SignIn
Kerala Kaumudi Online
Tuesday, 23 December 2025 4.24 AM IST

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്, സമയത്തെ തോല്പിച്ച് ലക്ഷ്യക്കുതിപ്പ്

Increase Font Size Decrease Font Size Print Page

i

 10 മാസം  104 പദ്ധതികൾ  35,​460 കോടി നിക്ഷേപം

കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായിരുന്നു,​ കൊച്ചിയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ സംഘടിപ്പിക്കപ്പെട്ട 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്." അതു കഴിഞ്ഞ് പത്തു മാസം പൂർത്തിയാകുമ്പോൾ,​ നിക്ഷേപ വാഗ്ദാനങ്ങൾ യഥാർത്ഥ നിക്ഷേപങ്ങളായിത്തീരുന്നതിലെ വേഗത സംസ്ഥാനത്ത് പുതിയൊരു റെക്കാർഡിൽ എത്തുകയാണ്. താത്പര്യപത്രങ്ങൾ നിക്ഷേപങ്ങളാവുന്നതിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന പരിവർത്തന നിരക്കാണ് കേരളത്തിൽ രേഖപ്പെടുത്തിയത്.

വാഗ്ദാനങ്ങളിൽ 23.16 ശതമാനം യഥാർത്ഥ നിക്ഷേപമായി പരിണമിച്ചു. സ്ഥലം അനുവദിച്ച പദ്ധതികളുടെ കാര്യത്തിൽ 37 ശതമാനമാണ് പരിവർത്തന നിരക്ക്. സംസ്ഥാനത്തെ നിക്ഷേപക സുഹൃദാന്തരീക്ഷം ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നതിൽ വൻ വിജയമായിരുന്നു 'ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്" എന്നതിനു തെളിവാണ് ഈ കണക്കുകൾ. 1.81 ലക്ഷം കോടി മൂല്യമുള്ള 449 താത്പര്യപത്രളാണ് 'ഇൻവെസ്റ്റ് കേരള"യിൽ ഒപ്പുവച്ചത്. ഇതിലൂടെ അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടു.

ബ്രാൻഡുകൾ,​

മേഖലകൾ

ടൂറിസം, ഭക്ഷ്യ സംസ്‌കരണം, ഇലക്ട്രോണിക് ഘടക നിർമ്മാണം, ഐ.ടി- ഐ.ടി അധിഷ്ഠിത വ്യവസായങ്ങൾ, മരാധിഷ്ഠിത വ്യവസായങ്ങൾ, റബ്ബർ ഉത്പന്ന നിർമ്മാണം, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത്‌ കെയർ, ആയുർവേദ ആൻ‌ഡ് വെൽനെസ് തുടങ്ങിയ മേഖലകളിലായിരുന്നു കൂടുതൽ താത്പര്യപത്രങ്ങൾ. ലോകോത്തര ബ്രാൻഡുകൾ മുതൽ കേരളത്തിന്റെ സ്വന്തം കമ്പനികൾ വരെ നിക്ഷേപ താത്പര്യം പ്രകടിപ്പിച്ചു. ഇതിൽ 104 നിക്ഷേപ പദ്ധതികളുടെ നിർമ്മാണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെ നിക്ഷേപ സൗഹൃദ റാങ്കിംഗിൽ തുടർച്ചയായി രണ്ടാം വട്ടവും ഒന്നാം നിരയിലാണ് കേരളം. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണമെന്ന കാഴ്ചപ്പാടോടെയാണ് വിദേശ നിക്ഷേപ പദ്ധതികൾ ഉൾപ്പെടെ ഇവിടേയ്ക്ക് എത്തിയത്.

ഇതിനകം നിർമ്മാണമാരംഭിച്ച പദ്ധതികളിലൂടെ ആകെ 35,460 കോടി രൂപയുടെ നിക്ഷേപവും, 50,483 തൊഴിലവസരങ്ങളും സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയാണ്. ആനിമേഷൻ രംഗത്തെ പ്രമുഖരായ ഇറ്റാലിയൻ കമ്പനി ഡൈനിമേറ്റഡ്, പ്രമുഖ ലോജിസ്റ്റിക് കമ്പനി അവിഗ്ന തുടങ്ങിയവർ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. അദാനി ലോജിസ്റ്റിക് പാർക്ക്, കൊവിഡ് വാക്സിൻ വികസിപ്പിച്ച കൃഷ്ണ എല്ലയുടെ ഭാരത് ബയോടെക്കിനു കീഴിലുള്ള ലൈഫ് സയൻസ് കമ്പനി, സിസ്‌നോം, എസ്.എഫ്. ഒ ടെക്‌നോളജീസ്, ഗാഷ സ്റ്റീൽസ് ടി.എം.ടി പ്ലാന്റ്, കെ.ജി.എ ഇന്നർനാഷണൽ, കൃഷ്ണ ഇൻസ്റ്റിറ്റൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, അക്കോസ ടെക്‌നോളജീസ്, വിൻവിഷ് ടെക്‌നോളജീസ്, ഡബ്ള്യ‌ു. ജി.എച്ച് ഹോട്ടൽസ്, ജേക്കബ് ആന്റ് റിച്ചാർഡ് തുടങ്ങിയ സംരഭങ്ങളുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു.

എൻ.ഡി.ആർ സ്‌പെയ്സിന്റെ വെയർഹൗസിംഗ് ആന്റ് ഇൻഡസ്ട്രിയൽ പാർക്കാണ് നിർമ്മാണ ഘട്ടത്തിലേക്കു പ്രവേശിച്ച നൂറാം പദ്ധതി. 278 പദ്ധതികൾക്ക് ഭൂമി അനുവദിച്ചു കഴിഞ്ഞു. സെമികണ്ടക്ടർ ഉൾപ്പെടെ ഇലക്ലോണിക്സ് മാനുഫാക്ചറിംഗ് രംഗത്തെ പ്രധാന കമ്പനിയായ കെയ്ൻസിനും പെരുമ്പാവൂരിൽ ഭൂമി അനുവദിച്ചു. ഭൂമി അനുവദിക്കപ്പെട്ട മറ്റ് നിക്ഷേപ പദ്ധതികളും ഉടൻ നിർമ്മാണം തുടങ്ങും.

നടപ്പാക്കലും

മേൽനോട്ടവും


താത്പര്യപത്രങ്ങളും നിക്ഷേപ വാഗ്ദാനങ്ങളും യഥാർത്ഥ നിക്ഷേപങ്ങളാക്കി മാറ്റുന്നതിലാണ് സർക്കാർ അടിയന്തര ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനായി നിക്ഷേപ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ താത്പര്യ പത്രങ്ങളെ തരംതിരിച്ചു. കെ.എസ്.ഐ.ഡി.സി, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കിൻഫ്ര എന്നീ എജൻസികൾക്കായിരുന്നു ഇവ നടപ്പിലാക്കാനുള്ള ചുമതല. വിവിധ അനുമതികൾ ഉൾപ്പെടെ ആവശ്യമായ സൗകര്യങ്ങൾ അതിവേഗം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾക്ക് വ്യവസായ വകുപ്പ് രൂപം നൽകി. വിവിധ തലങ്ങളിലും കൃത്യമായ ഇടവേളകളിലും പദ്ധതി അവലോകനത്തിന് മേൽനോട്ട സംവിധാനവും ഒരുക്കി.

100 കോടി രൂപ വരെ മൂല്യമുള്ള നിക്ഷേപ താത്പര്യ പത്രങ്ങൾ വ്യവസായ- വാണിജ്യ ഡയറക്ടറേറ്റിലൂടെ മോണിട്ടർ ചെയ്തു. 100 കോടിയും അതിനു മുകളിലും വരുന്ന നിക്ഷേപ താത്പര്യപത്രങ്ങളുടെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് കെ.എസ്.ഐ.ഡി.സിയാണ് . വ്യവസായ പാർക്കുകളിലും മറ്റുമുള്ള നിക്ഷേപങ്ങൾ കിൻഫ്രയുടെ നേതൃത്വത്തിലും മോണിട്ടർ ചെയ്തുവരുന്നു. വിവിധ ഏജൻസികളിലൂടെ നടത്തുന്ന തുടർപ്രവർത്തനങ്ങൾ കാര്യക്ഷമവും സുതാര്യവും ആക്കുന്നതിനായി ഓൺലൈൻ സംവിധാനവും നിലവിലുണ്ട്.

നിക്ഷേപ താത്പര്യപത്രവുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാർ നടത്തുന്ന പ്രവർത്തനങ്ങൾ യഥാസമയം രേഖപ്പെടുത്തുന്നതിനും,​ നിക്ഷേപകർ നൽകുന്ന അനുമതി അപേക്ഷകൾ രേഖപ്പെടുത്തി അവലോകനം ചെയ്യുന്നതിനുള്ള മൊഡ്യൂളുകളും ഓൺലൈൻ സംവിധാനത്തിലുണ്ട്. താത്പര്യപത്രങ്ങൾ സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ നിരീക്ഷണത്തിനും വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനുമായി ഉപദേശക സമിതിയും പ്രവർത്തിക്കുന്നുണ്ട്. വ്യവസായ മന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഈ സമിതിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെ.എസ്.ഐ.ഡി.സി എം.ഡി, വ്യവസായ- വാണിജ്യ ഡയറക്ടർ, കിൻഫ്ര എം.ഡി, വിവിധ വ്യവസായ സംഘടനകളുടെ പ്രതിനിധികൾ, കെ.എസ്.ഐ.ഡി.സി ബോർഡ് പ്രതിനിധികൾ എന്നിവർ അംഗങ്ങളാണ്.

ഇടപെടൽ

കാര്യക്ഷമം

മുഖ്യമന്ത്രിയുടെ മുൻഗണനാ പദ്ധതികളിൽ ഉൾപ്പെടുത്തിയതിനാൽ ആ തലത്തിലുള്ള അവലോകനവും നിരന്തരം നടക്കുന്നു. പദ്ധതി നിർവഹണം വേഗത്തിലാക്കുന്നതിന് വിവിധ വകുപ്പുകളിലായി 31 നയ പരിഷ്കാരങ്ങളുടെ ഡോസിയർ (രേഖകളുടെ സമാഹാരം)​ തയ്യാറാക്കി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വന്ന പദ്ധതികൾക്ക് പ്രഥമ പരിഗണ നല്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിൽ ടാസ്ക്ഫോഴ്സ് രൂപീകരിക്കുകയും,​ ജില്ലാ കളക്ടറേറ്റുകളിൽ ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷൻ സെല്ലുകൾ ആരംഭിക്കുകയും ചെയ്തു. കാര്യക്ഷമമായ ഈ ഇടപെടലിന്റെ ഫലമായാണ് ചുരുങ്ങിയ സമയത്തിനകം 104 നിക്ഷേപ താത്പര്യപത്രങ്ങളെ നിക്ഷേപമാക്കി പരിവർത്തനം ചെയ്യാൻ സർക്കാരിനു സാധിച്ചത്.


അമ്പതോളം മുന്നൊരുക്ക പരിപാടികൾ നിക്ഷേപ സംഗമത്തിനു മുന്നോടിയായി സംഘടിപ്പിച്ചിരുന്നു. ചെന്നൈ, ബംഗളൂരു, മുംബയ്, ഡൽഹി നഗരങ്ങളിലും ദുബായിലും ഇൻ‌ഡസ്ട്രിയൽ റോഡ്‌ ഷോ സംഘടിപ്പിച്ചു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്റർനാഷണൽ 'ജെൻ എ.ഐ കോൺക്ലേവ്", കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺക്ളേവ് എന്നിവ മാത്രമല്ല,​ പത്തിലധികം സെക്ടറൽ കോൺക്ളേവുകളും പൂർത്തിയാക്കിയിരുന്നു.

വിഴിഞ്ഞം തുറമുഖത്തിനായും മലബാർ മേഖലയ്ക്കായും പ്രത്യേക കോൺക്ലേവുകൾ സംഘടിപ്പിച്ചു. ഇങ്ങനെ വിപുലമായ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ തുടർച്ചയായി സംഘടിപ്പിക്കപ്പെട്ടതായതുകൊണ്ടാണ് 'ഇൻവെസ്റ്റ് കേരള ഗ്ളോബൽ സമ്മിറ്റ്" ഏറ്റവും അധികം ഫലപ്രാപ്തി നൽകിയത്. രാജ്യത്തെ ഏറ്റവും പ്രധാന നിക്ഷേപ ലക്ഷ്യ കേന്ദ്രം എന്ന നിലയിൽ കേരളത്തിന്റെ വളർച്ചയ്ക്ക് ആഗോള നിക്ഷേപ സംഗമം ഗതിവേഗം വർദ്ധിപ്പിച്ചിരിക്കുന്നു എന്നതിനു സാക്ഷ്യമാണ് ഇവിടെ അവതരിപ്പിച്ച കണക്കുകളെല്ലാം.

TAGS: INVEST KERALA GLOBAL SUMMIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.