
സൂര്യനെ ജ്വലിപ്പിച്ച് നിറുത്തുന്ന ആണവ സംയോജനമെന്ന (nuclear fusion) ഊർജ്ജസ്രോതസിന് നാളത്തെ ഇന്ത്യയെ മിന്നിച്ചു നിറുത്താനാകുമെന്നാണ് ശാസ്ത്രജ്ഞരുടെയും എൻജിനിയർമാരുടെയും പ്രവചനം. 2047-ൽ വികസിത രാജ്യപ്പട്ടം ചൂടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭാരതത്തിന്റെ ആണവോർജ നിർമ്മിതി ഇപ്പോഴത്തെ 8.2 ജിഗാ വാട്ട് എന്ന നിലയിൽ നിന്ന്100 ജിഗാ വാട്ടായി ഉയർത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വലിയ ടാർജറ്റിൽ എത്തിപ്പിടിക്കാനാണ് നിലവിലെ ആണവ ചട്ടങ്ങൾക്കു പകരം 'ശാന്തി"യെന്ന പുതിയ നിയമം പാർലമെന്റ് പാസാക്കിയിരിക്കുന്നത്.
നന്മകളുടെ
സംയോജനം
രണ്ടാമത്തെ മാർഗം, ഭാരംകുറഞ്ഞ അണുകേന്ദ്രങ്ങൾ (ഹൈഡ്രജൻ മൂലകത്തിന്റെ വ്യത്യസ്ത രൂപങ്ങളായ ഡ്യൂട്ടിരിയം, ട്രിറ്റിയം പോലുള്ളവ) കൂട്ടിയിണക്കി വൻതോതിൽ ഊർജ്ജമൊഴുക്കുന്ന അണുസംയോജനമെന്ന സങ്കേതമാണ്. ഇതിനുവേണ്ട മൂലകങ്ങൾ സുലഭമാകയാൽ അതിരില്ലാത്ത ഊർജ്ജം നിർമ്മിച്ചെടുക്കാവുന്ന മാർഗമെന്നതാണ് പ്രധാന മേന്മ. ഒരു കിലോഗ്രാം ഇന്ധനവിന്യാസം കൊണ്ട് അണുവിഘടനത്തിലൂടെ വസൂലാക്കാവുന്ന വൈദ്യുതിയുടെ നാലിരട്ടി ഊർജ്ജം അണുസംയോജനത്തിലൂടെ നേടാൻ കഴിയുമെന്നാണ് അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി സാക്ഷ്യപ്പെടുത്തുന്നത്.
എണ്ണയും, കൽക്കരിയും കത്തിച്ചുണ്ടാക്കുന്നതിനേക്കാൾ 40 ലക്ഷം ടൺ കൂടുതൽ ഊർജ്ജം ഇതിലൂടെ നേടാനാകുമെന്നും ഈ അന്താരാഷ്ട്ര ഏജൻസി രേഖപ്പെടുത്തുന്നു. ഫ്യൂഷൻ പ്രക്രിയ വഴിയുള്ള നിർമ്മിതിയിൽ കാർബണിന്റെ പുറന്തള്ളൽ പൂജ്യത്തിനടുത്താകയാൽ, ഹരിത ഊർജ്ജത്തിന്റെ ഉറവിടംകൂടിയാണിത്. ന്യൂക്ലിയർ വിഘടന പ്ലാന്റുകളെക്കുറിച്ചുള്ള ഏറ്റവും വലിയ ഉത്കണ്ഠ റേഡിയേഷനെക്കുറിച്ചാണ്. ന്യൂക്ലിയർ വിഘടനത്തിലൂടെ പുറന്തള്ളപ്പെടുന്ന അണുപ്രസരണമുള്ള മാലിന്യങ്ങൾ സഹസ്രാബ്ദം വരെ നീളുന്നതാണെങ്കിൽ, അണു സംയോജന പ്രക്രിയയിൽ അവ ഹ്രസ്വ കാലത്തേക്കു മാത്രം നിലനിൽക്കുന്നവയാണ്. അതായത്, സമൂഹത്തിന് കൂടുതൽ സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന പ്രക്രിയയാണ് ഫ്യൂഷനിലൂടെ നടക്കുന്നത്.
ഫ്യൂഷനിൽ നാം
എവിടെ?
രണ്ടാം ലോകമഹായുദ്ധത്തിന് പിന്നാലെയുള്ള ദശകത്തിൽ വികസിപ്പിച്ചെടുത്ത ഹൈഡ്രജൻ ബോംബിന്റെ വരവോടെയാണ് അണു സംയോജനത്തിന്റെ അനന്തമായ ഊർജ്ജ സാദ്ധ്യതകളെക്കുറിച്ച് ലോകത്തിനു ബോദ്ധ്യമാകുന്നത്. പിന്നീടിങ്ങോട്ട് , സമാധാനപരമായ ആവശ്യങ്ങൾക്കിണങ്ങും വിധം ആ പ്രക്രിയ മാറ്റിപ്പണിയാനും അതിലൂടെ വൈദ്യുതി സംഭരിക്കാനുമുള്ള ഗവേഷണങ്ങൾക്കും കർമ്മങ്ങൾക്കും ആക്കം കൂടി വന്നു. ലോകത്തെ 50 രാജ്യങ്ങളിൽ ഇത്തരം പ്രവർത്തനം നടക്കുകയും, അടുത്തിടെ, ഫ്യൂഷനു വേണ്ടി വിനിയോഗിക്കപ്പെടുന്ന ഇന്ധനത്തെക്കാൾ കൂടുതൽ ഊർജ്ജം ആർജ്ജിക്കാനുമുള്ള നേട്ടം കൈവരിക്കുകയും ചെയ്തു.
ഇന്ത്യ അടക്കമുള്ള 30 രാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി ലോകത്തെ ഏറ്റവും വലിയ ഫ്യൂഷൻ ഫെസിലിറ്റിയായി ഫ്രാൻസിലെ അന്താരാഷ്ട്ര തെർമോന്യൂക്ലിയർ പരീക്ഷണ റിയാക്ടർ (ITER) എന്ന കേന്ദ്രത്തെ വളർത്തിയെടുക്കാൻ സാധിച്ചു. 550 കോടി ഡോളർ ഫണ്ടിംഗ് വരുന്ന ഊർജ്ജസ്വലമായ ഒരു സ്റ്റാർട്ടപ്പ് മേഖലയും ഫ്യൂഷൻ രംഗത്തെ സജീവ സാന്നിധ്യമാണ്. ഇന്ത്യയുടെ ഫ്യൂഷൻ രംഗത്തെ പ്രവർത്തനങ്ങളിൽ വഴിത്തിരിവു ണ്ടാകുന്നത് ഗാന്ധിനഗറിലെ പ്ലാസ്മാ ഗവേഷണ കേന്ദ്രത്തിൽ 1989-ൽ, വികസിപ്പിച്ചെടുത്ത 'ആദിത്യ"യെന്ന കാന്തിക സംയോജനത്തിന്റെ രൂപകല്പനയിലൂടെയാണ്.
യുവ പ്രതിഭകൾ നേതൃത്വം നൽകുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങളും നമ്മുടെ നാട്ടിൽ തളിർത്തു വളരുകയാണ്. ബംഗളൂരു ആസ്ഥാനമായുള്ള 'പ്രനോസ്" ഹൈദരാബാദിലെ 'അനബൽ ഫ്യൂഷൻ", 'ഹൈലനർ ടെക്നോളജി" എന്നിവ ഈ ഗണത്തിലെ ശ്രദ്ധേയ ഉദ്യമങ്ങളാകുന്നു. ചുരുക്കത്തിൽ, അണു സംയോജനമെന്ന അക്ഷയപാത്ര സ്വഭാവമുള്ള ഊർജ്ജത്തിന്റെ വിശുദ്ധ ചഷകം നിറയുന്നതു കാണാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |