SignIn
Kerala Kaumudi Online
Tuesday, 23 December 2025 4.26 AM IST

സുഗതകുമാരി ഓർമ്മയായിട്ട് അഞ്ചുവർഷം: നാടിന്റെ ഹരിതച്ചേച്ചി,​ എന്റെ സുഗതച്ചേച്ചി

Increase Font Size Decrease Font Size Print Page

poetess-sugathakumari

പന്തളത്തുനിന്ന് ഞങ്ങൾ തിരുവനന്തപുരത്തേക്ക് താമസം മാറിയത് 1970- ലാണ്. കുങ്കുമം- കേരളശബ്ദം- നാന ഓഫീസ് കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയതോടെയായിരുന്നു അത്. കുങ്കുമം ഗ്രൂപ്പിന്റെ ജനറൽ മാനേജർ ആയിരുന്ന എന്റെ അച്ഛൻ എം.എൻ. രാമചന്ദ്രൻ നായരും അച്ഛന്റെ സുഹൃത്തുക്കളായിരുന്ന പത്രാധിപന്മാർ വൈക്കം ചന്ദ്രശേഖരൻ നായരും കെ.എസ്. ചന്ദ്രനും ഒക്കെ കുടുംബസമേതം തിരുവനന്തപുരത്തുകാരായി!

ആയിടയ്ക്ക് എന്റെ അച്ഛന്റെ അമ്മയും (കുഞ്ഞുലക്ഷ്മിഅമ്മ) അച്ഛന്റെ മൂത്ത സഹോദരിയും (ജാനകിഅമ്മ) ഇടയ്ക്ക് ഞങ്ങളോടൊപ്പം കുറച്ചുനാൾ താമസിക്കാൻ വന്നു. ഞങ്ങളെല്ലാവരും നന്ദാവനത്ത് കാർത്ത്യായനി അപ്പച്ചിയെയും ബോധേശ്വരൻ വലിയച്ഛനെയും (സുഗതകുമാരി, ഹൃദയകുമാരി, സുജാതാദേവിമാരുടെ മാതാപിതാക്കൾ) മറ്റും പോയി കണ്ടിരുന്നു. അന്ന് ഞാൻ ഏഴാം ക്ളാസിലാണ്. അവരുടെ വീട്ടിൽ എന്റെ വലിയച്ഛൻ,​ വൈദ്യുതി മന്ത്രിയായിരുന്ന എം.എൻ. ഗോവിന്ദൻ നായർ നിത്യസന്ദർശകനായിരുന്നു. പലപ്പോഴും അവർ സാമൂഹിക പ്രശ്നങ്ങളും സൈലന്റ് വാലിയുമാെക്കെ ചർച്ച ചെയ്തിരുന്നതും അറിയാം.

എന്റെ കുഞ്ഞുമനസിൽ അതിന്റെ തീവ്രതയൊന്നും മനസിലാക്കാനുള്ള കഴിവില്ലായിരുന്നു. ഇടയ്ക്ക് സഞ്ചി നിറയെ പുസ്തകങ്ങളുമായി പി. ഗോവിന്ദപിള്ള ചേട്ടനെയും ചർച്ചകളിൽ കണ്ടിട്ടുണ്ട്. സഖാവ് പി.ജി അച്ഛന്റെ അനന്തിരവളുടെ ഭർത്താവാണ്. സി.പി.ഐ നിയമസഭാംഗവും പ്രകൃതിസ്നേഹിയുമായിരുന്ന കെ.വി. സുരേന്ദ്രനാഥും ഒരു നിത്യ സന്ദർശകനായിരുന്നു.

അച്ഛന്റെ അനന്തിരവൻ അഡ്വ. പി. ഗോപാലകൃഷ്ണൻ നായർ വിവാഹം ചെയ്തത് സുഗതച്ചേച്ചിയുടെ അനുജത്തി സുജാതച്ചേച്ചിയെയാണ്. എന്റെ അമ്മൂമ്മ (അച്ഛന്റെ അമ്മ) മുളക്കൽ തറവാട്ടുകാരി. അപ്പൂപ്പൻ (അച്ഛന്റെ അച്ഛൻ) ആറന്മുള വാഴുവേലിൽ കുടുംബാംഗം. അപ്പൂപ്പന്റെ അനന്തിരവളാണ് സുഗതച്ചേച്ചിയുടെ അമ്മ കാർത്ത്യായനി അമ്മ എന്ന സംസ്കൃതം പ്രൊഫസർ. ബോധേശ്വരൻ വലിയച്ഛൻ സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്നു. പ്രാസമൊപ്പിച്ച് കവിത എഴുതുന്നതിൽ പ്രശസ്തൻ. പോസ്റ്റ്ഗ്രാഡുവേഷൻ എടുത്ത ആദ്യ മലയാളി വനിതകളിൽ ഒരാളായിരുന്നു കാർത്ത്യായനി അപ്പച്ചി. മദ്രാസ് സ്റ്റെല്ലാ മേരീസിലായിരുന്നു അവരുടെ വിദ്യാഭ്യാസം.

ഞാൻ സുഗതച്ചേച്ചിയുമായി കൂടുതൽ അടുക്കുന്നത് അച്ഛന്റെ മരണശേഷമായിരുന്നു. എം.എൻ വലിയച്ഛന്റെ മരണശേഷം ബന്ധുക്കൾ ചേർന്ന് എം.എൻ സ്മരണ നിലനിറുത്താൻ ആരംഭിച്ച എം.എൻ കുടുംബ ഫൗണ്ടേഷന്റെ ആദ്യ രക്ഷാധികാരികൾ സുഗതച്ചേച്ചിയും,​ എം.എന്നിന്റെ ഭാര്യ ദേവകി പണിക്കർ എന്ന എന്റെ വല്യമ്മച്ചിയും, പി. ഗോവിന്ദപിള്ള ചേട്ടനും ഇപ്പോഴത്തെ മന്ത്രി വി. ശിവൻകുട്ടിയും ആയിരുന്നു. അച്ഛന്റെ അനന്തിരവൻ അഡ്വ. പി. ഗോപാലകൃഷ്ണൻ നായർ പ്രസിഡന്റ്. തുടക്കം മുതൽ 2019- വരെ ഞാൻ സെക്രട്ടറിയും പി.ജിയുടെ മകൻ എം.ജി. രാധാകൃഷ്ണൻ ട്രഷററും ആയി.

ഇതോടുകൂടി സുഗതച്ചേച്ചിയുമായി കൂടുതൽ അടുത്ത് ഇടപഴകിത്തുടങ്ങി. ഇടയ്ക്കിടയ്ക്ക് നന്ദാവനത്ത് ചേച്ചിയെ കാണാൻ പോകുമ്പോഴെല്ലാം അവർ കവി മാത്രമല്ലെന്നും,​ ഉറച്ച പ്രകൃതിസ്നേഹിയാണെന്നും, പ്രകൃതിയെ നോവിക്കുന്ന ഒന്നിനും കൂട്ടുനിൽക്കില്ലെന്നും മനസിലായി. അന്നൊക്കെ എവിടെയെങ്കിലും മരംമുറി നടക്കുന്നു എന്നറിഞ്ഞാൽ ഉടൻ ചേച്ചി അവിടെയെത്തി തടയും. മരം മുറിക്കേണ്ട സാഹചര്യമുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ മറ്റൊരു വൃക്ഷത്തൈ നട്ടിട്ടേ അത് മുറിക്കാൻ അനുവദിക്കുകയുള്ളൂ.

കേരളത്തിലെ വനിതാ കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷയായിരുന്നപ്പോഴും അല്ലാത്തപ്പോഴും പീഡനം അനുഭവിക്കുന്ന സ്ത്രീകൾ ധൈര്യമായി സുഗതച്ചേച്ചിയെ സഹായത്തിനു വിളിക്കുമായിരുന്നു. എം.എൻ കുടുംബ ഫൗണ്ടേഷന്റെ പരിപാടികളിൽ സ്റ്റേജിനു പിന്നിൽ പ്ളാസ്റ്റിക് ബാനറുകൾ അനുവദിച്ചിരുന്നില്ല. വനനശീകരണം, വയൽ നികത്തൽ തുടങ്ങിയവയ്ക്കെതിരെ സമരത്തിന് നേതൃത്വം കൊടുക്കുകയും ഒരു പടയാളിയെപ്പോലെ പ്രവർത്തിക്കുകയും ചെയ്തു. അവർ ചെയ്തതൊക്കെ ശരിയെന്നു മനസിലാക്കാൻ അഭയ, അത്താണി എന്നീ കേന്ദ്രങ്ങൾ തുടങ്ങി.

ഒരിക്കൽ എന്നെയും എന്റെ കസിൻ അജയനെയും (മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ) കൂട്ടിക്കൊണ്ടുപോയി അഭയ- അത്താണി കേന്ദ്രങ്ങൾ കാണിച്ചു. ഒറ്റയ്ക്ക് ഒരു സ്ത്രീ ഇത്രയൊക്കെ നടപ്പാക്കിയല്ലോ എന്ന് മനസ് മന്ത്രിച്ചു. ഞാനും അജയനും സുഗതച്ചേച്ചിയും ചേർന്ന് അന്ന് കേന്ദ്രമന്ത്രിയായിരുന്ന എ.കെ. ആന്റണിയെ എം.എൻ വിദ്യാഭ്യാസ പുരസ്കാര സമർപ്പണത്തിന് ക്ഷണിക്കാൻ പോയതും,​ തിരികെ പോരുമ്പോൾ അദ്ദേഹം കൂടെവന്ന് കാറിന്റെ ഡോർ തുറന്നുകൊടുത്തതും കണ്ട് ഞാൻ അതിശയിച്ചു.

അപ്പോൾ,​ ഒരിക്കൽ ഇന്ത്യൻ പ്രസിഡന്റ് കെ.ആർ. നാരായണനും ഇങ്ങനെ ചെയ്തത് ചമ്മലോടുകൂടി ചേച്ചി ഓർമ്മിപ്പിച്ചപ്പോൾ വലിയവരുടെ വലിയ മനസും എളിമയും അടുത്തുകണ്ടും കേട്ടും മനസിലാക്കാൻ കഴിഞ്ഞു.

ജവഹർ ബാലഭവൻ പ്രിൻസിപ്പാളും 'തളിർ" മാസികയുടെ പത്രാധിപയും ആയിരുന്നു ചേച്ചി. അതിന്റെ ഉപദേശക സമിതിയിൽ എന്റെ അച്ഛൻ എം.എൻ. രാമചന്ദ്രൻ നായർ, ആർട്ടിസ്റ്റ് എം.ഒ.യു. മേനോൻ, പി.ടി. ഭാസ്കരപ്പണിക്കർ എന്നിവരും ഉണ്ടായിരുന്നു.

ഒരിക്കൽ ചേച്ചിയുടെ സാന്നിദ്ധ്യത്തിൽ ഒ.എൻ.വിയോട് ഞാൻ ദൂരദർശനിൽ അദ്ദേഹത്തിന്റെ 'ഇല്ലിമുളം കാടുകളിൽ..." പാടിയത് പറഞ്ഞു. അപ്പോൾ,​ ഒ.എൻ.വിക്കുവേണ്ടി എന്നു പറഞ്ഞ് എന്നെകൊണ്ട് വീണ്ടും പാടിപ്പിച്ചതും, ഇരുവരും അതാസ്വദിച്ച് താളംപിടിച്ചതും ഓർക്കുന്നു. ഒ.എൻ.വി എന്റെ അച്ഛനെക്കുറിച്ച് ആത്മകഥയിൽ ഒരേട് എഴുതിയിട്ടുണ്ടെന്നും പറഞ്ഞു. 2018- ൽ സുഗതച്ചേച്ചി എന്നെയും ഭാര്യ കലയെയും (84-ാംപിറന്നാളിനാണെന്നാണ് ഓർമ്മ) സദ്യയ്ക്കായി വിളിക്കുകയും വിഷ്ണു നാരായണൻ നമ്പൂതിരിയെ പരിചയപ്പെടുത്തുകയും ചെയ്തു.

ഒരിക്കൽ പോയപ്പോൾ ഉമ്മൻചാണ്ടി, സുധീരൻ, പാലോട് രവി തുടങ്ങിയവർ ചേച്ചിയെ കാണാൻ വീട്ടിൽ വന്നിരുന്നു. പിന്നീടൊരിക്കൽ പിണറായിയെയും കണ്ടു. 1994-ൽ അമേരിക്കയിലെ ഫൊക്കാന കോൺഫറൻസിന് നേതൃത്വം നൽകിയത് ഞങ്ങളുടെ ബന്ധുവായ ഡോക്ടർ എം.വി. പിള്ളയാണ്. അദ്ദേഹം പദ്മ അവാർഡ് ജേതാക്കളായ സുഗതകുമാരി, ഒ.എൻ.വി, എം.ടി, വിഷ്ണുനാരായണൻ നമ്പൂതിരി എന്നിവർ മുൻപാകെ 'ഭാഷയ്ക്ക് ഒരു ഡോളർ" എന്ന ആശയം സമർപ്പിച്ചു. തൽക്ഷണം അത് അംഗീകരിക്കുകയും നടപ്പാക്കി വരികയും ചെയ്തു. ആ സന്തോഷ നിമിഷത്തെ 'പത്മതീർത്ഥക്കരയിൽ" എന്നാണ്,​ ഞാൻ മണിച്ചേട്ടൻ എന്നു വിളിക്കുന്ന ഡോക്ടർ എം.വി. പിള്ള വിശേഷിപ്പിച്ചത്.

2016- മുതൽ കുറച്ചുവർഷങ്ങളിൽ വീട്ടിൽ തന്നെ വിശ്രമത്തിലായിരുന്നപ്പോൾ ഞാനും അമ്മയും, എം.ജി. രാധാകൃഷ്ണന്റെ കുടുംബവും ബൈജു ചന്ദ്രനും കുടുംബവും സുഖവിവരം അന്വേഷിച്ചുപോയിരുന്നു. ഒരിക്കൽ,​ എന്റെ ഭാര്യ എസ്.യു.ടി റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നപ്പോൾ സുഗതച്ചേച്ചിയും അവിടെ അഡ്മിറ്റ് ആയിരുന്നു. ഇടയ്ക്കിടെ ആളെ വിട്ട് ക്ഷേമാന്വേഷണം നടത്തുകയും ചെയ്യുമായിരുന്നു. ഞാനും റൂമിൽ പോയി ചേച്ചിയുടെ രോഗവിവരങ്ങൾ അന്വേഷിച്ചിരുന്നു.

ഇതൊക്കെ ഒളിമങ്ങാത്ത ഓർമ്മകളാണ്. പ്രകൃതിസംരക്ഷകയായും,​ വേദനിക്കുന്ന ജനങ്ങൾക്ക് ആശ്വാസമായും സ്വന്തം ജീവിതം സമർപ്പിച്ച മനുഷ്യസ്നേഹിയായ കവി. 'ഒരു തൈ നടാം,​ നാളേയ്ക്കു വേണ്ടി..." ഇപ്പോഴും എന്റെ കാതുകളിൽ. ചേച്ചി വിടപറഞ്ഞിട്ട് അഞ്ചു വർഷമായിരിക്കുന്നു. സുഗതം,​ ഹരിതം ഓർമ്മകൾ.

(ബംഗളൂരു ജയിൻ യൂണിവേഴ്സിറ്റിയിൽ കൺസൾട്ടന്റ് ആണ് ലേഖകൻ. മൊബൈൽ: 98951 66803)​

TAGS: POET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.