നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തകൃതിയായ ഒരുക്കങ്ങൾ കേരളത്തിലെ മൂന്ന് മുന്നണികളും തുടങ്ങിക്കഴിഞ്ഞു. ഓരോരുത്തർക്കും പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് അവരവരുടേതായ ശൈലിയുണ്ട്. സീറ്റുവിഭജനം, സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങിയ കാര്യങ്ങളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ധാരണയിലെത്താൻ കഴിയുമെന്നതാണ് എൽ.ഡി.എഫിന്റെ പ്രത്യേകത. കാരണം അവർ തീരുമാനമെടുത്താൽ പിന്നെ തർക്കത്തിനൊന്നും ആരും നിൽക്കില്ല. വരച്ച വരയിലൂടെ സംഗതികൾ മുന്നോട്ടു പോകും. എൻ.ഡി.എ ആകട്ടെ സ്ഥാനാർത്ഥി നിർണ്ണയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തെല്ലു സസ്പെൻസ് നിലനിർത്തുന്നതാണ് വർത്തമാനകാല ശൈലി. പുറത്തേക്ക് പൊട്ടലും ചീറ്റലുമൊന്നുമുണ്ടാവില്ല. ശാന്തമായി തീരുമാനങ്ങളെടുക്കും. വേണ്ടത്ര മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടാവും. പക്ഷെ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് യു.ഡി.എഫിന്റെ കാര്യം. പ്രത്യേകിച്ച് യു.ഡി.എഫിലെ കാരണവർ കക്ഷിയായ കോൺഗ്രസിന്റെ കാര്യം. തിരഞ്ഞെടുപ്പെന്നു കേൾക്കുമ്പോൾ മുതൽ കല്യാണവീട്ടിലെ ഒരുക്കങ്ങൾ പോലെയാണ് കാര്യങ്ങൾ. ആകെ ബഹളവും ചർച്ചകളും .ഇതിന് പുറമെ പരിഭവങ്ങൾ, പതംപറച്ചിലുകൾ, പിണങ്ങിപ്പോക്കുകൾ അങ്ങനെ സംഭവബഹുലമാണ്. വലിയ കോലാഹലങ്ങൾക്കും കൊടുങ്കാറ്റുകൾക്കും ശേഷമാവും ഒരു ഒത്തുതീർപ്പിലെത്തുക. കഴിഞ്ഞ ചില ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശതിരഞ്ഞെടുപ്പിലുമൊക്കെ ഈ സ്ഥിതിവിശേഷത്തിന് മാറ്റം വന്നു തുടങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. എങ്കിലും അടിസ്ഥാന സ്വഭാവം അങ്ങനങ്ങ് ഉപേക്ഷിക്കാൻ കോൺഗ്രസുകാർക്ക് മടിയാണ്. ഇക്കുറിയും അങ്ങനെയാണ് കാര്യങ്ങളുടെ പോക്ക്.
തദ്ദേശത്തിൽ കിട്ടിയ മേൽക്കൈയുടെ ചുവട് പിടിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുവരവുണ്ടെന്ന കടുത്ത ആത്മവിശ്വാസമാണ് യു.ഡി.എഫിന്. കോൺഗ്രസ് ക്യാമ്പാവട്ടെ അത്യുത്സാഹത്തിലും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിജയസാദ്ധ്യതയ്ക്കാണ് മുൻതൂക്കം എന്ന് എ.ഐ.സി.സി നേതൃത്വവും കെ.പി.സി.സി നേതൃത്വവും തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവർത്തിച്ച് ഇക്കാര്യം അരക്കിട്ടുറപ്പിച്ചിട്ടുമുണ്ട്. യുവാക്കൾക്ക് കൂടുതൽ അവസരം നൽകുമെന്നതാണ് പ്രതിപക്ഷ നേതാവ് നേരത്തെ മുതൽ പറഞ്ഞു കൊണ്ടിരിക്കുന്നത്. ടീം യു.ഡി.എഫ് എന്നൊക്കെയുള്ള മനോഹരമായ പ്രയോഗങ്ങളും അദ്ദേഹം പലകുറി നടത്തി. ടീം യു.ഡി.എഫ് എന്നൊക്കെയുള്ളത് മനോഹരമായ പ്രയോഗമാണെങ്കിലും അതിന് മുമ്പ് പറഞ്ഞ കാര്യം പല 'മൂത്തകോൺഗ്രസുകാർക്കും' അത്രക്കങ്ങ് പിടിച്ചിട്ടില്ല. സ്വകാര്യ സംഭാഷണത്തിനിടെ പല മുതിർന്ന നേതാക്കളോടും യുവാക്കൾക്ക് കൂടുതൽ അവസരം നൽകുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ ,കഷായം കുടിക്കുമ്പോലെയാവും മുഖഭാവം.
മിക്ക നേതാക്കൾക്കും ആകെ മടുപ്പില്ലാത്തൊരു കാര്യം തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും എം.എൽ.എയോ എം.പിയോ ഒക്കെ ആയിരിക്കുകയുമാണ്. യഥാർത്ഥത്തിൽ അവരെ കുറ്റം പറയാനുമാവില്ല, കാരണം ചിലർ മത്സരിച്ചെങ്കിലേ ചില മണ്ഡലങ്ങളിൽ കോൺഗ്രസ് ജയിക്കൂ! നിർണ്ണായക തിരഞ്ഞെടുപ്പാവുമ്പോൾ ഭാഗ്യപരീക്ഷണത്തിന് നിൽക്കാൻ പാർട്ടിയും ഒരുങ്ങില്ല. ഒരുപാട് തവണ നിയമസഭാ സാമാജികനും മന്ത്രിയുമൊക്കെ ആയെങ്കിലും ഒരു വട്ടം കൂടി മത്സരിക്കണമെന്നൊരു പൂതി വന്നു കഴിഞ്ഞാൽ എന്തു ചെയ്യും. ഇവരൊന്നു മാറിയിട്ടു വേണമല്ലോ പുതുമുഖങ്ങൾക്ക് മത്സരിക്കാൻ. സംഘടനയ്ക്ക് വേണ്ടി യൗവ്വനകാലം മുതൽ അദ്ധ്വാനിച്ചവർ, സമരങ്ങൾ നടത്തി ജയിൽ വാസമുൾപ്പെടെ അനുഭവിച്ചവർ, കൊടിയ ത്യാഗങ്ങൾ ചെയ്തവർ, ആരോഗ്യവും സമ്പത്തും നഷ്ടപ്പെടുത്തിയവർ , പാർട്ടിയുടെ ദുരിത കാലത്തും പാറപോലെ ഉറച്ചു നിന്നവർ അങ്ങനെ നിരവധി 'കാറ്രഗറി'യിൽപ്പെട്ടവരാണ് ക്യൂവിലുള്ളത്. അപ്പോൾ പിന്നെ ആരെ തഴയാൻ.
എന്നാൽ ഇവരാരും അതിയായ പാർലമെന്ററി വ്യാമോഹമുള്ളവരോ സ്ഥാനമാനങ്ങൾ മോഹിക്കുന്നവരോ ,അത്യാഗ്രഹികളോ ഒന്നുമല്ല, തിരഞ്ഞെടുപ്പു വരുമ്പോൾ ഒന്നു മത്സരിക്കണമെന്നു മാത്രം. അതും പാർട്ടി നിർബ്ബന്ധിച്ചാൽ. ഇവർക്കൊക്കെ വേണ്ടി പാർട്ടിയിൽ ആരെങ്കിലും സമ്മർദ്ദം ചെലുത്തിയാൽ ഈ പാവങ്ങൾക്ക് എന്തു ചെയ്യാനാവും. വയ്യാതെ കിടപ്പാണെങ്കിലും വടിയും കുത്തി മത്സരത്തിനിറങ്ങാൻ തയ്യാറാവുന്നത് ഇവരുടെയൊക്കെ വലിയ മനസും പാർട്ടി സ്നേഹവും കൊണ്ടാണ്.
ഏറ്റവും കൂടുതൽ ഉൾപ്പാർട്ടി ജനാധിപത്യമുള്ള സംഘടനയാണ് കോൺഗ്രസ് എന്നാണ് അതിന്റെ നേതാക്കൾ തന്നെ അഭിമാനപൂർവ്വം പറയാറുള്ളത്. ഈ ജനാധിപത്യ സ്വഭാവമുള്ളതിനാൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനും മുഖ്യമന്ത്രി പദവിയിലേക്ക് സ്വയം പരിഗണിക്കപ്പെടാനുമൊക്കെയുള്ള സ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ട്. ഭരണം കിട്ടിയാൽ മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ തുറന്ന മനസോടെ സന്നദ്ധരായി കാൽ ഡസനിലേറെ നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന മറ്റേതെങ്കിലും സംസ്ഥാനമുണ്ടാവുമോ. യോഗ്യതയുടെ കാര്യത്തിൽ എല്ലാവരും ഒന്നിനൊന്നു മെച്ചം. ഇതിൽ ആരെ തീരുമാനിക്കണമെന്നതാണ് നേതൃത്വത്തിനെ കുഴയ്ക്കുന്ന വിഷയം.
അടുത്ത തിരഞ്ഞെടുപ്പിൽ ഭരണം തങ്ങൾക്കെന്നതിൽ കോൺഗ്രസിലെ ഒറ്റ നേതാക്കൾക്കുമില്ല സന്ദേഹം. രാഷ്ട്രീയ കാലാവസ്ഥ തീർത്തും യു.ഡി.എഫ് അനുകൂലം. ഘടക കക്ഷികളുമായുള്ള സീറ്ര് പങ്കുവയ്ക്കൽ കഴിഞ്ഞിട്ടു വേണം കോൺഗ്രസിലെ വീതം വയ്പിലേക്ക് പ്രവേശിക്കാൻ. എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന ചില അഭിപ്രായങ്ങൾ ഇതിനകം ആരൊക്കെയോ ഉന്തി തള്ളി വിട്ടിട്ടുണ്ട്. പാർലമെന്റിലേക്ക് ജയിച്ചു പോയെന്നു കരുതി നിയമസഭയിലേക്ക് മത്സരിക്കരുതെന്നു പറയുന്നത് എന്തൊരന്യായം. ഡൽഹിയിലെ തണുപ്പും പൊടിയും മോശം കാലാവസ്ഥയുമൊക്കെ സഹിച്ച് കഴിഞ്ഞു കൂടേണ്ടിവരുന്ന ബുദ്ധിമുട്ട് മറ്റൊരു വഴിക്ക്. ഇവിടാവുമ്പോൾ ഒന്നുമില്ലെങ്കിലും നമുക്കൊക്കെ പറ്റുന്ന കാലാവസ്ഥയല്ലെ.
മറ്റൊരു വഴിക്ക് യൂത്തുകാരും കെ.എസ്.യുക്കാരുമെല്ലാം ഇറങ്ങിയിട്ടുണ്ട്, തങ്ങൾക്കും മത്സരിക്കണമെന്ന അവകാശവാദവുമായി. തലയിരിക്കുമ്പോൾ വാല് ആടേണ്ട വല്ല കാര്യവുമുണ്ടോ? യുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയുമൊക്കെ അവകാശങ്ങൾക്ക് വേണ്ടി കുറേക്കാലം കൂടി പോരാടിയിട്ടു പോരേ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും മറ്റും എന്നു മുതിർന്ന നേതാക്കൾ ചിന്തിച്ചാൽ അവരെ കുറ്റം പറയാനാവുമോ.
ഇതു കൂടി കേൾക്കണേ
സി.പി.എമ്മും സി.പി.ഐയുമൊക്കെ രണ്ടു ടേം നിർബ്ബന്ധമാക്കി മാതൃക കാട്ടിയെങ്കിലും ഇക്കുറി മാനദണ്ഡം പെട്ടിയിൽ പൂട്ടി വയ്ക്കാനാണ് സാദ്ധ്യത. കാരണം ഭരണം ഏറെ വിലപ്പെട്ടതാണല്ലോ. അപ്പോൾ പിന്നെ തമ്മിൽ ഭേദം ആരാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |