
വി.ജി. മനമോഹന്റെ മൃതശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജിനു കൈമാറുമ്പോൾ ഡോ.തോമസ് ഐസക് പ്രിൻസിപ്പലിനോടു ഇങ്ങനെ പറഞ്ഞു. 'ദയവായി മനമോഹനെ നല്ല രീതിയിൽ കെയർ ചെയ്യണം..." അപ്പോൾ സമയം രാത്രിയായിരുന്നു. ആദ്യം മെഡിക്കൽ കോളേജിലെ അനാട്ടമി വകുപ്പിൽ. അവിടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. മോർച്ചറിയുടെ ഫ്രീസർ അറയിൽ ഏൽപ്പിച്ചു വിടവാങ്ങി. എംബാം ചെയ്തശേഷം പഠനോപകരണമാകും. തന്റെ വലംകൈയ്യായി എന്നും നിന്ന സുഹൃത്താണ് എന്നന്നേയ്ക്കുമായി വിടപറയുന്നതെന്ന് ഐസക് അപ്പോൾ ചിന്തിച്ചിരിക്കും. രാവിലെ പത്തുമണി മുതൽ മൺവിളയിലെ മനമോഹന്റെ വസതിയിൽ ഐസക് ഉണ്ടായിരുന്നു. ഒരു ദീർഘകാല സൗഹൃദത്തിന്റെ എത്രയെത്ര ഓർമ്മകൾ. ഐസക് ധനകാര്യമന്ത്രിയായിരുന്ന രണ്ടു ടേമിലും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു മനമോഹൻ. ഓഫീസിൽ മനമോഹൻ ഉണ്ടെങ്കിൽ മറ്റൊന്നും ആലോചിക്കാതെ ഐസക്കിന് എവിടെയും പോകാമായിരുന്നു. കാര്യങ്ങൾ കൃത്യതയോടെ ഭംഗിയായി ചെയ്യും. പറയാനുള്ളത് ആരെയും സുഖിപ്പിക്കാതെ വളച്ചു കെട്ടില്ലാതെ പറയും. ഓഫീസിൽ എത്തുന്നവരോടെല്ലാം മാന്യമായി പെരുമാറും. തോമസ് ഐസക് ആദ്യമായി മന്ത്രിയായി വന്നപ്പോഴാണ് വി.ജി. മനമോഹനെ ഞാൻ ആദ്യമായി കാണുന്നത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. കാണുമ്പോൾ വലിയ ഗൗരവപ്രകൃതം. പക്ഷെ അടുത്തപ്പോൾ എത്ര സ്നേഹസമ്പന്നൻ. ആ അടുപ്പം സഹോദരതുല്യ ബന്ധമായി വളരാൻ അധികസമയം വേണ്ടിവന്നില്ല. വി.എസ്. മന്ത്രിസഭയിൽ ഐസക് വന്നപ്പോൾ എത്രയെത്ര വാർത്തകളാണ് ഞങ്ങൾ ചെയ്തത്. വാളയാറുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ധനവകുപ്പ് സെമിനാർ നടത്തിയപ്പോൾ അതോടൊപ്പം വിതരണം ചെയ്ത വലിയ ബുക്ക്ലെറ്റ് തുടങ്ങുന്നതു തന്നെ എന്റെ വാർത്തയോടെയായിരുന്നു. ഐസക് സഖാവിന്റെ ഓഫീസ് (അകാലത്തിൽ വിടപറഞ്ഞ കിച്ചുവടക്കം) ഒട്ടാകെ ഒരു സൗഹൃദച്ചരടിൽ കോർത്ത ബന്ധമായിരുന്നു.
മനമോഹനെന്നാണ് പേരെങ്കിലും മൻമോഹൻ എന്നാണ് ഞാൻ വിളിച്ചിരുന്നത്. വളരെ ലളിതമായ ജീവിതം. എന്നാൽ കേരളത്തിന്റെ പുരോഗതിയിൽ തന്റേതായ ഒരു പങ്കു വഹിച്ചാണ് മൻമോഹൻ മടങ്ങുന്നത്. ജനകീയാസൂത്രണം പ്രാവർത്തികമാക്കുന്നതിൽ മൻമോഹൻ വഹിച്ച പങ്ക് നിസ്തുലമാണ്. ചെറുപ്പത്തിലേ അച്ഛൻ മരിച്ചതിനാൽ സഹോദരങ്ങളുടെ വിദ്യഭ്യാസം,വിവാഹം ഉൾപ്പെടെ എല്ലാ കാര്യങ്ങളും ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്തു നിന്ന് നിറവേറ്റി. സഹോദരങ്ങൾക്കു വേണ്ടി മാത്രം ഹോമിക്കാനുള്ളതല്ല ജീവിതമെന്ന് പറഞ്ഞു സുഹൃത്തുക്കളായ പരിഷത് പ്രവർത്തകർ നിർബന്ധിച്ചാണ് വിവാഹത്തിനു സമ്മതിപ്പിച്ചത്. ഒരു സാധാരണ പെൺകുട്ടിയെയാണ് വിവാഹം ചെയ്തത്. വിവാഹശേഷം ജീവിതസഖിയെ ക്യാൻസർ കവർന്നു. ആ വിയോഗം മൻമോഹനെ വല്ലാതെ ഉലച്ചു. ഐസക് ധനകാര്യമന്ത്രിയായി തിളങ്ങിയെങ്കിൽ അതിനു മൻമോഹന്റെ പിന്തുണ വളരെ വലുതായിരുന്നു. ഐസക്കിനൊപ്പം പ്രവർത്തിക്കുമ്പോൾ ആഴ്ചയിൽ ഒന്നു രണ്ടുതവണയെങ്കിലും ഓഫീസിൽ പോയി കാണുമായിരുന്നു. ഒരു കുന്ന് അസുഖങ്ങളുമായാണ് നടന്നത്. ജോലിത്തിരക്കിൽ അസുഖം മറക്കും. എന്നാൽ ഇടക്കിടെ ആശുപത്രിയിൽ കിടക്കും. വീണ്ടും ജോലി ചെയ്യും. പേസ്മേക്കർ വച്ചിരുന്നു. ഐസക്കിന്റെ സെക്രട്ടറിയായി ജോയിൻ ചെയ്യുമ്പോൾ നിശ്ചയിച്ചിരുന്ന ഹൃദയ ശസ്ത്രക്രിയ മാറ്റിവച്ചാണ് ചുമതലയേറ്റത്. തിരുവനന്തപുരത്ത് പത്രപ്രവർത്തകനായി വന്നശേഷം ഏറ്റവും അടുപ്പം പുലർത്തിയ വ്യക്തികളിൽ ഒരാളാണ് മൻമോഹൻ. എന്റെ അച്ഛന്റെയും അമ്മയുടെയും വേർപാടിൽ ആശ്വസിപ്പിക്കാൻ വീട്ടിലെത്തിയിരുന്നു. വലിയ നഷ്ടമെന്നൊക്കെ പറഞ്ഞാൽ മതിയാവില്ല. ജീവിതം നാടിനായി സമർപ്പിച്ചു, വേദിക്കു മുന്നിൽ വരാതെ നോക്കി, ചെയ്യുന്നത് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തണമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. നിസ്വാർത്ഥ സേവനം... മൻമോഹനെപ്പോലുള്ളവരാണ് ഈ നാടിന്റെ കാവലാളുകളായി നിലകൊള്ളുന്നത്. അവർ ഒന്നും പ്രതീക്ഷിക്കുന്നില്ല. മൺവിളയിലെ വസതിയിൽ പോയി അന്ത്യാജ്ഞലി അർപ്പിച്ചു. അവിടെ ഡോ.രാമൻകുട്ടി, എം.ശിവശങ്കർ തുടങ്ങി ജീവിതത്തെ തങ്ങളുടെ പ്രവർത്തന മേഖലയ്ക്ക് പരിപൂർണമായി സമർപ്പിച്ച ഒട്ടേറെപ്പേർ ഉണ്ടായിരുന്നു. മൻമോഹൻ ഒരു ഉറച്ചവാക്കായിരുന്നു.അങ്ങനെ ഒരാൾ ഇനി ഇല്ല. വിട പ്രിയ മൻമോഹൻ, മായില്ല ആ മൃദു മന്ദഹാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |