
വികസനം എല്ലാവരിലേക്കും എത്തിക്കാനുള്ള സാമ്പത്തിക മാതൃകയാണ് നമുക്കു വേണ്ടത്. 'വികസിത കേരളം, സുരക്ഷിത കേരളം, എല്ലാവരുടെയും വിശ്വാസങ്ങളെ മാനിക്കുന്ന കേരളം" എന്ന മുദ്രാവാക്യം കേരളം പോലെ വൈവിദ്ധ്യമാർന്ന ഒരു സമൂഹത്തിന് വളരെ പ്രധാനമാണ്. പ്രീണന രാഷ്ട്രീയത്തിൽ ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതിലൂടെ മറ്റൊരു വിഭാഗത്തോട് അനീതി കാണിക്കുകയാണ് ചെയ്യുന്നത്. ബി.ജെ.പി പ്രീണനത്തിൽ വിശ്വസിക്കുന്നില്ല. മറിച്ച്, എല്ലാവർക്കും നീതി ഉറപ്പാക്കുകയാണ് ചെയ്യുന്ന
ത്.
കേരളത്തിലെ ഓരോ പൗരന്റെയും വികസനമാണ് ലക്ഷ്യമെങ്കിൽ, വിദേശ പണത്തെ മാത്രം ആശ്രയിക്കുന്ന സാമ്പത്തിക വ്യവസ്ഥകൊണ്ട് ഗുണമുണ്ടാവില്ല. വിദേശത്തു നിന്നുള്ള പണത്തെ സ്വാഗതം ചെയ്യുന്നു; അത് തുടരുകയും വേണം. എന്നാൽ, കുടുംബാംഗങ്ങൾ വിദേശത്തില്ലാത്തവരുടെ അവസ്ഥയോ? വിദേശ വരുമാനം കുറയ്ക്കണമെന്നല്ല, കൂടുതൽ അവസരങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടുകയാണ് വേണ്ടത്. വിനോദസഞ്ചാര മേഖലയിലെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ സാദ്ധ്യതകളും കൂടുതൽ പര്യവേക്ഷണം ചെയ്യേണ്ടതുണ്ട്. സമുദ്ര വ്യാപാരത്തിലെ നൂറു ശതമാനം സാദ്ധ്യതകളും പ്രയോജനപ്പെടുത്തണം.
കേരളത്തിലെ ആയുർവേദം, ഔഷധ ഉത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ആഗോളതലത്തിൽ ശ്രദ്ധേയമാണ്. ഇവയും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തണം. കൂടുതൽ ഭൂമി ആവശ്യമില്ലാത്തതും, എന്നാൽ ഉയർന്ന ബുദ്ധിശക്തി ആവശ്യമുള്ളതുമായ ഡേറ്റാ സ്റ്റോറേജ്, ഐ.ടി മുതൽ സെമി കണ്ടക്ടറുകൾ വരെ നിരവധി വ്യവസായങ്ങൾ കേരളത്തിലുണ്ട്. അവ വികസിപ്പിക്കണം. വിദേശ പണത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതോടൊപ്പം, സംസ്ഥാനത്തെ മുന്നോട്ടു നയിക്കുന്ന സമഗ്രമായ വികസന മാതൃക കേരളം സ്വീകരിക്കണം. ഈ മാതൃക കേരളത്തിലെ ഓരോ പൗരനും വികസനത്തിനുള്ള അവസരം നൽകും.
