SignIn
Kerala Kaumudi Online
Thursday, 25 December 2025 6.07 AM IST

ചരിത്രത്തിലേക്ക് സ്പന്ദിച്ച ഹൃദയം

Increase Font Size Decrease Font Size Print Page
s

ആരോഗ്യ രംഗത്തെ കേരളപ്പെരുമ ഓരോ മലയാളിക്കും അഭിമാനമാണ്. എന്നാൽ എന്തുകൊണ്ടോ ഒരു വലിയ കാലയളവോളം നമ്മുടെ പൊതുജനാരോഗ്യ കേന്ദ്രങ്ങൾ അവഗണനയുടെയും കെടുകാര്യസ്ഥതയുടെയും പിടിയിലായിരുന്നു. ഏതു രോഗത്തിനും ഒരു ചുവന്ന വെളളം മരുന്നായി നൽകുന്ന കാലമുണ്ടായിരുന്നു സർക്കാർ ആശുപത്രികളിൽ. അതിനുള്ള കുപ്പിയുമായി ആശുപത്രിയിലേക്ക് പോകുന്ന സാധാരണക്കാർ ഗ്രാമീണ മേഖലയിലെ പതിവു ചിത്രമായിരുന്നു. വാളെടുത്തവനെല്ലാം വെളിച്ചപ്പാടെന്ന സ്ഥിതിയുമുണ്ടായിരുന്നു പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ. ഡോക്ടറില്ലെങ്കിൽ തൂപ്പുകാർ വരെ മുറിവ് വച്ചുകെട്ടുന്ന സ്ഥിതി. 'സിസ്റ്റം" പിഴവുകളും ചികിത്സാപ്പിഴവുകളും പതിവായിരുന്ന കാലം. സേവനത്തിന് കൈമടക്ക് നിർബന്ധമായിരുന്ന കാലഘട്ടം. സർക്കാർ ആശുപത്രിയിൽ പോകുന്നവർ ജീവനോടെ തിരിച്ചു വരാൻ പ്രയാസമാണെന്ന് കളിയായും കാര്യമായും ജനം പറഞ്ഞിരുന്നു. ഈ കുറവുകൾ മുതലെടുത്ത് കേരളത്തിൽ സ്വകാര്യ ആശുപത്രികൾ പെരുകി. അത്യാധുനിക ചികിത്സയും നല്ല പരിഗണനയും ലഭ്യമാക്കി. ആതുര ചികിത്സ ഏറ്റവും വലിയ ബിസിനസായി. കുടുബത്തിലെ ഒരംഗം കിടപ്പിലായാൽ വീടിന് കടം കയറുന്ന അവസ്ഥയായി. എന്നാൽ, കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി പൊതു ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങളുണ്ടായി. പ്രധാന ആശുപത്രികളെല്ലാം നവീകരിക്കപ്പെട്ടു. അത്യാധുനിക സംവിധാനങ്ങളും കെട്ടിടങ്ങളും ഉയർന്നു. മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ വന്നു. അവയവ മാറ്റ ശസ്ത്രക്രിയകളടക്കം നടക്കുന്നു. ജില്ലാ ജനറൽ ആശു‌പത്രികളും മികച്ച നിലയിൽ ആധുനികവത്കരിച്ചു. അതിൽ വിസ്മയകരമായ മാറ്റങ്ങൾ സംഭവിച്ച ആതുരാലയമാണ് എറണാകുളം ജനറൽ ആശു‌പത്രി. പല നേട്ടങ്ങൾ കൊണ്ടും പേരെടുത്ത എറണാകുളം ജനറൽ ആശുപത്രി ഡിസംബർ 22 ന് ഹൃദയമാറ്റ ശസ്ത്രകിയ നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരമൊരു കാൽവയ്പ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലാതല സർക്കാർ ആശുപത്രിയെന്ന നിലയിൽ.

മലയാളി ഹൃദയം നേപ്പാളിയിൽ

നേപ്പാൾ സ്വദേശി ദുർഗ കാമി(21)യാണ് എറണാകുളം ജനറൽ ആശുപത്രിയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. മസ്‌തിഷ്‌കമരണം സംഭവിച്ച കൊല്ലം ചാത്തന്നൂർ ചിറക്കര ഇടവട്ടം ഷിജി നിവാസിൽ ഷിബുവിന്റെ ഹൃദയമാണ് ദുർഗയിൽ മിടിക്കുന്നത്. ഹോട്ടൽ ജീവനക്കാരനായിരുന്ന ഷിബു വീടിനു സമീപം മുക്കാട്ടുക്കുന്നിൽ സ്‌കൂട്ടർ അപകടത്തിൽപ്പെടുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുമ്പോഴാണു മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചത്. കടുത്ത ദുഃഖത്തിലും അവയവങ്ങൾ കൊടുക്കാൻ അമ്മ ശകുന്തളയും സഹോദരി ഷിജിയും സമ്മതമറിയിച്ചു. ഹൃദ്രോഗംമൂലം മരണം കാത്തു കഴിയുകയായിരുന്ന നേപ്പാൾ സ്വദേശിനി ദുർഗ കാമിക്ക് അത് ദൈവത്തിന്റെ വിളിയായി. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടമായിരുന്ന ദുർഗയെ അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണു ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് അപേക്ഷിച്ചു കാത്തിരിക്കുകയായിരുന്ന ദുർഗയ്ക്ക് നിയമ തടസങ്ങളുണ്ടായിരുന്നു. അത് നീങ്ങിയതോടെയാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കാര്യങ്ങൾ വേഗത്തിലാക്കിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശങ്ങൾ നൽകി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപ്രതിയിൽ ഷിബുവിന്റെ ഹൃദയം, വൃക്കകൾ, കരൾ, നേത്രപടലങ്ങൾ, ത്വക്ക് എന്നിവ പലർക്കും ജീവനേകാനായി എടുത്തു. ഹൃദയവുമായി സർക്കാരിന്റെ ഹെലികോപ്റ്റർ എറണാകുളത്തേക്കു പറന്നെത്തി. ജനറൽ ആശുപത്രിയിൽ കാത്തു നിന്ന ഡോക്ടർമാർ സമയം പാഴാക്കാതെ ദുർഗയിൽ വച്ചുപിടിപ്പിച്ചു. സന്ധ്യയാടെ ആ ഹൃദയം ദുർഗയിൽ മിടിച്ചു തുടങ്ങി. ദുർഗയുടെ സഹോദരൻ തിലക് കാമി കേരളത്തിന് നന്ദി പറഞ്ഞു.

തുണയായി ഹൈക്കോടതി

ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുർഗ കാമിക്ക് തുണയായത് ഹൈക്കോടതിയുടെ ഇടപെടലാണ്. വിദേശ പൗരയെന്ന നിലയിൽ മൃതസഞ്ജീവനി പട്ടികയിലെ മുൻഗണനാക്രമത്തിൽ പിന്നാക്കം പോയതോടെയാണ് ദുർഗ ഹൈക്കോടതിയെ സമീപിച്ചത്. മുൻഗണന നൽകണമെന്ന ദുർഗയുടെ അപേക്ഷ അടിയന്തരമായി പരിഗണിക്കാൻ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ കഴിഞ്ഞദിവസം ഉത്തരവിട്ടതോടെയാണ് നടപടികൾ വേഗത്തിലായത്. കാർഡിയാക് സർക്കോയ്ഡോസിസ് എന്ന അപൂർവ ഹൃദ്രോഗമാണ് ദുർഗയെ ബാധിച്ചിരുന്നത്. ഹൃദയാഘാത മരണം ഏതു നിമിഷവും സംഭവിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി ജനറൽ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടും കോടതി പരിഗണിച്ചു. ദുർഗയുടെ അമ്മയും പിന്നീട് മൂത്ത സഹോദരിയും അകാലത്തിൽ മരിച്ചത് ഇതേ അസുഖം മൂലമായിരുന്നു. ചെറുപ്പത്തിലേ രക്ഷിതാക്കളെ നഷ്ടപ്പെട്ട ദുർഗ നേപ്പാളിലെ മായാസദൻ അനാഥായത്തിലാണ് വളർന്നിരുന്നത്. ചികിത്സാർത്ഥമാണ് കേരളത്തിലെത്തിയത്. നിർദ്ധനാവസ്ഥയിലായതിനാലാണ് എറണാകുളം ജനറൽ ആശുപത്രിയെ ആശ്രയിച്ചത്. യോജിച്ച ഹൃദയം ലഭിക്കുന്നതിനായി ഹർജിക്കാരി ഫെബ്രുവരി 22ന് കെ- സോട്ടോ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ വിദേശിയെന്ന പേരിൽ മുൻഗണന നൽകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. കേരള അവയവ മാറ്റ ചട്ടങ്ങൾ പ്രകാരം സംസ്ഥാന, മേഖല, ദേശീയ, വിദേശ വംശജരുടെ പട്ടികകൾക്ക് ശേഷമാണ് വിദേശികളെ പരിഗണിക്കേണ്ടത്. എന്നിരുന്നാലും കാത്തിരിപ്പ് കാലാവധിയും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് മുൻഗണന നൽകാറുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.

മനസുണ്ടെങ്കിൽ മാർഗവുമുണ്ടെന്നതിന് ഉദാഹരണമാണ് എറണാകുളം ജനറൽ ആശുപത്രിയുടെ നേട്ടവും അവിടുത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയിലേക്ക് നയിച്ച സംഭവ വികാസങ്ങളും. പൊതുമേഖലാ സംവിധാനങ്ങൾ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ജനതയ്ക്ക് പ്രചോദനവുമാണ് ഈ സർക്കാർ ആതുരാലയത്തിന്റെ ചരിത്രനേട്ടം.

TAGS: HEART OPERATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.