
' ജീവകാരുണ്യതല്പരനല്ലാത്ത വ്യക്തിയെപ്പോലും സാമൂഹ്യ നന്മയ്ക്കായി പ്രവർത്തിക്കുന്ന വ്യക്തിയായി മാറ്റിയെടുക്കുവാൻ ലയൺസ് ക്ളബുകൾക്ക് കഴിയുമെന്നത് അസാധാരണമായ കാര്യം അല്ല"" ലയൺസ് ഇന്റർനാഷണലിനെക്കുറിച്ച് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മെൽവിൻ ജോൺസ് പറഞ്ഞതാണീ വാക്കുകൾ. അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് ലോകമെമ്പാടും 'മെൽവിൻ ജോൺസ്" ദിനമായി ആചരിക്കുകയാണ്. കഴിഞ്ഞ 108 വർഷങ്ങളായി 206 രാജ്യങ്ങളിലായി 49000ക്ളബുകളിലൂടെ 1.4 ദശലക്ഷം അംഗങ്ങളാണ് ലയൺസ് ക്ളബിൽ പ്രവർത്തിക്കുന്നത്.
ഒന്നാം ലോകമഹായുദ്ധവും ദ്രുതഗതിയിലുള്ള വ്യാവസായികവൽക്കരണവും സൃഷ്ടിച്ച സാമൂഹിക പ്രശ്നങ്ങൾക്ക് മറുപടിയായി, മെൽവിൻ ജോൺസ് എന്ന ചിക്കാഗോ ബിസിനസുകാരൻ യു.എസ്.എയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ബിസിനസ് ക്ളബുകളെ അസോസിയേഷൻ ഒഫ് ലയൺസ് ക്ളബുകൾ രൂപീകരിക്കുന്ന മീറ്റിംഗിലേക്ക് ക്ഷണിച്ചു. ഈ ക്ളബുകളിലെ അംഗങ്ങൾ സാമ്പത്തിക നേട്ടത്തിനുമപ്പുറം സഹജീവികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സമയം കണ്ടെത്തണമെന്ന മെൽവിന്റെ ആശയമാണ് 1917 ൽ ക്ളബംഗങ്ങളെ ഉൾപ്പെടുത്തി ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ എന്ന പ്രസ്ഥാനം രൂപീകരിക്കാനിടയാക്കിയത്.
1925 ൽ അമേരിക്കയിലെ ഒഹായോയിലെ സീഡാർ പോയിന്റിൽ നടന്ന അന്താരാഷ്ട്ര കൺവെൻഷനിൽ അഭിസംബോധന ചെയ്തു സംസാരിച്ച ഹെലൻ കെല്ലർ ''ഇരുട്ടിനെതിരായ കുരിശുയുദ്ധത്തിൽ അന്ധരുടെ നൈറ്റ്സ്"" ആകാൻ പ്രസ്ഥാനത്തിലെ അംഗങ്ങളോട് അഭ്യർത്ഥിച്ചു. പ്രസ്ഥാനത്തിന് ലിയോ ക്ളബ് എന്ന യുവജന വിഭാഗവുമുണ്ട്. വലിയ ധനസമാഹരണം ആവശ്യമായ പ്രോജക്ടുകൾക്കായി 1968 ൽ സ്ഥാപിതമായ ലയൺസ് ക്ളബ് ഇന്റനാഷണൽ ഫൗണ്ടേഷൻ ഇതുവരെ 1140 കോടി രൂപ വിവിധ പ്രവർത്തനങ്ങൾക്കായി നൽകി. 2027 ജൂലൈയിൽ അംഗസംഖ്യ 15 ലക്ഷമായി വർദ്ധിപ്പിക്കാൻ മിഷൻ 1.5 എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്. ഇന്ത്യക്കാരനായ എ.പി. സിംഗാണ് ഈ വർഷത്തെ ഇന്റർനാഷണൽ പ്രസിഡന്റ്.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഐക്യരാഷ്ട്രസഭയും ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് ലയൺസ് ക്ളബും തമ്മിലുള്ള ബന്ധം ആരംഭിച്ചത്. 1945 ഒക്ടോബർ 24ന് കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിൽ യു.എസ് പ്രസിഡന്റ് ഹാരി ട്രൂമാൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിനൊപ്പം യു.എൻ ചാർട്ടറിൽ ഒപ്പുവച്ചു. അതേവർഷം മെൽവിൻ ജോൺസ്, മുൻ ഇന്റർനാഷണൽ പ്രസിഡന്റുമാരായ ഫ്രെഡ് ഡബ്‌ള്യു സ്മിത്ത്, ഡി.എ. സ്കീൻ എന്നിവരോട് പുതിയ ആഗോളസംഘടനയ്ക്കായി നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻ (എൻ.ജി.ഒ ) ചാർട്ടർ വികസിപ്പിക്കാൻ സഹായം ആവശ്യപ്പെട്ടു.
തുടർന്നുള്ള വർഷങ്ങളിൽ രണ്ട് അന്താരാഷ്ട്ര സംഘടനകളും നിരവധി മാനുഷിക സംരംഭങ്ങളിൽ സഹകരിച്ചു. യുനിസെഫ് (യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻ ഫണ്ട്),ഡബ്‌ള്യു .എച്ച്.ഒ (ലോകാരോഗ്യ സംഘടന),യുനെസ്കോ (യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ) തുടങ്ങിയ നിരവധി യു.എൻ ഏജൻസികളുടെ പദ്ധതികൾക്ക് ക്ളബ് സാമ്പത്തിക സഹായവും മനുഷ്യശക്തിയും നൽകിയിട്ടുണ്ട്. രണ്ട് സംഘടനകളുടെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ ഒരു ദിവസം യുണൈറ്റഡ് നേഷൻസിൽ ലയൺ ദിനമായി ആചരിക്കാൻ തുടങ്ങി. ഞങ്ങൾ സേവനം ചെയ്യുമെന്നതാണ് പ്രസ്ഥാനം ആപ്തവാക്യമായി സ്വീകരിച്ചിട്ടുള്ളത്. മെൽവിൻ ജോൺസ് ദിനം ഉൾപ്പെടുന്ന ഒരാഴ്ചക്കാലം ക്ളബുകൾ സേവന പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കൊണ്ട് എൽ.സി.ഐ.എഫ് വാരമായി ആചരിക്കുന്നു.
(ലേഖകന്റെ നമ്പർ 9447148582)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |