SignIn
Kerala Kaumudi Online
Saturday, 17 January 2026 11.55 AM IST

'സ്റ്റാർട്ടപ്പ് ഇന്ത്യ'യ്ക്ക് 10 വയസ്,​ സംരംഭകത്വത്തിലെ പുതിയ സംസ്കാരം

Increase Font Size Decrease Font Size Print Page

s

രാജ്യമെമ്പാടും സമഗ്രവും നൂതനവുമായ ഒരു ആവാസ വ്യവസ്ഥയായി 'സ്റ്റാർട്ടപ്പ് ഇന്ത്യ" സംരംഭം പരിണമിച്ചിരിക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും യുവ സംരംഭകത്വ ഊർജ്ജത്തെ നയിക്കുന്നതിലൂടെ വികസിത ഭാരതമെന്ന പ്രധാനമന്ത്രിയുടെ ദൗത്യം കൈവരിക്കുന്നതിന് ഇത് വഴിയൊരുക്കുന്നു. ഇന്ത്യ ഇപ്പോൾ ലോകത്തെ തന്നെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥകളിലൊന്നാണ്.

'സംരംഭകത്വം" ഇന്ത്യയുടെ സാമ്പത്തിക ഭൂപ്രകൃതിയെ പുനർനിർമ്മിക്കുകയും വളർച്ചയുടെയും തൊഴിൽ സൃഷ്ടിയുടെയും ഒരു പുതിയ 'എൻജിൻ" ആയി മാറുകയും ചെയ്യുന്ന രാജ്യവ്യാപക പ്രസ്ഥാനമായി മാറിയിരിക്കുന്നു. 2015-ലെ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി 'സ്റ്റാർട്ടപ്പ് ഇന്ത്യ" പ്രഖ്യാപിച്ചപ്പോൾ, രാജ്യത്തെ എല്ലാ ജില്ലകളിലും എല്ലാ ബ്ലോക്കുകളിലും സംരംഭകത്വം വേരൂന്നണമെന്ന വ്യക്തവും അഭിലാഷപൂർണവുമായ ഒരു ദർശനവും അദ്ദേഹം വ്യക്തമാക്കി.

സ്റ്റാർട്ടപ്പ്

മേഖലകൾ

2016 ജനുവരി 16-ന് വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ആരംഭിച്ചതിനുശേഷം 'സ്റ്റാർട്ടപ്പ് ഇന്ത്യ" വളരെ ദൂരം പിന്നിട്ടിരിക്കുന്നു. ഐ.ടി സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, ലൈഫ് സയൻസസ്, വിദ്യാഭ്യാസം, കൃഷി, നിർമ്മാണം എന്നിവയാണ് സ്റ്റാർട്ടപ്പുകൾ ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകൾ. കാലാവസ്ഥ, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ അമ്പതിലധികം മറ്റ് വ്യവസായങ്ങളിൽ പുതിയ സംരംഭങ്ങൾ ഉയർന്നുവന്നിട്ടുമുണ്ട്. ഈ വ്യാപ്തി വൈവിദ്ധ്യമാർന്ന വിഭാഗങ്ങളിലുടനീളം, പ്രത്യേകിച്ച് ദേശീയ വികസന മുൻഗണനകളിലെ നിർണായക മേഖലകളിൽ നവീകരണത്തെയും കരുത്തിനെയും പ്രതിഫലിപ്പിക്കുന്നു.

കഴിഞ്ഞ ദശകത്തിലുണ്ടായ നിർണായകമായ ഒരു മാറ്റമാണ് നൂതനാശയത്തിലും സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടു എന്നത്. ആഗോള നൂതനാശയ സൂചികയിൽ 2015-ൽ 81-ാം സ്ഥാനത്തായിരുന്ന ഇന്ത്യ കഴിഞ്ഞ വർഷം 38-ാം സ്ഥാനത്തേക്ക് ഉയർന്നു. പ്രധാനമന്ത്രിയുടെ 'ഡിജിറ്റൽ ഇന്ത്യ" സംരംഭത്തെ അടിസ്ഥാനമാക്കി എ.ഐ സ്റ്റാർട്ടപ്പുകളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഡീപ്- ടെക് രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ദർശനം 'അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ" സ്ഥാപിക്കുന്നതിലേക്കും,​ ഇന്ത്യ എ.ഐ മിഷനും ഗവേഷണ വികസന, നൂതനാശയ പദ്ധതി ആരംഭിക്കുന്നതിലേക്കും നയിച്ചു.


വ്യോമയാനം, എയ്‌റോ സ്‌പേസ്, പ്രതിരോധം, റോബോട്ടിക്‌സ്, ഗ്രീൻ ടെക്‌നോളജി, ഇന്റർനെറ്റ് ഒഫ് തിംഗ്‌സ്, സെമികണ്ടക്ടറുകൾ തുടങ്ങിയ മേഖലകളിലും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ പുതിയ ആശയങ്ങൾ കണ്ടെത്തുന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ 16,400-ത്തിലധികം പുതിയ പേറ്റന്റ് അപേക്ഷകൾ ഫയൽ ചെയ്തിട്ടുണ്ട്, ഇത് യഥാർത്ഥ നവീകരണത്തിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ദീർഘകാല മൂല്യസൃഷ്ടി, ആഗോള മത്സരക്ഷമത എന്നിവ പ്രതിഫലിപ്പിക്കുന്നു.

സുസ്ഥിര സ്റ്റാർട്ടപ്പ്

ആവാസ വ്യവസ്ഥ

സംരംഭകത്വത്തിന് ഇന്ത്യയിൽ മുഴുവനും പിന്തുണ നൽകുന്നത് ഒരുപോലെ പ്രധാനമാണ്. 2016- ൽ വെറും നാല് സംസ്ഥാനങ്ങളിൽ മാത്രമാണ് സ്റ്റാർട്ടപ്പ് നയങ്ങളുണ്ടായിരുന്നതെങ്കിൽ, ഇന്ന് ഇന്ത്യയിൽ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമർപ്പിത സ്റ്റാർട്ടപ്പ് ചട്ടക്കൂടുകൾ ഉള്ളവയാണ്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇപ്പോൾ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിന്റെ അംഗീകാരമുള്ള സ്റ്റാർട്ടപ്പുകൾ ഉണ്ട്. ഇതുവരെ രണ്ടുലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾക്ക് അംഗീകാരം ലഭിച്ചു, ഇത് ഒരു ദശാബ്ദക്കാലത്തെ സുസ്ഥിര ആവാസ വ്യവസ്ഥാ വികസനത്തെ പ്രതിനിധീകരിക്കുന്നു.

2025-ൽ മാത്രം 49,400-ത്തിൽ അധികം സ്റ്റാർട്ടപ്പുകൾ അംഗീകരിക്കപ്പെട്ടു. 'സ്റ്റാർട്ടപ്പ്" ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക വളർച്ചയാണിത്. സ്ത്രീകൾ നയിക്കുന്ന സംരംഭകത്വം ഒരു പ്രധാന ശക്തിയായി ഉയർന്നുവന്നിട്ടുണ്ട്, അംഗീകൃത സ്റ്റാർട്ടപ്പുകളിൽ 45 ശതമാനത്തിലധികത്തിലും കുറഞ്ഞത് ഒരു വനിതാ ഡയറക്ടറെങ്കിലും ഉണ്ട്. കൂടാതെ, പകുതിയോളം സ്റ്റാർട്ടപ്പുകൾ മെട്രോ ഇതര നഗരങ്ങളിലാണ് അധിഷ്ഠിതമായിരിക്കുന്നത്. ഇത് നവീകരണത്തിന്റെയും തൊഴിലിന്റെയും എൻജിനുകളായി ടയർ-2, ടയർ-3 നഗരങ്ങളുടെ വർദ്ധിച്ചുവരുന്ന പങ്ക് എടുത്തുകാണിക്കുന്നു.

ആഗോള അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നതിനായി, 'സ്റ്റാർട്ടപ്പ് ഇന്ത്യ" ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്. ഇരുപത്തിയൊന്ന് അന്താരാഷ്ട്ര കണ്ണികളും രണ്ട് തന്ത്രപരമായ സഖ്യങ്ങളും ഇപ്പോൾ യു.കെ, ജപ്പാൻ, ദക്ഷിണ കൊറിയ, സ്വീഡൻ, ഇസ്രായേൽ എന്നിവയുൾപ്പെടെ പ്രധാന സമ്പദ്‌വ്യവസ്ഥകളിലുടനീളം വിപണി പ്രവേശനം, സഹകരണം, വ്യാപനം എന്നിവ സുഗമമാക്കുന്നു. 850-ലധികം സ്റ്റാർട്ടപ്പുകൾ ഇതിനകം ഈ സംരംഭങ്ങളിൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്.

നമ്മുടെ നൂതന

ആശയങ്ങൾ

സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, ന്യൂസിലാൻഡ്, ഇസ്രായേൽ എന്നിവിടങ്ങളിലേക്കുള്ള എന്റെ സമീപകാല സന്ദർശനങ്ങളിൽ, സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ ബിസിനസ് പ്രതിനിധികളുടെ അവിഭാജ്യ ഘടകമായിരുന്നു. വികസിത സമ്പദ്‌വ്യവസ്ഥകളിലെ നൂതനാശയങ്ങളിലേക്കും ബിസിനസ് രീതികളിലേക്കും നമ്മുടെ സംരംഭകരെ തുറന്നുകാട്ടുന്നതിനൊപ്പം, ആഗോളതലത്തിൽ ഇന്ത്യൻ നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയായും ഈ ഇടപെടലുകൾ മാറി. ബിസിനസ് ചെയ്യുന്നത് സു​ഗമമാക്കുക എന്നതാണ് ഈ വളർച്ച സാദ്ധ്യമാക്കുന്നതിൽ പ്രധാനം. യോഗ്യതയുള്ള സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ആദ്യ ദശകത്തിനുള്ളിൽ തുടർച്ചയായി മൂന്നു വർഷത്തേക്ക് നികുതി ഇളവ് ലഭിക്കും. 4,100-ലധികം സ്റ്റാർട്ടപ്പുകൾക്ക് ഇതിനകം യോഗ്യതാ സർട്ടിഫിക്കറ്റുകൾ ലഭിച്ചു.

അറുപതിലധികം വരുന്ന റെഗുലേറ്ററി പരിഷ്കാരങ്ങൾ നികുതിപാലന ബാദ്ധ്യതകൾ കുറയ്ക്കുകയും മൂലധന സമാഹരണം സുഗമമാക്കുകയും ആഭ്യന്തര സ്ഥാപന നിക്ഷേപം ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏഞ്ചൽ ടാക്സ് നിറുത്തലാക്കിയതും,​ ദീർഘകാല മൂലധന പൂളുകൾ ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകളിലേക്ക് തുറന്നുകൊടുത്തതും സ്റ്റാർട്ടപ്പ് ഫണ്ടിംഗ് ആവാസ വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തി. ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് വഴി 35,700-ലധികം സ്റ്റാർട്ടപ്പുകളെ ഉൾപ്പെടുത്തി. 51,200 കോടി രൂപയിലധികം മൂല്യമുള്ള അഞ്ച് ലക്ഷത്തിലധികം ഓർഡറുകൾ നേടി.

ഫണ്ട് ഒഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പ്സ് സ്കീമിനു കീഴിൽ 25,500 കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഇത് 1,300-ലധികം സംരംഭങ്ങൾക്ക് പ്രയോജനം ചെയ്യുന്നു. കൂടാതെ, 800 കോടി രൂപയിലധികം മൂല്യമുള്ള കൊളാറ്ററൽ-ഫ്രീ ലോണുകൾ സ്റ്റാർട്ടപ്പുകൾക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിനു കീഴിൽ ഗ്യാരണ്ടി ചെയ്തിട്ടുണ്ട്. 945 കോടി രൂപ അടങ്കലുള്ള സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം, പ്രൂഫ് ഒഫ് കൺസെപ്റ്റ്, പ്രോട്ടോടൈപ്പ് വികസനം, ഉത്പന്ന പരീക്ഷണങ്ങൾ, വിപണി പ്രവേശനം, വാണിജ്യവൽക്കരണം എന്നിവയ്ക്കായി സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നു.

സാംസ്കാരിക

പരിവർത്തനം

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ രാജ്യത്ത് ഒരു പ്രധാന സാംസ്കാരിക മാറ്റത്തിനാണ് തുടക്കമിട്ടത്, ഇന്ന്, ഇന്ത്യയിലെ നിരവധി യുവാക്കൾ തൊഴിലന്വേഷകരല്ല, തൊഴിൽ സ്രഷ്ടാക്കളാകാൻ ആഗ്രഹിക്കുന്നവരാണ്. അവരുടെ കുടുംബങ്ങൾ സംരംഭക അഭിലാഷങ്ങളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ സ്റ്റാർട്ടപ്പ് യാത്ര ആത്യന്തികമായി നമ്മുടെ യുവ സംരംഭകരിലും, നയങ്ങൾ നയിക്കുന്ന വളർച്ചയിലും, ലോകത്തിനായി നവീകരിക്കാനുള്ള ഇന്ത്യയുടെ ശേഷിയിലും ആത്മവിശ്വാസം പകരുന്ന ഒന്നായി മാറിയിരിക്കുന്നു. 2047-ഓടെ വികസിത രാജ്യമായി മാറുക എന്ന നമ്മുടെ ദൗത്യത്തിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങുമ്പോൾ, സമ്പന്നവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ സ്റ്റാർട്ടപ്പുകൾ കേന്ദ്രബിന്ദുവായി തുടരും.

TAGS: STARTUPINDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.