
സത്യത്തിൽ ഇപ്പോഴാണ് ജോക്കുട്ടന്റെ കേരളകോൺഗ്രസിനെ സഖാക്കൾ തിരിച്ചറിഞ്ഞത്. വർഷങ്ങളായി കൂടെയുള്ള പയ്യനാണെങ്കിലും ഇത്രയും നന്മയുണ്ടെന്ന് കരുതിയില്ല. 'റബർപ്പാലൊരു പാലല്ല, റബർക്കാടൊരു കാടല്ല, 'കേ.കോ" വെറും കോടാലി" എന്ന മുദ്രാവാക്യം മുഴക്കേണ്ടിവരുമെന്നു കരുതിയിരുന്ന സഖാക്കൾ കുറ്റബോധം കൊണ്ട് നീറുകയാണ്. റബർമരത്തിൽ നിന്ന് ശൊറുശൊറോന്നു വരുന്ന പാലിന്റെ വെൺമയുള്ള ഏക പ്രസ്ഥാനമായ കേരള കോൺഗ്രസിന്റെ സുന്ദരനായ നേതാവ് ജോക്കുട്ടൻ ദുബായിൽനിന്നെത്തി സി.പി.ഐയിലെ ഉൾപ്പെടെ സഖാക്കൻമാരെ കരയിച്ചുകളഞ്ഞു. സങ്കടക്കണ്ണീരിൽ തുടങ്ങി ക്രമേണ ആനന്ദക്കണ്ണീരായി. ഇപ്പോഴും അതു തോർന്നിട്ടില്ല. എൽ.ഡി.എഫിനെ വിട്ട് ജോക്കുട്ടൻ പോകില്ല, പോകാൻ പറ്റില്ല. 'ഞങ്ങൾ വിട്ടിട്ടു വേണ്ടേ പോകാൻ...' എന്നു സഖാക്കന്മാരും പറഞ്ഞതോടെ കണ്ണീർമഴയത്ത് കുട ചൂടി നിൽക്കുകയാണ് ജോക്കുട്ടൻ. രണ്ടില ചിഹ്നം മാറ്റി കുട ആക്കിയാലോ എന്ന ആലോചന ഇല്ലാതില്ല.
മാണിസാറിന്റെ കേരളകോൺഗ്രസിന്റെ ഏക അവകാശിയായ ജോസ് കെ.മാണിയെ കോൺഗ്രസുകാർക്ക് 'കുഞ്ഞുമാണി"യായേ കാണാനാകൂ. അത്രയ്ക്കാണ് വാത്സല്യം. നിസ്സാര കാര്യത്തിന് പിണങ്ങി മറുകണ്ടം ചാടിയ ജോക്കുട്ടൻ ഇന്നോ നാളെയോ തിരികെവരുമെന്നു കരുതി കാത്തിരിക്കുകയായിരുന്നു. ചില സിഗ്നലുകൾ കിട്ടുകയും ചെയ്തതാണ്. അതിനിടെ എന്തോ സംഭവിച്ചു. വഴി തെറ്റിപ്പോയ കുഞ്ഞാട് എന്നെങ്കിലും മടങ്ങിവരുമെന്നു തന്നെയാണ് പ്രതീക്ഷ.
ആഞ്ഞൊന്നു വലിഞ്ഞെങ്കിലും വീണ്ടും പൂർവസ്ഥിതി പ്രാപിച്ച് എൽ.ഡി.എഫിൽ ഉറച്ചുനിന്ന് 'കുഞ്ഞുമാണി സാറ്" പറഞ്ഞ കാര്യങ്ങൾ കേട്ടാൽ സഖാക്കന്മാർ എങ്ങനെ കരയാതിരിക്കും. ഇറങ്ങിപ്പോടാ മോനേ... എന്നു പറഞ്ഞ് യു.ഡി.എഫിൽ നിന്ന് കോൺഗ്രസുകാർ ചവിട്ടി നടുറോഡിലേക്ക് ഇറക്കിയപ്പോൾ ഇന്നോവയുമായി വന്ന് കൂട്ടിക്കൊണ്ടു പോയത് സഖാക്കന്മാരായിരുന്നു. അന്നുതൊട്ട് ഇന്നോളം ജോക്കുട്ടന്റെ കണ്ണ് നിറയാൻ അവർ സമ്മതിച്ചിട്ടില്ല. പിള്ളേരെ ഇങ്ങനെ കൊഞ്ചിക്കരുതെന്ന് സി.പി.ഐക്കാർ പറഞ്ഞിട്ടും ഗോവിന്ദൻ സഖാവ് കേട്ടില്ല. അങ്ങനെയുള്ള എൽ.ഡി.എഫിനെ വിട്ട് വീണ്ടും യു.ഡി.എഫിലേക്ക് വരികയാണെന്നാണ് ചില മഹാപാപികൾ പാടിനടന്നത്. ദുബായിൽ ഒരു അത്യാവശ്യകാര്യത്തിന് കുടുംബത്തോടൊപ്പം ജോക്കുട്ടൻ പോയ ഗ്യാപ്പിലായിരുന്നു ഈ കുത്തിത്തിരിപ്പ്. സ്വപ്‌നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണ്. വിവരമറിഞ്ഞ് ഉടൻ നാട്ടിലെത്തി, ഇടയ്ക്കിടെ പറിച്ചു നടാൻ കപ്പക്കോലോ റബർ തൈയോ അല്ല കേരള കോൺഗ്രസ് എന്ന് വ്യക്തമാക്കുകയായിരുന്നു. ആഞ്ഞുവലിയുന്നതിനിടെ റബർ ബാൻഡ് പൊട്ടി രണ്ടു കഷണമാകും പോലെ ജോക്കുട്ടന്റെ പാർട്ടിക്കു സംഭവിക്കും എന്നായിരുന്നു പലരുടെയും കണക്കൂട്ടൽ. വലിയ കഷണം യു.ഡി.എഫിനു കിട്ടുമ്പോൾ ചെറിയ കഷണം എൽ.ഡി.എഫിൽ അവശേഷിക്കും എന്ന കോൺഗ്രസുകാരുടെ പ്രതീക്ഷ ഇടിവെട്ടി.
കേരളകോൺഗ്രസ് എവിടെയാണോ, അവിടെയാണ് ഭരണമെന്ന് പലതവണ പറഞ്ഞ് ജോക്കുട്ടൻ ആഞ്ഞടിച്ചു. അതിലൊരു ദു:സൂചനയില്ലേയെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ട്. പക്ഷേ, കേരള കോൺഗ്രസിന്റെ ചരിത്രം അറിയാവുന്നവർക്ക് അങ്ങനെയൊരു സംശയം വേണ്ട.
കേരളകോൺഗ്രസിന്റെ മറ്റൊരു വലിയ കഷണം കൂടെയുള്ളതിനാൽ യു.ഡി.എഫിന്റെ 'കേരളശ്രീ" നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ജോക്കുട്ടൻ അംഗീകരിക്കുന്നില്ല. കോഴിയും കോഴിപാർട്‌സും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് ജോക്കുട്ടന്റെ പാർട്ടിക്കാർ പറയുന്നത്. കഴുത്തും കരളും മറ്റുചില സംഗതികളും ഉൾപ്പെടുന്ന സ്‌പെയർപാർട്‌സെവിടെ, കോഴിയിറച്ചിയെവിടെ!. പരുന്തിന്റെ പുറത്തിരുന്ന് യാത്രചെയ്യുന്ന കുരുവിയുടെ അവസ്ഥയിലാണ് ജോസഫ് ഗ്രൂപ്പ് എന്നും പറഞ്ഞു. ഭരണം മാറുമെന്ന് ഉറപ്പായപ്പോൾ ചാടാൻ നോക്കി പരാജയപ്പെട്ടവർ വിഷമങ്ങൾ പറഞ്ഞുതീർക്കുന്നതിനോട് പ്രതികരിക്കുന്നില്ലെന്നാണ് ജോസഫ് ഗ്രൂപ്പുകാർ പറയുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുംതോറും അടിയൊഴുക്കുകൾ ശക്തമാകുന്നതിനാൽ തിരക്കിട്ടൊരു ചാട്ടം വേണ്ടെന്നാണ് ജോക്കുട്ടൻ പക്ഷത്തെ ഒരു വിഭാഗത്തിന്റെ നിലപാട്. യു.ഡി.എഫിലേക്ക് ഇരന്നു ചെല്ലുന്നതും നല്ലത് എൽ.ഡി.എഫിൽ ഉറച്ചുനിൽക്കുന്നതല്ലേയെന്ന് അവർ ചോദിക്കുന്നതിൽ കാര്യമില്ലാതില്ല. കുറേയായി നിൽക്കുന്നു, ഇനിയൊന്ന് ഇരുന്നാൽ കൊള്ളാമെന്ന ആഗ്രഹമേ ജോക്കുട്ടനുള്ളൂ. അതൊരു മന്ത്രിക്കസേര ആയാൽ വളരെ സന്തോഷം. ആവേശം മൂത്ത് ചാടിയാൽ പലരും ഒപ്പമുണ്ടാവില്ലെന്ന തിരിച്ചറിവുമുണ്ട്. ദശയുള്ള കഷണം എൽ.ഡി.എഫിനു കൊടുത്തിട്ട് യു.ഡി.എഫിൽ എത്തിയാൽ വാലിന്റെ വിലപോലും കിട്ടില്ലെന്നും അനുഭവങ്ങളിൽ നിന്നറിയാം. പത്തുവർഷമായി നിൽക്കുന്നതിന്റെ വിഷമം ജോക്കുട്ടനേക്കാൾ നന്നായി ലീഗുകാർക്ക് അറിയാം. ഇനിയുമൊരു അഞ്ചുകൊല്ലം കൂടി നിൽക്കുന്നത് ചിന്തിക്കാൻപോലും ആകാത്തതിനാലാണ് അവർ ജോക്കുട്ടന് നേർക്ക് ഏണി നീട്ടിയത്. ആൾബലം കൂടുന്നത് ആത്മവിശ്വാസം കൂട്ടും. പദ്ധതി പാളിയതോടെ ഏണിയുമായി ലീഗുകാർ പാണക്കാട്ടേക്കു മടങ്ങി. എങ്കിലും, വലിച്ചാൽ വലിയുന്ന മനസിന് ഉടമയാണ് ജോക്കുട്ടൻ എന്ന പ്രതീക്ഷ അവർക്കുണ്ട്.
ഈ 'പേരുദോഷം"
എന്നുമാറും!
പേരിൽ ഇത്തിരി വർഗീയത ആരോപിക്കാമെങ്കിലും ലക്ഷണമൊത്ത ജനാധിപത്യ പാർട്ടിയാണ് മുസ്ലിം ലീഗ് എന്ന് ആർക്കാണ് അറിയാത്തത്. പച്ചപ്പ് നിറഞ്ഞ കേരളത്തിൽ പച്ചനിറമുള്ള കൊടിയുള്ളത് കുറ്റമാണോ!. ലുക്കിലല്ല കാര്യം. വിക്രമൻ എന്ന പേരുണ്ടെങ്കിലും, പടക്കം പൊട്ടിയാൽ പേടിച്ചു കട്ടിലിനടിയിൽ കയറുന്നവരില്ലേ!. ലീഗ് എവിടെ മത്സരിച്ചാലും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുന്നത് ഒരു കുറ്റമല്ല. ലീഗിനെ ചത്ത കുതിരയെന്നു വിളിച്ചാക്ഷേപിച്ച നെഹ്‌റുവിന്റെ പാർട്ടി ഇന്നു തിരിച്ചറിയുന്നു-ലീഗ് പടക്കുതിരയാണ്. എന്നാൽ അതിന്റെ പരിഗണന നൽകുന്നുമില്ല. സത്യത്തിൽ, മുഖ്യമന്ത്രിക്കസേരയ്ക്ക് അർഹതയുണ്ട്. സി.എച്ച്. മുഹമ്മദ് കോയയ്ക്കു മാത്രമാണ് ആ യോഗമുണ്ടായത്. ഇരിപ്പ് ഉറയ്ക്കും മുൻപേ മൂപ്പർക്ക് ഇറങ്ങിപ്പോരേണ്ടിവന്നു. ഇക്കാലമത്രയും കോൺഗ്രസിന്റെ കൂടെ ഉറച്ചുനിന്നിട്ടും ഉപമുഖ്യമന്ത്രിക്കസേര പോലും നൽകിയില്ല. നഹ സാഹിബിന് ശേഷം ആരും ഉപമുഖ്യമന്ത്രി ആയിട്ടില്ല. പക്ഷേ പ്രതികരിച്ചില്ല.
ഇത്തവണ അതിനു മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. മാണിസാറിനെ മുഖ്യമന്ത്രിയാക്കാൻ സഖാക്കൾ ആലോചിച്ചെങ്കിൽ, ലീഗ് നേതാവിനെ മുഖ്യനാക്കുന്നത് കോൺഗ്രസിനും ആലോചിക്കാം. പലരും ഇക്കാര്യം സൂചിപ്പിച്ചെങ്കിലും ലീഗ് നേതാക്കൾ പ്രതികരിച്ചിട്ടില്ല. അതാണ് എളിമ.
മതമാണ്, മതമാണ്, മതമാണ് പ്രശ്‌നം.... എന്ന് ലീഗ് നേതാവ് കെ. എം. ഷാജി വിളിച്ചു പറഞ്ഞത് പലരും തെറ്റിദ്ധരിച്ചു. ഈ ലോകത്ത് മതമാണ് പ്രശ്‌നമെന്നും, മതാതീത ആത്മീയതയാണ് ലീഗിന്റെ ഐഡന്റിറ്റി എന്നുമാണ് സത്യത്തിൽ ഉദ്ദേശിച്ചത്. ഇതു വളച്ചൊടിച്ച് മൂപ്പരെ വർഗീയവാദിയാക്കി. ലീഗുകാരെ മൊത്തം വർഗീയവാദികളാക്കി മുഖ്യമന്ത്രിക്കസേര നിഷേധിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നു സംശയിക്കാം. പ്രകോപിപ്പിച്ച് യു.ഡി.എഫിൽ നിന്ന് ലീഗിനെ ചാടിക്കാനുള്ള ശ്രമമാണ് സംഘികളും സഖാക്കളും നടത്തുന്നത്. അതിനിത്തിരി പുളിക്കും. ഇതു വലിച്ചാൽ വലിയുന്ന പാർട്ടിയല്ല. പിളരുംതോറും വളരുകയും വളരുംതോറും പിളരുകയും ചെയ്യുന്ന പാർട്ടിയുമല്ല. തിരഞ്ഞെടുപ്പിൽ മാത്രമല്ല, അതിനുശേഷവും ലീഗ് ഒരു പടക്കുതിരയാണെന്ന് തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |