
ഇത് വായിച്ചു തുടങ്ങുന്നവർ വിഷയം അന്വേഷിച്ച് വിഷമിക്കേണ്ട, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷിന്റെ എ.ഐ പരാമർശമാണ് പറയുന്നത്. ആഗോള അയ്യപ്പ സംഗമം നടന്നപ്പോൾ ആളില്ലാ കസേരകളുടെ ചിത്രം മാദ്ധ്യങ്ങൾ പുറത്തുവിട്ടു. അത് എ.ഐ ചിത്രങ്ങളെന്നായിരുന്നു ഗോവിന്ദൻ മാഷിന്റെ വ്യാഖ്യാനം. ശബരിമലയിൽ നിന്ന് കട്ടിളയും കഴിക്കോലും ദ്വാരപാലകരുമടക്കം ചുമന്നു മാറ്റിയെന്ന് പറയപ്പെടുന്ന ദിവ്യപ്രഭാവിയായ ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിക്ക് ഒപ്പം നിൽക്കുന്ന ചിത്രം സമൂഹ മാദ്ധ്യമത്തിലൂടെ പുറത്തു വന്നപ്പോഴും ഗോവിന്ദൻ മാഷിലെ ശാസ്ത്ര കുതുകി കൃത്യമായ നിരീക്ഷണം നടത്തി പ്രഖ്യാപിച്ചു , അത് എ.ഐ ആണെന്ന്. പക്ഷെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പുറത്തു വിട്ട ചില ദൃശ്യങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും അനുബന്ധ സൗഹൃദ കൂട്ടായ്മ അംഗങ്ങളും ചമയങ്ങളണിഞ്ഞ് നിവർന്നു നിൽക്കുന്നത് നാം കണ്ടതാണ്. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ 1972-ൽ പുറത്തിറങ്ങിയ 'സംഭവാമി യുഗേയുഗേ' എന്ന മലയാള സിനിമയ്ക്ക് വേണ്ടി മലയാളത്തിന്റെ പ്രിയങ്കരനായ ശ്രീകുമാരൻ തമ്പി രചിച്ച് എം.എസ്.ബാബുരാജ് ചിട്ടപ്പെടുത്തി കെ.ജെ.യേശുദാസും കെ.പി ബ്രഹ്മാനന്ദനും ചേർന്നു പാടിയ പാട്ടിന്റെ വരികളാണ് ഓർമ്മയിലേക്ക് എത്തുന്നത്.
'എല്ലാം മായാജാലം......
എല്ലാം മായാജാലം
ഏടലർ മിഴിയുടെ കാലം
സുന്ദരിമാരും പ്രേമതീർത്ഥവും
നന്ദകുമാര ഹരേ ഹരേ '
ഗോവിന്ദൻ മാഷ് , ദീർഘദർശിയായി ഇതെല്ലാം എങ്ങനെ പ്രവചിക്കുന്നുവെന്ന് ആരും അത്ഭുതപ്പെടേണ്ടതില്ല, കാരണം സിൽവർ ലൈൻ പദ്ധതി യാഥാർത്ഥ്യമാവുമ്പോൾ കേരളത്തിന്റെ ചെറുകിട തൊഴിൽ സംരംഭകർക്ക് കിട്ടുന്ന വരുമാനത്തിന്റെ ആകർഷകമായ കണക്ക് ആദ്യമായി പുറത്തു വിട്ടത് അദ്ദേഹമാണ്. ചെറിയ കാര്യമല്ല, അപ്പക്കച്ചവടം. കൂറ്റനാട് നിന്ന് കൊച്ചിയിലേക്ക് അപ്പവുമായി പോയാൽ, അവിടെ അപ്പവും വിറ്റ് തിരികെ കൂറ്റനാട്ട് എത്തി ഉച്ചഭക്ഷണം കഴിക്കാൻ കഴിയുന്ന കുടുംബശ്രീ വനിതകളുടെ ജീവിത പുരോഗതിയുടെ മനോഹരമായ നടക്കാത്ത സ്വപ്നം ഗോവിന്ദൻ മാഷ് വിവരിച്ചത് കേൾക്കുമ്പോൾ രോമാഞ്ചം കൊള്ളും. സമൂഹ മാദ്ധ്യമങ്ങളിൽ പരതിയാൽ ഇപ്പോഴും കേൾക്കാം അദ്ദേഹത്തിന്റെ മഹദ് വചനങ്ങൾ. അടുത്തിടെ അന്തരിച്ച , അതുല്യ ചലച്ചിത്ര കലാകാരൻ ശ്രീനിവാസന് പോലും , നമ്മുടെ ഗോവിന്ദൻ മാഷ് ചമച്ച പോലുള്ള ഒരു തിരക്കഥ തയ്യാറാക്കാനായിട്ടുണ്ടോ എന്ന് സംശയം.
ആംബുലൻസിന്റെ എടുത്താ പൊങ്ങാത്ത താക്കോൽ കൈമാറുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയും കഥാനായകൻ ഉണ്ണികൃഷ്ണൻ പോറ്റിയും പ്രത്യക്ഷപ്പെട്ടത്. ഇത് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്രിയതിന്റെ പേരിലാണ് കെ.പി.സി.സി ഭാരവാഹിക്കെതിരെ ഉടനടി കേസെടുത്തത്. പ്രചരിച്ചത് എ.ഐ ഫോട്ടോയാണെന്ന് അസന്നിഗ്ദ്ധമായി ഗോവിന്ദൻ മാഷ് പറയുകയും ചെയ്തു.
രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്കെതിരെ പലപ്പോഴും ചില്ലറ ആരോപണങ്ങളൊക്കെ ഉയരുക പതിവാണ്. ഏത് പാർട്ടിക്കാരായാലും ഇതിൽ നിന്ന് മുക്തരല്ല. അതിനെതിരെ കേസുൾപ്പെടെ നിയമ നടപടികളിലേക്ക് കടക്കും മുമ്പ് സംഭവത്തിന്റെ യാഥാർത്ഥ്യം മനസിലാക്കാനുള്ള ധാർമ്മികത കാട്ടേണ്ടത് ഉത്തരവാദപ്പെട്ട നേതാക്കളല്ലെ. ആക്ഷേപത്തിന്റെ മുൾമുനയിൽ നട്ടം തിരഞ്ഞ നേതാക്കൾ നിരവധിയാണ് കേരളത്തിൽ. അതിൽ എല്ലാ പാർട്ടിക്കാരും ഉൾപ്പെടും. ഭാവിയിലും ഇതിനൊന്നും വലിയ മാറ്റം സംഭവിക്കാനും പോകുന്നില്ല. പക്ഷെ ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയും മുമ്പ് , മറുപടിയുമായി ഇറങ്ങുന്ന നേതാക്കൾ സ്വയം മനസിലാക്കേണ്ടതില്ലെ, താൻ ആരെന്നും തന്റെ പദവി എന്തെന്നും.
രക്ഷാ പ്രവർത്തനം
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പ്രത്യേക ബസ് സജ്ജമാക്കി നടത്തിയ നവകേരള സദസുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിസഭാംഗങ്ങളും എത്തിയപ്പോൾ നടന്നൊരു രക്ഷാ പ്രവർത്തനം കേരളം മറന്നിട്ടുണ്ടായിവില്ല. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ഹെൽമറ്റ് ഉപയോഗിച്ച് കെ.എസ്.യു ജില്ലാ , സംസ്ഥാന ഭാരവാഹികളുടെ ജീവൻ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ ചാനലുകൾ വേണ്ടവിധം ആഘോഷിച്ചതാണ്. അന്നും എടുത്തിരുന്നു ചില്ലറ കേസുകൾ. ഈ കേസുകളുടെ ഒക്കെ ഗതി എന്തായോ എന്തോ. സംഭവം ഏതായാലും അന്നും മാദ്ധ്യമങ്ങളിൽ ചില ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ വന്നിരുന്നു, ഇത് എ.ഐ സൃഷ്ടിയാണെന്ന് ആരും പറഞ്ഞില്ല. ഗോവിന്ദൻ മാഷ് അന്ന് ഇത് അറിയാതെ പോയതാണോ എന്തോ. പഴയ വിളനിലം സമരവും സ്വകാര്യ സർവകലാശാലകളുമായി ബന്ധപ്പെട്ട് മുൻ അംബാസഡർ ടി.പി ശ്രീനിവാസന് അടിയേറ്റ സംഭവവുമൊക്കെ മാദ്ധ്യമങ്ങളിൽ ചിത്ര രൂപത്തിലും ദൃശ്യരൂപത്തിലും വന്നിട്ടുണ്ട്. അതൊക്കെ എ.ഐ വിദ്യയെന്ന് ആരും പറഞ്ഞു കേട്ടില്ല.
സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ വിഷയങ്ങളുടെ നേർകാഴ്ചകൾ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുമ്പോൾ അതെല്ലാം എ.ഐ ആണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചാൽ , ശ്രമിക്കുന്നവർ ജനങ്ങൾക്കിടയിൽ ബുദ്ധിമാന്മാരാവുമോ അതോ പരിഹാസ്യരാവുമോ എന്നത് സ്വയം ചിന്തിക്കുന്നതാണ് ഉത്തമം.
ഇതു കൂടി കേൾക്കണേ
ആർ, എന്തു ചെയ്യുമ്പോഴും മനസിൽ സൂക്ഷിക്കേണ്ട ഒന്നുണ്ട്, എല്ലാം മുകളിലിരുന്ന് ഒരാൾ കാണുന്നുണ്ട്. ഭംഗ്യന്തരേണ മുകളിൽ എന്നു പറയുമ്പോഴും താഴെയാണ് പ്രജകളിൽ ഏറിയ കൂറും. മങ്ങിയ കാഴ്ചകൾ കണ്ടുമടുക്കാൻ അവർക്ക് കണ്ണട വേണ്ട, മനസിന്റെ ഉൾക്കാഴ്ച മതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |