SignIn
Kerala Kaumudi Online
Tuesday, 13 January 2026 6.53 AM IST

'പുതിയ കേരളത്തിന് സമ്പൂർണ വികസന മാതൃക'

Increase Font Size Decrease Font Size Print Page

a

എല്ലാവരുടെയും വിശ്വാസങ്ങളെ മാനിക്കുന്നതും വികസിതവും സുരക്ഷിതവുമായ കേരളമാണ് ഇനി ലക്ഷ്യം. പുതിയ കേരളത്തിന്റെ വികസനത്തിനായി സമ്പൂർണ വികസന മാതൃക നടപ്പാക്കും. വികസനം കേരളത്തിന്റെ ആവശ്യമാണ്. ഓരോ പൗരന്റെയും പങ്കാളിത്തത്തോടെയും എല്ലാവരെയും എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്നതും സമഗ്രവുമായ പുതിയ വികസന മാതൃകയാണ് കേരളത്തിന് വേണ്ടത്. മതമോ വിഭാഗമോ പരിഗണിക്കാതെ എല്ലാവരുടെയും വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണം. വികസിത കേരളത്തിനൊപ്പം സുരക്ഷിത കേരളവുമുണ്ടാവണം.

'പുതിയ ഭാരതം, പുതിയ കേരളം" എന്ന സങ്കൽപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി വികസിത ഭാരതം എന്ന കാഴ്ചപ്പാടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ കേരളവും വികസിക്കണം. ഓരോ സംസ്ഥാനവും അതിന്റെ പരമാവധി ശേഷിയിൽ വികസിക്കണമെന്നാണ് വികസിത ഭാരതം കൊണ്ട് അർത്ഥമാക്കുന്നത്. അടിസ്ഥാനസൗകര്യങ്ങൾ, വിദ്യാഭ്യാസം, ഗവേഷണ വികസനം, വ്യാവസായിക വികസനം, വ്യക്തിയുടെ വ്യക്തിഗത വരുമാനത്തിലെ വർദ്ധന - ഇതാണ് 'വികസിത കേരള"ത്തിനായുള്ള ഞങ്ങളുടെ ദർശനം. ഓരോ പൗരന്റെയും സുരക്ഷയും ഏത് മതമോ സമൂഹമോ എന്നതു പരിഗണിക്കാതെ എല്ലാത്തരം വിശ്വാസങ്ങളുടെയും സംരക്ഷണവും ഉറപ്പാക്കും.

അഭിലാഷമുള്ള ഒരു ഇന്ത്യയെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. വികസിത ഭാവി, പുരോഗതി, മനസ്സിൽ പ്രതീക്ഷ, സ്വാശ്രയത്വവും ആത്മവിശ്വാസവും എന്നിവയുള്ള ഇന്ത്യയെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഇതിൽ നിന്നാണ് പുതിയ ഇന്ത്യ എന്ന ദർശനം രൂപപ്പെടുന്നത്. ആരെയും പ്രീണിപ്പിക്കേണ്ടതില്ലാത്ത സമൂഹം സൃഷ്ടിക്കുന്നതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. നിശബ്ദതയിൽ നിന്ന് കരുത്തിലേക്കുള്ള മാറ്റമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അടിച്ചമർത്തപ്പെട്ട് നിശബ്ദരായവർക്ക് ഇനി നിശബ്ദരാവേണ്ടാത്ത വിധം കരുത്തുണ്ടാകണം. സംശയങ്ങളിൽ നിന്ന് തീരുമാനങ്ങളിലേക്കും കാലതാമസമില്ലാതെ സേവനങ്ങൾ എത്തിക്കുന്നതിലേക്കും മാറാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

കേരളം വലിയ സാധ്യതകളുള്ള സംസ്ഥാനമാണ്. കേരളത്തിന്റെ സംസ്കാരം, സാഹിത്യം, വിദ്യാഭ്യാസത്തോടുള്ള താല്പര്യം എന്നിവ ഇതിനെ രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നായി മാറ്റുന്നു.രാജ്യമൊട്ടാകെ ഇതിൽ വിശ്വാസമർപ്പിക്കുന്നു. ആയുർവേദം മുതൽ ഐ.ടി വരെയും, കായികം മുതൽ സ്റ്റാർട്ടപ്പുകൾ വരെയും, കായലുകൾ മുതൽ ബൗദ്ധിക ചർച്ചകൾ വരെയും - എല്ലാം ഇവിടെയുണ്ട്, ഈ മേഖലകളിൽ രാജ്യത്ത് തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കേരളം കാഴ്ചവച്ചിട്ടുള്ളത്. എന്നാൽ, രണ്ട് മുന്നണികൾ മാറി മാറി ഭരിക്കുന്നത് രാഷ്ട്രീയത്തിൽ ഒരുതരം സ്തംഭനാവസ്ഥ ഉണ്ടാക്കിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾ സാഹചര്യം പൂർണ്ണമായും മാറ്റിമറിച്ചു. പുതിയ ആശയങ്ങൾക്കും പുതിയ രക്തത്തിനും പുതിയ തരം രാഷ്ട്രീയത്തിനുമായി കേരളത്തിലെ ജനങ്ങളോട് അഭ്യർത്ഥിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. ഞങ്ങളുടെ പാർട്ടിക്കും സഖ്യത്തിനും മാത്രമേ കേരളത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയൂ. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വികസിത കേരളം എന്ന കാഴ്ചപ്പാട് മികച്ച രീതിയിൽ യാഥാർത്ഥ്യമാക്കാൻ കഴിയും.

പുനരുപയോഗ ഊർജം മുതൽ വൈദ്യുതി ഉത്പ്പാദനം വരെയും ഭൂമിയുടെ സംരക്ഷണം വരെയും വൈവിധ്യമാർന്ന വികസനം വിഭാവനം ചെയ്ത ഇന്ത്യൻ ചരിത്രത്തിലെ ഏക നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇതിന്റെ ഫലമായി വെറും 11 വർഷത്തിനുള്ളിൽ ലോകം വിസ്മയത്തോടെ നോക്കുന്ന ഇന്ത്യയെ സൃഷ്ടിക്കാൻ നമുക്ക് കഴിഞ്ഞു. 2014-ൽ നമ്മൾ ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു; വെറും 11 വർഷത്തിനുള്ളിൽ 11-ാം സ്ഥാനത്ത് നിന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി നമ്മൾ ഉയർന്നു. 2027 ഡിസംബറിന് മുമ്പ് ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. രാജ്യത്ത് സാമ്പത്തിക വികസനം മാത്രമല്ല ഉണ്ടായത്. അതിനോടൊപ്പം അടിസ്ഥാനസൗകര്യ വികസനത്തിൽ 610 ശതമാനം വളർച്ചയുണ്ടായി.

ലോകത്തെ മൊത്തം ഡിജിറ്റൽ ഇടപാടുകളുടെ 50 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ നമ്മൾ എത്രത്തോളം നേട്ടങ്ങൾ കൈവരിച്ചു എന്നാണ് ഇത് കാണിക്കുന്നത്. 11 വർഷത്തിനിടെ 60 കോടി പാവപ്പെട്ടവർക്ക് വീടുകൾ നൽകി, അവർക്ക് ഗ്യാസ് കണക്ഷനുകൾ നൽകി, കുടിവെള്ളവും വൈദ്യുതിയും ലഭ്യമാക്കി, ഓരോ മാസവും 5 കിലോ സൗജന്യ റേഷൻ നൽകി, കൂടാതെ 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസും നൽകി. രണ്ട് തലമുറകളായി കഷ്ടപ്പെട്ടിരുന്ന 60 കോടി പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ പ്രധാനമന്ത്രി മോദി നിറവേറ്റി. 10 വർഷത്തിനിടെ 27 കോടി ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തി. ഈ കാലയളവിൽ അടിസ്ഥാനസൗകര്യ വികസനം മാത്രമല്ല ഉണ്ടായത്, ഇന്ത്യ ഒരു നിർമ്മാണ കേന്ദ്രമായി മാറി.

എല്ലാത്തരം ഉൽപ്പാദന മേഖലകളിലും നിക്ഷേപം കൊണ്ടുവന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം ഏറ്റവും ഉയർന്ന തോതിലായി. കയറ്റുമതി എക്കാലത്തെയും ഉയർന്ന നിലയിലെത്തി. അതിനോടൊപ്പം 27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിലും നാം വിജയിച്ചു. ഇന്ത്യയുടെ സമഗ്ര വികസന മാതൃക ഇതാണ്.

ബഹിരാകാശ മേഖലകളിലും സ്റ്റാർട്ടപ്പുകളിലും ഇന്ന് ഇന്ത്യ ആധിപത്യം പുലർത്തുന്നു. ഗവേഷണ വികസനത്തിലെ 35 വിഭാഗങ്ങളിൽ 15 എണ്ണത്തിലും നാം ആദ്യ ഒന്നു മുതൽ നാലു വരെയുള്ള സ്ഥാനങ്ങളിലാണ്. ബാക്കിയുള്ള എല്ലാ വിഭാഗങ്ങളിലും ആദ്യ 10 സ്ഥാനങ്ങൾക്കുള്ളിൽ നമ്മളുണ്ട്. പത്ത് വർഷം മുമ്പ്, ഒരു ആർ ആൻഡ് ഡി വിഭാഗത്തിലും നമ്മൾ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ഇത് വളരെ വലിയൊരു നേട്ടമാണ്. ഭാവി ഇന്ത്യയുടേതാണെന്ന് ഇത് സൂചിപ്പിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ, ശരാശരി കണക്കെടുത്താൽ ഏറ്റവും കൂടുതൽ പേറ്റന്റുകൾ രജിസ്റ്റർ ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. ഗവേഷണവും വികസനവും ഇവിടെയാണ് നടക്കുന്നതെന്ന് ഇന്ന് ലോകം മുഴുവൻ തിരിച്ചറിയുന്നു. ഇന്ത്യയുടേതായി രജിസ്റ്റർ ചെയ്ത പേറ്റന്റുകളുടേതാണ് വരാനിരിക്കുന്ന ഭാവി.

(പ്രസംഗത്തിന്റെ രണ്ടാം ഭാഗം നാളെ )

TAGS: CONCLAVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.