യഥാർത്ഥ വികസനത്തിൽ ഓരോ പൗരനും അതിൽ സ്വന്തം പ്രതിബിംബം കാണാൻ കഴിയുന്നതാകണം. ഓരോ വ്യക്തിക്കും അതിൽ സ്ഥാനവും കാഴ്ചപ്പാടും ഉണ്ടായിരിക്കണം. സുരക്ഷിതമായ കേരളമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ക്രമസമാധാനം ഉപരിപ്ലവമായി നല്ലതാണെന്ന് തോന്നാമെങ്കിലും, വിവിധ തരത്തിലുള്ള ഭീഷണികൾ വളരുമ്പോൾ അവ ദീർഘകാലാടിസ്ഥാനത്തിൽ നമ്മെ സുരക്ഷിതരാക്കില്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചപ്പോൾ ഇവിടെയുള്ള രണ്ട് ഭരണസഖ്യങ്ങളും അതിനെ നിശബ്ദ സ്വരത്തിൽ എതിർക്കുകയും ആ നടപടിയെ പിന്തുണയ്ക്കാതിരിക്കുകയും ചെയ്തു. പി.എഫ്ഐ, ജമാ അത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകൾക്ക് കേരളത്തെ ഐക്യത്തോടെ നിലനിറുത്താൻ കഴിയുമോ?
ഇത്തരം ഭീഷണികളെ തിരിച്ചറിയുകയും അവ ഇല്ലാതാക്കാൻ പ്രവർത്തിക്കുകയും ചെയ്യുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. പി.എഫ്.ഐ നിരോധിക്കുകയും അതിന്റെ പ്രവർത്തകരെ അഴിക്കുള്ളിലാക്കുകയും ചെയ്തതിനെപ്പറ്റി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംസാരിക്കുമ്പോൾ രാജ്യം മുഴുവൻ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. 'സുരക്ഷിത കേരളം" എന്ന സങ്കല്പം അണിയറയിൽ പ്രവർത്തിക്കുന്ന ഇത്തരം അദൃശ്യ ഭീഷണികളെ തിരിച്ചറിയുന്നതിനെക്കുറിച്ചും അവയിൽ നിന്ന് കേരളത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ചും ഉള്ളതാണ്.
സുരക്ഷിത കേരളത്തിൽ എല്ലാ മതവിശ്വാസികളുടെയും വിശ്വാസം മാനിക്കപ്പെടണം. ആരുടെയെങ്കിലും മതം ചോദിക്കാതെയാണ് പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള പരിപാടികൾ മോദി സർക്കാർ ആരംഭിച്ചതും നാല് കോടി വീടുകൾ അവർക്ക് നൽകിയതും. എല്ലാവർക്കും വെള്ളം ലഭിക്കുന്നു, ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നു, എല്ലാവർക്കും ചികിത്സ ലഭിക്കുന്നു. സർക്കാരിനെ നയിക്കുമ്പോൾ എല്ലാത്തരം വിശ്വാസങ്ങളോടും നീതി പുലർത്തണം.
ശബരിമലയിൽ വിശ്വാസപരമായ ചോദ്യങ്ങൾ ഉയരുന്നു. എന്നിട്ടും അയ്യപ്പന്റെ ഭണ്ഡാരത്തിൽ മോഷണം നടക്കുമ്പോൾ അത് മൂടിവയ്ക്കപ്പെടുന്നു. ഇത് ഭരണത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അന്വേഷണം നിഷ്പക്ഷമായിരുന്നാൽ മാത്രം പോരാ, നിഷ്പക്ഷമാണെന്ന് ബോദ്ധ്യമാവുക കൂടി വേണം. സ്വർണക്കൊള്ള നിഷ്പക്ഷമായ ഏജൻസി അന്വേഷിക്കണം. കേരളത്തിൽ രണ്ട് മുന്നണികൾ മാറി മാറി ഭരണത്തിൽ വരുന്നത് അഴിമതി വർദ്ധിക്കാൻ കാരണമായി. ഒരു മുന്നണിയുടെ കാലത്തു നടന്ന അഴിമതി, എതിർ മുന്നണി അന്വേഷിക്കുന്നില്ല. സഹകരണ കുംഭകോണം, എ.ഐ ക്യാമറ അഴിമതി, പി.പി.പി കിറ്റ് അഴിമതി തുടങ്ങിയ അഴിമതികളിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ല. കോഴക്കേസും സോളാർ തട്ടിപ്പും ശരിയായി അന്വേഷിച്ചിട്ടില്ല. ഇരുമുന്നണികളുടെയും സർക്കാരുകൾ പരസ്പരം അഴിമതി സംരക്ഷിക്കുകയാണ്.
കേരളത്തിലെ ജനങ്ങൾക്ക് അഴിമതിയിൽ നിന്ന് മുക്തി വേണമെങ്കിൽ ഞങ്ങളുടെ സർക്കാരിന് ഒരു തവണ അവസരം നൽകണം. കേരളത്തിൽ "അഴിമതിയില്ലാത്ത ഭരണം" സ്ഥാപിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അഴിമതിയില്ലാത്ത ഭരണവും, വിവേചനമില്ലാത്ത സേവനങ്ങളും, വോട്ട് ബാങ്ക് രാഷ്ട്രീയമില്ലാത്ത വികസന കാഴ്ചപ്പാടും നൽകാൻ ഞങ്ങളുടെ ഗവണ്മെന്റിനു മാത്രമേ സാധിക്കൂ. അഴിമതിയില്ലാത്ത ഭരണം എന്നാൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന സുതാര്യമായ ഭരണമാണ്. വിവേചനമില്ലാത്ത സേവനങ്ങൾ ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കും. വോട്ട് ബാങ്ക് രാഷ്ട്രീയമില്ലാത്ത വികസന കാഴ്ചപ്പാടിനു മാത്രമേ സമഗ്ര വികസന മാതൃക സൃഷ്ടിക്കാൻ കഴിയൂ. രാജ്യം മുഴുവൻ ഇത് ഞങ്ങൾ തെളിയിച്ചിട്ടുണ്ട്.
കേരളത്തിന്റെ വികസനത്തിനായി ഒട്ടേറെ കാര്യങ്ങൾ മോദി സർക്കാർ ചെയ്തിട്ടുണ്ട്. 2004 മുതൽ 2014 വരെ അധികാരത്തിലുണ്ടായിരുന്ന കേന്ദ്ര സർക്കാർ കേരളത്തിന് 72,000 കോടി രൂപയാണ് നൽകിയതെങ്കിൽ, 2014 മുതൽ 2024 വരെയുള്ള കാലയളവിൽ 3.23 ലക്ഷം കോടി രൂപ നൽകി. കേരളത്തിൽ എൻ.ഡി.എ അധികാരത്തിൽ ഇല്ലാതിരുന്നിട്ടും ഈ തുക അനുവദിച്ചു. ഇതിനു പുറമെ, അടിസ്ഥാന സൗകര്യ വികസനത്തിന് 22,000 കോടി, റോഡ് വികസനത്തിന് 4000 കോടി, റെയിൽവേയ്ക്കും വിമാനത്താവളങ്ങൾക്കുമായി 17,000 കോടി രൂപ വീതം പ്രത്യേകമായി അനുവദിച്ചു. നഗരവികസനത്തിനായി 22,000 കോടി നൽകി. അമൃത് ഭാരത് പദ്ധതി പ്രകാരം ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ, ഗുരുവായൂർ സ്റ്റേഷനുകൾ നവീകരിച്ചു. സ്മാർട്ട് സിറ്റി മിഷനിൽ തിരുവനന്തപുരത്തെയും കൊച്ചിയെയും ഉൾപ്പെടുത്തി. ജൻ വികാസ് പരിപാടിയിൽ 130 കോടി രൂപയുടെ 19 സാമൂഹ്യ അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
മോദി സർക്കാരല്ല, മറിച്ച് പിണറായി സർക്കാരാണ് കേരളത്തോട് അനീതി കാണിച്ചത്. ഒരു 'നവ കേരളം' സൃഷ്ടിക്കപ്പെട്ടാൽ മാത്രമേ 'നവ ഇന്ത്യ' ഉദയം ചെയ്യൂ. വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം കൈവരിക്കാനാവൂ. അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ഗവേഷണവികസനം, വ്യാവസായിക വികസനം, ഒരു വ്യക്തിയുടെ വ്യക്തിഗത വരുമാനത്തിലെ വർദ്ധന - ഇതാണ് 'വികസിത കേരള'ത്തിനായുള്ള ഞങ്ങളുടെ ദർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |