SignIn
Kerala Kaumudi Online
Thursday, 18 July 2024 3.40 PM IST

ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്ദി ഇന്ന് അറിവിന്റെ തിരുവുടൽ

pic-1

ഒരു ജ്ഞാന മണ്ഡലത്തിന്റെ സൃഷ്ടിയും,​ പല വിധ അധീശത്വങ്ങളുടെ സംഹാരവും ഏകകാലത്തു നിർവഹിച്ച ചട്ടമ്പിസ്വാമികളുടെ ജീവിതവും സാക്ഷാത്കാരവും ദർശനവും ഒരു നൂറ്റാണ്ടിനു ശേഷവും അദ്ഭുതമായി പ്രകാശിക്കുമ്പോൾ....

ചട്ടമ്പിസ്വാമികൾ മഹാസമാധി പ്രാപിച്ചത് 1924 മേയ് അഞ്ചിനായിരുന്നു. ഇന്ന് ആ മഹാസംഭവത്തിന് നൂറ്റാണ്ടു തികയുന്നു. ഇപ്പോൾ പല സ്ഥാപനങ്ങളും സംഘടനകളും സ്വാമികളുടെ സമാധി ശതാബ്ദി സമുചിതം ആചരിക്കുകയാണ്. ഗുരുകാരുണ്യത്താൽ അവയ്‌ക്കെല്ലാം ശ്രേയസുണ്ടാകും എന്നതിൽ സംശയമില്ല. എല്ലാറ്റിനും മുന്നോടിയായി ഈ ചരിത്ര സംഭവത്തിന്റെ പെരുമയും പ്രാധാന്യവും വിളംബരം ചെയ്തത് കേരളകൗമുദിയാണ്. 2023 ഏപ്രിൽ ഏഴിന് മഹാസമാധിയുടെ ശതാബ്ദശംഖൊലി എന്ന ലേഖനം പത്രത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അതു തയ്യാറാക്കാൻ നിയുക്തനായത് ഈ ലേഖകനായിരുന്നു. അതേയാൾ തന്നെ ശതാബ്ദ പൂർണതയെക്കുറിച്ചും എഴുതണമെന്നത് ഒരു നിയോഗമാകാം.

പ്രപഞ്ചം മുഴുവൻ ഒറ്റമനസ്സാണ്. മനസിനും മനസിനുമിടയിൽ ശൂന്യാന്തരീക്ഷമില്ല എന്നു പറഞ്ഞത് ചട്ടമ്പിസ്വാമികളാണ്. ശങ്കരാചാര്യർക്കു ശേഷം കേരളത്തിൽ ജന്മമെടുത്ത ഏറ്റവും സ്വതഃപ്രാമാണ്യമുള്ള ആചാര്യശ്രേഷ്ഠൻ. സ്വാമികൾ വെറുതെ പറഞ്ഞതല്ല. തന്റെ ചില പ്രവൃത്തികൾ കണ്ട് അത്ഭുതസ്തബ്ധരായവരുടെ ചോദ്യങ്ങൾക്കു നൽകിയ ഉത്തരമായിരുന്നു. ആ ചോദിച്ചവരിൽ രാജാക്കന്മാരും ന്യായാധിപന്മാരും ധിഷണാശാലികളും കലാകാരന്മാരും സാധാരണക്കാരും കുട്ടികളും ഒക്കെയുണ്ടായിരുന്നു. സ്വാമികൾക്ക് എല്ലാവരും തുല്യർ തന്നെ. എന്തൊക്കെയായിരുന്നു അവർ കണ്ട കാഴ്ചകൾ?

രണ്ടല്ലാത്ത

ഞാനും നീയും

ചട്ടമ്പിസ്വാമികൾ ഉറുമ്പിനോടും പാമ്പിനോടും കടുവയോടും ശിശുവിനോടും ഒന്നുപോലെ സംവദിക്കുന്നു. എലി മുതൽ ഹിംസ്രജന്തുക്കൾ വരെ അദ്ദേഹത്തെ അനുസരിക്കുന്നു. ഉയരെ നിൽക്കുന്ന പൂവും കായുമെല്ലാം സ്വാമികൾക്കുവേണ്ടി ആ കൈക്കുമ്പിളിലേക്ക് താണുതാണു വരുന്നു. ഇതിന്റെയെല്ലാം കാരണമാണ് സ്വാമികൾ വെളിവാക്കിയത്. ബ്രഹ്‌മസാക്ഷാത്കാരം സിദ്ധിച്ചവർക്കു മാത്രമേ ഈ അനുപമാനുഭവം ഉണ്ടാവുകയുള്ളൂ. ചട്ടമ്പിസ്വാമികൾ ഇരുപത്തിയേഴാം വയസ്സിൽ സാക്ഷാത്കാരം കൈവന്ന തപോധനനാണ്. താനും മറ്റൊന്നും രണ്ടല്ലെന്നും, തനിക്കു മറ്റൊന്നുമായി ഭേദമില്ലെന്നുമുള്ള അനുഭവമാണ് സാക്ഷാത്കാരഫലം. അതുണ്ടാകുമ്പോൾ തന്നിലുള്ള ചൈതന്യം തന്നെയാണ് മറ്റെല്ലാറ്റിലുമുള്ളത് എന്ന ബോദ്ധ്യം വരും.

ആ ബോദ്ധ്യമുണ്ടാകുമ്പോൾ സംശയം, ഭയം മുതലായ വികാരങ്ങളും രൂപം, ഭാവം തുടങ്ങിയ തോന്നലുകളും ഇല്ലാതാകും. അതോടുകൂടി,​ താൻ മാത്രമേയുള്ളൂ, അഥവാ, താനല്ലാതൊന്നുമേയില്ല എന്നതാകും അവസ്ഥ. ആ അവസ്ഥയിലെത്തിയയാൾക്ക് മറ്റു ഭാഷയൊന്നും ആവശ്യമില്ല. അയാൾ തന്നോടുതന്നെയാണ് സംവദിക്കുന്നത്. സ്‌നേഹമാണ് അതിന്റെ മാദ്ധ്യമം. കരുണയും ശാന്തിയും യഥാക്രമം ഭാവവും അനുഭവവുമായി മാറും. ഇതിനെയാണ് വിവേകികൾ അദ്വൈതാനുഭൂതിയെന്നു പറയുന്നത്. ഈ അനുഭൂതിയിൽ സദാ മുഴുകിയിരുന്ന ചട്ടമ്പിസ്വാമികൾ അലിവാണ് അറിവ് എന്നുകൂടി വ്യക്തമാക്കിയിട്ടുണ്ട്.

പ്രകാശിക്കുന്ന

ജ്ഞാനം

ചട്ടമ്പിസ്വാമിയെപ്പോലുള്ളവർ വല്ലപ്പോഴുമേ ഉണ്ടാവുകയുള്ളൂ. അവർ ഒന്നും ചെയ്യുന്നില്ലെന്ന് മറ്റുള്ളവർക്കു തോന്നുമ്പോഴും, മഹാകൃത്യങ്ങൾ നിറവേറ്റുന്നവരാണ്, എല്ലായിടത്തേക്കും വെളിച്ചം വിതറുന്ന വിളക്കുപോലെ. ഒരു വിളക്കിൽനിന്ന് അനവധി വിളക്കുകൾ കൊളുത്താവുന്നതുപോലെ അദ്ദേഹം മഹാഗുരുക്കന്മാരുടെ പരമ്പരയെ സൃഷ്ടിച്ചിട്ടുണ്ട്. സ്വാമി ചിന്മയാനന്ദൻ ഇക്കാര്യം ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘ചട്ടമ്പിസ്വാമികളാണ് എന്റെ പ്രഥമഗുരു. ആത്മജ്ഞാനത്തിന്റെ ശ്രേഷ്ഠപഥത്തിലേക്ക് എന്നെ നയിച്ചത് സ്വാമികളാണ്. അറിവിന്റെ തിരുവുടലാണ് സ്വാമികൾ. യോഗീശ്വരന്മാരുടെയെല്ലാം യോഗി. ഗുരുക്കന്മാരുടെയെല്ലാം ഗുരു. ഋഷീശ്വരന്മാരുടെയെല്ലാം ഋഷി.’

എന്നാൽ,​ മറ്റു ഗുരുക്കന്മാരിൽനിന്ന് തികച്ചും വ്യത്യസ്തനായി ഒട്ടേറെ വിജ്ഞാന മേഖലകൾ കൂടി ചട്ടമ്പിസ്വാമികൾ സൃഷ്ടിച്ചിട്ടുണ്ട്. ചട്ടമ്പിസ്വാമികൾ എന്ന ചരിത്രപുരുഷൻ എന്തു സംഭാവന ചെയ്തു എന്നു ചോദിച്ചാൽ, ഒരേസമയം സൃഷ്ടിയും സംഹാരവും നടത്തി എന്നു പറയണം. സൃഷ്ടിയും സംഹാരവും ഒരുമിച്ചു നടത്തിയ യുഗപ്രഭാവനാണ്, യുഗസ്രഷ്ടാവാണ് ചട്ടമ്പിസ്വാമികൾ. സൃഷ്ടിയും സംഹാരവും യഥാർത്ഥത്തിൽ ഈശ്വരന്റെ ധർമ്മങ്ങളാണല്ലോ. അതിനു സമാനമായ ധർമ്മങ്ങളാണ് അദ്ദേഹവും നിറവേറ്റിയത്. അദ്ദേഹത്തിന്റെ സൃഷ്ടിയുടെ ഭാവതലങ്ങൾ എന്തെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴാണ് നാം അദ്ഭുതം കൊള്ളുന്നത്.

അനുഭൂതിയുടെ

സത്യസാരം

വളരെ വിപുലമായ ഒരു ജ്ഞാനമണ്ഡലം അദ്ദേഹം കേരളത്തിൽ സൃഷ്ടിച്ചെടുത്തു. വിജ്ഞാനത്തിന്റെ ഒട്ടേറെ മേഖലകൾ വികസിപ്പിക്കുകയും ചെയ്തു. ചരാചരപ്രേമം നിരന്തരം നിലനിർത്തിക്കൊണ്ട് പ്രപഞ്ചമാനസൈക്യം സാധിച്ചിരുന്നു. ചട്ടമ്പിസ്വാമികളുടെ ആദ്യകൃതി എന്നു ചരിത്രം രേഖപ്പെടുത്തിയത് സർവമതസാമരസ്യമാണ് (1880). പേരു വ്യക്തമാക്കുന്നതുപോലെ സകല മതങ്ങളും ഒരേ ദർശനത്തിലേക്കും അനുഭവത്തിലേക്കും മനുഷ്യനെ നയിക്കുന്നുവെന്ന ആനുഭൂതിക സത്യത്തെയാണ് സ്വാമികൾ ഇതിൽ വ്യക്തമാക്കുന്നത്. ബൈബിളും ഖുർ ആനും അധികാരപ്പെട്ടവരിൽ നിന്നു നേരിട്ടു മനസ്സിലാക്കിയിട്ടാണ് സ്വാമികൾ ആ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ അവതരിപ്പിച്ചത്.

കേരളത്തിൽ യഥാർത്ഥമായ ചരിത്രരചനാ പദ്ധതി ആരംഭിച്ചത് ചട്ടമ്പിസ്വാമികളാണ്. അപമിത്തീകരണത്തിലൂടെ (Demythification), മിത്തുകളുടെ പൊള്ളത്തരം തുറന്നുകാട്ടി കേരളോത്പത്തിക്കഥകളും കേരള മഹാത്മ്യവും പാടി പ്രചരിപ്പിച്ച കെട്ടുകഥകളെ പൊളിച്ചടുക്കി പ്രാചീന മലയാളത്തിലൂടെ അദ്ദേഹം തനതായ ചരിത്രരചനാ പദ്ധതിക്ക് തുടക്കം കുറിച്ചു. ചരിത്ര ഗവേഷണത്തിന്റെ മണ്ഡലത്തിന് അദ്ദേഹം ചാലു കീറുകയായിരുന്നു. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് സ്ത്രീപക്ഷ വിചാരമണ്ഡലത്തെ മലയാളത്തിൽ സൃഷ്ടിക്കുകയും വികസിപ്പിക്കുകയും ചെയ്ത ചരിത്രധർമ്മവും.

വിചാരങ്ങളുടെ

വിജ്ഞാനധാര

1892 ലാണ് ‘പ്രാചീന മലയാളം’ രചിക്കപ്പെട്ടതെങ്കിൽ, ‘പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം’ എന്ന ഏറ്റവും ആധുനികമായ സ്ത്രീപക്ഷ നിലപാടുകൾ ഉൾക്കൊള്ളുന്ന പ്രബന്ധം തയ്യാറാക്കിയത് 1906 ലാണ്. സമാനമായ വിധത്തിൽ സ്ഥലനാമ പഠനം, സ്ഥാനനാമ പഠനം, പാചകം, ചികിത്സ ഇങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ടതും നമ്മുടെ ജ്ഞാനപദ്ധതിയിൽ അന്തർലീനമായതുമായ ഒട്ടേറെ വിജ്ഞാനധാരകളെ അദ്ദേഹം വികസിപ്പിച്ചുതന്നു. സംസ്‌കാര പഠനത്തിന്റെ സ്വീകാര്യതയെപ്പറ്റി ഇന്ന് എല്ലാവർക്കും ബോദ്ധ്യമുണ്ട്. പക്ഷേ പാശ്ചാത്യ നാടുകളിൽപ്പോലും സംസ്‌കാര പഠനം ഒരു ജ്ഞാന പദ്ധതിയായി വികസിക്കുന്നതിനു മുമ്പ് അദ്ദേഹം ആ വഴിക്കു തന്നെ സഞ്ചരിച്ചു എന്നതാണ് ശ്രദ്ധേയം.

അതുപോലെ തന്നെ,​ ഭാഷാശാസ്ത്ര രംഗത്ത്, വിശേഷിച്ച് സാമൂഹിക ഭാഷാശാസ്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ സംഭാവനയും ഇവിടെ വേണ്ടവണ്ണം ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ആദിഭാഷ, തമിഴകം, ദ്രാവിഡ മാഹാത്മ്യം എന്നീ കൃതികളിൽ അവതരിപ്പിക്കപ്പെടുന്ന പ്രമേയം, ആശയം എന്നിവ സുസൂറിന്റെയും മറ്റും ചിന്താപദ്ധതികൾ ആവിർഭവിക്കുന്ന 1916 നു മുൻപ് അദ്ദേഹം മലയാളത്തിൽ അവതരിപ്പിച്ചു.

ഭാഷയിലെ

ദീർഘദർശനം

മിത്തുകളുടെ അപഗ്രഥനവുമായി ലെവിസ്‌ട്രോസ് രംഗപ്രവേശം ചെയ്യുന്നതിനു മുമ്പാണ് ചട്ടമ്പിസ്വാമികൾ ഇക്കാര്യം നിറവേറ്റിയതെന്നും ഓർക്കണം. അതുപോലെ അദ്ദേഹത്തിന്റെ ‘വേദാധികാരനിരൂപണ’വും ‘അദ്വൈത ചിന്താപദ്ധതി’യും മറ്റു പുസ്തകങ്ങളുമെല്ലാം വ്യക്തമാക്കുന്ന ഏറ്റവും പ്രധാന വസ്തുത,​ സ്വാമികൾ സ്വീകരിച്ചത് ഗദ്യഭാഷയായിരുന്നു എന്നതാണ്. ഗദ്യമാണ് ഭാവിയിലെ വ്യവഹാരത്തിന്റെ ഉപാധിയെന്ന് ദീർഘദർശനം ചെയ്യുകയും അതിനെ വീണ്ടെടുത്ത് പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ധീരകൃത്യം ചട്ടമ്പിസ്വാമികൾ സ്വമേധയാ എറ്റെടുക്കുകയായിരുന്നു.

മലയാളഭാഷാ ഗദ്യം എത്രമാത്രം ശക്തിയുള്ളതാണെന്ന് ചട്ടമ്പിസ്വാമികൾ തന്റെ രചനകളിലൂടെ ബോദ്ധ്യപ്പെടുത്തി. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ കാണാൻ കഴിയുന്ന നമ്മുടെ ഗദ്യത്തിന്റെ, വൈജ്ഞാനിക ഗദ്യത്തിന്റെ ശക്തിചൈതന്യങ്ങൾ മുഴുവൻ സംഭരിച്ച്, നവീകരിച്ച്, പുനരുജ്ജീവിപ്പിച്ച് പ്രയോഗിക്കുകയാണെങ്കിൽ പാശ്ചാത്യാധുനികതയെ, ഇംഗ്ലീഷിന്റെ വൈഭവം കലർന്ന മലയാള ഭാഷയെപ്പോലും പ്രതിരോധിക്കാനാകും എന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു. എന്നുവച്ചാൽ പാശ്ചാത്യമായ, കൊളോണിയൽ ആയ, അധിനിവേശഫലമായ ആധുനികതയെ, കൊളോണിയൽ മോഡേണിറ്റിയെ അദ്ദേഹം കൗണ്ടർ ചെയ്യുകയാണ്, പ്രതിരോധിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് സ്വാമികൾ അങ്ങനെയൊരു ഗദ്യമാതൃക മലയാളത്തിനു സമ്മാനിച്ചത്.

അദ്ദേഹത്തിന്റെ കൃതികളൊക്കെയും ഗദ്യകൃതികളാണ്. എന്നു മാത്രമല്ല, തർക്കശാസ്ത്ര സമീപനങ്ങൾ അവലംബിച്ചുകൊണ്ട് കരുത്തുറ്റ ഗദ്യത്തിലൂടെ മലയാളത്തിൽ വിമർശാത്മക വ്യവഹാരാപഗ്രഥനത്തിന്റെ (Critical discourse analysis) മാതൃക സൃഷ്ടിക്കുന്ന യുഗധർമ്മം കൂടി അദ്ദേഹം നിറവേറ്റി. ഡിസ്‌കോഴ്‌സ് അനാലിസിസ് എന്നു പറയുന്നതിന്റെ ആദ്യമാതൃക ചട്ടമ്പിസ്വാമികളുടെ ഗദ്യകൃതികളിലാണ് മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്.

....................................................................

ഋഷിയുടെ സംഹാര ദൗത്യം

ചട്ടമ്പിസ്വാമികളുടെ സൃഷ്ടിധർമ്മങ്ങളെക്കുറിച്ച് എന്നതുപോലെ തന്നെ,​ സംഹർത്താവ്, സംഹാരകൻ എന്ന നിലയിൽ അദ്ദേഹം എന്തിനെയൊക്കെയാണ് ഇല്ലായ്മ ചെയ്തത് എന്നുകൂടി അന്വേഷിക്കേണ്ടതുണ്ട്. അവിടെ ജാതി, അയിത്തം, അനാചാരം, ഹിംസ, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, പുരുഷാധിപത്യം, ജ്ഞാനാധിപത്യം, അറിവധികാരത്തിന്റെ കുത്തകാവകാശം, അധിനിവേശം, പാശ്ചാത്യലോകത്തു നിന്നുള്ള ആശയങ്ങളും മതവിശ്വാസങ്ങളും കൈക്കലാക്കുന്ന അധീശത്വം, മതാധിപത്യ ശ്രമങ്ങൾ എന്നിങ്ങനെ പലതും കടന്നുവരുന്നു. ഇങ്ങനെയുള്ളതിനെയൊക്കെ സംഹരിക്കുക എന്ന ഉത്തരവാദിത്വവും സൃഷ്ടിയോടൊപ്പം തന്നെ ചട്ടമ്പിസ്വാമികൾ നടത്തുകയുണ്ടായി. അതാണ് സൃഷ്ടിയും സംഹാരവും ഒരുമിച്ചു നടത്തിയ മഹാവ്യക്തിയാണ് ചട്ടമ്പിസ്വാമികൾ എന്നതിന്റെ യുക്തി.

മൂന്നു ശക്തിദുർഗ്ഗങ്ങളെ ഏകനായി,​ ഏകകാലത്തു ഭേദിക്കുക എന്ന അസാദ്ധ്യ കർമ്മമാണ് ചട്ടമ്പിസ്വാമികളുടെ സംഹാരത്തിലടങ്ങിയിരുന്നത്. അതിലൊന്നാമത്തേത്,​ ആയിരക്കണക്കിനു വർഷങ്ങളായി ചാതുർവർണ്യ-ജാതി വ്യവസ്ഥകൾ ഭൂദേവന്മാരായി വാഴിച്ച രാജഗുരുക്കന്മാരായ ബ്രാഹ്മണരുടെ അചഞ്ചല ശക്തിയായിരുന്നു. വേദാധികാര നിരൂപണം പോലുള്ള കൃതികൾ അതിനെതിരെ തൊടുത്തുവിട്ട ബ്രഹ്മാസ്ത്രങ്ങളാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്നു പുകൾപെറ്റ ബ്രിട്ടന്റെ കോളനിവാഴ്ചയുടെ സാംസ്‌കാരികാധിനിവേശം എന്നതായിരുന്നു രണ്ടാമത്തെ അഭേദ്യശക്തി. ഭാരതീയ മതാചാര വിശ്വാസങ്ങളെ നിഷ്‌കാസനം ചെയ്യുന്നതിന് അധികാര സംവിധാനങ്ങളെയും ക്രിസ്തുമത പ്രചാരകരെയും ഉപയോഗിച്ചുകൊണ്ടാണ് വിദ്യാഭ്യാസത്തിൽ തുടങ്ങിയ പരിപാടികൾ ഇവിടെ നടപ്പിലാക്കിയത്. ക്രിസ്തുമത ഛേദനം എന്ന പുസ്തകവും മറ്റു പ്രവർത്തനങ്ങളും വഴിയാണ് സ്വാമികൾ ആ കുത്തൊഴുക്കിന് തടയിട്ടത്.

അറിയാതെ

പോയതെന്ത്?​


ശൂദ്ര വിഭാഗങ്ങളിലൊന്നായി ഗണിക്കപ്പെട്ടുപോന്ന നായർ സമുദായത്തിന് നിർബന്ധിത ബ്രാഹ്മണ ദാസ്യത്തിലൂടെ സവർണമുദ്ര ചാർത്തപ്പെടുകയുണ്ടായി. സവർണ വിരോധം സൃഷ്ടിച്ചു നിലനിറുത്തേണ്ടത് രാഷ്ട്രീയ നേട്ടങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടൽ കേരളത്തിലെ പല വിഭാഗങ്ങൾക്കും ഉണ്ടായിത്തുടങ്ങി. അതിനാൽ നായർ സമുദായത്തിൽ ജനിച്ചുപോയ,​ അതിവർണാശ്രമിയായ ചട്ടമ്പിസ്വാമികളെ സംശയദൃഷ്ടിയോടെ മാത്രം കാണാനോ നിഷേധിക്കാനോ പലരും പ്രേരിതരായി. ഇതിന്റെയെല്ലാം ഫലമായി കേരളം ദർശിച്ച ഏറ്റവും ധീരനും സ്വതന്ത്രനുമായ ചട്ടമ്പിസ്വാമികളെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും യഥാർഹം മനസ്സിലാക്കാൻ പലർക്കും സാധിക്കാതെ പോയി.

കേരളത്തിലെ നവോത്ഥാനത്തിന്റെ പ്രാരംഭം കുറിച്ചതിലും ചട്ടമ്പിസ്വാമികൾ വഹിച്ച പങ്ക് അനന്യമാണ്. അദ്ദേഹം സ്വയം ജാതിലംഘനം നടത്തി. ജാതിയെ നിഷേധിക്കുക, ലംഘിക്കുക എന്നത് കുട്ടിക്കാലത്തേ അദ്ദേഹം സ്വയം ചെയ്തതാണ്. മറ്റൊന്ന്, അദ്ദേഹം പ്രഭാഷണവേദികളും ഭാരവാഹിത്വങ്ങളും സ്വീകരിക്കാതെ ഗൃഹസദസ്സുകളെ അഭിസംബോധന ചെയ്തതാണ്. ഒരു വീട്ടിൽ ചെന്നാൽ അവിടെയുള്ളവരോട് അവർക്ക് ഇണങ്ങുന്ന ഭാഷയിൽ ഒരു വിഷയം സംസാരിക്കും. കുട്ടികളോടാണെങ്കിൽ ശുചിത്വം, വിദ്യാഭ്യാസം, സദാചാരം തുടങ്ങിയ കാര്യങ്ങൾ. കുടുംബിനികളോടാണെങ്കിൽ പാചകം, ആരോഗ്യരക്ഷ, കുടുംബ സംരക്ഷണം തുടങ്ങിയവ. പുരുഷന്മാർക്കാകട്ടെ കൃഷി, കലാ-കായികവിദ്യകൾ, മർമ്മവിദ്യ തുടങ്ങിയ എന്തെന്തു വിദ്യകൾ ഉണ്ടോ അതിനെക്കുറിച്ചാക്കെ.

എന്നാൽ,​ പണ്ഡിതന്മാരുടെ സദസ്സുകളിലോ? അവർക്ക് അറിയാവുന്ന വിഷയത്തിൽ, അത് സംഗീതമാണെങ്കിൽ, ചിത്രകലയാണെങ്കിൽ, അഭിനയമാണെങ്കിൽ- എന്തുതന്നെയാണെങ്കിലും ചെല്ലുന്നിടത്തും പ്രയോഗിക്കുന്നിടത്തുമെല്ലാം സ്വാമികൾ ഒന്നാമനായിത്തന്നെ പ്രശോഭിക്കും. കേരളചരിത്രത്തിൽ ചട്ടമ്പിസ്വാമികളുടെ സ്ഥാനം എന്ത് എന്നു ചോദിച്ചാൽ മഹർഷിയാണ്, ജ്ഞാനിയാണ്... എല്ലാം ശരിയാണ്. പക്ഷേ ഭൗതികതലത്തിൽ അദ്ദേഹം നമ്മുടെ വൈജ്ഞാനിക മണ്ഡലത്തിലെ, കേരളീയ വിജ്ഞാന ചരിത്രത്തിലെ തുല്യതയില്ലാത്ത ജ്ഞാനപുരുഷൻ എന്നു കൂടി ഗ്രഹിക്കണം.


കാരണം, ഇന്ന് സംസ്‌കാരപഠനത്തിന്റെ സ്വഭാവത്തിൽ ഗ്രഹിക്കാൻ പറ്റുന്ന എത്രയോ ജ്ഞാനപദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചല്ലോ! ആ മണ്ഡലങ്ങൾ അദ്ദേഹം വികസിപ്പിച്ചുതന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നേരത്തേ സൂചിപ്പിച്ച ഗദ്യഭാഷയുടെ ഉപയോഗം, വ്യവഹാരാപഗ്രഥനത്തിന്റെ രീതിശാസ്ത്രം ആവിഷ്‌കരിച്ചത്. അതുപോലെ തന്നെയാണ്, ലോകത്തിൽ മറ്റു പലയിടത്തും ഉണ്ടായതിൽനിന്നു വ്യത്യസ്തമായി ആധുനികത്വം കേരളത്തിൽ സൃഷ്ടിക്കുന്നതിനുള്ള ശ്രമം അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ അന്തർലീനമായിരുന്നതും.

മലയാളത്തിന്റെ

ജ്ഞാനമണ്ഡലം

കോളോണിയൽ മോഡേണിറ്റിയെ നിരാകരിച്ചുകൊണ്ട്, ഇംഗ്ലിഷ് പഠിച്ചവരും യൂറോപ്യൻ സാഹിത്യത്തെയും ജീവിതത്തെയും ഉൾക്കൊണ്ടവരും ഇവിടെ അവതരിപ്പിച്ച മോഡേണിറ്റിയെ അംഗീകരിക്കുകയല്ല അദ്ദേഹം ചെയ്തത്.

അതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഭാരതീയ ജ്ഞാനപാരമ്പര്യത്തെ, അതിന്റെ ധാരകളെ കരുത്തുറ്റതാക്കിക്കൊണ്ട്, സ്വകീയമായ ചിന്തയിലൂടെ തെളിഞ്ഞുകിട്ടിയ പ്രകാശരേണുക്കൾ വിതറിക്കൊണ്ട് മലയാളത്തിന്റെ ജ്ഞാനമണ്ഡലത്തെ ദീപ്തമാക്കുകയായിരുന്നു
ചട്ടമ്പിസ്വാമികൾ.

ബദൽ ആധുനികത്വസൃഷ്ടി എന്ന് ചിലർ അതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. കൊളോണിയൽ മൊഡേണിറ്റിക്കു ബദലായി മൗലികമായ, ഭാരതീയമായ, കേരളീയമായ ഒരു ആധുനികത്വത്തിന്റെ സംസൃഷ്ടി ചട്ടമ്പിസ്വാമികൾ നിർവ്വഹിക്കുകയുണ്ടായി. അതിൽ അന്തർവൈജ്ഞാനികതയുടെയും ശാസ്ത്രാവബോധത്തിന്റെയും ലോകപരിചയത്തിന്റെയും ഒട്ടേറെ ജ്ഞാനപ്രകാശങ്ങൾ കൂടിക്കലരുകയും ചെയ്തു. ഈ നിലയിൽ മലയാളത്തിലെ ജ്ഞാനമണ്ഡലത്തിൽ ചട്ടമ്പിസ്വാമിക്കു തുല്യനായി അദ്ദേഹത്തിനു മുൻപോ പിൻപോ മറ്റൊരാളെ കാണാൻ കഴിയുകയില്ല. അങ്ങനെ അദ്ദേഹം ഗംഭീരമായൊരു മാതൃക സൃഷ്ടിച്ചു.

(കേരള സർവകലാശാലാ ഫാക്കൽറ്റി ഒഫ് ഓറിയന്റൽ സ്റ്റഡീസ് ഡീനാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATTAMBI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.