
ഓടുന്ന വാഹനത്തിൽ വച്ച് നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ 8 വർഷത്തെ മെഗാ വിചാരണയ്ക്ക് ശേഷം സെഷൻസ് കോടതി വിധിപറഞ്ഞെങ്കിലും നിയമപോരാട്ടങ്ങൾ അവസാനിച്ചിട്ടില്ല. കേസിൽ ദിലീപ് അടക്കം നാലുപേരെ വെറുതേവിട്ടതും പൾസർ സുനി അടക്കം 6 പേർക്ക് കുറഞ്ഞ ശിക്ഷ മാത്രം ലഭിച്ചതുമാണ് കാരണം. വിചാരണക്കോടതി വിധിയ്ക്കെതിരെ സർക്കാരിന്റെ അപ്പീൽ ഉടൻ ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ പരിഗണനയ്ക്കു വരും. തുടർന്ന് ഡിവിഷൻ ബെഞ്ചിലേക്കോ സുപ്രീംകോടതിയിലേക്കോ കേസ് നീണ്ടുപോയേക്കും. അക്കാര്യം നിയമത്തിന്റെ വഴിയ്ക്കു തന്നെ നീങ്ങട്ടെ. എന്നാൽ വിചാരണക്കോടതി വിധിയുടെ അലയൊലികളും അന്തമില്ലാതെ തുടരുകയാണ്. 1500 പേജുള്ള വിധിയുടെ ഓരോ ഭാഗമെടുത്ത് വ്യാഖ്യാനിക്കുന്നത് അവസാനിച്ചിട്ടില്ലെന്നതാണ് ഇതിൽ ഒരു കാര്യം. ഊമക്കത്തുകൾ, ഭീഷണികൾ, സൈബർ ആക്രമണങ്ങൾ, അതിജീവിതയെ വെളിച്ചത്തു കൊണ്ടുവരുന്ന നിയമലംഘനങ്ങൾ... അങ്ങനെ അസംഖ്യം പ്രവർത്തനങ്ങളാണ് പിന്നണിയിൽ നടക്കുന്നത്. കേസ് സംബന്ധിച്ച് സാമാന്യജനത്തിനെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഇത്തരം പ്രചാരണങ്ങൾ.
പുതിയ പോർമുഖം
വിധി കേട്ട് പുറത്തുവന്ന ഉടൻ ദിലീപ് ഒരു 'ഹൈഡ്രജൻ ബോംബ്" പൊട്ടിച്ചു. ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ തിരക്കഥയാണ് നടപ്പായതെന്നും നടൻ തുറന്നടിച്ചു. നടിയെ ആക്രമിച്ചതിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവാണ്. അതിനുപിന്നാലെയാണ് തന്നെ കുടുക്കിയതെന്നും ദിലീപ് സൂചിപ്പിച്ചു. തനിക്കെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്ന് പിന്നീട് നടന്ന അഭിമുഖത്തിൽ ദിലീപ് വ്യക്തമാക്കി. ദിലീപ് അടക്കം 4 പേരെ കുറ്റവിമുക്തരാക്കിയ വിധി വന്ന ദിവസമായിരുന്നു ഈ പ്രതികരണങ്ങൾ. ഡിസംബർ 12ന് ശിക്ഷാ വിധി വന്നതോടെ പ്രോസിക്യൂഷൻ ഭാഗത്ത് കൂടുതൽ നിരാശയായി. ഒന്നാംപ്രതി പൾസർ സുനി അടക്കം 6 പേർക്ക് കുറഞ്ഞശിക്ഷയാണ് ലഭിച്ചത്. പിന്നാലെ അതിജീവിത ആദ്യമായി പ്രതികരിച്ചു. കോടതി വിധിയിലെ 'അനീതി" എണ്ണിപ്പറഞ്ഞ് ഫേസ്‌ബുക്ക് പോസ്റ്റിട്ടു. എന്നും അവൾക്കൊപ്പം എന്നാവർത്തിച്ച് മഞ്ജു വാര്യരുടെ സമൂഹമാദ്ധ്യമ പ്രതികരണവും ഒപ്പമുണ്ടായി. നടി കേസിൽ അന്നുമിന്നും സൈബർ ലോബിയിംഗ് നടക്കുന്നുണ്ട്. വ്യാജവും അല്ലാത്തതുമായ പ്രൊഫൈലുകളിൽ നിന്ന്. ഇപ്പോൾ വിധി വന്നതിന്റെ പശ്ചാത്തലത്തിൽ ഇതിന്റെ ഗ്രേഡ് കൂടിയിരിക്കുകയാണ്. രണ്ടാംപ്രതി മാർട്ടിൻ ആന്റണിയുടെ പഴയ വീഡിയോകളാണ് അതിവേഗം പ്രചരിച്ചവയിൽ ഒന്ന്. മാർട്ടിൻ ജാമ്യത്തിലിറങ്ങിയ സമയത്ത് പകർത്തിയ വീഡിയോകളിൽ അതിജീവിതയുടെ പേരെടുത്തു പറയുകയും അവരെ സംശയനിഴലിലാക്കുകയും ചെയ്യുന്നുണ്ട്. പൾസർ സുനിയുമായി മറ്റൊരു സംഘം ചലച്ചിത്രപ്രവർത്തകർ ഒത്തുകളിച്ചുണ്ടാക്കിയ വ്യാജ ആക്രമണമാണ് നടന്നതെന്നും മാർട്ടിൻ പറയുന്നു. വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകി. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള മാർട്ടിനെതിരെ ഈ കേസ് കൂടി വന്നിരിക്കുകയാണ്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടം. അതിനിടെ പൾസർ സുനിയുടെ സഹതടവുകാരനായ ഒരാളുടെ അടക്കം പഴയ വീഡിയോകൾ പ്രചരിക്കുന്നുണ്ട്.
ഊമക്കത്തും മറ്റും
നടി കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരായ സൈബർ ആക്രമണത്തിലും വ്യക്തിഹത്യയിലും ഇടപെടൽ ആവശ്യപ്പെട്ട് കേരള ജുഡിഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചതും നടി കേസ് വിധിയുടെ പ്രതിഫലനമായി. ജഡ്ജിക്കെതിരായ പ്രചാരണം നീതിന്യായ സംവിധാനത്തിന്റെ അന്തസിന് കോട്ടമുണ്ടാക്കുന്നതാണെന്ന് അസോസിയേഷൻ പ്രസിഡന്റ് ടി. മധുസൂദനൻ നൽകിയ നിവേദനത്തിൽ പറയുന്നുണ്ട്. കോടതിഅലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം. അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സമൂഹ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകൾക്കടക്കം നിർദ്ദേശം നൽകണം.
വിധിന്യായങ്ങൾ പുറത്തുവരുമ്പോൾ ജഡ്ജിയെ വിമർശിക്കുന്ന പ്രവണത എല്ലാ പരിധിയും കടക്കുകയാണ്. ചില അഭിഭാഷകരും ഇതിനൊപ്പം ചേരുന്നു.
കോടതി ഉത്തരവിന്റെ പേരിൽ ഇറങ്ങിയ ഊമക്കത്തിനെക്കുറിച്ച് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടി പാർവതി തിരുവോത്ത് തുടങ്ങിയവരുടെ പരമർശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ എന്തു നടപടിയെടുക്കുമെന്ന് കാത്തിരുന്നു കാണണം.
വിചാരണക്കോടതി വിധി എന്തായിരിക്കുമെന്ന് വെളിപ്പെടുത്തി മുൻകൂറായി പ്രചരിച്ച ഊമക്കത്തിന്റെ പേരിൽ വിവാദം നിലനിൽക്കുകയാണ്.
'ഒരു ഇന്ത്യൻ പൗരൻ" എന്ന പേരിൽ ഡിസംബർ രണ്ട് തീയതി വച്ചിരിക്കുന്ന കത്താണ് പലർക്കും ലഭിച്ചത്. ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരുടെ പേരും പരാമർശിച്ചിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. കൂടിയാലോചിക്കാതെ പരാതി നൽകിയതിന്റെ പേരിൽ അസോസിയേഷനിൽ ഭിന്നത ഉടലെടുത്തു. മാസ്ക് ധരിച്ച ഒരു യുവാവ് എം.ജി റോഡിലെ പള്ളിമുക്ക് പോസ്റ്റോഫീൽ നിന്നാണ് നടി കേസ് വിധിക്ക് മുമ്പ് ഇത്തരം മുപ്പതിലധികം കത്തുകൾ പോസ്റ്റ് ചെയ്തതെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ സൂചന ലഭിച്ചിരുന്നു. എന്നാൽ ഈ വിവാദം തത്ക്കാലം കെട്ടടങ്ങിയിട്ടുണ്ട്.
ഏതായാലും വിചാരണക്കോടതി വിധിക്കെതിരെ സർക്കാരിന്റെ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം ഹൈക്കോടതിയുടെ പരിഗണയ്ക്ക് വരും. ദിലീപിനെതിരായ അന്വേഷണ റിപ്പോർട്ടും പ്രോസിക്യൂഷൻ തെളിവുകളുമെല്ലാം സെഷൻസ് കോടതി തള്ളിയ സാഹചര്യത്തിൽ ഈ അപ്പീൽ അനുകൂലമാക്കുകയെന്നത് സർക്കാരിന് അഗ്നിപരീക്ഷയാകും. നടി കേസിന്റെ പ്രകമ്പനങ്ങൾ തുടരുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |