SignIn
Kerala Kaumudi Online
Sunday, 18 January 2026 4.09 AM IST

ബ്ലേഡ് മാഫിയയുടെ കരാള ഹസ്തം വീണ്ടും പിടിമുറുക്കുന്നു

Increase Font Size Decrease Font Size Print Page
s

വയനാട് ജില്ല ഒരു കാലത്ത് കർഷക ആത്മഹത്യയുടെ നാടായിരുന്നു. കാർഷിക വിളകളുടെ വിലയില്ലായ്മയും കൃഷിനാശവും മൂലം ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കർഷകരെടുത്ത വായ്പകൾ തിരിച്ചടക്കാനാകാതെ ജപ്തി ഭീഷണിയുടെ നിഴലിലെത്തി നിന്നിരുന്ന കർഷകരാണ് ആത്മഹത്യയിൽ അഭയം കണ്ടെത്തിയത്. ആത്മഹത്യയുടെ മുനമ്പിൽ നിന്ന് കർഷകരെ കൈപിടിച്ച് ഉയർത്തുന്നതിന് സർക്കാർ വയനാട് പാക്കേജ് കൊണ്ടുവന്നു. ഇതോടെ കർഷക കടാശ്വസ പദ്ധതി ഒരു പരിധിവരെ രക്ഷയായി. ഇതോടെ ആത്മഹത്യയിൽ അഭയം തേടുന്ന കർകരുടെ എണ്ണം കുറഞ്ഞു. എന്നാൽ, അടുത്ത കാലത്തായി സ്വകാര്യ പണമിടപാടുകാരുടെ കരാള ഹസ്തം വീണ്ടും ഉയർന്നു. ഇതിന്റെ ഒടുവിലത്തെ ഇരയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിനേഷ് പി.സുകുമാരനും നാട്ടിൽ ആത്മഹത്യ ചെയ്ത ഇവരുടെ ഭാര്യ രേഷ്മയും.

ജിനേഷിന് പിന്നാലെ രേഷ്മയും


ഇസ്രായേലിലെ മേവസേരേട്ട് സിയോനിൽ കെയർഗീവറായി ജോലി ചെയ്തുവന്ന വയനാട് സുൽത്താൻ ബത്തേരി കോളിയാടി പെലക്കൂത്ത് ജിനേഷ് പി.സുകുമാരൻ കഴിഞ്ഞ വർഷം ജൂലായ് നാലിനാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടിലെ വയോധികയേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ജിനേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കാരം നടത്തിയെങ്കിലും മരണ കാരണം ഇപ്പോഴും വ്യക്തമല്ല. മെഡിക്കൽ മേഖലയിൽ ജോലി ചെയ്തിരുന്ന ജിനേഷ് കൊറോണക്കാലത്ത് കടുത്ത സാമ്പത്തിക ബാദ്ധ്യത വന്നതിനെ തുടർന്ന് പഴുപ്പത്തൂർ സ്വദേശികളായ രണ്ട് പേരിൽ നിന്ന് 20 ലക്ഷം രൂപ വ്യവസ്ഥകൾക്ക് വിധേയമായി കടമായി വാങ്ങിയിരുന്നു. ഇതിൽ പതിനഞ്ച് ലക്ഷത്തോളം രൂപ തിരികെ നൽകിയതായും പറയപ്പെടുന്നു. ജിനേഷിന്റെ മരണത്തിന് പിന്നാലെ കഴിഞ്ഞ ഡിസംബർ 30ന് രേഷ്മയും ആത്മഹത്യ ചെയ്തു. ഇതോടെയാണ് ഇരുവരുടെയും മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയയ്ക്ക് ബന്ധമുണ്ടെന്നാരോപിച്ച് ജിനേഷിന്റെയും രേഷ്മയുടെയും അമ്മമാരും ബന്ധുക്കളും പരാതിയുമായി രംഗത്ത് വന്നത്. പണം നൽകിയ ബ്ലേഡ് സംഘത്തിന്റെ ഭീഷണിയും ദുഷ്ടലാക്കോടെയുള്ള ഇവരുടെ ഇടപെടലുമാണ് രണ്ട് പേരുടെയും മരണത്തിലേയ്ക്ക് വഴിവെച്ചതെന്ന് പരാതിയിൽ പറയുന്നു. ബ്ലേഡ് മാഫിയയെക്കുറിച്ച് നേരത്തെ തന്നെ ജിനേഷും ജിനേഷിന്റെ മരണത്തിന് ശേഷം രേഷ്മയും പരാതി നൽകിയെങ്കിലും ബന്ധപ്പെട്ടവർ യാതൊരു നടപടിയും സ്വീകരിച്ചില്ല. പൊലീസ് നടപടി സ്വീകരിച്ചിരുന്നെങ്കിൽ തന്റെ മകളുടെ ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് രേഷ്മയുടെ മാതാവ് ഷൈല പറഞ്ഞു. കടമായി വാങ്ങിയ 20 ലക്ഷം രൂപയിൽ ഇവർ നിർദ്ദേശിച്ച ചുള്ളിയോട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 14,76961 രൂപ നൽകി. ബാക്കി തുകയും പലിശയും ചേർത്ത് പലതവണയായി നൽകിയതായും ജിനേഷ് മരിക്കുന്നതിന് മുമ്പ് പറഞ്ഞതായി അമ്മമാർ പറയുന്നു. ചുള്ളിയോട് സ്വദേശി തനിയ്ക്ക് പണം കിട്ടാനുണ്ടെന്ന് പറഞ്ഞ് ജിനേഷിന്റെ പേരിൽ 20 ലക്ഷം രൂപയുടെ ചെക്ക് ഉപയോഗിച്ച് എറണാകുളത്ത് കേസ് ഫയൽ ചെയ്തു. കൂടാതെ ജിനേഷിന്റെ പേരിൽ കോളിയാടിയിലുള്ള വീട് അന്യായം ഫയൽ ചെയ്ത് അറ്റാച്ച് ചെയ്ത് വെച്ചിരിക്കുകയാണ്. ജിനേഷ് വിദേശത്തേയ്ക്ക് പോകുന്നതിന് മുമ്പ് ഈ ബ്ലേഡ് മാഫിയ സംഘം ബീനാച്ചിയിൽ വെച്ച് ജിനേഷിന്റെ കാർ തടഞ്ഞുനിർത്തി മർദ്ദിച്ചതായും രേഷ്മ പറഞ്ഞിട്ടുമുണ്ട്. വിദേശത്തേയ്ക്ക് പോവേണ്ടതിനാൽ കേസ് ഒഴിവാക്കാനാണ് ഇവർ ശ്രമിച്ചത്. ജിനേഷിനെ ബീനാച്ചിയിലെ ഒരു വീട്ടിൽ തടഞ്ഞുവെച്ച് രേഖകൾ ഒപ്പിട്ട് വാങ്ങുകയും പല സ്ഥലത്തുവെച്ചും മർദ്ദിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. ജിനേഷിന്റെ മരണശേഷം ബ്ലേഡ് മാഫിയ മാനസികമായി തന്നെ ഭീഷണിപ്പെടുത്തിയതിന് 2025 ആഗസ്റ്റ് 27ന് രേഷ്മ പരാതി നൽകിയെങ്കിലും പ്രസ്തുത പരാതിയും അവഗണിക്കപ്പെടുകയായിരുന്നു. 2025 ജനുവരിയിൽ ജിനേഷും ഭീഷണി സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെങ്കിലും അതിലും നടപടിയുണ്ടായില്ല. പൊലീസിന്റെ കൃത്യമായ ഇടപെടലില്ലായ്മയും സംഘത്തിന്റെ ഭീഷണിയുമാണ് രണ്ട് പേരുടെയും മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

ബ്ളേഡ് മാഫിയകളുടെ കരങ്ങൾ


രണ്ട് പേരുടെയും മരണത്തിന് പിന്നിൽ ബ്ലേഡ് മാഫിയുടെ കരങ്ങൾ പ്രവർത്തിച്ചതായി ബന്ധുക്കളും നാട്ടുകാരും ആരോപണവുമായി രംഗത്ത് വരുകയും ചെയ്തു. അതിനിടെ കോളിയാടി കേന്ദ്രീകരിച്ച് ആക്ഷൻ കമ്മറ്റി രൂപീകരിക്കുകയും മരണത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇതോടെ പൊലീസ് ആരോപണ വിധേയരായ ഒരാൾ സ്ഥലത്തില്ലെന്നും അയാൾ വിദേശത്താണെന്നും അറിയിച്ചു. സ്ഥലത്തുള്ള ആളെ പൊലീസ് ചോദ്യം ചെയ്തതായും വ്യക്തമാക്കി. അതിനിടെ ജിനേഷിന്റെയും രേഷ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ബ്ലേഡ് മാഫിയയുടെ ഇടപെടൽ സാദ്ധ്യത വെളിപ്പെടുത്തിയ താമരശ്ശേരി സ്വദേശിയുടെ മൊഴിയെടുക്കുകയും ചെയ്തു. രേഷ്മയുടെയും ജിനേഷിന്റെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്.

കടക്കെണി ; കാൽ നൂറ്റാണ്ടിനിടെ വയനാട്ടിൽ ആത്മഹത്യ ചെയ്തത് ഇരുനൂറ്റിയമ്പതിലേറെ പേർ

കടക്കെണിയിലായ കർഷകർ ഗത്യന്തരമില്ലാതെ അവസാനം അഭയം കണ്ടെത്തുന്നത് ആത്മഹത്യയിൽ. ഇതിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പകൾക്ക് പുറമെ വട്ടിപലിശയ്ക്ക് പണം വാങ്ങി തിരിച്ചടക്കാനാകാതെ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്നവരുടെ കണക്കാണ് ആത്മഹത്യയുടെ തോത് വർദ്ധിപ്പിച്ചത്. ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ ലഭ്യമാക്കുന്നതിന് വേണ്ടിവരുന്ന കർശന വ്യവസ്ഥകൾ പാലിക്കപ്പെടാൻ കഴിയാതെ വരുന്നതിനാലാണ് കർഷകർ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് അമിത പലിശയ്ക്ക് വായ്പയെടുക്കുന്നത്. ഇത് തിരിച്ചടക്കാൻ കഴിയാതെ വരുന്നതോടെ ഈട് വെച്ച വസ്തുവകകൾ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ കൈവശപ്പെടുത്തുന്നു. വസ്തു വകകൾ പറഞ്ഞ തീയ്യതിയ്ക്ക് മുമ്പ് തിരിച്ചെടുക്കാൻ കഴിയാതെ വരുന്നതോടെ ഇവരുടെ ഭീഷണി വേറെയും. മാനഹാനി ഭയന്ന് പലരും ആത്മഹത്യയിൽ അഭയം തേടുന്നു. ധനകാര്യ സ്ഥാപനങ്ങൾ സർഫാസി ആക്ട് നടപ്പാക്കി വസ്തു വകകൾ കരസ്ഥമാക്കുന്ന നിയമം 90 കളിൽ കർശനമാക്കിയിരുന്നു. ഈ കാലയളവിൽ കർഷക ആത്മഹത്യ വൻതോതിൽ വർദ്ധിച്ചു. ഇതിനെതിരെ പല കർഷക സംഘടനകളും പ്രതിരോധവുമായി രംഗത്ത് വന്നതോടെയാണ് ധനകാര്യ സ്ഥാപനങ്ങൾ നടപടിയ്ക്ക് അയവ് വരുത്തിയത്. എന്നാൽ സ്വകാര്യ - ധനകാര്യ സ്ഥാപനങ്ങൾ പേര് മാറ്റി അമിത പലിശയ്ക്ക് തന്നെ വായ്പ നൽകി വന്നു. ഇതിനായി പ്രത്യേക വ്യവസ്ഥയുണ്ടാക്കിയാണ് പണം നൽകുന്നത്. ഇവർ വെയ്ക്കുന്ന വ്യവസ്ഥയിൽ എന്തെങ്കിലും ഒരു ചെറിയ മാറ്റം വന്നാൽ വാങ്ങിയ പണത്തിന്റെ പലിശയിലും മാറ്റം വരും. ഇതോടെ ഇവർ തനി ബ്ലേഡായി മാറുന്നു. ഇത്തരത്തിലുള്ള ബ്ലേഡ് മാഫിയകൾ ഇപ്പോൾ വയനാട്ടിൽ പിടിമുറുക്കി കഴിഞ്ഞു. ഇതിന്റെ ഇരകളാണ് ആത്മഹത്യയിൽ അഭയം തേടികൊണ്ടിരിക്കുന്നത്.

TAGS: BLADEMAFIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.