
'കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലർക്കേതുമേ
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടിട്ടറിയുന്നിതു ചിലർ'
ജ്ഞാനപ്പാനയിൽ നിന്നുള്ള വരികൾ എന്തിനിവിടെ കുറിച്ചു എന്നു സംശയിച്ചേക്കാം. പ്രത്യേകിച്ച് ഒന്നിനുമല്ല, തലസ്ഥാനത്ത് ഒന്നൊന്നര വർഷം മുമ്പ് രാത്രിയിൽ ഒരു കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു നിർത്തി , ഡ്രൈവറെ ആക്രമിച്ചെന്നൊരു കേസുണ്ടായിരുന്നു. കൃത്യമായി പറഞ്ഞാൽ 2024 ഏപ്രിൽ 27 ന് രാത്രി 10 മണിക്ക് പാളയത്തായിരുന്നു സംഭവം .പതിവിൽ കവിഞ്ഞ പ്രാധാന്യം ആ സംഭവത്തിന് കിട്ടി, കാരണം സംഭവത്തിൽ അന്ന് (ഇപ്പോഴല്ല) ഉൾപ്പെട്ടിരുന്നത് ചില്ലറക്കാരല്ല, തിരുവനന്തപുരം മേയർ ആര്യാരാജേന്ദ്രൻ, ഭർത്താവും എം.എൽ.എയുമായിരുന്ന സച്ചിൻദേവ് , ബന്ധുമിത്രാദികൾ തുടങ്ങിയവർ. ബസ് തടഞ്ഞതിന് നിദാനമായ കാര്യം എന്തെന്ന് സംഭവത്തിലുൾപ്പെട്ടവർക്കും സാക്ഷികളായവർക്കും മാത്രമേ അറിയൂ. ഇപ്പോഴാണ് ഇതിന്റെ കുറ്റപത്രം പൊലീസ് സമർപ്പിക്കുന്നത്. കുറ്റപത്രത്തിലെ വിശദാംശങ്ങൾ മാദ്ധ്യമങ്ങൾ വഴി അറിഞ്ഞപ്പോൾ പലരും 'മലൈക്കോട്ടൈ വാലിബനിലെ' കട്ട ഡയലോഗ് വെറുതെ പറഞ്ഞു പോയി, ''കൺകണ്ടത് നിജം, കാണാത്തത് പൊയ്; നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം'. എന്തൊരു മറിമായം.
ബസ് തടയൽ നാടകം അരങ്ങേറുന്നതിനിടെ , ഇല അനങ്ങിയാലും പാഞ്ഞെത്തുന്ന ചാനൽ ക്യാമറകൾ വൈകാതെ സ്ഥലത്തെത്തി. മൊബൈൽ പടംപിടുത്തക്കാർ അതിനു മുമ്പെയും.
ക്യാമറയിൽ കിട്ടിയതെല്ലാം അവർ പൊതുജനത്തെ ടി.വി വഴി കാണിച്ചു കൊണ്ടുമിരുന്നു. ഇതെല്ലാം കണ്ട നാട്ടുകാർ നമ്മടെ ബഹു മേയറെയും ഭർത്താവ് ബഹു എം.എൽ.എയെയും ഒപ്പമുണ്ടായിരുന്ന ബന്ധുമിത്രാദികളെയുമെല്ലാം എന്തെല്ലാം കുറ്റങ്ങൾ പറഞ്ഞു, മേയർ ഇങ്ങനെയൊക്കെ പറയാമോ, എം.എൽ.എ ഇങ്ങനെയൊക്കെ ചെയ്യാമോ, ബന്ധുമിത്രാദികൾ ഇങ്ങനെയൊക്കെ കാട്ടാമോ എന്നെല്ലാം പറഞ്ഞായിരുന്നു കുറ്റപ്പെടുത്തലുകൾ. അന്തിചർച്ചയിൽ നിരവധി തൊണ്ടതൊഴിലാളികൾ നിരന്നിരുന്നു വിമർശനങ്ങൾ ഉയർത്തി. എന്തെല്ലാം പുകിലായിരുന്നു.
നന്നെ ചെറിയ പ്രായത്തിൽ കേരളത്തിന്റെ തലസ്ഥാന നഗരിയിൽ, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്നു വന്നൊരു യുവതിയെ മേയറാക്കിയതിന്റെ സർവ അസൂയയും കുശുമ്പും രാഷ്ട്രീയ എതിരാളികൾ ഈ ഒറ്രവിഷയത്തിൽ പ്രകടിപ്പിച്ചു. കാരുണ്യത്തോടും സമഭാവനയോടും എല്ലാവരോടും പെരുമാറുന്ന, ലാളിത്യത്തിന്റെ ഉടമയായ പാവം മേയറെ എന്തെല്ലാമാണ് പറഞ്ഞ് ആക്ഷേപിച്ചത്. കെ.എസ്.ആർ.ടി.സി എംപാനൽ ഡ്രൈവറോടായിരുന്നു എല്ലാവർക്കും അന്ന് സഹാനുഭൂതി. എന്നിട്ട് ഇപ്പോൾ എന്തായി കാര്യങ്ങൾ. സമഗ്രമായും സൂക്ഷ്മമായും സാഹചര്യങ്ങൾ പഠിച്ച് വിലയിരുത്തിയ കന്റോൺമെന്റ് പൊലീസ് കുറ്റപത്രം തയ്യാറാക്കി സമർപ്പിച്ചു. മേയറോ, എം.എൽ.എ ആയ ഭർത്താവോ ഒരുവിധ കുറ്റവും ചെയ്തിട്ടില്ലെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തൽ. അങ്ങനെ നിരപരാധികളായ ആ രണ്ട് മഹദ് വ്യക്തികളെയും കേസിൽ നിന്ന് നിരുപാധികം ഒഴിവാക്കാനും പൊലീസ് ജാഗ്രത കാട്ടി. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് ചെറിയ കുഴപ്പം കാട്ടിയത്. ഗതാഗത നിയമലംഘനം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ കൃത്യങ്ങൾക്കാണ് അരവിന്ദിന് മേൽ കുറ്റം ചുമത്തിയിട്ടുള്ളത്. അരവിന്ദിന്റെ ഭാര്യയും കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. മേയർക്കു നേരെ അശ്ളീല ആംഗ്യം കാട്ടിയെന്ന മേയറുടെ പരാതിയിൽ മുൻ എംപാനൽ ഡ്രൈവർ യദുവിന് എതിരെ മ്യൂസിയം പൊലീസ് ഉടൻ കുറ്രപത്രം നൽകുമെന്നാണ് അറിയുന്നത്. അഞ്ച് പേർ ഉൾപ്പെട്ടിരുന്ന പ്രതിപ്പട്ടികയാണ് അങ്ങനെ ഒറ്റയാൾ പട്ടികയായി മാറിയത്.
ഇക്കാര്യത്തിൽ പൊലീസിനെ ഒരു വിധത്തിലും പഴിക്കാനാവില്ല. ഹൈഡ്രോളിക് സംവിധാനമുള്ള ഹൈടെക് ബസിൽ എം.എൽ.എ അതിക്രമിച്ചു കയറി എന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ. ഡ്രൈവർ ഡോർ തുറന്നു കൊടുക്കണം, അങ്ങനെ കയറണമെങ്കിൽ. വെറുതെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും. മേയർ അസഭ്യം പറഞ്ഞെന്നായിരുന്നു മറ്റൊരു ആക്ഷേപം. പക്ഷെ ആക്ഷേപിച്ചാൽ മതിയോ , അതിന് സാക്ഷികൾ വേണ്ടെ. ബസിൽ യാത്രക്കാരുണ്ടായിരുന്നു എന്നു പറഞ്ഞിട്ട് കാര്യമുണ്ടോ, അവർ ഇതൊക്കെ ശ്രദ്ധിക്കണ്ടെ അമ്പാനെ. ഡ്രൈവർ അശ്ലീല ആംഗ്യം കാട്ടിയപ്പോൾ , ചിലപ്പോൾ എം.എൽ.എ ഒന്നു കയർത്തുകാണും തികച്ചും സ്വാഭാവികം. അതീവ ജാഗ്രതയോടെ പൊലീസ് അരിച്ചു പെറുക്കി അന്വേഷിച്ചതു കൊണ്ടല്ലേ നിരപരാധികളായ മേയറും എം.എൽ.എ യുമൊക്കെ കേസിൽ നിന്ന് ഒഴിവായത്.അല്ലെങ്കിൽ എന്തു ചെയ്തേനെ.
പക്ഷെ ഇതൊക്കെയാണെങ്കിലും പിന്നെയും ചില സംശയങ്ങൾ. തിരുവനന്തപുരം നഗരത്തിലല്ലെ ഈ സംഭവം നടന്നത്, അല്ലാതെ സഹാറ മരുഭൂമിയിലല്ലല്ലോ. ബസിൽ യാത്രക്കാരുണ്ടായിരുന്നു. ബസിന് മുന്നിൽ കാർ നിർത്തി തടഞ്ഞ ദൃശ്യങ്ങൾ ചാനലുകളിലും സമൂഹ മാദ്ധ്യമങ്ങളിലും ആവർത്തിച്ചു വന്നു, മാത്രമല്ല സംഭവ സ്ഥലത്ത് ആൾക്കാർ കൂടുകയും ചെയ്തു. ബസിൽ സി.സി.ടി.വി ക്യാമറയും ഉണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. അതിന്റെ പരിശോധന നടത്തിയോ ഇല്ലയോ എന്നതും അറിയില്ല. ആ ദിവസങ്ങളിൽ വലിയ വിവാദങ്ങളും ചർച്ചകളും ഇതേക്കുറിച്ച് ഉയരുകയും ചെയ്തു. ഇവിടെയാണ് സംശയം, സമൂഹ മാദ്ധ്യമങ്ങളിലും ചാനലുകളിലുമൊക്കെ അന്ന് കണ്ട ദൃശ്യങ്ങൾ മിഥ്യ ആയിരുന്നോ, അതോ സി.പി.എം സംസ്ഥാന സെക്രട്ടറി അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ആവിഷ്കരിച്ച എ.ഐ വിദ്യയെന്ന സിദ്ധാന്തമാണോ. അന്ന് മേയറുടേതായും എം.എൽ.എയുടേതായും വന്ന ഭാവാവിഷ്കാരങ്ങൾ വി.എഫ്.എക്സ് വഴി സൃഷ്ടിക്കപ്പെട്ടതാണോ. ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്ത സാധാരണക്കാരനുള്ള സംശയങ്ങളാണേ. ഇക്കണ്ടതൊന്നും സത്യമല്ലെങ്കിൽ പാവം മേയറെയും എം.എൽ.എയെയും നമ്മൾ കുറ്റപ്പെടുത്തരുത്. അങ്ങനെയെങ്കിൽ തെറ്റായ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെയും വെറുതെ വിടരുത്, അവർക്കും കൊടുക്കണം എന്തെങ്കിലുമൊരു 'പത്രം'. ഏതായാലും കുറ്റപത്രം സമർപ്പിച്ച സ്ഥിതിക്ക് ബഹുമാനപ്പെട്ട കോടതി ഇതിന്റെയെല്ലാം കല്ലും നെല്ലും തിരിക്കട്ടെ.
ഇതുകൂടി കേൾക്കണേ
പൊതുജനത്തിന് എല്ലാ കാണാനും കേൾക്കാനും അറിയാനും സൗകര്യവും സംവിധാനവുമുള്ള നാടാണ് നമ്മുടേത്. ഇതെല്ലാം അറിഞ്ഞ് വേണ്ട സമയത്ത് പ്രതികരിക്കാനും അവർക്കാവും. ഈ തിരിച്ചറിവാണ് ഏവർക്കും വേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |