ശമ്പള വരുമാനക്കാരായ ഇടത്തരക്കാർക്ക് അൽപ്പം ആശ്വാസം പകരുന്ന ആദായ നികുതി നിർദ്ദേശങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ച ബഡ്‌ജറ്റിലുള്ളത്. ബീഹാറിനും ആന്ധ്രാപ്രദേശിനും സമ്മാനങ്ങൾ വാരിക്കോരി കൊടുക്കുകയും, കേരളത്തെ പാടെ അവഗണിക്കുകയും ചെയ്തുവെന്ന ആക്ഷേപം പരക്കെ കേൾക്കുന്നതിനിടയിൽ, നികുതിയിനത്തിൽ ലഭ്യമാക്കിയിരിക്കുന്ന ഇളവ് പലരും ശ്രദ്ധിക്കാതെ പോയതിൽ അദ്ഭുതമില്ല. മാത്രമല്ല, ശമ്പള വരുമാനത്തിൽ വന്ന വർദ്ധനവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട ഇളവുകൾ തികച്ചും ആശ്വാസപ്രദമെന്ന് പറയാനുമാകുന്നില്ല.
നികുതിയിളവുകൾ അനുവദിച്ചപ്പോൾ ധനമന്ത്രി കൃത്യമായ രണ്ടു ലക്ഷ്യങ്ങൾ മനസിൽ കരുതിയിട്ടുണ്ട്. നികുതിദായകരുടെ സമ്പാദ്യം കുറച്ചുകൊണ്ടുവന്ന് അവരുടെ ക്രയശേഷി വർദ്ധിപ്പിക്കുകയും, അതുവഴി വിപണി സജീവമാക്കുകയുമാണ് ഒരു ലക്ഷ്യം. ഇപ്പോൾ നിലവിലുള്ള, പഴയ നികുതി നിരക്കുകളിലുള്ള ആദായനികുതി ഒടുക്കൽ സമ്പ്രദായത്തിൽ നിന്ന് പുതിയ നികുതി സമ്പ്രദായത്തിലേക്ക് കൂടുതൽ പേരെ കൊണ്ടുവരുന്നതിന് പ്രചോദനം നൽകുകയാണ് രണ്ടാമത്തെ ലക്ഷ്യം. ഇതിലൂടെ ഘട്ടം ഘട്ടമായി, പഴയ നികുതി സ്‌കീമിലുള്ളവരെ പുതിയ നികുതി സമ്പ്രദായത്തിലേക്ക് പൂർണമായി കൊണ്ടുവരികയാണ് അന്തിമ ലക്ഷ്യം. നികുതി സ്ളാബുകളിൽ വരുത്തിയ മാറ്റം പുതിയ സമ്പ്രദായത്തിലുള്ളവർക്ക് കൂടുതൽ നികുതിയിളവ് ലഭ്യമാക്കും.
ഇതോടൊപ്പം, 1961-ലെ സങ്കീർണസ്വഭാവമുള്ള ആദായ നികുതി നിയമം സമഗ്രമായി പരിഷ്കരിച്ച് സാധാരണ നികുതിദായകർക്കുപോലും എളുപ്പത്തിൽ വായിച്ചു മനസിലാക്കാൻ കഴിയുന്ന തരത്തിൽ ആറുമാസത്തിനകം പുതുക്കിയ നിയമ വ്യവസ്ഥകൾ അവതരിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞിട്ടുണ്ട്. ശമ്പള വരുമാനക്കാരായ നികുതിദായകർക്ക് വരുമാനത്തിലെ ഏറ്റക്കുറച്ചിലുകൾ കണക്കിലെടുക്കാതെ 50,000 രൂപയുടെ ഇളവാണ് സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ ആയി അനുവദിച്ചുവന്നിരുന്നത്. അത് ഇപ്പോൾ 75,000 രൂപയായി ഉയർത്തിയിരിക്കുന്നു. എന്നാൽ, ഈ ആനുകൂല്യം പഴയ നികുതി സമ്പ്രദായം തുടരുന്നവർക്ക് ലഭിക്കില്ല. സ്റ്റാൻഡേർഡ് ഡിഡക്‌ഷനിലെ വർദ്ധനവിനോടൊപ്പം, പുതിയ നികുതി സമ്പ്രദായത്തിലേക്ക് വന്നിട്ടുള്ളവർക്കും ഈ സാമ്പത്തിക വർഷം മുതൽ വരാൻ ഉദ്ദേശിക്കുന്നവർക്കും ബാധകമായ പുതിയ നികുതി നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. (പട്ടിക ഒന്ന് ശ്രദ്ധിക്കുക)
പട്ടിക ഒന്ന്
പുതുക്കിയ ആദായ നികുതി നിരക്കുകൾ (പുതിയ സ്കീം)
വാർഷിക വരുമാനം (രൂപ) - നിലവിലെ നിരക്കുകൾ (ശതമാനം) - പുതുക്കിയ നിരക്കുകൾ (ശതമാനം) - നേട്ടം (രൂപ)
3,00,000 വരെ - ഇല്ല - ഇല്ല - -
3,00,000 - 6,00,000 - 5 - 5 - -
6,00,000 - 7,00,000 - 10 - 5 -
7,00,000 - 9,00.000 - 10 - 10 - 5000
9,00,000 - 10,00,000 - 15 - 10 - 10,000
10,00,000 - 12,00,000 -15 - 15
12,00,000 - 15,00,000 - 20 - 20
15,00,000 മേൽ - 30 - 30
അഞ്ചു ശതമാനം നികുതി നിരക്ക് ഏഴുലക്ഷം വരെയുള്ള വാർഷിക വരുമാനത്തിന് ബാധകമാക്കിയതോടെയാണ് പട്ടികയിൽ സൂചിപ്പിച്ച വിധം 5000 രൂപയുടെ നേട്ടമുണ്ടാകുന്നത്. അതുപോലെ, പത്തുലക്ഷം വരെയുളള വരുമാനത്തിന് 15 ശതമാനം എന്ന നിരക്ക് പത്തു ശതമാനമായി കുറഞ്ഞതോടെ വീണ്ടും 5000 രൂപയുടെ നേട്ടമുണ്ടാകുന്നു. അതായത്, പത്തുലക്ഷം വരെയുള്ള വാർഷിക വരുമാനക്കാർക്ക് 10,000 രൂപയുടെ (5000 + 5000) നേട്ടം ലഭിക്കും. സ്റ്റാൻഡേർഡ് ഡിഡക്‌ഷനിൽ 25,000 രൂപയുടെ വർദ്ധനവ് കൂടിയുണ്ടായപ്പോൾ 15 ലക്ഷവും അതിലധികവും വരുമാനമുളളവർക്ക് 10, 000 രൂപയുടെ പട്ടികയിൽ പറഞ്ഞിരിക്കുന്ന നികുതി കുറവിനു പുറമെ 7500 രൂപയുടെ (25,000 x 30%) ആനുകൂല്യം കൂടി കിട്ടുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് 17,500 രൂപയുടെ വരെ നികുതിയിളവ് പുതിയ സ്കീമിലുള്ളവർക്ക് ലഭിക്കുമെന്ന് ധനമന്ത്രി പ്രസ്താവിച്ചിട്ടുളളത്.
പഴയ സ്കീമിൽ ഉള്ളവർക്ക് പുതിയ സ്കീമിലേക്കു വരുന്നതാണോ അഭികാമ്യം എന്ന തീരുമാനമെടുക്കുന്നതിന് രണ്ടു സ്കീമുകൾ പ്രകാരമുള്ള നികുതി ബാദ്ധ്യത കണക്കാക്കണം. കാരണം, പഴയ സ്കീമിൽ തുടർന്നാലും പുതിയ സ്കീമിൽ എത്തിയാലും ഈ മാസത്തെ ശമ്പള വരുമാനത്തിൽ നിന്ന് നികുതി തുക മുൻകൂറായി അടച്ചുതുടങ്ങണം. മാത്രമല്ല,പുതിയ സ്കീമിലേക്ക് എത്തുന്ന പഴയ സ്കീമിൽപ്പെട്ടവർക്ക് വീണ്ടുമൊരു തിരിച്ചുപോക്കിന് വ്യവസ്ഥയില്ല എന്നതും ഓർക്കുക.
പഴയ സ്കീമിലുള്ളവർക്ക് ആദായ നികുതി നിയമം 80-ാം വകുപ്പിലെ ഉപവകുപ്പുകൾ പ്രകാരമുള്ള ഇളവുകളും ഭവന വായ്പാ ഇനത്തിലെ പലിശയുമൊക്കെ വ്യവസ്ഥകൾക്ക് വിധേയമായുള്ള ഇളവുകളും ലഭിക്കും. പക്ഷേ നികുതി നിരക്കുകൾ വ്യത്യസ്തമാണ്. (പട്ടിക രണ്ട് നോക്കുക)
പട്ടിക രണ്ട്:
പഴയ സ്കീമിലെ ആദായ നികുതി നിരക്കുകൾ
വാർഷിക വരുമാന സ്ലാബുകൾ - നികുതി നിരക്ക്
രണ്ടരലക്ഷം വരെ - നികുതി ഇല്ല
2,50,000 - 5,00,000 രൂപ 5%
5,00,000-10,00,000 രൂപ 20%
10,00,000 രൂപയ്ക്കു മീതെ 30%
പുതിയ സ്കീമിൽപ്പെട്ടവർക്ക് ഏഴരലക്ഷം രൂപ വരെയാണ് ആകെ വാർഷിക വരുമാനമെങ്കിൽ നികുതി ബാദ്ധ്യതയില്ല എന്നതും ഓർക്കണം. അതുകൊണ്ട്, വാർഷിക വരുമാനം ഏഴരലക്ഷം രൂപയ്ക്കു മീതെയാകുമ്പോൾ മാത്രമാണ് പട്ടികയിൽ സൂചിപ്പിച്ച തരത്തിലുള്ള നികുതി നിരക്കിൽ നികുതിബാദ്ധ്യത ഉണ്ടാകുന്നത്.
അതേസമയം, പഴയ സ്കീമിൽ ഉള്ളവർക്ക് മൊത്തം വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപ വരെയെങ്കിൽ മാത്രമേ നികുതിബാദ്ധ്യതയിൽ നിന്ന് ഒഴിവാകാനാകൂ.
പത്തുലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ഒരു നികുതിദായകൻ പുതിയ സ്കീമിലെത്തുമ്പോൾ 1850 രൂപയുടെ സെസ് ഉൾപ്പെടെ 48,100 രൂപ നികുതി അടയ്ക്കണം. ഒപ്പം, 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷനിലൂടെ നികുതിബാദ്ധ്യതയുള്ള വാർഷിക വരുമാനം കുറച്ചുകൊണ്ടുവരാനാകുന്നു. എന്നാൽ പത്തുലക്ഷം രൂപ വാർഷിക വരുമാനമുള്ള പഴയ സ്കീമിലെ നികുതിദായകന് നികുതി ബാദ്ധ്യത കണക്കാക്കാൻ സാധാരണ നിലവിലുള്ള 1,50,000 രൂപയുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപം, ലൈഫ് ഇൻഷുറൻസ് പ്രീമിയം തുടങ്ങിയ ഇനങ്ങളിലെ നികുതി ഇളവും ഭവന വായ്പയിലെ പലിശ 1,50,000 രൂപയും നികുതിയിളവ് ലഭിച്ചാലും സെസ് ഉൾപ്പെടെ 56,400 രൂപയുടെ നികുതി ബാദ്ധ്യത ഉണ്ടാകും. നിയമപരമായ മറ്റ് ഇളവുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ നികുതി ബാധ്യത കുറയ്ക്കാനാകും. ചുരുക്കത്തിൽ, പഴയ സ്കീമിലുള്ളവർ കൃത്യമായ കണക്കുകൂട്ടലുകൾ നടത്തി വേണം പഴയ സ്കീമിൽ തുടരണമോ എന്നു തീരുമാനിക്കേണ്ടത്.
(ഡോ. എം. ശാർങ്ഗധരന്റെ ഫോൺ: 94471 03599)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |