SignIn
Kerala Kaumudi Online
Tuesday, 16 December 2025 3.50 PM IST

ജി.പി.എസ് സ്‌പൂഫിംഗിന്റെ ആകാശ ഭീഷണി

Increase Font Size Decrease Font Size Print Page

s

വിമാനങ്ങൾ അവയുടെ സ്ഥാനവും ഫ്ലൈറ്റ് പ്ലാനും നിലനിറുത്താൻ ജി.പി.എസിനെയാണ് ആശ്രയിക്കുന്നത്. ഏതൊരു സാങ്കേതികവിദ്യയെയും പോലെ, ജി.പി.എസിലും ഹാക്കിംഗ് നടത്താനോ,​ തെറ്റായ വിവരങ്ങൾ വിമാനത്തിനു നല്കി അട്ടിമറി നടത്താനോ ഒക്കെ സാധിക്കുമെന്നത് വ്യോമയാന സുരക്ഷയെ സംബന്ധിച്ച് ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്. ഇക്കഴിഞ്ഞ നവംബർ ആറിനും ഏഴിനും ഡൽഹി വിമാനത്താവളത്തിൽ എണ്ണൂറിലധികം വിമാന സർവീസുകൾ വൈകിയപ്പോൾ ഇതിന്റെ ആഘാതം നമ്മൾ കണ്ടതാണ്.

ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം എന്നതിന്റെ ചുരുക്കപ്പേരാണല്ലോ ജി.പി.എസ്. ഭൂമിയിലെ നമ്മുടെ സ്ഥാനം തിരിച്ചറിയാൻ ഇത് നമ്മെ സഹായിക്കുന്നു. നാവിഗേഷനായി ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോഴോ,​ ഊബറിൽ ടാക്സി ഓർഡർ ചെയ്യുമ്പോഴോ ഇത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. വിമാനങ്ങൾ ഫ്ളൈറ്റ് പൊസിഷനിംഗിനും മറ്റും ഉപയോഗിക്കുന്നതും ജി.പി.എസിനെ തന്നെ. നവംബറിൽ ഡൽഹി വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ,​ എയർ ട്രാഫിക് കൺട്രോൾ (എ.ടി.സി) ഉപയോഗിക്കുന്ന സുപ്രധാന സോഫ്റ്റ്‌വെയറായ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റം (എ.എം.എസ്.എസ്) പ്രവർത്തനരഹിതമാവുകയായിരുന്നു. എ.ടി.സിക്ക് ഇലക്ട്രോണിക് ആയി ഫ്ലൈറ്റ് ഡാറ്റ അയയ്ക്കാനോ സ്വീകരിക്കാനോ കഴിഞ്ഞില്ല.

ഈ പ്രതിസന്ധി,​ ഓരോ വിമാനത്തെയും യാത്രയാക്കുന്നതിന് മാനുവൽ ആയ കണക്കുകൂട്ടലുകളിലേക്കും നിഗമനങ്ങളിലേക്കും മടങ്ങാൻ എ.ടി.സിയെ പ്രേരിപ്പിച്ചു. ഇങ്ങനെ ഉദ്യോഗസ്ഥർ നേരിട്ട് നടത്തുന്ന കണക്കുകൂട്ടലുകൾക്ക് അധികസമയം വേണ്ടിവരുമെന്നതിനാൽ വലിയ ബാക്ക്ലോഗിന് കാരണമായി. കൂടുതൽ ആശങ്കാജനകമായ രണ്ടാമത്തെ കാര്യം,​ അട്ടിമറി സാദ്ധ്യതയാണ്. വിമാനങ്ങൾക്ക് അപകടമോ അട്ടിമറിയോ ലക്ഷ്യംവയ്ക്കുന്ന ഒരാൾ തെറ്റായ ഉപഗ്രഹ സിഗ്നലുകൾ വിമാനത്തിലേക്ക് അയയ്ക്കുന്നു. അത് തെറ്റായ ഒരു സ്ഥാനം നിർണയിക്കുന്നു. ഇതിന് ജി.പി.എസ് സ്പൂഫിംഗ് എന്നാണ് പറയുക. ചുവടെ പറയുന്ന രണ്ട് മാർഗങ്ങളിലൂടെയാണ് ഇത്തരം തെറ്റായ സിഗ്നൽ വരുന്നത്:

മറ്റൊരു സ്ഥലത്തോ സമയത്തോ റെക്കാർഡ് ചെയ്ത ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജി.എൻ.എസ്.എസ്) സിഗ്നലുകൾ വീണ്ടും പ്രക്ഷേപണം ചെയ്യുകയാണ് ആദ്യത്തെ മാർഗം. രണ്ട്, പരിഷ്‌കരിച്ച ഉപഗ്രഹ സിഗ്നലുകൾ കൈമാറ്റം ചെയ്യുക! 30,000 അടി ഉയരത്തിൽ പറക്കുന്ന പൈലറ്റിന് ഇത് പ്രായോഗികമായി കാഴ്ചയില്ലാതാക്കുന്നു. ഇത് ആകാശത്തുവച്ചുള്ള കൂട്ടിയിടികൾ, വിമാനാപകടങ്ങൾ, ഫ്ലൈറ്റ് പ്ലാനിൽ നിന്ന് വ്യതിചലിക്കൽ, മറ്റ് വലിയ ദുരന്തങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം.

സ്പൂഫിംഗ് കാരണം വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്യാൻ കഴിയാത്ത ഒരു സാഹചര്യം മൂലം ഉണ്ടാകുന്ന കാലതാമസം നമുക്ക് പരോക്ഷമായി വലിയ ചെലവ് വരുത്തും. ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ, ടെലി കമ്മ്യൂണിക്കേഷൻസ്, ഊർജ്ജം, പ്രതിരോധം എന്നിവ ഉൾപ്പെടെ വിവിധ വ്യവസായങ്ങളെ വലിയ തോതിൽ ബാധിക്കാൻ ജി.പി.എസ് സ്പൂഫിംഗിന് കഴിയും. ഭാവിയിൽ വലിയ തോതിൽ ചൂഷണം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ള ഒരു അപകടമാണ് ഇതെന്ന് നമ്മൾ ഇപ്പോൾത്തന്നെ തിരിച്ചറിയണം.

ഇത്തരം ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനും പ്രതിരോധിക്കാനുമുള്ള മാർഗം, ജി.പി.എസ്, ഗ്ലോനാസ്, ഇന്ത്യയുടെ നാവിക് തുടങ്ങി,​ എല്ലാ പ്രധാന ഉപഗ്രഹ സമൂഹങ്ങളെയും (satellite constellations) സ്വീകരിക്കാൻ കഴിയുന്ന കരുത്തുറ്റതും ആധുനികവുമായ ജി.പി.എസ് റിസീവറുകൾ ഉറപ്പാക്കുക എന്നതാണ്. ജി.പി.എസ് സ്പൂഫിംഗിനെ അഭിസംബോധന ചെയ്യുന്ന നയപരമായ ഒരു ചട്ടക്കൂടിന് (policy framework) രൂപം നല്കുക എന്നതും പ്രധാനമാണ്. ഇലക്ട്രോണിക് യുദ്ധവും ഭീകരതയും കൊണ്ടുവരുന്ന പുതിയ വെല്ലുവിളികളെ സമർത്ഥമായും സുരക്ഷിതമായും കൈകാര്യം ചെയ്യുന്നതിന് ഇന്ത്യൻ നിയമങ്ങളിൽ വിശദവും കർക്കശവുമായ വ്യവസ്ഥകൾ ഉൾപ്പെടുത്തേണ്ടതും ആവശ്യമാണ്.

(കൊച്ചിൻ ഷിപ്പ് യാർഡിൽ എക്സിക്യുട്ടീവ് എൻജിനിയറും കുഫോസിൽ ഫാക്കൽട്ടിയുമായ ലേഖകൻ, ജയിൽ ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായയുടെ പുത്രനാണ്)

TAGS: GPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.