SignIn
Kerala Kaumudi Online
Tuesday, 23 December 2025 4.26 AM IST

പൊടിപൂരമാകാൻ വീണ്ടുമൊരു കലോത്സവം 

Increase Font Size Decrease Font Size Print Page
s

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ 64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന് സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ആതിഥ്യമരുളുകയാണ്. തേക്കിൻകാട് മെെതാനത്തിൽ പന്തലിന് കാൽനാട്ടി പന്തൽ നിർമ്മാണത്തിലേക്ക് കടന്നുകഴിഞ്ഞു.

ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയും സമാപനത്തിന് നടൻ മോഹൻലാൽ എത്തുന്നതും നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ പ്രധാന പരിപാടികളിലൊന്നാണ് എന്നതും മേളയെ ശ്രദ്ധേയമാക്കുകയാണ്. അതുകൊണ്ടു തന്നെ നിയന്ത്രണങ്ങളും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. സംഘാടകസമിതി രൂപീകരണ യോഗത്തിലെ തിരക്കുപോലും അത്ഭുതപ്പെടുത്തിയെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തൃശൂരിൽ പറഞ്ഞത്. അതുകൊണ്ടു തന്നെ ഈ കലാേത്സവത്തിൽ പ്രതീക്ഷിക്കുന്നത് വൻ ജനസഞ്ചയത്തെയാണ്. കലോത്സവ വിജയികൾക്ക് സ്വർണ്ണക്കപ്പും കലാതിലക പട്ടങ്ങളും സമ്മാനിക്കാൻ തുടങ്ങിയ 1986ൽ തൃശൂരായിരുന്നു വേദിയായത്. 1994, 2004, 2012, 2018 വർഷങ്ങളിലും തൃശൂരിൽ കലോത്സവം അരങ്ങേറി. തൃശൂരിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിൽ കലോത്സവത്തെ മാറ്റാനാണ് ഒരുക്കങ്ങൾ നടക്കുന്നത്. കലാപൈതൃകവും തൃശൂരിന്റെ സാംസ്‌കാരിക ഐക്യ ചിഹ്നങ്ങളും സംയോജിപ്പിച്ചാണ് ലോഗോയും തയ്യാറാക്കിയത്.

വിധികർത്താക്കളിൽ കണ്ണ്


സ്‌കൂൾ കലോത്സവത്തിന്റെ വിധികർത്താക്കൾ കർശന പൊലീസ് വിജിലൻസ് നിരീക്ഷണത്തിലായിരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. വിധികർത്താക്കളിൽ നിന്ന് സത്യപ്രസ്താവന എഴുതി വാങ്ങി ഇതിലേതെങ്കിലും ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കും. പരാതി രഹിത മേളയാക്കാനുളള നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. കലോത്സവത്തിന്റെ കൂടുതൽ വിവരങ്ങൾക്കും മത്സരഫലങ്ങൾക്കുമായി ഔദ്യോഗിക വെബ്‌സൈറ്റുമുണ്ട്.

വേദിയിലുള്ളവർക്ക് കേൾക്കാൻ മതിയാകുന്ന ശബ്ദനിലയ്ക്ക് സൗണ്ട് സിസ്റ്റം നിയന്ത്രിച്ച്, കുട്ടികളുടെ ശ്രവ്യശേഷിക്ക് ദോഷകരമായ അതിരുകടന്ന ശബ്ദ മലിനീകരണം ഒഴിവാക്കണമെന്നാണ് നിർദ്ദേശം. അധിക ഷുഗർ, എണ്ണ, ജങ്ക്ഫുഡ് എന്നിവ ഒഴിവാക്കി, പച്ചക്കറികളും പഴങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണമാണ് നൽകുന്നത്. പേപ്പർ കപ്പ്, പ്ലാസ്റ്റിക് സാധനങ്ങൾ, മിനറൽ വാട്ടർ ബോട്ടിൽ, പ്ലാസ്റ്റിക് അലങ്കാരങ്ങൾ എന്നിവയ്ക്ക് കർശന വിലക്ക് ഏർപ്പെടുത്തി, സ്വന്തം വെള്ളക്കുപ്പി കൊണ്ടുവരാനും പരിസ്ഥിതി സൗഹൃദ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിക്കാനും കുട്ടികളെ പോത്സാഹിപ്പിക്കും.

കുട്ടികളെ പ്രാപ്തിയുള്ള പൗരന്മാരായി മാത്രമല്ല, ഉത്തരവാദിത്വമുള്ള പൗരന്മാരായി വളർത്തുകയാണ് പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും അതിനാലാണ് മത്സരത്തിൽ നിന്ന് ഭക്ഷണം വരെ, ഉപഭോഗത്തിൽ നിന്ന് പെരുമാറ്റം വരെ, കലോത്സവത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉത്തരവാദിത്വത്തിന്റെ വലിയ പാഠം ഉൾപ്പെടുത്തുന്നതെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കുന്നു. 5 ദിവസങ്ങളിലായി ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ഹൈസ്‌കൂള്‍ വിഭാഗത്തിൽ തൊണ്ണൂറ്റിയാറ് ഇനങ്ങളും ഹയർ സെക്കന്ററി വിഭാഗത്തിൽ നൂറ്റിയഞ്ച് ഇനങ്ങളും സംസ്‌കൃതോത്സവത്തിൽ പത്തൊമ്പത് ഇനങ്ങളും അറബിക് കലോത്സവത്തിൽ പത്തൊമ്പത് ഇനങ്ങളും ആണ് ഉള്ളത്.
മത്സരാർത്ഥികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികൾക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്താണ് മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവ അരങ്ങേറുന്നത്. ഇവിടെ വിശാലമായ പന്തൽ നിർമ്മിക്കും. പ്രധാന വേദിയിൽ മരങ്ങൾ ഉള്ളതിനാൽ ഹാംഗർ പന്തലായിരിക്കും. വേദിയും സദസും അടക്കം അറുപതിനായിരം സ്‌ക്വയർ ഫീറ്റുണ്ടാകും. പന്തലിന്റെ പണി ജനുവരി പത്തിന് അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പാലസ് ഗ്രൗണ്ടിലാണ് മത്സരാർത്ഥികൾക്കും അതിഥികൾക്കുമായുള്ള ഭക്ഷണശാല. ഇവിടെ ജർമ്മന്‍ പന്തലായിരിക്കും. എഴുപതിനായിരം സ്‌ക്വയ‍‍‍ർ ഫീറ്റാണിത്. സംസ്‌കൃത കലോത്സവം പതിമൂന്നാം വേദിയായ ജവഹർ ബാലഭവനിലാണ്. അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സി.എം.എസ്. എച്ച്.എസ്.എസിലായിരിക്കും.

ഡിജിറ്റൽ കാലത്തെ കലോത്സവങ്ങൾ

മൊബെെലിനും സാമൂഹ്യമാദ്ധ്യമങ്ങൾക്കും അടിമകളാകുന്ന തലമുറയാണിത്. അതിലേറെ അപകടകരമാണ് ലഹരിയ്ക്ക് അടിമയാകുന്നത്. ഇതെല്ലാം കൂടിച്ചേരുമ്പോൾ വിദ്യാർത്ഥികളിലുണ്ടാകുന്ന അരക്ഷിതാവസ്ഥയും മാനസികപിരിമുറുക്കങ്ങളുമെല്ലാം കുറയ്ക്കാൻ കലോത്സവങ്ങളും കായികമേളയും ഏറെ സഹായകരമാണ്.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ അടിമത്വം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പോലുള്ളവ വഴി, ആസ്വാദനത്തെയും വിനോദത്തെയും ഉത്തരവാദിത്തത്തോടെ സമീപിക്കുന്നതിന്റെ സന്ദേശം തന്നെയാണ് കലോത്സവം കുട്ടികളിലേക്കെത്തിക്കുന്നത്. കലോത്സവങ്ങളിലൂടെയും കലാപ്രവർത്തനങ്ങളിലൂടെയും കായികപ്രവർത്തനങ്ങളിലൂടെയും നവീകരിക്കപ്പെടുന്ന മനസിന് പഠനമികവുണ്ടാക്കാനും

കഴിയുമെന്നാണ് വിദ്യാഭ്യാസവിദഗ്ധർ തന്നെ ചൂണ്ടിക്കാണിക്കുന്നത്. സിവിൽ സർവീസ് പരീക്ഷകളിൽ വിജയിക്കുന്നവർ പലരും പാഠ്യേതരപ്രവർത്തനങ്ങളിലും മികവ് പുലർത്തിയവരാണെന്ന് കാണാൻ കഴിയും. വിജയിക്കാനുളള ആഗ്രഹം മാത്രമല്ല, തോൽവി ഏറ്റുവാങ്ങാനുളള വിശാലമായ മനസ് കൂടി പുതുതലമുറയ്ക്ക് വേണ്ടതുണ്ട്. ഇത്തരം മത്സരങ്ങൾ ആ വിശാലമനസ് സൃഷ്ടിക്കാനുളള വഴികൾ കൂടിയാകുന്നു. അതുകൊണ്ട് ഈ കലോത്സവം ആഘോഷമാക്കേണ്ടത് നമ്മുടെ കടമയുമാകുന്നു.

TAGS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.