്റെ കാലവും കഴിഞ്ഞു. ഇപ്പോൾ സാങ്കേതിക തികവിലും സ്‌ഫോടകശേഷിയിലും മാരകമായ ബോംബുകളാണ് ആയുധം. നിർമ്മാണ രീതികൾ സങ്കീർണ്ണമായ സ്റ്റീൽ ബോംബിനുള്ള സാമഗ്രികൾ അയൽ സംസ്ഥാനങ്ങളിൽ നിന്നും കാസർഗോട്, കണ്ണൂർ ജില്ലകളിൽ എത്തിക്കുന്നത് ക്വാറി ലൈസൻസ് മറയാക്കിയാണ്.


ഭീതി നിറയ്ക്കുന്ന ശാന്തത

കണ്ണൂര്‍ ശാന്തമെന്നു തോന്നുന്ന അവസരങ്ങളിലെല്ലാം അണിയറിയില്‍ ആയുധ ശേഖരണംശക്തമാകുകയാണെന്ന് രഹസ്യാന്വേഷണവിഭാഗം ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏറെക്കുറേ പാനര്‍ മേഖല ശാന്തമായിരിക്കെയാണ് കഴിഞ്ഞ ആഴ്ച സ്‌ഫോടനമുണ്ടായത്.
പോലീസ് റെയ്ഡില്‍ പാനൂര്‍ മേഖലയില്‍ നിന്ന് ഒരേസമയം 125 നാടന്‍ ബോംബുകള്‍ വരെ പിടികൂടിയിട്ടുണ്ട്,

കേസ് ദുര്‍ബലം

ബോംബെറിഞ്ഞുവെന്ന പരാതിയില്‍ പലപ്പോഴും പടക്കമെറിഞ്ഞുവെന്നതിനുള്ള ഐപിസി 286 വകുപ്പ് പ്രകാരമുള്ള കേസാണ് പൊലീസ് റജിസ്റ്റര്‍ ചെയ്യുക. 1000 രൂപ പിഴയോ 6 മാസം തടവോ ലഭിക്കാവുന്നതാണിത്. സ്‌ഫോടക വസ്തു നിരോധന നിയമം മൂന്ന്, അഞ്ച് വകുപ്പുകള്‍ പ്രകാരം സ്‌ഫോടന കേസുകളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം 10വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസ് ചാര്‍ജ് ചെയ്യാറുണ്ടെങ്കിലും അവിടെ സാക്ഷികളുടെയും തെളിവിന്റെയും അഭാവം പ്രതികള്‍ രക്ഷപ്പെടാനിടയാക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.