SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.52 PM IST

രക്തസാക്ഷി ഫണ്ടിൽ നിന്ന് പുറത്തു വന്ന  രാഷ്ട്രീയ പ്രതിസന്ധി

Increase Font Size Decrease Font Size Print Page
s


സി.പി.എം ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ ചോദ്യം

പയ്യന്നൂർ കേരള രാഷ്ട്രീയത്തിൽ സി. പി.എമ്മിനെ സംബന്ധിച്ച് ഒരു സാധാരണ സ്ഥലനാമമല്ല.
ചെങ്കൊടിയുടെ കരുത്തും, രക്തസാക്ഷി ഓർമ്മകളും ചേർന്നൊരു പ്രതീകമാണ്. ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വെട്ടിപ്പ് ആരോപണങ്ങളും, അതുയർത്തിയ നേതാവിനെ പാർട്ടി പുറത്താക്കിയ നടപടിയും ചേർന്ന്, കരുത്തുറ്റ കോട്ടയിൽ സി.പി.എമ്മിനെ അപൂർവ്വമായൊരു രാഷ്ട്രീയ പ്രതിരോധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയ ആരോപണങ്ങൾ ചെറുതല്ല. രക്തസാക്ഷി ഫണ്ടിൽ നിന്ന്, കെട്ടിട നിർമ്മാണ ഫണ്ടിലേക്കു മാറ്റപ്പെട്ട പണം. വ്യാജ രസീത് വിവാദം എല്ലാം ചേർന്നത് പാർട്ടിയുടെ നൈതിക അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങളെ എത്തിച്ചത്.
ഈ ആരോപണങ്ങൾ പാർട്ടി ഫോറങ്ങളിലകത്ത് തന്നെ ഉന്നയിച്ചിട്ടും നീതിയുണ്ടായില്ലെന്ന വാദമാണ് കുഞ്ഞികൃഷ്ണൻ ആവർത്തിക്കുന്നത്. അതിന് ശേഷമാണ് മാദ്ധ്യമങ്ങളെ സമീപിച്ചത്.
അത് സംഘടനാവിരുദ്ധ പ്രവർത്തനം എന്ന പേരിൽ വ്യാഖ്യാനിച്ച്, അമ്പത് വർഷത്തെ കമ്യൂണിസ്റ്റ് ജീവിതമുള്ള ഒരു നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു സി.പി.എം. നേതൃത്വത്തിന്റെ തീരുമാനം.
പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ നിലപാട് വ്യക്തമാണ്
രക്തസാക്ഷി ഫണ്ട് പാർട്ടി ഫണ്ടാണ്; അതിന്റെ കണക്ക് പൊതുജനങ്ങളോടോ മാദ്ധ്യമങ്ങളോടോ പറയേണ്ട ബാധ്യത പാർട്ടിക്കില്ല.
ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം പാർട്ടിക്കുള്ളിൽ മാത്രം വിശദീകരിച്ചാൽ മതി എന്ന വാദം, പൊതു സമൂഹത്തിൽ എത്രത്തോളം നിലനിൽക്കുമെന്ന് ചോദ്യം ചെയ്യപ്പെടുന്നു.
രക്തസാക്ഷി ഫണ്ട് തന്നെ അഴിമതിയാരോപണങ്ങളുടെ നിഴലിലായതോടെ, വിഷയം ഒരു പ്രാദേശിക തർക്കം എന്ന പരിധി വിട്ട് പാർട്ടിയുടെ രാഷ്ട്രീയ-നൈതിക നിലപാടുകളെ ചോദ്യം ചെയ്യുന്ന ഗൗരവമേറിയ ഘട്ടത്തിലേക്കാണ് നീങ്ങുന്നത്.

നീക്കം പാർട്ടിയെ ഞെട്ടിച്ചു
...

ഈ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി മാറിയത് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനാണ്. അഞ്ച് ദശാബ്ദത്തോളം പാർട്ടിയുമായി ബന്ധം പുലർത്തിയ, പയ്യന്നൂരിലെ സംഘടനാ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ച ഒരു മുതിർന്ന നേതാവിനെ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈ എന്ന് മുദ്രകുത്തി പുറത്താക്കുന്ന ഘട്ടം, സി.പി.എമ്മിന്റെ ഉള്ളക രാഷ്ട്രീയം എത്രമാത്രം കടുപ്പത്തിലേക്കാണ് നീങ്ങിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു.
വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ വ്യക്തിപരമായ ആരോപണം എന്ന നിലയിൽ തള്ളിക്കളയാൻ കഴിയാത്ത തരത്തിൽ ഗൗരവമേറിയതാണ്. രക്തസാക്ഷി ധനരാജിന്റെ പേരിൽ പിരിച്ചെടുത്ത ഫണ്ട്, സഹകരണ മേഖലയിൽ നിന്നുള്ള പിരിവുകൾ, കെട്ടിട നിർമാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലുണ്ടായതായി പറയുന്ന കണക്കിലെ പൊരുത്തക്കേടുകൾ പാർട്ടി ഫണ്ടുകളുടെ കൈകാര്യം സംബന്ധിച്ച അടിസ്ഥാന ചോദ്യങ്ങളാണ് ഉയർത്തുന്നത്.
പാർട്ടിയുടെ ഒരു രൂപ പോലും നഷ്ടമായിട്ടില്ല എന്ന ജില്ലാ നേതൃത്വത്തിന്റെ ആവർത്തിച്ചുള്ള വാദത്തിനൊപ്പം, കണക്കുകൾ പൊതുജനങ്ങളെയോ മാധ്യമങ്ങളെയോ ബോധ്യപ്പെടുത്തേണ്ട ബാധ്യത പാർട്ടിക്കില്ല എന്ന നിലപാട് ചേർന്നുനിൽക്കുമ്പോൾ, സുതാര്യതയും ഉത്തരവാദിത്തവും സംബന്ധിച്ച സി.പി.എമ്മിന്റെ പരമ്പരാഗത രാഷ്ട്രീയ അവകാശവാദങ്ങൾ തന്നെ പ്രതിരോധത്തിലാവുകയാണ്.

പാർട്ടി നടപടി: തിരുത്തലോ അടിച്ചമർത്തലോ?
....

ആരോപണങ്ങൾ ഉന്നയിച്ച നേതാവിനെതിരെ പാർട്ടി സ്വീകരിച്ച നടപടി, അന്വേഷണവും വിശദീകരണവും ഉറപ്പാക്കുന്ന ഒരു ജനാധിപത്യ സമീപനമായിരുന്നോ, അതോ വിമതസ്വരത്തെ ശിക്ഷിക്കുന്ന പരമ്പരാഗത അച്ചടക്ക നടപടിയായിരുന്നോ എന്നതാണ് പ്രധാന ചോദ്യം.
രണ്ടു ദിവസം നീണ്ട ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങൾക്കുശേഷം, ആരോപണ വിധേയനായ എം.എൽ.എയ്ക്ക് എല്ലാ സംരക്ഷണവും ഉറപ്പാക്കുമെന്നും, പരാതിക്കാരനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും തീരുമാനിക്കുകയായിരുന്നു.

അണികളിൽ ആശയക്കുഴപ്പം
....

പയ്യന്നൂരിൽ സാധാരണ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനങ്ങൾ, കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രവർത്തകന്റെ ബൈക്ക് കത്തിക്കൽ, വീടിന് മുന്നിലെ പടക്കംപൊട്ടിക്കൽ, സൈബർ ആക്രമണങ്ങൾ ഇവയൊക്കെയും അണികളെ ആശയക്കുഴപ്പത്തിലാക്കുകയാണ്.


വൈകാരിക വിഷയം
..

സി.പി.എമ്മിന്റെ ചരിത്രത്തിൽ രക്തസാക്ഷി ഫണ്ട് വെറും ധനസ്രോതസ്സല്ല; പാർട്ടിയുടെ വൈകാരിക അടിത്തറയുമായി ബന്ധപ്പെട്ടതാണ്. ആ ഫണ്ടുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങൾ ഉയരുമ്പോൾ, അത് പാർട്ടിയുടെ ചങ്കിലാണ് തൊടുന്നത്.
രക്തസാക്ഷി ഫണ്ടിൽ പൊതുജനങ്ങൾക്ക് മുന്നിൽ കണക്കു പറയേണ്ട എന്ന വാദം, പൊതുജനങ്ങളിൽ നിന്നും സംഭാവന പിരിച്ചെടുത്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച ഗുരുതരമായ സംശയങ്ങൾ ഉയർത്തുന്നു. വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയതിലൂടെ വിവാദം അവസാനിക്കുന്നില്ല. മറിച്ച്, പാർട്ടിയുടെ അകത്തള രാഷ്ട്രീയവും ഫണ്ട് കൈകാര്യം ചെയ്യലും സംബന്ധിച്ച ചോദ്യങ്ങൾ കൂടുതൽ ശക്തമായി പൊതുസമൂഹത്തിലേക്ക് എത്തിക്കപ്പെട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലം അടുത്തിരിക്കെ, എതിരാളികൾ ഈ വിഷയം ആയുധമാക്കുമെന്ന ആശങ്ക മാത്രമല്ല, സ്വന്തം അനുഭാവികളിലുണ്ടാകുന്ന വിശ്വാസചോർച്ചയാണ് സി.പി.എമ്മിന് ഏറ്റവും വലിയ ഭീഷണി.

പാർട്ടിയുടെ പ്രതികരണം
...

കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്കെതിരെയുള്ള പാർട്ടിയുടെ പ്രതികരണം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു. നയാപൈസപോലും പാർട്ടിക്ക് നഷ്ടമായിട്ടില്ല എന്ന് പറഞ്ഞുകൊണ്ട്, എന്നാൽ യഥാർത്ഥ കണക്കുകൾ പുറത്തുവിടാതെ, പാർട്ടി നേതൃത്വം സ്വീകരിക്കുന്ന നിലപാട് ആരോഗ്യകരമായ പാർട്ടി ജനാധിപത്യത്തെ പ്രതിനിധാനം ചെയ്യുന്നുവോ എന്നത് സംശയാസ്പദമാണ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വിവാദം ഉയർത്തിയത് സ്ഥാനമോഹവും വ്യക്തി വിരോധവുമാണെന്ന് പാർട്ടി പറയുന്നു. എന്നാൽ നാല് വർഷമായി ടി.ഐ. മധുസൂദനന്‍ ഒരു

വക്കീൽ നോട്ടീസ് അയച്ചതിനപ്പുറം മാനനഷ്ട കേസ് നല്‍കാത്തത് എന്തുകൊണ്ടാണെന്ന കുഞ്ഞികൃഷ്ണന്റെ ചോദ്യം പ്രസക്തമാണ്.

ഇനി പുസ്തകത്തിലൂടെ
...

കുഞ്ഞികൃഷ്ണന്‍ പറയുന്നത്, താൻ പുസ്തകം പ്രസിദ്ധീകരിക്കാൻ പോകുകയാണെന്നും, അതിൽ ഇതുവരെ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളുണ്ടാകുമെന്നുമാണ്. 'നേതൃത്വത്തെ അണികൾ തിരുത്തണം'' എന്ന പേരിലുള്ള ഈ പുസ്തകം എത്രത്തോളം വെളിപ്പെടുത്തലുകൾ നടത്തുമെന്നത് കാണേണ്ടിയിരിക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ വിവാദം എതിരാളികൾ പ്രചരണത്തിനായി ഉപയോഗിക്കുമെന്നത്
വ്യക്തമാണ്. സംസ്ഥാനവ്യാപകമായി പ്രചരണ ആയുധമാകാനുള്ള സാധ്യത കണ്ട് പാർട്ടി പെട്ടെന്ന് തന്നെ വിവാദത്തിന്റെ മുന ഒടിക്കാൻ ശ്രമിക്കുകയാണ്. ഗൃഹസമ്പർക്ക പരിപാടിയിൽ ഇക്കാര്യത്തിലും വ്യക്തത
വരുത്താൻ പാർട്ടി നിർദേശം നൽകിയിട്ടുണ്ട്.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY