തൃശൂർ കുറ്റിപ്പുറം സംസ്ഥാനപാത യാത്രക്കാർക്ക് നൽകുന്ന ദുരിതങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ആ കദനകഥകൾക്ക്. തൃശൂരിൽ നിന്നും തൊട്ടടുത്ത ജില്ലകളിൽ നിന്നും നിന്ന് വടക്കൻ ജില്ലകളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും പോകാനായി പ്രധാനമായും ആളുകൾ ആശ്രയിക്കുന്ന പാതയാണിത്. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന സംസ്ഥാനപാതയാണെങ്കിലും പൂർണ്ണമായും വീതി കൂട്ടാത്തതും ജംഗ്ഷനുകൾ വികസിപ്പിക്കാത്തതും വലിയ ഗതാഗതക്കുരുക്കിനും യാത്രാക്ളേശത്തിനുമാണ് വഴിയൊരുക്കുന്നത്. കോഴിക്കോട്ടുനിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്ക് തകർന്ന ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇരുപത് കിലാേമീറ്ററോളം അധികദൂരം സഞ്ചരിച്ചത് വാർത്തയായിരുന്നു. ശനിയാഴ്ച രാത്രിയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കുന്നംകുളത്തുനിന്ന് തിരിഞ്ഞ് വടക്കാഞ്ചേരി വഴി അധികദൂരംസഞ്ചരിച്ചത്. മുഖ്യമന്ത്രി വടക്കാഞ്ചേരി വഴി പോയതോടെ ഈ പാതയുടെ ദുരവസ്ഥ കൂടുതൽ ആഴത്തിൽ വ്യക്തമായി.
സാധാരണ കുന്നംകുളത്തുനിന്ന് സംസ്ഥാനപാതയിലൂടെ ചൂണ്ടൽ, കേച്ചേരി, മുണ്ടൂർ, പുഴയ്ക്കൽ കൂടിയാണ് മുഖ്യമന്ത്രിയും സുരക്ഷാവാഹനങ്ങളും കടന്നുപോകാറുള്ളത്. ഈ ഭാഗങ്ങളിൽ പൊലീസിനെയും വിന്യസിക്കാറുണ്ട്. പക്ഷേ, ചൂണ്ടൽ മുതൽ കയ്പറമ്പ് വരെയുളള റോഡിന്റെ ശോച്യാവസ്ഥ കണക്കിലെടുത്താണ് റൂട്ട് തിരിച്ചുവിട്ടത്. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രിക്കുപോലും സുരക്ഷിതമായി കടന്നുപോകാൻ കഴിയാത്ത രീതിയിലാണ് റോഡിന്റെ അവസ്ഥയെന്ന് കോൺഗ്രസ് നേതാക്കൾ പരിഹസിക്കുകയും ചെയ്തു.
ഒടുവിൽ ഓട്ടയടയ്ക്കൽ
വഴിനീളെ വൻകുഴികളായ തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാത ഉടൻ സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും ഒന്നും നടപ്പായിരുന്നില്ല. കഴിഞ്ഞയാഴ്ച മഴയൊഴിഞ്ഞിട്ടും പണി നടന്നതുമില്ല. കുഴിയിൽ വീണു പരിക്കേൽക്കുന്നതും ഗതാഗതക്കുരുക്കിൽപ്പെട്ട് മണിക്കൂറുകളോളം പെട്ടുകിടക്കുന്നതും ഇപ്പോഴും തുടരുകയാണ്. റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.സി. മൊയ്തീൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനായാണ് പണി ഉടൻ തുടങ്ങുമെന്ന് മന്ത്രി മറുപടി നൽകിയത്. ഒടുവിൽ പ്രതിഷേധം ശക്തമായപ്പോൾ താൽക്കാലികമായി മെറ്റലുകൾ നിറയ്ക്കാനുളള ശ്രമം തുടങ്ങുകയായിരുന്നു.
മഴയിൽ വെള്ളം കെട്ടിനിന്ന് കഴിയുമ്പോഴേക്കും കുഴികൾക്കെല്ലാം ആഴവും കൂടിവരികയായിരുന്നു. മഴപെയ്താൽ വെള്ളം ഒഴുകിപ്പോകാത്തതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പുനർനിർമാണത്തിന് കെ.എസ്.ടി.പി.ക്ക് കൈമാറിയിരിക്കുകയാണ്. റോഡ് പണിതിരുന്ന കരാറുകാർ പണി നിറുത്തിപ്പോകുകയും ചെയ്തു. മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുള്ള അഞ്ച് കിലോമീറ്ററിൽ ദുരിതയാത്രയാണ്. ചില സമയങ്ങളിൽ കേച്ചേരി മുതൽ ചൂണ്ടൽ പാലം വരെയും വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകും. വർഷങ്ങളായി താത്കാലികമായി കുഴികളടയ്ക്കൽ മാത്രമാണ് നടക്കുന്നത്. അതാണ് ഇപ്പോഴും സംഭവിച്ചത്.
കുഴിക്കു മീതേ പറന്ന് ബസുകൾ
റോഡിൽ കുഴികളുണ്ടെങ്കിലും അതിനുമീതേ ചീറിപ്പായുകയാണ് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ. കോഴിക്കോട്, കുറ്റിപ്പുറം ഭാഗത്തേക്കുള്ള ബസുകൾക്ക് ഈ പാതയിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന സമയം വീണ്ടെടുക്കാനാണ് ചീറിപ്പായുന്നത്. സമയത്തിന് ഓടിയെത്താകുന്നില്ലെന്നും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് വലിയ സംഖ്യയാണ് ചെലവഴിക്കേണ്ടി വരുന്നതെന്നുമാണ് ബസ് ഉടമകളുടെ പരാതി. രണ്ടുവരി മാത്രമുള്ള മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെയുളള പാതയിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ച് ബസുകൾ മുന്നിലെത്തുമ്പോൾ ഇരുചക്രവാഹന യാത്രക്കാരടക്കം ശ്വാസമടക്കി നിൽക്കേണ്ടി വരും. സ്വകാര്യബസുകളും സമയത്തിന് ഓടാനാകാതെ നട്ടംതിരിഞ്ഞതോടെ ഈ മാസം 26 മുതൽ സ്വകാര്യബസ്സുടമകളും തൊഴിലാളികളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾ കടന്ന പ്രതിസന്ധികളാണ് ഈ പാതയിലുളളത്. സംസ്ഥാനപാതയാണെങ്കിലും 15 വർഷത്തിലേറെയായി റീടാറിംഗ് നടന്നിട്ടില്ല. കേച്ചേരി ജംഗ്ഷൻ വികസനം നടക്കുമെന്ന വാഗ്ദ്ധാനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിർമ്മാണം തുടങ്ങിയ റോഡിന്റെ ദൈർഘ്യം ഏതാണ്ട് 33.23 കി.മീറ്ററുണ്ട്. അനുവദിച്ച തുക: 316.82 കോടി രൂപയാണ്. നിർമ്മാണപ്രവർത്തനം ആരംഭിച്ചത് 2021 സെപ്റ്റംബർ 9നാണ്. പക്ഷേ നിശ്ചയിച്ച കാലാവധിയിലും പണി തീർന്നില്ല. ഒടുവിൽ പ്രീ മൺസൂൺ പ്രവൃത്തികൾക്ക് 29 ലക്ഷം ഭരണാനുമതി നൽകുകയായിരുന്നു.
മഴയിൽ ദുരിതം പെയ്യുന്നു
മഴ ശക്തമായതോടെയാണ് ഇതുവഴിയുള്ള യാത്ര വീണ്ടും ദുസ്സഹമായത്. കുഴികളിൽ വീണ് ഇരുചക്രവാഹനയാത്രികർക്ക് പരിക്കേൽക്കുന്നത് പതിവാണ്. ചെറിയ വാഹനങ്ങൾ കുഴികളിലിറങ്ങി പോകാൻ സമയമെടുക്കുന്നതോടെ ഈ റൂട്ടിൽ സ്ഥിരമായി വാഹനങ്ങളുടെ നീണ്ടനിരയാണ്. പാറന്നൂർ മുതൽ ചൂണ്ടൽപ്പാലം വരെ വാഹനങ്ങൾ വേഗത്തിൽ മുന്നോട്ടുപോകാനാകാതെ നിരങ്ങിയാണ് നീങ്ങുന്നത്. ഓഫീസ് സമയങ്ങളിൽ ജീവനക്കാരും മറ്റ് തൊഴിലാളികളും വിദ്യാർത്ഥികളും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഗുരുവായൂരിലേക്കുളള നൂറുകണക്കിന് ഭക്തരും വഴിയിൽ കുടുങ്ങുകയാണ്. നിർമ്മാണത്തിന്റെ ടെൻഡർ നടപടികൾ തുടങ്ങിയെങ്കിലും ചെറിയ തുകയുടെ പണിയായതിനാൽ ടെൻഡറിൽ പങ്കെടുക്കാൻ ആരുമുണ്ടായിരുന്നില്ല. ഇതോടെ ടെൻഡർ സമർപ്പിക്കാൻ ഒരാഴ്ചകൂടി നീട്ടിനൽകി. ഒടുവിൽ കരാറുകാരെ നിശ്ചയിക്കുകയായിരുന്നു. തൃശൂർ, വടക്കാഞ്ചേരി, മണലൂർ, കുന്നംകുളം നിയമസഭാ നിയോജകമണ്ഡലങ്ങളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. മൂന്ന് മന്ത്രിമാരുണ്ടായിരുന്ന ജില്ല ആയിരുന്നിട്ടും ഈ റോഡിൻ്റെ പ്രശ്നം പരിഹരിക്കാനായില്ലെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു.
നോക്കുകുത്തിയായി
കേച്ചേരി ബസ് സ്റ്റാൻഡ്
ഈ പാതയിൽ ഒൻപതു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത കേച്ചേരി ബസ് സ്റ്റാൻഡ് ഇന്നും നോക്കുകുത്തിയാണ്. ലക്ഷങ്ങൾ മുടക്കി പണിത രാജീവ് ഗാന്ധി ബസ് സ്റ്റാൻഡാണ് കാടുപിടിച്ചും സാമൂഹിക വിരുദ്ധർ താവളമാക്കിയും നശിക്കുന്നത്. ഒന്നര പതിറ്റാണ്ടിലേറെയായിട്ടും നാലുവരിപ്പാത പൂർത്തിയാക്കാനാവാത്തതാണ് ബസ് സ്റ്റാൻഡിനെ കുരുക്കിയത്. തമിഴ്‌നാട്, ആന്ധ്ര, കർണ്ണാടക എന്നിവിടങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തർ ഗുരുവായൂരിലെത്തുന്നത് ഈ സ്റ്റാൻഡിന് മുന്നിലെ രണ്ട് വരിപ്പാതയിലൂടെയാണ്. വൃശ്ചികം പിറക്കുന്നതോടെ ഗുരുവായൂരിലേക്കുള്ള ശബരിമല തീർത്ഥാടകരെ കാത്തിരിക്കുന്നത് പണിതീരാത്ത റോഡും തുറക്കാത്ത ബസ് സ്റ്റാൻഡും ഗതാഗതക്കുരുക്കുമാണ്. അതേസമയം, വടക്കൻ ജില്ലകളിലേക്കും കർണ്ണാടകയിലേക്കും ഗോവയിലേക്കും മഹാരാഷ്ട്രയിലേക്കുമെല്ലാമുള്ള ചരക്കുലോറികളും വഴിനീളെ കിടക്കുന്നുണ്ടാകും. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് ബസ് സ്റ്റാൻഡ് പണിതത്. സ്റ്റാൻഡ് തുറക്കുമെന്ന് കരുതി നിരവധി സ്ഥാപനങ്ങളും തുറന്നു. പക്ഷേ, ജനങ്ങളെത്താതായതോടെ പലതും പൂട്ടിപ്പോയി. ഒരു ബസ് പോലും കയറാത്ത, മുൻ പ്രധാനമന്ത്രിയുടെ പേരിലുള്ള ബസ് സ്റ്റാൻഡിനെതിരെ നിരവധി പ്രതിഷേധ സമരങ്ങളുണ്ടായെങ്കിലും ഒന്നും ഫലം കണ്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |