
ചെന്നൈയിൽ ഒരു പുതിയ വീട് നിർമ്മിച്ചപ്പോൾ എസ്.പി.വെങ്കിടേഷ് മക്കളോടു പറഞ്ഞു: 'ഈ വീട്ടിലെ ഒരോ ഇഷ്ടികയും മലയാളം തന്ന പണംകൊണ്ട് വാങ്ങിയതാണ്." അത്രമേൽ മലയാളികളോട് കടപ്പാട് സൂക്ഷിച്ചിരുന്ന സംഗീത പ്രതിഭയായിരുന്നു, ഇന്നലെ വിടവാങ്ങിയ എസ്.പി.വെങ്കിടേഷ്. മാതൃഭാഷയായ തമിഴിൽ 30 സിനിമകൾക്കാണ് എസ്.പി.വി ഈണം നൽകിയത്. മലയാളത്തിലാകട്ടെ 120-ലേറെ സിനിമകൾക്കും!
സംഗീതം എസ്.പി.വെങ്കിടേഷ് ആണെങ്കിൽ പാട്ടൊക്കെ സൂപ്പർ ആകുമെന്ന് 1986 മുതൽ രണ്ട് പതിറ്റാണ്ട് കാലം മലയാളി കണ്ണുംപൂട്ടി വിശ്വസിച്ചിരുന്നു.
മഹാ പ്രതിഭകൾ തെന്നിന്ത്യൻ സംഗീത ലോകത്ത് വിരാജിക്കുമ്പോഴും തന്റേതായ ഇടം കണ്ടെത്തി എക്കാലത്തും മലയാളികൾക്ക് ഓർത്തിരിക്കാവുന്ന പാട്ടുകൾ നൽകി. മലയാള സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകൻ ആവുന്നതിനു മുമ്പു തന്നെ വെങ്കിടേഷിന് മലയാള സിനിമയുമായി അടുപ്പമുണ്ടായിരുന്നു. കണ്ണൂർ രാജൻ, ദേവരാജൻ മാസ്റ്റർ, ബാബുരാജ്, ദക്ഷിണാമൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ തുടങ്ങിയ മഹാരഥന്മാർക്കൊപ്പം അസിസ്റ്റന്റായും മാൻഡലിൻ പ്ലെയറായും അദ്ദേഹം പ്രവർത്തിച്ചു.
മാൻഡലിൻ വിദ്വാനായിരുന്ന അച്ഛൻ പഴനിയുടെ പക്കൽ നിന്ന് മാൻഡലിൽ പഠിച്ച ശേഷം ഗിത്താർ ഉൾപ്പെടെയുള്ള സംഗീത ഉപകരണങ്ങളിലും പ്രവീണ്യം നേടി. സംഗീതമാണ് ജീവിതമെന്ന് നന്നേ ചെറുപ്പത്തിലേ തന്നെ തീരുമാനിച്ച എസ്.പി.വി സ്വന്തമായി 'വെങ്കിടേഷ്- ബാബ" എന്ന പാട്ടുസംഘമുണ്ടാക്കി. ഗാനമേളകളും കച്ചേരികളും അവതരിപ്പിച്ചു. ഉത്സവങ്ങൾക്കു മാത്രമല്ല, വിവാഹം പോലുള്ള ചടങ്ങുകളിലും അദ്ദേഹം സംഗീതപരിപാടികൾ അവതരിപ്പിച്ചു. 1974 മുതൽ 80 വരെ ഇതു തുടർന്നു.
തമിഴ്, കന്നട, ബംഗാളി, തെലുങ്ക്, ഹിന്ദി സിനിമകളിലും പ്രവർത്തിച്ച എസ്.പി. വെങ്കിടേഷ് 1999-ൽ 'ഇതു മുടിവിതില്ലൈ" എന്ന തമിഴ് സിനിമയ്ക്കു വേണ്ടി ഒൻപത് ഗാനങ്ങളാണ് ഒറ്റ ദിവസം ചിട്ടപ്പെടുത്തിയത്. 'വെള്ളേപ്പം" എന്ന ചിത്രത്തിനാണ് അവസാനം സംഗീതമൊരുക്കിയത്. സലിൽ ചൗധരിയെയും ബോംബെ രവിയെയും പോലെ അന്യനാട്ടിൽ നിന്നു വന്ന് വരികളുടെ കാവ്യാത്മക സൗന്ദര്യവും ഭാവതീക്ഷ്ണതയും ഉൾക്കൊണ്ട് ഈണമിട്ട പ്രതിഭാധനനാണ് ഇന്നലെ മടങ്ങിപ്പോയത്.
'ചന്ദനക്കാറ്റേ കുളിർ കൊണ്ടുവാ..." എന്ന ഗാനം ആദ്യം കേട്ട മലയാളികളൊക്കെ ഒന്നു കോരിത്തരിച്ചിട്ടുണ്ടാകും. അത്രമേൽ ഉള്ളിൽ തട്ടുന്നതാണ് എസ്.പി.വി നൽകിയ ഈണം. യേശുദാസും ചിത്രയും ഈ ഗാനം പാടി. 'ഭീഷ്മാചാര്യ" എന്ന സിനിമ വേണ്ടത്ര വിജയിച്ചില്ലെങ്കിലും പാട്ട് എന്നത്തേയും സൂപ്പർഹിറ്റായി മാറുകയായിരുന്നു. യൂസഫലി കേച്ചേരിയുടേതായിരുന്നു വരികൾ. 'സ്ഫടിക" ത്തിലെ പി. ഭാസ്‌കരൻ എഴുതിയ 'ഓർമ്മകൾ... ഓർമ്മകൾ... ഓടക്കുഴലൂതി" എന്ന വരികൾക്ക് വെങ്കിടേഷ് സംഗീതം നൽകിയപ്പോൾ എക്കാലത്തേയും മികച്ച നൊസ്റ്റാൾജിക് ഗാനമാകുകയായിരുന്നു
പ്രേമം, വാത്സ്യം, ശോകം, ആഘോഷം, കൃസൃതി... പാട്ടിലെ ഭാവം ഏതായാലും അതിനുസരിച്ച് ഈണമൊരുക്കിയിരിക്കും എസ്.പി.വി. 'തളിർ വെറ്റിലയുണ്ടോ... വരദക്ഷിണ വയ്ക്കാൻ..." എന്ന 'ധ്രുവ"ത്തിലെ പാട്ടിൽ തുടിക്കുന്ന പ്രണയം, 'ശാന്തമീ രാത്രിയിൽ..." എന്ന 'ജോണിവാക്കറി"ലെ ഗാനം ഈ അടുത്തകാലത്തുപോലും ആഘോഷമായി. 'ബാഗി ജീൻസും ഷൂസുമണിഞ്ഞ" പെണ്ണിനെക്കുറിച്ചു പാടിയ 'സൈന്യ"ത്തിലെ പാട്ടുകൾ...
'ഊട്ടിപ്പട്ടണം" എന്ന 'കിലുക്ക"ത്തിലെ അടിച്ചുപൊളി പാട്ടു കേട്ട് മലയാളികൾ തുള്ളിച്ചാടി. അതേ സിനിമയിലെ തന്നെ 'കിലുകിൽ പമ്പരം തിരിയും മാനസം... " കേട്ട് നമ്മൾ അറിയാതെ ആ താരാട്ടിൽ ഉറങ്ങിപ്പോയി. കെ.എസ് ചിത്രയുടെ അന്നോളം കേട്ടിട്ടില്ലാത്തൊരു ആലാപന ശൈലിയിൽ കേട്ട 'സ്ഫടിക"ത്തിലെ 'ഏഴിമല പൂഞ്ചോല..," പൈതൃകത്തിലെ 'വാൽക്കണ്ണെഴുതിയ മകരനിലാവിൽ..." സോപാനം, വാത്സ്യല്യം, ഹിറ്റ്‌ലർ, ഇന്ദ്രജാലം, കാശ്മീരം എന്നിങ്ങനെ സിനിമകളിലെ സൂപ്പർ ഹിറ്റ് പാട്ടുകളുടെ പട്ടിക നീളുന്നു. ഇതിനെല്ലാം പുറമെയാണ് ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതം. ഏറെയും ആക്ഷൻ സിനിമകൾക്കണ് എസ്.പി.വി പശ്ചാത്തല സംഗീതം നൽകിയത്.
ഈണങ്ങളുടെ
തേൻപാട്ടുകൾ
നിലാവേ മായുമോ (മിന്നാരം)
ഒരു വല്ലം പൊന്നും പൂവും (മിന്നാരം)
ചിങ്കാരക്കിന്നാരം ചിരിച്ചു കൊഞ്ചുന്ന (മിന്നാരം)
അന്തിമാനം പൂത്ത പോലെൻ (ചുക്കാൻ)
മലരമ്പൻ തഴുകുന്ന കിളിമകളെ (ചുക്കാൻ)
നീലക്കണ്ണാ നിന്നെ കണ്ടു (വെണ്ടർ ഡാനിയേൽ)
കേളീ വിപിനം വിജനം (മാന്ത്രികം)
ആറ്റിറമ്പിലാൽമരത്തിൽ (മാന്നാർ മത്തായി സ്പീക്കിംഗ്)
ഓളക്കയ്യിൽ നീരാടി (മാന്നാർ മത്തായി സ്പീക്കിംഗ്)
നീയുറങ്ങിയോ നിലാവേ (ഹിറ്റ്ലർ)
കളഹംസം നീന്തും രാവിൽ (സ്വപ്നലോകത്തെ ബാലഭാസ്‌കരൻ)
മാലിനിയുടെ തീരങ്ങൾ (ഗാന്ധർവം)
താരനൂപുരം ചാർത്തി (സോപാനം)
ഒന്നുരിയാടാൻ കൊതിയായി (സൗഭാഗ്യം)
മുത്തുമണി തൂവൽ തരാം (കൗരവർ)
പുത്തൻ പുതുക്കാലം (കാബൂളിവാല).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |