
സ്വാമി സച്ചിദാനന്ദ
പ്രസിഡന്റ്
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്
ശ്രീനാരായണ ഗുരുദേവ ശിഷ്യനായ കുമാരനാശാൻ 'ഗുരുസ്തവം" എന്ന കൃതിയിൽ ബഹുലക്ഷങ്ങൾ ശ്രീനാരായണ നാമജപത്താൽ വിജയിക്കുന്നു എന്നും, വിജയിച്ചു കൊണ്ടിരിക്കുന്നു എന്നും ദീർഘ ദർശനം ചെയ്തിട്ടുണ്ട്. ശിവഗിരി തീർത്ഥാടനം അത്തരമൊരു ഉപാസനയ്ക്ക് ആശയും ആവേശവും പ്രതീക്ഷയും നല്‍കുന്ന ദിവ്യപ്രസ്ഥാനമാണ്. ഇന്ന് തെക്കേ ഇന്ത്യയെ സംബന്ധിച്ച് ശബരിമല കഴിഞ്ഞാൽ ഏറ്റവും ജനബാഹുല്യം നിറഞ്ഞതാണ് ശിവഗിരി തീർത്ഥാടനം.
തീർത്ഥാടനത്തിന്റെ ആരംഭചരിത്രം നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഗുരുവിന്റെ ദിവ്യസാന്നിധ്യം അനുഭവിച്ചറിഞ്ഞ പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട. ഗുരുദേവ പരമഭക്തനും ഗൃഹസ്ഥ ശിഷ്യനുമായിരുന്നു സരസകവി മൂലൂർ പത്മനാഭപ്പണിക്കർ. അദ്ദേഹത്തിന്റെ ഗൃഹമായ കേരളവർമ്മ സൗധം ഗുരുദേവൻ സന്ദർശിച്ച് മഹാകവിയെ അനുഗ്രഹിച്ചിട്ടുണ്ട്. ഗുരുദേവൻ വിശ്രമിച്ച മുറിയും കസേരയും ഗുരുദേവന്റെ ദിവ്യപാദുകങ്ങളും അവിടെ ഇന്നും വിശുദ്ധമായി സൂക്ഷിച്ചിരിക്കുന്നു.
ശിവഗിരി മഹാസമാധി മന്ദിരത്തിൽ നിന്ന് തെളിച്ച ശ്രീനാരായണ ദിവ്യജ്യോതിസ് 2007 സെപ്തംബർ - ഒക്ടോബർ മാസങ്ങളിൽ കേരളമൊട്ടാകെ ദിവ്യജ്യോതി പ്രയാണം നിർവഹിച്ച വേളയിൽ ആ ദിവ്യജ്യോതിസിൽ നിന്ന് പകർന്നെടുത്ത ദീപം മൂലൂർ ഭവനത്തിൽ കെടാവിളക്കായി പ്രതിഷ്ഠിച്ചിട്ടുണ്ട്. ശിവഗിരി തീർത്ഥാടന പ്രസ്ഥാനത്തിന് ഈറ്റില്ലമൊരുക്കുവാൻ സുകൃതം ലഭിച്ചത് ഈ മൂലൂർ ഭവനത്തിനാണ്. ശിവഗിരി തീർത്ഥാടനത്തിന് കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തിൽ വച്ച് 1928 ജനുവരി 16-ന് അനുവാദം നല്കി, എട്ടു മാസം കഴിഞ്ഞപ്പോൾ സെപ്റ്റംബർ 20-ന് ഗുരുദേവൻ മഹാസമാധി പ്രാപിച്ചു. മഹാസമാധി കഴിഞ്ഞ് പിന്നെയും നാലു വർഷം കഴിഞ്ഞാണ് ശിവഗിരി തീർത്ഥാടനം ആരംഭിച്ചത്.
തീർത്ഥാടനം
തുടങ്ങുന്നു
വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരും ടി.കെ. കിട്ടൻ റൈട്ടറും ചേർന്നാണല്ലോ ഗുരുപാദങ്ങളിൽ ശിവഗിരി തീർത്ഥാടനമെന്ന ആശയം അവതരിപ്പിച്ചത്. ഇവർക്ക് പ്രചോദനമായി നിന്നത് സരസകവി മൂലൂർ പത്മനാഭപ്പണിക്കരാണെന്ന് പറയപ്പെടുന്നു. ഗുരുദേവൻ സത്യസങ്കല്പധനനായ മഹാഗുരുവാണ്. അവിടുത്തെ അന്തരാത്മാവിൽ ഉളവാകുന്ന ഏതൊരു സങ്കല്പവും സാക്ഷാത്കൃതമാകാതിരിക്കില്ല. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ മൂത്തമകൻ ദിവാകര സ്വാമികൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പി.കെ. ദിവാകരന്റെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ മൂലൂർ ഭവനത്തിൽ ഒത്തുകൂടി സ്വാമി തൃപ്പാദങ്ങൾ കല്പിച്ചനുവദിച്ച പുതിയ പ്രസ്ഥാനം ആരംഭിക്കുവാൻ ആലോചിച്ചു.
അവസാനം 1932 ഡിസംബറിൽ ഇലവുംതിട്ടയിലെ ചന്ദനകുന്ന് സ്കൂളിൽ വച്ച് (ഇന്നത്തെ മൂലൂർ സ്മാരക സ്കൂൾ)പി.കെ.ദിവാകരന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ആ യോഗത്തിൽ വച്ച് ശ്രീനാരായണ ധർമ്മപരിപാലന വോളിന്റിയർ സംഘം രൂപീകരിക്കുകയും, അഞ്ചുപേരെ ശിവഗിരി തീർത്ഥാടനത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തു. മേലേ പുറത്തൂട്ട് പി.വി. രാഘവൻ, ഇടയിലെ കിഴക്കേതിൽ എം.കെ. രാഘവൻ, തെക്കേവീട്ടിൽ കെ.എസ്. ശങ്കുണ്ണി, പ്ലാവുനില്ക്കുന്നതിൽ പി.കെ. കേശവൻ, കേരളവർമ്മ സൗധത്തിൽ പി.കെ. ദിവാകരൻ എന്നിവരാണ് ശിവഗിരി തീർത്ഥാടനത്തിന് ആരംഭം കുറിക്കുവാൻ പരമഭാഗ്യം ലഭിച്ച സുകൃതികൾ.
വോളിന്റിയർ സംഘം പ്രവർത്തകർ 1932 ഡിസംബർ 20-ന് മൂലൂർ ഭവനത്തിൽ ഒത്തുചേർന്ന് സമൂഹപ്രാർത്ഥനയ്ക്കു ശേഷം പദയാത്രയായി തീർത്ഥാടനത്തിന് പുറപ്പെടുകയായിരുന്നു. ഡിസംബർ 28-ന് പീതാംബരധാരികളായ ഈ ആദ്യ തീർത്ഥാടകർ ശിവഗിരിയിൽ എത്തിച്ചേർന്നു. അന്നത്തെ ശിവഗിരി മഠാധിപതി, കർമ്മയോഗിയും തപോധനനുമായിരുന്ന അച്യുതാനന്ദ സ്വാമിപാദങ്ങൾ ആയിരുന്നു. ശാരദാമഠം, വൈദികമഠം, മഹാസമാധി സന്നിധാനം തുടങ്ങി ശിവഗിരിയിലെ പുണ്യ കേന്ദ്രങ്ങളിൽ ദർശനം ചെയ്ത തീർത്ഥാടക സംഘം അച്യുതാനന്ദ സ്വാമികളെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി.
പിന്നീട് ഓരോ വർഷം കഴിയുന്തോറും തീർത്ഥാടകരുടെ എണ്ണം ക്രമത്തിൽ വർദ്ധിച്ചുകൊണ്ടിരുന്നു. ജനുവരി ഒന്നിനു പുറമേ ഡിസംബർ 31കൂടി തീർത്ഥാടന ദിനമായി. പിന്നീട് ഡിസംബർ 30 കൂടി ഉൾപ്പെടുത്തി. ഈ ലേഖകനാണ് ആദ്യം ഡിസം 25 മുതൽക്കും, പിന്നീട് ഡിസംബർ 20 മുതൽക്കും, ഇപ്പോൾ ഡിസംബർ 15 മുതൽ ജനുവരി 5 വരെയുമായി തീർത്ഥാടന ദിനങ്ങൾ വർദ്ധിപ്പിച്ചത്. തീർത്ഥാടകരുടെ എണ്ണമാകട്ടെ, അഞ്ചിൽ നിന്ന് 50 ലക്ഷത്തിലേക്ക് എത്തിയിരിക്കുന്നു!
ദീർഘദൃഷ്ടി,
ദിവ്യദൃഷ്ടി
സ്വതന്ത്രഭാരതത്തിന്റെ രാഷ്ട്ര മീമാംസകർ ചിന്തിക്കുന്നതിനും എത്രയോ മുമ്പാണ് ശുദ്ധഗ്രാമീണനെപ്പോലെ ജീവിതം നയിച്ച ഋഷിവര്യനായ ശ്രീനാരായണ ഗുരു ശിവഗിരി തീർത്ഥാടന പ്രഭാഷണങ്ങൾക്ക് വിഷയക്രമം നിശ്ചയിക്കുക വഴി നാടിന്റെ സമഗ്രപുരോഗതിക്ക് ആവശ്യമായ മാർഗരേഖ നല്കി അനുഗ്രഹിച്ചത്. മാത്രമല്ല, അത് പ്രായോഗികമാക്കേണ്ട രീതികളെക്കുറിച്ചും അവിടുന്ന് ദിശാബോധം നല്കിയിരുന്നു. ആത്മീയതയിൽ അടിയുറച്ചു നിന്ന് സാമൂഹ്യ ജീവിതം ഭദ്രമാക്കുന്നതിന് ആവശ്യമായ ഉപദേശമാണ് തീർത്ഥാടന ലക്ഷ്യങ്ങളിലൂടെ ഗുരു വിഭാവനം ചെയ്തത്.
ശ്രീനാരായണ ഗുരുവിന്റെ 73 വർഷം നീണ്ട പാവനമായ ജീവിതവും തത്വദർശനവും ദുഃഖിക്കുന്ന ജനകോടികൾക്ക് ശാന്തിയും സമാധാനവും പ്രദാനം ചെയ്തു എന്നത് കേവലമായ സത്യം മാത്രമാണ്. ഗുരുവിന്റെ ജീവിത ദർശനം ഒരു മതത്തിനോ, ഒരു സമുദായത്തിനോ, കാലഘട്ടത്തിനോ വേണ്ടി മാത്രമല്ല; മുഴുവൻ ലോകത്തിനും വേണ്ടിയായിരുന്നുവെന്ന് കാണാനാകും. മഹാഗുരുവിന്റെ സന്ദേശങ്ങൾ പ്രാവർത്തികമാക്കിയാൽ രാജ്യത്തിന് തീർച്ചയായും സമഗ്ര പുരോഗതി കൈവരിക്കാനാകും. ക്ഷേത്രദർശനവും ആരാധനയും പരമപുരുഷാർത്ഥമായ മോക്ഷത്തിലേക്കുള്ള മാർഗങ്ങളിൽ ഒന്നാണ്. അതിനെ അംഗീകരിച്ച ഗുരു ജീവിത പുരോഗതിക്ക് ആവശ്യമായ അറിവ് സമ്പാദിക്കുവാനും മാർഗനിർദ്ദേശം നല്‍കി.
വിഷയവും
ലക്ഷ്യവും
അനുമതി നേടിയവരോട് ഈ തീർത്ഥാടനത്തിന്റെ ലക്ഷ്യം എന്തെന്ന് ചോദിക്കുമ്പോൾ അവർ മൗനംപൂണ്ടു നില്‍ക്കുകയാണ് ചെയ്തത്. ഗുരുദേവനാകട്ടെ, ഏതു പ്രവൃത്തിക്കും ഒരു ലക്ഷ്യമുണ്ടാകണമെന്ന് അരുളി ചെയതതിനു ശേഷം കൈകളിലെ വിരലുകൾ മടക്കി, എട്ടു കാര്യങ്ങൾ ഉപദേശിച്ചു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക- ശാസ്ത്ര പരിശീലനം എന്നീ എട്ട് വിഷയങ്ങളെക്കുറിച്ച് അതത് വിഷയങ്ങളിൽ പ്രബുദ്ധരായ പണ്ഡിതരെക്കൊണ്ട് പ്രഭാഷണങ്ങൾ നടത്തിക്കണം. ആളുകൾക്കെല്ലാം സൗകര്യമായിരുന്ന് കേൾക്കുവാൻ അവസരമുണ്ടാക്കണം. കേട്ടവ ജീവിതത്തിൽ പ്രാവർത്തികമാക്കണം. അപ്പോൾ വ്യക്തിക്കും സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും പുരോഗതി ഉണ്ടാകുമെന്ന് ഗുരുദേവൻ പറഞ്ഞു.
ഭൗതികവും ആത്മീയവുമായ സമഗ്ര പുരോഗതി ഗുരുദർശനത്തിന്റെ അന്തർധാരയാണ്. ആത്മീയ അടിത്തറയിൽ സാമൂഹിക പുരോഗതി കൈവരിക്കുമ്പോഴാണ് ഏതൊരു സമൂഹവും സമുദ്ധരിക്കപ്പെടുന്നത്. അതിന്റെ മാതൃകയെന്നോണമാണ് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ട് ഗുരുദേവൻ മതമാകുന്ന അടിത്തറയിൽ സാമൂഹിക വിപ്ലവത്തിന്റെ സൗധം പടുത്തുയർത്തിയത്. ഗുരു നയിച്ച സാമൂഹിക വിപ്ലവം ഒരു ആദ്ധ്യാത്മ ഗുരുവിന്റെ ലോകസംഗ്രഹമായിരുന്നു. അതിനെ കേവലം ഒരു സമുദായത്തിൽ സംഭവിച്ച നവോത്ഥാനമായി പലരും ചിത്രീകരിക്കുന്നുണ്ട്. എന്നാൽ, ഗുരുദേവൻ വിഭാവനം ചെയ്തത് മനുഷ്യപുരോഗതി മാത്രമായിരുന്നു.
ആനന്ദവും
അഭയവും
ഗുരുദേവൻ പ്രദാനം ചെയ്ത അഷ്ടാംഗ തീർത്ഥാടന സന്ദേശത്തിന്റെ ആഴത്തിലുള്ള പഠനം നടക്കണം. എങ്കിൽ മാത്രമേ രാഷ്ട്ര മീംമാസകനായ ശ്രീനാരായണ ഗുരുവിനെ ദർശിക്കാനാവൂ. ശിവഗിരി തീർത്ഥാടന സന്ദേശം നല്കുമ്പോൾ രാജ്യത്തിന് പുരോഗതിയുണ്ടാകും എന്ന് ഗുരുപാദർ ഉപദേശിക്കുന്നുണ്ട്. കഴിഞ്ഞ 92 വർഷമായി അഷ്ടാംഗ വിഷയങ്ങളെ ആസ്പദമാക്കി എത്രയെത്ര സമ്മേളനങ്ങളാണ് ശിവഗിരി തീർത്ഥാടനവേളയിലും ശ്രീനാരായണ പ്രസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും നടന്നിട്ടുള്ളത്.
ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ ഈ സമ്മേളനങ്ങൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ശിവഗിരി തീർത്ഥാടനം ജനലക്ഷങ്ങൾക്ക് അഭയവും ആനന്ദവും പ്രദാനം ചെയ്യുന്ന മഹാപ്രസ്ഥാനമാണ്. തീർത്ഥാടനത്തിലൂടെ വ്യക്തിയും സമൂഹവും സമുദായവും രാജ്യവും പുരോഗതി പ്രാപിക്കണമെന്നാണ് ഗുരുദേവ സങ്കല്‍പം. 93-ാം ശിവഗിരി തീർത്ഥാടനവും ജീവിതത്തെ പ്രകാശവത്താക്കുവാൻ ഗുരുദേവ കാരുണ്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |