
അഞ്ചര പതിറ്റാണ്ടിലേറെ നീണ്ട സജീവ രാഷ്ട്രീയ ജീവിതത്തിന് അപ്രതീക്ഷിതമായി വിരാമമിട്ടതിന് പിന്നാലെ സി.പി.ഐ നേതൃത്വത്തിനും ജില്ലാ സെക്രട്ടറിക്കുമെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് കെ.കെ. ശിവരാമൻ രംഗത്തെത്തിയത് പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. 16 വർഷം പാർട്ടി സെക്രട്ടറിയായിരുന്ന, എൽ.ഡി.എഫ് ജില്ലാ കൺവീനറായിരുന്ന, ഇടുക്കിയിലെ സി.പി.ഐയുടെ മുഖമായിരുന്ന കെ.കെ. ശിവരാമനാണ് ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി പോകേണ്ട ശരിയായ വഴിയിലൂടെയല്ല ഇപ്പോൾ സഞ്ചരിക്കുന്നതെന്ന ഗുരുതരമായ വിമർശനം ഉയർത്തിയാണ് അദ്ദേഹം തന്റെ പിന്മാറ്റം പ്രഖ്യാപിച്ചത്.
സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങൾ അതിരുകടന്നെന്ന വിമർശനം ഉയർന്നതോടെയാണ് കെ.കെ. ശിവരാമനെതിരെയുള്ള പടയൊരുക്കം പാർട്ടിയിലും മുന്നണിയിലും തുടങ്ങിയത്. ബാർ കോഴ വിവാദത്തിലും ഇടുക്കിയിലെ കൈയേറ്റ വിഷയങ്ങളിലുമുള്ള തുറന്നുപറച്ചിൽ പലപ്പോഴും സർക്കാരിനെ തന്നെ വെട്ടിലാക്കിയിരുന്നു. ഇതോടെയാണ് പാർട്ടി അച്ചടക്കത്തിന്റെ വാൾ ശിവരാമന് നേരെ ഉയർത്തിയത്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ തോൽവി ഏറ്റുവാങ്ങിയതോടെ ശിവരാമൻ ജില്ലാ നേതൃത്വത്തിനെതിരെ തുറന്നടിക്കുകയായിരുന്നു. ആദ്യം കേരളകൗമുദിയിലൂടെയാണ് അദ്ദേഹം തന്റെ വിമർശനം പങ്കുവച്ചത്. പിന്നീട് സാമൂഹ്യമാദ്ധ്യമങ്ങളിലും ഇത് ആവർത്തിച്ചു. ജില്ലയിലെ സി.പി.ഐ നേതൃത്വം മണ്ണ് മണൽ മാഫിയയ്ക്ക് ഒപ്പമാണെന്നും സാധാരണ ജനങ്ങൾക്കൊപ്പമല്ല പ്രവർത്തിക്കുന്നതെന്നും ആരോപിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കെ.കെ. ശിവരാമൻ രംഗത്തെത്തിയിരുന്നു. ഇനിയും തിരുത്താൻ തയ്യാറായില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വലിയ പരാജയം പാർട്ടി ഏറ്റുവാങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയജീവിതം അവസാനിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയത്. തുടർന്ന് മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ച അദ്ദേഹം ജില്ലാ നേതൃത്വത്തിനും ജില്ലാ സെക്രട്ടറിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.
ആരോപണങ്ങൾ
നിക്ഷിപ്ത താത്പര്യങ്ങളാണ് പാർട്ടി ജില്ലാ സെക്രട്ടറിയെ പോലും നയിക്കുന്നതെന്നും അതുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയാത്തതിനാലാണ് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതെന്നും ശിവരാമൻ പറഞ്ഞു. ഇ.എസ്. ബിജിമോളുമായി മത്സരം വന്നപ്പോൾ കെ. സലിംകുമാറിനെ ജില്ലാ സെക്രട്ടറിയാക്കാൻ താനും ഒപ്പം നിന്നു. മൂർഖൻ പാമ്പിന് പാലു കൊടുത്താൽ കൊടുക്കുന്ന കൈയ്ക്ക് കൊത്തുമെന്ന് കേട്ടിട്ടുണ്ട്. പിന്നിടാണ് ഇത് മൂർഖൻ പാമ്പാണെന്ന് മനസിലായത്. ജില്ലയിലേത് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വമായി കാണാനാകില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാ തത്വങ്ങളിൽ പ്രധാനപ്പെട്ടതാണ് വിമർശനവും സ്വയം വിമർശനവും. ഇടുക്കിയിൽ കഴിഞ്ഞ കുറേക്കാലമായി രണ്ടുമില്ല. പാർട്ടി സംഘടന ഏതാണ്ട് തകർന്നു. ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിക്കുന്നതിനോ കൈയേറ്റം ഒഴിപ്പിക്കുന്ന കാര്യത്തിലോ ശരിയായ നിലപാട് എടുക്കാൻ കഴിഞ്ഞിട്ടില്ല. ഇടുക്കിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് പല തവണ താൻ പാർട്ടി സെക്രട്ടറിയോടും സംഘടനാ ചുമതലയുള്ള പാർട്ടി നേതാവിനോടും പറഞ്ഞിട്ടുണ്ട്. ചർച്ചയ്ക്ക് ഇതുവരെയും തയ്യാറായിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പോകേണ്ട വഴിയിലൂടെയല്ല പോകുന്നതെന്ന ശക്തമായ വിമർശനം തനിക്കുണ്ട്. ചൊക്രമുടിയിൽ കൈയേറ്റമുണ്ടായപ്പോൾ എല്ലാ പാർട്ടി നേതാക്കളും അവിടം സന്ദർശിച്ച് ഇത് സി.പി.ഐയുടെ നിയന്ത്രണത്തിലുള്ള കൈയേറ്റമാണെന്ന് പറഞ്ഞു. ജില്ലയിലെ പാർട്ടി നേതൃത്വം അനങ്ങിയില്ല. അത് കണ്ടതായിട്ടും കേട്ടതായിട്ടും നടിച്ചില്ല. താൻ തന്നെ റവന്യൂ മന്ത്രിയെ വിളിച്ചപ്പോഴാണ് അദ്ദേഹം ഇത് അറിയുന്നതും ഇടപെടുന്നതും. എല്ലാവരും വന്ന് സി.പി.ഐയ്‌ക്കെതിരെ പറയുമ്പോൾ തങ്ങൾക്ക് അതിൽ പങ്കില്ലെന്ന് പറയാനുള്ള ആർജ്ജവം സെക്രട്ടറി കാണിച്ചില്ല. പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും പാർട്ടി പ്രതിക്കൂട്ടിലായി മാറിയല്ലോ. ജില്ലയിൽ പല മാഫിയകൾ പ്രവർത്തിക്കുന്നുണ്ട്. ചില നേതാക്കൾ അവരിലേക്ക് ഒട്ടിച്ചേരാൻ താത്പര്യം കാണിക്കുന്നുണ്ടെന്നും ശിവരാമൻ തുറന്നടിച്ചു.
ശിവരാമനെ തള്ളി പാർട്ടി
പാർട്ടിയ്‌ക്കെതിരെ മുൻ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ അന്ന് തന്നെ ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേർന്ന് പാർട്ടി പൂർണ്ണമായും തള്ളി. ജില്ലയിൽ മണ്ണ്, മണൽ, ഭൂ മാഫിയ പ്രവർത്തനങ്ങളോട് ചില നേതാക്കൾ ഒട്ടിച്ചേർന്ന് പ്രവർത്തിക്കുന്നെന്ന ഇപ്പോഴത്തെ ശിവരാമന്റെ ആരോപണം ദുഷ്ടലാക്കോടെയുള്ളതാണെന്ന് പാർട്ടി അറിയിച്ചു. 18ന് കൂടിയ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നത് വരെ ഇത് സംബന്ധമായ ഒരു പരാതിയും പാർട്ടി ഘടകത്തിന് മുന്നിൽ അദ്ദേഹം ഉന്നയിച്ചിട്ടില്ല. മാഫിയ പ്രവർത്തനങ്ങളെ ഇന്നും എപ്പോഴും എതിർത്തിട്ടുള്ള പാരമ്പര്യമാണ് സി.പി.ഐയ്ക്കുള്ളത്. നാളെയും ഇത്തരക്കാരെ ഉൾക്കൊള്ളുന്ന പ്രസ്ഥാനമായിരിക്കില്ല സി.പി.ഐ. ദീർഘകാല അനുഭവമുള്ള കെ.കെ. ശിവരാമനെ പോലെയുള്ളവരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ള ഇത്തരം ജല്പനങ്ങൾ സംഘടനാ വിരുദ്ധവും പാർട്ടി താത്പര്യങ്ങൾക്ക് വിരുദ്ധവുമാണ്. സംസ്ഥാന വ്യാപകമായി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ എൽ.ഡി.എഫിന് ഉണ്ടായിട്ടുള്ള തിരിച്ചടി ജില്ലയിലും പ്രതിഫലിച്ചിട്ടുണ്ട്. ഇതിന് ഇടയായ വസ്തുതാപരമായ കാര്യങ്ങൾ എൽ.ഡി.എഫും സി.പി.ഐയും പരിശോധിക്കുകയും പരിഹാരം കാണുന്നതിന് ജനങ്ങളോടൊപ്പം നിലകൊള്ളുകയും ചെയ്യും. പാർട്ടിയും എൽ.ഡി.എഫും ദുർബലപ്പെട്ടെന്ന കെ.കെ. ശിവരാമന്റെ പ്രതികരണത്തിൽ യാതൊരു കഴമ്പുമില്ലെന്നും എക്സിക്യൂട്ടീവ് യോഗം അറിയിച്ചു. ശിവരാമനെതിരെ പൂർണമായും തള്ളിയെങ്കിലും ജില്ലാ സെക്രട്ടറിക്കെതിരെയടക്കം കടുത്ത ആരോപണങ്ങൾ ഉന്നയിച്ച നേതാവിനെതിരെ അച്ചടക്ക നടപടി സംബന്ധിച്ച സൂചനകളൊന്നും നൽകിയില്ല. മാത്രമല്ല, ശിവരാമന്റെ ഗുരുതര ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനും പാർട്ടി തയ്യാറായില്ല.
ചർച്ചകൾ സജീവം
എന്തായാലും ഇടുക്കിയിലെ സി.പി.ഐയുടെ മുഖമായിരുന്ന ഒരു മുതിർന്ന നേതാവ് പാർട്ടിയുടെ നയവ്യതിയാനങ്ങളിൽ പ്രതിഷേധിച്ച് പടിയിറങ്ങുന്നത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ശിവരാമനെയും പാർട്ടിയെയും അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം ചർച്ചകൾ സജീവമാണ്. മുൻ സംസ്ഥാന സെക്രട്ടറിമാർ ഉള്ളപ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴെന്ന ശിവരാമന്റെ നിലപാട് ബിനോയ് വിശ്വത്തോടുള്ള അതൃപ്തിയായും വിലയിരുത്തപ്പെടുന്നുണ്ട്. ഇടുക്കി ജില്ലയിലെ സി.പി.എം നേതൃത്വത്തോട് പരസ്യമായി കൊമ്പുകോർക്കാൻ മടികാണിക്കാത്ത നേതാവ് കൂടിയായിരുന്നു ശിവരാമൻ. എം.എം. മണി മന്ത്രിയായിരിക്കുമ്പോൾ ശിവരാമൻ നടത്തിയ പരസ്യ തർക്കങ്ങൾ ഇടതുമുന്നണിയിൽ തന്നെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ പലതവണ വാക്‌പോര് ഉണ്ടായിട്ടുണ്ടെങ്കിലും രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനം ശിവരാമൻ പുനഃപരിശോധിക്കണമെന്നാണ് എം.എം. മണി പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |