SignIn
Kerala Kaumudi Online
Tuesday, 19 November 2024 10.49 AM IST

കമ്മ്യൂണിസ്റ്റ് മൂല്യം തിരിച്ചുപിടിക്കണം

Increase Font Size Decrease Font Size Print Page

communism

ലോക‌്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞു. കേരളം രാഷ്ട്രീയ വിവാദങ്ങളിൽ മുങ്ങി. വിവാദങ്ങളുടെ കുന്തമുന ബി.ജെ.പി.യിലേക്കല്ല; മറിച്ച് ഇടതുപക്ഷ നേതാക്കന്മാർ തങ്ങളുടെ സ്വന്തം പാർട്ടിക്കുണ്ടായ പരാജയത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിലാണ് കൂടതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തീർച്ചയായും കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷ മുന്നണിക്ക് ഇപ്രകാരമൊരു പരാജയം ശത്രുക്കൾപോലും പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും യാഥാർത്ഥ്യബോധത്തോടെ പരാജയത്തെ സമീപിക്കേണ്ടവർ 'ബി.ജെ.പി.യിലേക്ക് ഞങ്ങളുടെ വോട്ടുകൾ ചോർന്നുപോയെ"ന്ന് വിലപിക്കുന്നത് നിർഭാഗ്യകരമാണ്. തിരഞ്ഞെടുപ്പിൽ ജയപരാജയങ്ങൾ സ്വാഭാവികമാണ്. അവ തീരുമാനിക്കുന്നത് ജനങ്ങളാണ്. ഇന്ന് വിധിയെഴുതിയവർ നാളെ വിധി തിരിച്ചെഴുതാൻ നിർബന്ധിതരായിത്തീരുമെന്നതാണ് ചരിത്രം.


ഈ സന്ദർഭത്തിൽ അതീവഗൗരവമുള്ള മറ്റു ചില ഘടകങ്ങൾ കൂടി ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പരാജയത്തിന് കാരണമായിത്തീർന്നു. അതിൽ പ്രധാനം ആശയപരമായ കാരണമാണ്. രാഷ്ട്രീയരംഗത്ത് കേരളം എന്നും വേറിട്ടൊരു സംസ്ഥാനമായിരുന്നു. ബാലറ്റു പേപ്പറിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയതിലൂടെ കേരളം ലോകശ്രദ്ധ പിടിച്ചുപറ്റി. ആ സംഭവം യാദൃച്ഛികമായിരുന്നില്ല. ബോധപൂർവമായും നിരന്തരമായും സാധാരണ ജനങ്ങൾക്കിടയിൽ മാർക്സിയൻ ആശയ പ്രചാരണത്തിലൂടെ കൈവരിച്ച നേട്ടമായിരുന്നുഅത്. കേരളത്തിന്റെ കലാ- സാംസ്‌കാരിക രംഗത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ആഴമേറിയ സ്വാധീനം ചെലുത്തിയിരുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെന്നല്ല,​ വിവാഹവേദികളിലും മരണാനന്തര ചടങ്ങുകളിൽപ്പോലും കമ്മ്യൂണിസ്റ്റുകാരുടെ നിറസാന്നിദ്ധ്യം, പ്രത്യേകിച്ച് സാധാരണക്കാരിൽ നിറഞ്ഞു നിന്നിരുന്നു.

മുതലാളിത്തിന്റെ

ദുസ്വാധീനം


ആധുനിക മുതലാളിത്ത വ്യവസ്ഥിതിയുടെ നീരാളിപ്പിടിത്തത്തിൽ പാർട്ടി പ്രവർത്തകരും അപഥസഞ്ചാരം ആരംഭിച്ചു. മാർക്സിയൻ ആശയ പ്രചരണങ്ങളും ചർച്ചകളും വിവാദങ്ങളും നിലച്ചു. ദിനാചരണങ്ങളിൽ നിന്നു പോലും ആശയപ്രചാരണം അകന്നു. ബൂർഷ്വാ പാർട്ടികളുടെ സ്വാധീനം സാധാരണ ജനവിഭാഗങ്ങളെ സ്വാധീനിച്ചു. കമ്മ്യൂണിസ്റ്റുകാർ ബൂർഷ്വാ പാർലമെന്ററി വ്യവസ്ഥിതിയിൽ അഭിരമിച്ചു തുടങ്ങി. ധനസമ്പാദനവും അധികാരവും പദവികളും കമ്മ്യൂണിസ്റ്റുകാരെ സ്വാധീനിച്ചു. അതു നേടിയെടുക്കാനുള്ള വഴികൾ തേടുന്ന ഇടങ്ങളായി പാർട്ടി പ്രവർത്തനങ്ങൾ പലപ്പോഴും വഴിതെറ്റി.

ബൗദ്ധികപരമായ ഈ പാപ്പരത്തം കമ്മ്യൂണിസ്റ്റ് പാർട്ടിയെ സ്വാധീനിച്ചതും ഇന്നു സംഭവിച്ച പരാജയത്തിനുള്ള കാരണമായിത്തീർന്നുവോ എന്ന് സ്വയംവിമർശനപരമായി പരിശോധിക്കേണ്ടതാണ്. കാരണം,​ ഇതര ബൂർഷ്വാ പാർട്ടികളിൽ നിന്ന് കമ്മ്യൂണിസ്റ്റു പാർട്ടി വേറിട്ടൊരു പാർട്ടിയാകുന്നത് നിർഭയമായ അഭിപ്രായ പ്രകടനവും വസ്തുതാപരമായ പരിശോധനയും സ്വയം വിമർശനവും കൊണ്ടാണ്. ഈ അസാധാരണ ശൈലി കൈവിട്ടുപോയാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അസ്തിത്വം നഷ്ടപ്പെടും. പിന്നെ എത്ര തവണ അധികാരത്തിൽ വന്നാലും സമൂഹത്തിന് വലിയ മാറ്റം ഉണ്ടാകാനിടയില്ല. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇവയെല്ലാം സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. പരാജയപ്പെട്ടതിനു പരിഹാരമായി വോട്ടും സീറ്റും തിരിച്ചു പിടിക്കാനുള്ള അടവുതന്ത്രമല്ല, കൈവിട്ടുപോയ കമ്മ്യൂണിസ്റ്റ് മൂല്യം തിരിച്ചുപിടിക്കാനുള്ള ഗൗരവപൂർണമായ പ്രവർത്തനശൈലിക്കാണ് രൂപം നൽകേണ്ടത്.


അത്യന്തം സ്‌ഫോടനാത്മകമായ പശ്ചാത്തലത്തിലാണ് പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന് തിരശ്ശീലയുയർന്നത്. ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്ത നിരവധി സംഭവ പരമ്പരകൾ രാജ്യത്ത് അരങ്ങേറി. ജനാധിപത്യ- മതേതര മൂല്യങ്ങൾ നഗ്നമായി ലംഘിക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ ഏതു ഹീനമാർഗം ഉപയോഗിച്ചായാലും,​ തന്റെ മൂന്നാമൂഴം ഉറപ്പാക്കാനുള്ള വ്യഗ്രതയിലായിരുന്നു പ്രധാനമന്ത്രി. തിരഞ്ഞെടുപ്പു കാലത്ത് അദ്ദേഹം നടത്തിയ നിരവധി പ്രസ്താവനകളിലും പ്രസംഗങ്ങളിലും സമനില തെറ്റിയ ഭരണാധികാരിയുടെ സ്വരമായിരുന്നു.

നുണകളുടെ

മോദി ഗ്യാരന്റി


കടുത്ത വർഗീയതയും മതവിദ്വേഷവും സൃഷ്ടിച്ചുകൊണ്ട് അധികാരത്തിലെത്തിയ നരേന്ദ്രമോദി ഭരണഘടനയെപ്പോലും ബഹുമാനിക്കാൻ കൂട്ടാക്കാത്ത ഭരണാധികാരിയായി മാറുന്ന കാഴ്ചയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് കണ്ടത്. തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും കർഷകരുടെ കഷ്ടപ്പാടുകൾക്കും പരിഹാരം കാണുമെന്ന് പ്രധാനമന്ത്രിയിൽ നിന്ന് 'ഗ്യാരന്റി" കിട്ടുമെന്നു പ്രതീക്ഷിച്ച ജനങ്ങൾക്ക് മോദി നൽകിയ ഗ്യാരന്റി,​ ഒറ്റ രാജ്യം- ഏക സിവിൽകോഡ്, രാമക്ഷേത്രം ഇവയൊക്കെയായിരുന്നു. കൂടാതെ 'കോൺഗ്ര് മുക്ത ഭാരതം,​ അഴിമതിയില്ലാത്ത ഭാരതം" തുടങ്ങിയ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളും!


പത്തുവർഷം ഭരണം പൂർത്തിയാക്കിയ പ്രധാനമന്ത്രി മോദിക്ക് ഇന്ത്യൻ ജനതയ്ക്കായി കാര്യമായൊന്നും ചെയ്യാനായില്ല. ഭരണകാലത്തെ ഏറിയ സമയവും 'ലോകം ചുറ്റും വാലിബ"നായി കഴിച്ചുകൂട്ടി. ലോക‌്സഭയിൽപ്പോലും പങ്കെടുക്കാൻ കൂട്ടാക്കാത്ത പ്രധാനമന്ത്രി എന്ന ഖ്യാതി മോദി കരസ്ഥമാക്കി.
ബി.ജെ.പി കാണാതെപോയ ഒരു ജനത നമ്മുടെ രാജ്യത്ത് എന്നും ധീരമായ നിലപാടുകൾ സ്വീകരിച്ചിരുന്നു. അവർ ഒരു പാർട്ടിയുടെയും അടിമകളല്ല. അവരുടെ പാരമ്പര്യവും രാഷ്ട്രീയ പ്രതിബദ്ധതയും നിശബ്ദമായി രേഖപ്പെടുത്താൻ അവർക്കറിയാം. അതിനവർക്ക് വലിയ വിദ്യാഭ്യാസമൊന്നും ആവശ്യമില്ല. അവരുടെ നീറുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അവർ വിധിയെഴുതി.

പ്രതിപക്ഷത്ത്

കരുത്തേറി


ഈ തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയിലെ ജനാധിപത്യം കൂടുതൽ കരുത്തുറ്റതായി മാറുകയാണ്. അതിശക്തമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെങ്കിൽ ആ സൗന്ദര്യത്തിന്റെ ആരാധകരാണ് തങ്ങളെന്ന് ഇന്ത്യൻ ജനത തെളിയിച്ചിരിക്കുന്നു. നാനാത്വത്തിൽ ഏകത്വം- അതാണ് ഇന്ത്യ എന്നുകൂടി ഈ ജനവിധിയെ വായിച്ചെടുക്കാം. ഇനിയുള്ള കാലയളവിൽ എം.കെ. സ്റ്റാലിനും പിണറായി വിജയനും മമത ബാനർജിയും കെജ‌്‌രിവാളും ഇന്ത്യാ മുന്നണിയെ അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു.


പാർലമെന്റ് തിരഞ്ഞെടുപ്പു ഫലത്തെ കേരളത്തിലെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടി അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയവർ ആരായാലും അവർ രാജ്യത്തിന്റെ ഭാവി കാണാതെ പോകുന്നത് നിർഭാഗ്യകരമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിലേക്കു നീങ്ങിയ ജനങ്ങളുടെ രോഷം കേന്ദ്ര ഭരണത്തോടായിരുന്നു. അതവർ സംസ്ഥാന- ദേശീയ നേതാക്കന്മാർ പ്രതീക്ഷിച്ചതിനേക്കാളപ്പുറം പ്രകടിപ്പിച്ചു. മോദി സർക്കാരിന്റെ പത്തു വർഷത്തെ ഭരണം പരാജയമാണെന്ന് ജനം വിധിയെഴുതി. ജനവിധി മറികടക്കാൻ മോദി ചന്ദ്രബാബു നായിഡുവിനെയും നിതീഷ്കുമാറിനെയും കൂട്ടുപിടിച്ചു. അവരുടെ മുന്നോട്ടുള്ള യാത്ര കാത്തിരുന്നു കാണാം.

ഇത് കാണാതെ

പോകരുത്


എന്നാൽ,​ കേരളത്തിലെ സർക്കാരിന്റെ പല നടപടികളെക്കുറിച്ചും ജനങ്ങൾക്ക് കടുത്ത അമർഷമുണ്ടെന്ന വസ്തുതയും,​ ഈ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കഴിഞ്ഞ തവണ കിട്ടിയ ഒരു സീറ്റിൽ നിന്ന് ഒന്നുംകൂടി നേടാനായില്ല എന്നതും ഗൗരവമുള്ളതാണ്. വോട്ടിംഗ് ശതമാനത്തിലും കുറവുണ്ടായി. ഇതൊക്കെ വസ്തുതകളാണ്. ഈ യാഥാർത്ഥ്യത്തെ കാണാതെ ഇടതുപക്ഷത്തെ നേതാക്കന്മാർ തന്നെ തെക്കുവടക്കു നടന്ന് പരസ്പരവിരുദ്ധമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയതിന്റെ ഫലമായി,​ ഈ അടുത്ത ദിവസങ്ങളിലായി അണികളും അവരുടെ പങ്ക് നിർവഹിക്കുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നേതാക്കന്മാർ തന്നെ വോട്ട് ചോർന്നുപോയെന്ന് നിലവിളിക്കുന്നത് പരിഹാസ്യമാണ്.


എന്തൊക്കെയായാലും ജനങ്ങൾക്കു പ്രതീക്ഷയുള്ളത് ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതു മതേതര പാർട്ടികളുടെ അതിശക്തമായ ഒരു ദേശീയ നിരയാണ്. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരണമായി മുന്നോട്ടു പോകാൻ തിരഞ്ഞെടുപ്പിന്റെ ജനവിധി സഹായകമാകുമെന്നതിൽ തർക്കമില്ല. ജനവിധിയിൽ നിന്ന് കേരളത്തിലെ ഇടതു പാർട്ടികൾ ഒട്ടേറെ പാഠങ്ങൾ പഠിക്കേണ്ടതാണ്. താത്കാലികമായ തിരിച്ചടിയിൽ നിന്ന് അതിശക്തമായി തിരിച്ചുവരാനുള്ള നിരന്തര പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ കഴിയണം. നേതൃത്വവും അണികളും ബഹുജനങ്ങളും തമ്മിലുള്ള വൈകാരികമായ ബന്ധം അരക്കിട്ടുറപ്പിക്കണം. സർക്കാരിന്റെ വീഴ്ചകളിൽ കുടുങ്ങിക്കിടക്കാതെയും,​ പരാജയത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് പരസ്പരം പഴിചാരാതെയും മുന്നോട്ടുപോകാൻ കഴിഞ്ഞാൽ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും എൽ.ഡി.എഫും കൂടുതൽ കരുത്താർജ്ജിക്കും. ജനങ്ങളുടെ പ്രതീക്ഷയും മറ്റൊന്നല്ല. ഈവിധം സങ്കീർണമായ സാഹചര്യങ്ങളിൽ 'മഹാനായ" ലെനിന്റെ 'What is to be done" എന്ന രാഷ്ട്രീയ ലഘുലേഖയിലെ ഉപദേശങ്ങൾ പ്രസക്തമാണ്.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.