
ലൈംഗിക പീഡന കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് തെല്ലൊരു ആശ്വാസം നൽകുന്നതാണെങ്കിലും കോൺഗ്രസിന് രാഹുൽ ഉണ്ടാക്കിയ ക്ഷീണം അത്രപെട്ടെന്ന് മാറില്ല, പ്രത്യേകിച്ച് ഒരു തിരഞ്ഞെടുപ്പ് വർഷത്തിലേക്ക് നടന്നടുക്കുമ്പോൾ. തദ്ദേശ തിരഞ്ഞെടുപ്പിൽ ശക്തമായ ഒരു തിരിച്ചുവരവ് പരിശ്രമിക്കുന്ന യു.ഡി.എഫിനും വിശിഷ്യ കോൺഗ്രസിനും രാഹുൽ വിഷയം ഉണ്ടാക്കുന്ന ഡാമേജുകൾ ചെറുതല്ല. തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിലാകും തുടർന്ന് വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള നയതന്ത്രങ്ങൾ ആസൂത്രണം ചെയ്യുക. രാഹുൽ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം അമിതപ്രതിരോധത്തിലായാൽ അത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.
കേരളത്തിലെ ചാനൽ ചർച്ചകളിലൂടെ കോൺഗ്രസിന്റെ ഫയർബ്രാൻഡ്, യുവ തലമുറയുടെ ആവേശവും പ്രതീക്ഷയുമായി പാർട്ടി ഉയർത്തിക്കാട്ടിയ നേതാവായിരുന്നു രാഹുൽ. അവിടെ നിന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള യാത്ര കണ്ണടച്ചുതുറക്കും പോലെയായിരുന്നു. പിന്നീട് അതിലും വേഗത്തിൽ പാലക്കാട് എം.എൽ.എ ആയി നിയമസഭയിലേക്ക്. 36 കാരനായ രാഹുലിന്റെ ഭാവി കേരള രാഷ്ട്രീയത്തിന്റെ നിയന്ത്രണമുള്ള കസേരകളിലായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പോലും വിലയിരുത്തിയ ഇടത്തുനിന്നാണ് അദ്ദേഹത്തിന്റെ വീഴ്ചയ്ക്ക് കേരളം സാക്ഷ്യം വഹിച്ചത്.
പാലക്കാട്ടേക്ക് എത്തിയതുമുതൽ വിവാദങ്ങൾ
നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ രാഹുൽ മാങ്കൂട്ടത്തിലെത്തിയതു മുതൽ പാലക്കാട്ടെ കോൺഗ്രസിൽ ആരംഭിച്ച പൊട്ടിത്തെറി രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെ വഴിത്തിരിവിൽ. നിയമസഭാംഗമായി രാഹുൽ സത്യപ്രതിജ്ഞചെയ്ത് ഒരു കൊല്ലം തികയുന്ന ദിവസമായിരുന്നു ഡിസംബർ നാല്. അന്നുതന്നെയാണ് പാർട്ടിയിൽ നിന്നുള്ള പുറത്താക്കലും.
ഷാഫി പറമ്പിലിന്റെ തുടർച്ചക്കാരനായി രാഹുലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാക്കിയത് മുതൽ മുറുമുറുപ്പ് ആരംഭിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വടകരയിൽ സ്ഥാനാർത്ഥിയായതോടെ രാഹുലിനെ പാലക്കാട്ടെത്തിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിരുന്നു. രാഹുൽ സ്വന്തംനിലയ്ക്ക് പാലക്കാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമായതിനെ പാർട്ടിയിലെ വലിയൊരുവിഭാഗം അന്ന് എതിർത്തു. എന്നാൽ, ഷാഫി അനുകൂലികൾ ഇതിന് എല്ലാ സൗകര്യങ്ങളുമൊരുക്കി. പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടിട്ടും മണ്ഡലത്തിലേക്കുള്ള തിരിച്ചുവരവിന് കൂട്ടുനിന്നതും ഇതേ വിഭാഗമാണ്. ഈ നീക്കങ്ങളെ പ്രതിരോധിക്കാതെ ജില്ലാ കോൺഗ്രസ് നേതൃത്വവും മൗനംപാലിച്ചു.
രാഹുലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ ആദ്യവെടി പൊട്ടിച്ചത് കോൺഗ്രസ് ഡിജിറ്റൽ സെൽ കൺവീനറായിരുന്ന ഡോ. പി.സരിൻ ആയിരുന്നു. ഇതിനുപിന്നാലെ കെ.മുരളീധരനെ സ്ഥാനാർത്ഥിയായി വേണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡി.സി.സി കെ.പി.സി.സിക്ക് അയച്ച കത്ത് പുറത്തുവന്നു. ഒടുവിൽ കെ.മുരളീധരനെത്തന്നെ പ്രചാരണത്തിനെത്തിച്ച് വിവാദം അവസാനിപ്പിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇടപെട്ടു. ഇതിനിടെ രാഹുലിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാർട്ടിവിട്ട് ഡിവൈ.എഫ്.ഐയുടെ ഭാഗമായി.
നീലപ്പെട്ടി വിവാദമാണ് രാഹുലുമായി ബന്ധപ്പെട്ട് മണലത്തിലുടലെടുത്തത്. കോൺഗ്രസുകാർ താമസിച്ചിരുന്ന ഹോട്ടലിൽ രേഖകളില്ലാത്ത പണം എത്തിച്ചെന്ന വിവരം ലഭിച്ചതായി പറഞ്ഞ് പൊലീസ് നടത്തിയ പരിശോധന അന്ന് വലിയ വിവാദമായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഒരു നീലപ്പെട്ടിയിൽ പണം മാറ്റിയെന്ന ആരോപണവുമുയർന്നു. പ്രചാരണത്തിൽ നീലപ്പെട്ടി ഉയർത്തിക്കാണിച്ചാണ് രാഹുൽ ക്യാമ്പ് ഇതിനെ നേരിട്ടത്. വനിതാനേതാക്കൾ താമസിച്ച് മുറികളിലുൾപ്പെടെ അർധരാത്രി നടന്ന പരിശോധനയിൽ പൊലീസിന് ഒന്നും കണ്ടെത്താനാവാതിരുന്നതാണ് അന്ന് പിടിവള്ളിയായത്.
ഏറ്റവുമൊടുവിൽ ലൈംഗികാക്രമണ പരാതി വന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിന് സിസി ടി.വികളുടെ കണ്ണിൽപ്പോലും പെടാതെ രക്ഷപ്പെടാൻ ഒരുവിഭാഗം സഹായിച്ചുവെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. രാഹുലിനെ പുറത്താക്കിയ വിവരമറിഞ്ഞ ഡോ. പി.സരിന്റെ ആദ്യപ്രതികരണം 'കാലം സാക്ഷി' എന്നായിരുന്നു.
രാഷ്ട്രീയ ജീവിതത്തിലെ ഗതിമാറ്റം
2025 ആഗസ്റ്റ് 21 മുതലാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഗതി മാറാൻ തുടങ്ങിയത്. മാധ്യമ പ്രവർത്തകയും, ചലച്ചിത്ര താരവുമായ റിനി ആൻ ജോർജ്, ഒരു യുവ രാഷ്ട്രീയ നേതാവ് തനിക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്ന് ആരോപിച്ച് രംഗത്തെത്തി. റിനി ആൻ ജോർജ് നേരിട്ട് പേര് പരാമർശിച്ചിരുന്നില്ലെങ്കിലും, അതിൽ രാഹുലിന്റെ ചിത്രം പിന്നീട് തെളിഞ്ഞു വന്നു.
റിനിക്ക് പിന്നാലെ മറ്റൊരു യുവതി കൂടി രംഗത്ത് വന്നു. തന്നെ ഗർഭച്ഛിദ്രം ചെയ്യിച്ചുവെന്ന് വെളിപ്പെടുത്തുന്ന മെസേജുകളും ഓഡിയോ ക്ലിപ്പുകളുമാണ് യുവതിയുടേതായി പുറത്ത് വന്നത്. ഇതോടെ കോൺഗ്രസ് പാർട്ടി തന്നെ പൂർണമായും പ്രതിരോധത്തിലായി. രാഹുൽ അതുവരെ കെട്ടിപ്പൊക്കിയ രാഷ്ട്രീയ ഭാവിയും പതിയെ തകർന്നു. ആരോപണവിധേയനായ ആളെ പാർട്ടി സംരക്ഷിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉറച്ച തീരുമാനമെടുത്തതോടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ സംസ്ഥാന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ടു.
എന്നാൽ, പരാതി ഉന്നയിക്കാൻ യുവതികൾ വിസമ്മതിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുകയായിരുന്നു. വരുന്ന തദേശ തിരഞ്ഞെടുപ്പിനായുള്ള പ്രചരണങ്ങൾക്ക് പോലും സജീവമായി. ഗർഭച്ഛിദ്രം നടത്തപ്പെട്ട യുവതി, മുഖ്യമന്ത്രിയുടെ ഒഫീസിലെത്തി പരാതി നൽകിയതോടെ കാര്യങ്ങൾ കൈവിട്ടു പോയി. പിന്നീട് കണ്ടത് അടഞ്ഞു കിടക്കുന്ന എംഎൽഎ ഓഫീസാണ്. രാഹുൽ മാങ്കൂട്ടത്തിൽ പിന്നെ എവിടെയുണ്ടെന്ന കാര്യവും അവ്യക്തമായി.
രാഹുൽ മാങ്കൂട്ടത്തിലിനായി പോലീസ് അന്വേഷണം നടക്കവെ, മുൻകൂർ ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യഹർജി നിരസിച്ചു. ഇതിന് പിന്നാലെ കോൺഗ്രസ് പാർട്ടിയും രാഹുലിനെ പുറത്താക്കി. 2024 ഡിസംബർ 4 ന് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്ത കോൺഗ്രസിന്റെ അമരത്തേക്ക് എത്തിയ രാഹുൽ മാങ്കൂട്ടത്തിനെ, ഒടുവിൽ 2025 ഡിസംബർ 4 ന് കോൺഗ്രസ് പാർട്ടി പുറത്താക്കി.
തിരിച്ചുവരവിന് കളമൊരുക്കി ഒരു വിഭാഗം
ലൈംഗികാരോപണങ്ങൾ ഉയർന്നതിന് ശേഷമുള്ള തിരിച്ചുവരവിനായി ആഴ്ചകളോളം നടത്തിയ 'പാലക്കാട് ഷോയും' രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ പെട്ടെന്നുള്ള പതനത്തിന് വഴിയൊരുക്കിയെന്നതാണ് വസ്തുത. ബി.ജെ.പിയും സി.പി.എമ്മും ഉയർത്തിയ പ്രതിഷേധങ്ങൾക്ക് പുറമേ പരസ്യമായല്ലെങ്കിലും കോൺഗ്രസിലെ ചില വിഭാഗങ്ങളിൽ നിന്നടക്കം രാഹുലിന്റെ ഇടപെടലുകളിൽ അമർഷങ്ങൾ ഉയർന്നിരുന്നു.
നടിയും അവതാരകയുമായ യുവതിയുടെ ആരോപണം ഉയർന്നശേഷം 38 ദിവസം പാലക്കാട്ട് നിന്ന് മാറിനിന്ന രാഹുലിന്റെ തിരിച്ചുവരവ് നാടകീയമായിരുന്നു. ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും പ്രതിഷേധങ്ങൾ അവഗണിച്ചായിരുന്നു വരവ്. ഇതിന് മുന്നോടിയായി പാലക്കാട്ടെ രാഹുൽ അനുകൂലികളിൽ ചിലർ ക്ഷണിക്കാനായി പത്തനംതിട്ടയിലെത്തുകയും ചെയ്തിരുന്നു.
വിവാദങ്ങൾ പുകഞ്ഞുകൊണ്ടിരിക്കെ സെപ്തംബർ 24ന് പുലർച്ചെയാണ് രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും പാലക്കാട്ടെത്തിയത്. ഏകദേശം ഒരുമാസത്തോളം എം.എൽ.എ പാലക്കാട് മണ്ഡലത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യമുണ്ടായി. പാർട്ടി പ്രവർത്തകരുടെ വീടുകളിൽ സ്വകാര്യസന്ദർശനമെന്ന പേരിലുള്ള ആ വരവിൽ തെരുവിലെ പ്രതിഷേധം ഭയന്ന് വാഹനത്തിലെ എം.എൽ.എ ബോർഡ് മറച്ചായിരുന്നു രാഹുലിന്റെ യാത്ര. പ്രതിഷേധക്കാർ പോയശേഷം എം.എൽ.എ ഓഫീസിലുമെത്തി. താൻ ഒളിച്ചോടിയിട്ടില്ലെന്നും പാലക്കാട്ടെ ജനങ്ങളോടൊപ്പമുണ്ടാകുമെന്നും പ്രഖ്യാപിച്ചെത്തിയ രാഹുൽ പിന്നീടുള്ള ദിവസങ്ങളിലും നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള കരുനീക്കങ്ങളിലായിരുന്നു.
കൽപ്പാത്തി തേരിലും മണ്ഡലത്തിലെ ഉദ്ഘാടന പരിപാടികളിലും പങ്കെടുത്തു. പിരായിരിയിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ രാഹുലിനെ തടയാൽ ശ്രമിച്ച ഡിവൈ.എഫ്.ഐ പ്രവർത്തകരെ അനുയായികൾ കായികമായി നേരിടാൻ രംഗത്തിറങ്ങിയതും ഇതിനിടെ വാർത്തയായി.
സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താനുള്ള രാഹുലിന്റെ നീക്കങ്ങൾക്ക് പാർട്ടിയിലെ ചിലവിഭാഗങ്ങൾ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയും നൽകി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥിനിർണയത്തിൽ പാർട്ടിയിലെ ഒരുവിഭാഗത്തിനുവേണ്ടി ശക്തമായി ചരടുവലിക്കാനും രംഗത്തെത്തി. പാർട്ടി സ്ഥാനാർത്ഥികൾക്കുവേണ്ടി പലയിടത്തും പരസ്യമായി പ്രചാരണത്തിനിറങ്ങുകയും ചെയ്തു. ഇതിനിടെയാണ് അതിജിവിതകളിലൊരാൾ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നതും രാഹുൽ ഒളിവിൽപ്പോകുന്നതും. നിലവിൽ പത്താം നാളും രാഹുൽ കാണാമറയത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |