
മറ്റൊരു മകരവിളക്ക് കൂടി കഴിയുമ്പോൾ ശബരിമല തീർത്ഥാടക കാലത്തെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ പുല്ലുമേട് ദുരന്തത്തിന്റെ ഓർമ്മകൾ മായുന്നില്ല. 102 തീർത്ഥാടകരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തത്തിന് 15 വയസ് പൂർത്തിയായിട്ടും ഉത്തരം കിട്ടാതെ ചോദ്യങ്ങളും സംശയങ്ങളും ഇനിയും ബാക്കിയാണ്. 2011 ജനുവരി 14നാണ് വണ്ടിപ്പെരിയാർ പഞ്ചായത്തിലെ വള്ളക്കടവ് ഉപ്പുപാറയിൽ ദുരന്തമുണ്ടായത്. രാത്രി 7.30ന് മകരജ്യോതി ദർശിച്ച് മടങ്ങിയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. മകരജ്യോതി ദർശനത്തിനുശേഷം സ്വദേശത്തേക്ക് മടങ്ങാനുള്ള തിടുക്കത്തിനിടെ വെളിച്ചക്കുറവും അയ്യപ്പഭക്തരെ നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരും മറ്റ് സംവിധാനങ്ങളും ഇല്ലാതിരുന്നതുമാണ് ദുരന്തത്തിനിടയാക്കിയത്. വാഹനം പ്രവേശിക്കാതിരിക്കാൻ പുല്ലുമേട്ടിലെ കുന്നിൻചെരുവിൽ പൊലീസ് കെട്ടിയ ചങ്ങലയിൽ തട്ടി തീർത്ഥാടകർ വീണാണ് അപകടമുണ്ടായത്. പുല്ലുമേട്ടിലേക്കുള്ള പാതയിലെ വീതി കുറഞ്ഞ റോഡിനിരുവശത്തുമായി വനംവകുപ്പ് സ്ഥാപിച്ചിരുന്ന കടകളും ഈ ഭാഗത്തേക്ക് വാഹനങ്ങളുടെ പ്രവേശനം നിരോധിക്കാൻ സ്ഥാപിച്ച ചങ്ങലയും ആയിരക്കണക്കിന് വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്തിരുന്നതും മൂലം അയ്യപ്പഭക്തർക്ക് മുന്നോട്ടുനീങ്ങാൻ കഴിയാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. മറ്റുള്ളവരുടെ ചവിട്ടേറ്റും വാരിയെല്ലുകൾ ഒടിഞ്ഞുമാണ് ഏറെപ്പേരും മരിച്ചത്. ആദ്യം കുമളി പൊലീസും പിന്നീട് കോട്ടയം ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ വ്യാപകമായ പരിശോധന നടത്തിയെങ്കിലും മറിഞ്ഞ നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ഉടമയെ പോലും കണ്ടെത്താനായിരുന്നില്ല. ഈ ബൈക്കാണ് അപകടത്തിന്റെ തോത് കൂട്ടിയതെന്ന് ആദ്യം തന്നെ സൂചനകൾ വന്നിരുന്നു. പൊലീസുൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് ദുരന്തത്തിനു കാരണമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെങ്കിലും ആരെയും പ്രതിയാക്കുകയോ ശിക്ഷിക്കുകയൊ ചെയ്തില്ല. പിന്നീട് ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ കമ്മിഷനും ഇതേ കണ്ടെത്തൽ നടത്തിയിരുന്നു. ലക്ഷങ്ങൾ എത്തിയിരുന്ന സ്ഥാനത്ത് ദുരന്തത്തിന് ശേഷം 10,000ൽ താഴെ തീർത്ഥാടകരായി എണ്ണം കുറഞ്ഞു. ഇത്തവണ മകരവിളക്കിന് ജില്ലാ ഭരണകൂടം ലക്ഷങ്ങൾ മുടക്കി വലിയ സജ്ജീകരണം ഒരുക്കിയിട്ടുണ്ടെങ്കിലും ദുരന്തഭയത്തിൽ ഇപ്പോഴുമെത്തുന്ന തീർത്ഥാടകരുടെ എണ്ണം കുറവാണ്. ദുരന്ത ദിവസം മൂന്ന് ലക്ഷത്തോളം അയ്യപ്പഭക്തർ പുല്ലുമേട്ടിൽ മകരജ്യോതി ദർശനത്തിനായി എത്തിയതായാണ് കണക്ക്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ തീർത്ഥാടകർക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്ത് നിന്നുമുള്ളവരും പുല്ലുമേട്ടിൽ എത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്ന് 39 പേരും കർണാടകയിൽ നിന്ന് 31 പേരും ആന്ധ്രാപ്രദേശിൽ നിന്നെത്തിയ 26 പേരും മൂന്നു മലയാളികളും ഒരു ശ്രീലങ്കൻ സ്വദേശിയുമാണ് മരിച്ചത്.
ഇതുവരെ തുറക്കാതെ കാനനപാത
ദുരന്തമുണ്ടായി 15 വർഷം പിന്നിട്ടെങ്കിലും അതിപുരാതന കാനനപാത തുറന്നു നൽകാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. വണ്ടിപ്പെരിയാർ- വള്ളക്കടവ്- കോഴിക്കാനം- ഉപ്പുപാറ- പുല്ലുമേട് പാതയാണ് ഇനിയും തുറക്കാത്തത്. ഇതുവഴി പുല്ലുമേട്ടിൽ നിന്ന് ആറ് കിലോമീറ്റർ മാത്രം നടന്നാൽ സന്നിധാനത്ത് എത്താനാകും. പതിറ്റാണ്ടുകൾക്ക് മുമ്പേ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും സ്ഥിരമായി ശബരിമല തീർത്ഥാടകർ എത്തിയിരുന്നത് ഈ കാനനപാതയിലൂടെയായിരുന്നു. വണ്ടിപ്പെരിയാറിൽ നിന്ന് ടാക്സി ജീപ്പുകളും കുമളിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസും തീർത്ഥാടന കാലത്ത് സർവീസ് നടത്തിയിരുന്നു. വള്ളക്കടവ്, കോഴിക്കാനം, പമ്പ എന്നീ വനംവകുപ്പ് റേഞ്ചിന്റെ പരിധിയിൽ കൂടിയാണ് ഈ പാത കടന്നുപോകുന്നത്. പുല്ലുമേട് ദുരന്തത്തിനുശേഷം ജസ്റ്റിസ് ഹരിഹരൻ കമ്മീഷൻ സ്ഥലം സന്ദർശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. എന്നാൽ ഹരിഹരൻ കമ്മിഷൻ ഈ പാത അടച്ചുപൂട്ടണമെന്ന് പറഞ്ഞിട്ടില്ല. ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണനടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വള്ളക്കടവ്, കോഴിക്കാനം, പുല്ലുമേട് വഴി വാഹനങ്ങൾ കടത്തിവിടാൻ പാടില്ലെന്ന് ഉത്തരവിട്ടത്. വനംവകുപ്പ്, പൊലീസ് എന്നിവരുടെ വാഹനങ്ങൾ ജോലി സംബന്ധമായ കാര്യങ്ങൾക്ക് മാത്രം കടന്നുപോകാം. മകരവിളക്കിന് ശബരിമല തീർഥാടകർക്ക് ഇതുവഴി പോകാമെന്നും വിധിയിൽ പറയുന്നു. എന്നാൽ 2012 മുതൽ ഇതു വഴി ഒരു വാഹനങ്ങൾ കടത്തിവിടുന്നില്ല.
സത്രം വഴി ദുർഘടം
ഇപ്പോഴുള്ള കാനനപാതയായ സത്രം- പുല്ലുമേട് വഴി സന്നിധാനത്തേക്ക് 13 കിലോമീറ്റർ നടക്കണം. സത്രത്തിൽ നിന്ന് ആദ്യഘട്ടത്തിൽ 1.5 കിലോ മീറ്ററോളം ദൂരം കുത്തനെയുള്ള കയറ്റമാണ്. വഴി തെളിച്ചശേഷം വടം കെട്ടിയിട്ടാണ് ഭക്തർക്ക് ഇതുവഴി കയറാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ സഞ്ചരിക്കുമ്പോൾ അടുത്ത പോയിന്റ് സീതക്കുളമാണ്. ഇവിടെ വെള്ളം കുടിയ്ക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ ഇവിടെ എത്തുമ്പോഴേക്കും പലരും കയറ്റം കയറി ക്ഷീണിതരാവുകയാണ്. സീതക്കുളം എത്തുന്നതിന് മുമ്പ് മുതൽ മരങ്ങൾ ഒന്നുമില്ലാത്ത മൊട്ടക്കുന്ന് നിറഞ്ഞ സ്ഥലമാണ് ഏകദേശം 4.5 കി. മീറ്ററോളം. ഇതിനാൽ തന്നെ ഇവിടെ നിന്ന് പൂങ്കാവനത്തിലേക്ക് പ്രവേശിക്കുന്നത് വരെ കനത്ത ചൂടാകും ഭക്തർക്ക് സഹിക്കേണ്ടി വരിക. ചെറുതായൊന്ന് വിശ്രമിക്കാൻ പോലും ഇവിടെ ഒരിടത്തും ഒരു മരത്തണൽ പോലും ലഭിക്കില്ല. നിലവിൽ കനത്ത ചൂട് കൂടി അനുഭവപ്പെടുന്നതിനാൽ തീർത്ഥാടകർ വലയുകയാണ്. ഇവിടെ നിന്നുള്ള അടുത്ത സ്ഥലം സീറോ പോയിന്റാണ്. അടുത്തത് പുല്ലുമേട് ദുരന്തമുണ്ടായ താവളമെന്ന സ്ഥലം. ഇവിടെ രണ്ടിടത്തും കുടിയ്ക്കാൻ വെള്ളം വച്ചിട്ടുണ്ട്. ഇവിടെ നിന്ന് പൂങ്കാവനം, കഴുതക്കുഴി, സന്നിധാനം. പുല്ലുമേട്ടിൽ നിന്ന് ആറ് കിലോ മീറ്റർ ദൂരമാണ് സന്നിധാനത്തേക്കുള്ളത്. പുല്ലുമേട്ടിൽ നിന്ന് പൂങ്കാവനത്തിലേക്ക് കുത്തിറക്കമാണ്. പുല്ലുമേട്ടിൽ നിന്ന് ആറ് കിലോമീറ്റർ കൂടി കാട്ടിലൂടെ സഞ്ചരിച്ചാലാണ് പൂങ്കാവനവും കഴുതക്കുഴിയും കടന്ന് സന്നിധാനത്ത് എത്താനാകുക. ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് കോഴിക്കാനം- ഉപ്പുപാറ- പുല്ലുമേട് പാത തുറന്നു കൊടുത്താൽ ഒരു തടസവുമില്ലാതെ 15,000 മുതൽ 20,000 വരെ തീർത്ഥാടകർക്ക് ഒരു ദിവസം സന്നിധാനത്തിലെത്താനാകുമെന്നാണ് നിഗമനം. പമ്പ വഴി വർദ്ധിച്ചു വരുന്ന തീർത്ഥാടകരുടെ തള്ളി കയറ്റം ഇല്ലാതാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |