SignIn
Kerala Kaumudi Online
Saturday, 29 November 2025 3.14 AM IST

അക്രമ രാഷ്ട്രീയത്തിന്റെ  അഴിഞ്ഞു വീഴുന്ന മുഖംമൂടികൾ

Increase Font Size Decrease Font Size Print Page

nishad-e-paper
വി.കെ. നിഷാദിന്റെ അസാന്നിദ്ധ്യത്തിൽ നടക്കുന്ന പ്രചരണം

തളിപ്പറമ്പ് കോടതിയിൽ നിന്നുണ്ടായ തുടർച്ചയായ രണ്ട് വിധികൾ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ നേർ ചിത്രം വെളിപ്പെടുത്തുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ ആന്തൂര്‍ നഗരസഭയിലും കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകളിലും സ്ഥാനാർത്ഥികൾ രംഗത്ത് വരാതിരുന്നതിന് അക്രമരാഷ്ട്രീയമാണ് കാരണമെന്ന യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും വാദങ്ങൾക്ക് ഈ വിധികൾ പുതിയ കരുത്ത് പകരുകയാണ്.

കോടതിവളപ്പിൽ മുദ്രാവാക്യം

പൊലീസുകാരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം സ്ഥാനാർത്ഥിയായ വി.കെ. നിഷാദിന് 20 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും വിധിച്ചത് ആദ്യ തിരിച്ചടിയായിരുന്നു. എന്നാൽ വിധി കേട്ട് ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ കോടതി വളപ്പിൽ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയതും അഭിവാദ്യമർപ്പിച്ചതും ചർച്ചയായി. നിഷാദിന്റെ പേരിൽ കൊലപാതകക്കേസും കൊലപാതകശ്രമവും ഉൾപ്പെടെ 19 കേസുകളുണ്ട്. രണ്ടാം പ്രതി ടി.സി.വി. നന്ദകുമാറിന്റെ പേരിൽ രണ്ട് കൊലപാതകവും രണ്ട് കൊലപാതകശ്രമവും പൊതുമുതൽ നശിപ്പിക്കലും ഉൾപ്പെടെ 14 കേസുകളുണ്ട്. 2012 ഓഗസ്റ്റ് ഒന്നിന് പോലീസ് സംഘം സഞ്ചരിച്ച ജീപ്പിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷാവിധി.

പൊതുപ്രവർത്തനമല്ല, ക്രിമിനൽ പ്രവർത്തനം

വിധിയിൽ ജഡ്ജി കെ.എൻ. പ്രശാന്ത് എടുത്ത നിലപാട് ശ്രദ്ധേയമാണ്. ഞാൻ പൊതുപ്രവർത്തകനാണ് എന്ന നിഷാദിന്റെ വാദത്തോട് കോടതി വ്യക്തമായി പ്രതികരിച്ചു: കോടതിക്ക് മുന്നിൽ പൊതുപ്രവർത്തകനില്ല. സി.ആർ.പി.സി, ഐ.പി.സി, ഇപ്പോൾ ബി.എൻ.എസ് പ്രകാരമുള്ള കുറ്റവാളികൾ മാത്രമാണുള്ളത്. സ്വാതന്ത്ര്യസമരത്തിലും മറ്റും പൊതുപ്രവർത്തകർ ഉണ്ടായിരുന്നു. എന്നാൽ ഇവിടെ നടന്നത് ക്രിമിനൽ പ്രവർത്തനമാണ്. കോടതി ഏതെങ്കിലും ഒരിടത്തുള്ള അനീതി എല്ലായിടത്തുമുള്ള നീതിക്ക് ഭീഷണിയാണ് എന്ന മാർട്ടിന്‍ ലൂഥർ കിങ്ങിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് വിധി ആരംഭിച്ചത്. വയലാറിന്റെ വാളല്ലെൻ സമരായുധം എന്ന കവിതാശകലം പരാമർശിച്ച് രാഷ്ട്രീയമെന്നാൽ സ്‌നേഹമായിരിക്കണമെന്നും ചൂണ്ടിക്കാട്ടി.


രണ്ടാം തിരിച്ചടി

തുടർന്ന് അടുത്ത ദിവസം തന്നെ മറ്റൊരു സുപ്രധാന വിധി പുറപ്പെടുവിച്ചുകൊണ്ട് ഇതേ കോടതി വീണ്ടും സി.പി.എമ്മിന് തിരിച്ചടി നൽകി. 2015 ൽ പൊലീസുകാരെ വധിക്കാൻ ശ്രമിച്ച് പൊലീസ് വാഹനം തകർത്ത കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം കോടതി പൂർണമായും തള്ളിക്കളഞ്ഞു.
പയ്യന്നൂര്‍ രാമന്തളി സെന്ററിൽ നിന്ന് മടങ്ങുന്ന പഴയങ്ങാടി പൊലീസ് സേ്റ്റഷനിലെ എസ്‌.ഐ കെ.പി. ഷൈന്റെ നേതൃത്വത്തിലുള്ള സംഘത്തെ 25 ഓളം സി.പി.എം പ്രവർത്തകർ വടികളും വാളുകളും ഉപയോഗിച്ച് ആക്രമിക്കുകയും 60,000 രൂപയുടെ നാശനഷ്ടം സംഭവിപ്പിക്കുകയും ചെയ്ത സംഭവമാണിത്. കേസ് പിൻവലിക്കാനുള്ള നീക്കത്തെ ജഡ്ജി പ്രശാന്ത് കടുത്ത ഭാഷയിൽ വിമർശിച്ചു. ഭരണകക്ഷിയിൽപ്പെട്ടവരായ പ്രതികളുടെ സ്വാധീനത്തിൽ നീതിയെ പരാജയപ്പെടുത്താനുള്ള നീക്കമാണ് നടന്നത്. ഗുരുതരമായ ഈ കേസ് പിൻവലിക്കാനുള്ള നീക്കം സമൂഹത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കും.

പ്രോസിക്യൂട്ടർക്കെതിരെയും കോടതി കടുത്ത വിമർശനം ഉന്നയിച്ചു. അതീവ ഗുരുതരമായ ഈ കേസിന്റെ പ്രാധാന്യം മനസ്സിലാക്കാതെയാണ് പ്രോസിക്യൂട്ടർ ഇത്തരമൊരു ഹർജി നൽകിയിട്ടുള്ളത്. ഭരണകക്ഷിയിലുള്ള ആളുകളുടെ സ്വാധീനത്താലാണ് പ്രോസിക്യൂട്ടർ ഇങ്ങനെയൊരു ഹർജി നൽകിയത്. അത് സ്വാഭാവിക നീതിയെ തകർക്കാനുള്ള ശ്രമമാണ്. നിയമസഭ തല്ലിപ്പൊളിച്ച കേസ് പിൻവലിക്കാൻ സർക്കാർ നടത്തിയ നീക്കം ഹൈക്കോടതിയും സുപ്രീംകോടതിയും തടഞ്ഞ കാര്യം കോടതി എടുത്തുകാട്ടി. ഭരണഘടനാ തത്വത്തിന്റെയും സാമൂഹിക നീതിയുടെയും ലംഘനമായിരിക്കും കേസ് പിൻവലിക്കുന്നതെന്ന് ഭരണഘടനാ ദിനമായ നവംബർ 26ന്റെ പ്രത്യേകത ചൂണ്ടിക്കാട്ടി വിധി പുറപ്പെടുവിച്ചു.


ജയിലിലായാലും സ്ഥാനാർത്ഥിയായി തുടരും

20 വർഷത്തെ തടവുശിക്ഷ ലഭിച്ച് ജയിലിൽ കഴിയുന്ന നിഷാദിനെ സ്ഥാനാർത്ഥിയായി തുടരാൻ അനുവദിക്കാനാണ് സി.പി.എം നേതൃത്വം തീരുമാനിച്ചത്. കീഴ്‌ക്കോടതി വിധി സ്റ്റേ ചെയ്യുകയും ജാമ്യം അനുവദിക്കുകയും ചെയ്യുമെന്ന വിശ്വാസത്തിലാണ് പാർട്ടി. പയ്യന്നൂർ നഗരസഭ 46-ാം വാർഡിൽ സ്ഥാനാർത്ഥി സ്ഥലത്തില്ലാത്തതിനാൽ വലിയ വലിപ്പത്തിലുള്ള ചിത്രങ്ങളും ബാനറുകളുമായാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വീടുകളിൽ എത്തി വോട്ട് അഭ്യർത്ഥിക്കുന്നത്. പത്രിക സമർപ്പിക്കുന്ന സമയത്ത് വിധി പ്രഖ്യാപിച്ചിരുന്നില്ല എന്നതിനാൽ നിഷാദിന് മത്സരിക്കുന്നതിന് നിയമപരമായ തടസ്സമില്ലെന്നാണ് വാദം.

തള്ളിപ്പറയണം, മാപ്പ് പറയണം
ക്രിമിനലുകളാണ് സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്നതിന് ഉത്തമ ഉദാഹരണമാണ് നിഷാദിന്റെ സ്ഥാനാർത്ഥിത്വമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. നിയമവാഴ്ചയിലും ജനാധിപത്യത്തിലും വിശ്വാസമുണ്ടെങ്കിൽ നിഷാദിനുള്ള പിന്തുണ പിൻവലിച്ച് സി.പി.എം നേതൃത്വം പൊതുസമൂഹത്തോട് മാപ്പ് പറയണം. തങ്ങൾക്കെതിരെ നിൽക്കുന്നവർ ആരായാലും, അത് രാഷ്ട്രീയ എതിരാളികളായാലും നിയമപാലകരായാലും അവരെ ജീവിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് പൊലീസിനെ അക്രമിച്ചതിലൂടെ സി.പി.എം നേതൃത്വം നൽകിയത്. സമൂഹത്തെ മുഴുവനായും ഭയപ്പെടുത്തി തങ്ങൾക്ക് കീഴിൽ കൊണ്ടുവരാമെന്ന വ്യാമോഹമാണ് സി.പി.എം നേതൃത്വത്തിനെന്ന് വിനോദ്കുമാർ ആരോപിച്ചു. യു.ഡി.എഫും ഇതേ വാദമുന്നയിച്ചു.


നീതിന്യായ വ്യവസ്ഥയുടെ ദൃഢത

നിരപരാധി ശിക്ഷിക്കപ്പെടാതെ നോക്കുക മാത്രമല്ല, കുറ്റവാളി രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കലും ന്യായാധിപന്റെ ചുമതലയാണ്. ഇവ രണ്ടും പൊതു കടമകളാണ്. നിഷാദിനെതിരെ വിധിപ്രസ്താവത്തിൽ ജഡ്ജി പ്രശാന്ത് വ്യക്തമാക്കി. തുടർച്ചയായ രണ്ട് ദിവസം ഇതേ കോടതിയിൽ നിന്ന് പുറപ്പെടുവിച്ച ഈ വിധികൾ കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് നേരെയുള്ള ഏറ്റവും വലിയ നീതിന്യായപരമായ പ്രഹരമാണ്. രാഷ്ട്രീയപാർട്ടികൾ ക്രിമിനൽ പ്രവർത്തികളെ സംരക്ഷിക്കുകയും അവരെ സ്ഥാനാർത്ഥികളായി ഉയർത്തിക്കൊണ്ടുവരികയും ചെയ്യുന്ന സംസ്‌കാരം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനാധിപത്യത്തിലും നിയമവാഴ്ചയിലും യഥാർത്ഥത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇനി രാഷ്ട്രീയ പാർട്ടികൾ ഉത്തരം നൽകേണ്ടിയിരിക്കുന്നു.
തളിപ്പറമ്പ് കോടതിയിൽ നിന്ന് മുഴങ്ങിയത് നീതിയുടെ ശബ്ദമാണ്. വാളല്ലെൻ സമരായുധം എന്ന വയലാറിന്റെ വാക്കുകളും മാർട്ടിന്‍ ലൂഥർ കിങ്ങിന്റെ ഉദ്ധരണികളും ഉൾക്കൊണ്ട് ഈ വിധികൾ കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ മുഖംമൂടി പൊളിച്ചുകളഞ്ഞിരിക്കുന്നു.

TAGS: CRIMINAL CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.