SignIn
Kerala Kaumudi Online
Wednesday, 11 February 2026 7.13 PM IST

അനുദിനം വർദ്ധിച്ച് പോക്സോ കേസുകൾ

Increase Font Size Decrease Font Size Print Page
s

നിയമങ്ങൾ കർശനമാകുമ്പോഴും സംസ്ഥാനത്തെ കുറ്റകൃത്യങ്ങളിൽ മുന്നിൽ നിൽക്കുകയാണ് പോക്‌സോ കേസുകൾ. ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ 15,000ത്തോളം കുട്ടികളാണ് ഓരോ വർഷവും പലതരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നത്. കുട്ടികൾ സുരക്ഷിതരെന്ന് നാം ചിന്തിക്കുന്ന വീടുകളിലും വിദ്യാലയങ്ങളിലും വരെ കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നു. സംസ്ഥാനത്ത് കഴിഞ്ഞ വർഷം 4,753 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്, 464 കേസുകൾ. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ ജനസംഖ്യയുള്ളത് മലപ്പുറത്തായതിനാലാണ് കേസുകളുടെ എണ്ണത്തിൽ മുന്നിലാവാൻ കാരണമെന്ന് അധികൃതർ പറയുന്നത്.

തിരുവനന്തപുരം സിറ്റി-230, തിരുവനന്തപുരം റൂറൽ-458, കൊല്ലം സിറ്റി - 248, കൊല്ലം റൂറൽ-254, പത്തനംതിട്ട -271, ആലപ്പുഴ -267, കോട്ടയം-208, ഇടുക്കി-183, എറണാകുളം സിറ്റി-153, എറെണാകുളം റൂറൽ-288, തൃശൂർ സിറ്റി-208, തൃശൂർ റൂറൽ -189, പാലക്കാട്-266, കോഴിക്കോട് സിറ്റി -217, കോഴിക്കോട് റൂറൽ-246, വയനാട്-185, കണ്ണൂർ സിറ്റി-101, കണ്ണൂർ റൂറൽ-89, കാസർഗോഡ്-223, റെയിൽവേ പൊലീസ്-അഞ്ച് എന്നിങ്ങനെയാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത പോക്‌സോ കേസുകൾ. അതേസമയം, നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട 2016 മുതൽ 2023 വരെയുള്ള കണക്കുകൾ പ്രകാരം പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം ഏഴ് വർഷത്തിനുള്ളിൽ ഏകദേശം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. കുട്ടികൾക്കെതിരായ ലൈഗിക അതിക്രമങ്ങളിൽ രാജ്യത്ത് മുന്നിൽ മഹാരാഷ്ട്രയാണ്. ബാലപീഡനത്തിന് ഇരയാകുന്നവരിൽ 99 ശതമാനവും പെൺകുട്ടികളാണ്. 2018 മുതൽ 2023 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിൽ 1.87 ലക്ഷം പെൺകുട്ടികളും 1,920 ആൺകുട്ടികളുമാണ് ലൈഗികാതിക്രമത്തിന് ഇരയായത്.

12 മുതൽ 17 വയസ്സുള്ള കുട്ടികളാണ് അതിക്രമത്തിന് കൂടുതലും ഇരകളാവുന്നത്. ഒരുകാലത്ത് അപമാനം ഭയന്ന് കേസുമായി മുന്നോട്ട് പോകാൻ അധിക പേരും താത്‌പര്യപ്പെട്ടിരുന്നില്ല. എന്നാൽ, നിരന്തര ബോധവത്‌കരണത്തിലൂടെ ഈ ചിന്താഗതിക്ക് വലിയ മാറ്റമാണ് സംഭവിച്ചത്. മാത്രമല്ല, തങ്ങൾക്ക് നേരെ നടന്നത് ചൂഷണമാണെന്ന് തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും കുട്ടികൾക്ക് ഇന്ന് സാധിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കിയതോടെ വെളിച്ചം കാണാതെ പോകുമായിരുന്ന പല സംഭവങ്ങളും പുറത്ത് വരുകയും ചെയ്തിട്ടുണ്ട്. അയൽവാസികളിൽ നിന്നും നേരിട്ട അതിക്രമങ്ങളാണ് നേരത്തെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇന്ന് പ്രണയ ബന്ധങ്ങളിൽ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമ കേസുകളാണ് കൂടുതലും.

സമൂഹത്തിൽ വർദ്ധിച്ച് വരുന്ന മയക്കുമരുന്നിന്റെ സ്വാധീനവും പോക്‌സോ കേസുകൾ വർദ്ധിക്കാൻ പ്രധാന കാരണമാണ്. ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗിക ചൂഷണം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്. ചൈൽഡ് ലൈനിന്റേയും ചെൽഡ് വെൽഫെയർ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കണ്ടെത്താൻ സജീവമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്നിരുന്നാലും, പോക്‌സോ കേസുകളിലെ വിചാരണ നീണ്ട് പോകുന്നത് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയാക്കും എന്നതിനാൽ രക്ഷിതാക്കൾ നേരിട്ടും കേസുകൾ ഒത്തുതീർപ്പാക്കുന്നുണ്ട്. വിചാരണാ നടപടികൾ നീളുന്നതിനാൽ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ കേസുമായി മുന്നോട്ട് പോകാൻ അധികപേരും താത്പര്യപ്പെടുന്നില്ല. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് പൊലീസിന്റെയും ജില്ലാ ശിശുക്ഷേമ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൃത്യമായ ബോധവത്കരണം മൂലം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയെന്ന് അധികൃതർ പറയുന്നു.

ആൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ ഗൗരവത്തോടെ സമീപിക്കേണ്ടതാണ്. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൃത്യമായ കൗൺസലിംഗ് സംവിധാനം ആൺകുട്ടികൾക്കും ലഭ്യമാക്കേണ്ടതുണ്ട്. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണ് എന്നതിനപ്പുറത്തേക്ക് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടപ്പാക്കണം. ആദിവാസി മേഖലയിലെ കുട്ടികൾക്കും ഇതുമായി ബന്ധപ്പെട്ട കൃത്യമായ അവബോധം നൽകണം.
ലൈംഗികാതിക്രമം എന്നത് അന്തസ്സുമായി ബന്ധപ്പെട്ടതല്ലെന്നും തന്റെ ശരീരത്തിന് നേരെ ഒരാൾ അക്രമം നടത്തിയാൽ അതിനെതിരെ പ്രതികരിക്കണമെന്നുമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. ആക്രമിക്കപ്പെട്ട കുട്ടിയെ കോടതി വരെ എത്തിക്കുന്നതിന് ശിശുക്ഷേമ സമിതി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. കോടതിയിൽ സുരക്ഷിതമായി മൊഴി കൊടുക്കാനുള്ള സാഹചര്യം ഉണ്ടായാൽ മാത്രം പോരാ. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ഒരുക്കണം. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ പ്രതിരോധിക്കേണ്ടത് അനിവര്യമാണ്. അതിന് അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. കേസ് മനസ്സിലാക്കി വേഗത്തിൽ ഇടപെടണം. ഇരയ്ക്ക് ശ്രദ്ധയും സുരക്ഷയും നൽകണം. കുട്ടികൾക്ക് ആരോഗ്യകരമായ രീതിയിലും സ്വാതന്ത്ര്യവും അന്തസ്സും ഉള്ള പരിതസ്ഥിതിയിലും വളർന്നുവരാനുള്ള അവസരങ്ങളും സൗകര്യങ്ങളും നൽകുകയും ചൂഷണത്തിൽനിന്നും സാൻമാർഗ്ഗികവും ഭൗതികവുമായ പരിത്യജനത്തിൽനിന്നും കുട്ടികളെ സംരക്ഷിക്കുകയും ചെയ്യുക എന്ന ഭരണഘടനാ (ആർട്ടിക്കിൾ 39 എഫ്) നിർദ്ദേശം കുട്ടികൾക്കുള്ള വാഗ്ദാനം കൂടിയാണ്. അതു പാലിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.

TAGS: POCSO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.