SignIn
Kerala Kaumudi Online
Thursday, 12 February 2026 9.27 AM IST

കാത്തിരിപ്പിന് വിരാമം: എല്ലാവർക്കുമായി തുറക്കുന്നു സുവോളജിക്കൽ പാർക്ക്

Increase Font Size Decrease Font Size Print Page
s

ഏഷ്യയിലെ ഏറ്റവും വലിയ ഡിസൈനർ സുവോളജിക്കൽ പാർക്കായ പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്കിന്റെ പ്രവർത്തനോദ്ഘാടനം കഴിഞ്ഞെങ്കിലും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത് പലകാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. ഒക്ടോബർ 28ന് ഉദ്ഘാടനം നടത്തിയെങ്കിലും വിദ്യാർത്ഥികൾക്കും മറ്റും മാത്രമായി സന്ദർശനം നിയന്ത്രിച്ചിരുന്നു. മാനുകൾ ചത്തതും തൃശൂർ മൃഗശാലയിൽ നിന്ന് മൃഗങ്ങളെ എത്തിക്കുന്നതിനുള്ള തടസവുമെല്ലാം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത് വൈകുന്നതിന് കാരണമായി. ഇനി, കാത്തിരിപ്പിന് വിരാമം. ഈ മാസം തന്നെ പാർക്ക് തുറക്കുമെന്ന് ഉറപ്പായി. ഈ മാസം അവസാനത്തോടെ ടിക്കറ്റ് വിൽപ്പന ആരംഭിക്കാനാണ് അധികൃതരുടെ ശ്രമം.

മൃഗങ്ങളും പക്ഷികളുമായി ഇരുന്നൂറോളം ജീവികൾ പാർക്കിലുണ്ട്. വിദേശങ്ങളിൽ നിന്നും മൃഗങ്ങളെ എത്തിക്കാനുള്ള നടപടികൾ തുടരുന്നു. നാലുവീതം അനാക്കോണ്ടയും സീബ്രയും ആഫ്രിക്കൻ മാനും ഉടനെയെത്തും. സ്വാഭാവിക ആവാസവ്യവസ്ഥയിൽ വിഹരിക്കുന്ന പക്ഷിമൃഗാദികളെ വനത്തിനുള്ളിലെന്ന പോലെ ഇവിടെ കാണാം. 28 ആവാസയിടങ്ങളാണ് ഒരുക്കിയിട്ടുളളത്. ഓമന മൃഗങ്ങൾക്കായുള്ള പ്രത്യേക ഏരിയയുണ്ട്. മറ്റൊന്നാണ് വെർച്വൽ സൂ. മാനുകൾക്കായുള്ള സഫാരി പാർക്കും ഒരുക്കുന്നുണ്ട്. കടുവകളും പുലിയും മാനുകളും കുരങ്ങുകളും വിവിധ പക്ഷികളുമടക്കമുളള ജീവികൾ നിലവിൽ പാർക്കിലുണ്ട്. തൃശൂർ മൃഗശാലയിൽ ശേഷിക്കുന്ന 200 ജീവികളെ കൂടി ഈ മാസം മാറ്റുന്നതോടെ പുത്തൂർ പാർക്ക് സജ്ജമാകും. തൃശൂരിൽ നിന്നു പുത്തൂരിലേക്ക് ജീവികളെ മാറ്റുന്നതിനുള്ള കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.

റോഡുകളും ഒരുങ്ങി

പൊതുജനങ്ങൾക്കായി തുറക്കുന്നതോടെ കേരളത്തിനകത്തും പുറത്തും നിന്നുമുളള സന്ദർശകർ എത്തും. പുത്തൂർ റോഡിന്റെ നവീകരണം വേഗത്തിൽ നടക്കുന്നുണ്ട്. റോഡിന്റെ മെക്കാഡം ടാറിംഗ് ആണ് നടക്കുന്നത്. പുത്തൂർ മുതൽ മൃഗശാല വരെയുള്ള റോഡിന്റെ ടാറിംഗ് പൂർത്തിയായാലുടൻ തൃശൂരിൽ നിന്നും ജീവികളെ മാറ്റാനാകും. 336 ഏക്കർ ഭൂമിയിൽ 369 കോടി രൂപ ചെലവിട്ടാണ് പുത്തൂർ മൃഗശാല യാഥാർത്ഥ്യമാക്കിയത്. ഈ ഗ്രാമത്തിന്റെയും പരിസരപ്രദേശങ്ങളുടെയും മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള വികസനം കൂടി ലക്ഷ്യമിടുന്നുണ്ട്. മുതിർന്നവർക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. 60 വയസിനു മുകളിലുളളവർക്ക് 50 രൂപയും 5 മുതൽ 12 വയസു വരെ 30 രൂപയും 5 വയസിന് താഴെ സൗജന്യവുമാണ്.

സൗകര്യങ്ങളും സുരക്ഷയും ഇനിയും വേണം

പാർക്കിലെ പക്ഷിമൃഗാദികളുടേയും ജീവനക്കാർ, സന്ദർശകർ എന്നിവരുടേയും സുരക്ഷ കൂടുതലായി ഉറപ്പാക്കണമെന്ന ആവശ്യമുയരുന്നുണ്ട്. സൂ ഡിസൈനർ, ഫയർ ആൻഡ് സേഫ്റ്റി, പൊലീസ്, ദുരന്തനിവാരണ വിഭാഗം, മൃഗശാല വിദഗ്ധർ, റോഡ് ആൻഡ് സേഫ്റ്റി വിഭാഗം, ആരോഗ്യ ശുചിത്വ വിഭാഗം വിദഗ്ധരെ ഉൾപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങളേയും സൗകര്യങ്ങളേയും കുറിച്ച് ഓഡിറ്റിംഗ് നടത്തണമെന്ന് ഫ്രണ്ട്‌സ് ഒഫ് സൂ ചൂണ്ടിക്കാട്ടി. പ്രസിദ്ധ ആസ്‌ട്രേലിയൻ സൂ ഡിസൈനർ ജോൺകോയുടെ മാസ്റ്റർ പ്ലാനിൽ ആവാസ ഇടങ്ങൾ സന്ദർശിക്കുന്നതിനായി ട്രാംവേയും ട്രാം സ്റ്റേഷനുകളും വേണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് കേന്ദ്ര മൃഗശാല അതോറിട്ടി, സുവോളജിക്കൽ പാർക്ക് ഡയറക്ടർ എന്നിവർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നുവെന്ന് ഫ്രണ്ട്‌സ് ഒഫ് സൂ സെക്രട്ടറി എം.പീതാംബരൻ പറയുന്നു.

ട്രാം വേ സൗകര്യങ്ങൾ ഒരുക്കാത്തതുമൂലം പ്രായമായവരും കുട്ടികളും 4 കിലോമീറ്റർ നടക്കേണ്ട സാഹചര്യമുണ്ടാകും. ഭാവിയിലേക്കുള്ള പ്രവർത്തന രൂപരേഖ തയാറാക്കാത്തത് തുടർ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ആക്ഷേപമുണ്ട്. മുളങ്കാടുകളും പാറക്കെട്ടുകളും താപനില കൂട്ടുമെന്നും വെള്ളത്തിന്റെ ആവശ്യകത പ്രതീക്ഷിച്ചതിലും കൂടുമെന്ന ആശങ്കകളും അവശേഷിക്കുന്നു. അതേസമയം, പാർക്കിനുള്ളിൽ സഞ്ചരിക്കാൻ 2 കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസുകളുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. ഓരോ 400 മീറ്റർ പരിധിയിലും ബസ് സ്റ്റോപ്പും, ഫുഡ് കിയോസ്‌കും ശുചിമുറി സൗകര്യവുമുണ്ട്. പ്രധാന കവാടത്തിനു സമീപം വലിയ കഫറ്റേരിയയും പാർക്കിനുള്ളിൽ ഒരു മിനി കഫറ്റേരിയയും ഒരുക്കിയിട്ടുണ്ട്. 200 ഇരു ചക്രവാഹനങ്ങൾക്കും 200 കാറുകൾക്കും 15 ബസുകൾക്കും ഒരേ സമയം പാർക്ക് ചെയ്യാൻ സൗകര്യമുണ്ടെന്നും പറയുന്നു.

ഒരു ദിവസം മുഴുവൻ കാണാം

ഒരു ദിവസം മുഴുവൻ കാണാനുള്ള വിശാലമായ ഇടമാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്. എന്നാൽ, ചുറ്റിക്കറങ്ങി കാണാനുളള സൗകര്യം ഉടനെ ഒരുക്കേണ്ടതുണ്ട്. മൃഗങ്ങൾക്ക് ആവാസ വ്യവസ്ഥയനുസരിച്ച് ജീവിക്കാമെന്നതാണ് സവിശേഷത. കിടങ്ങുകൾ നിർമ്മിച്ചും വൈദ്യുതവേലി കെട്ടിയുമാണ് മൃഗങ്ങളെ നിയന്ത്രിക്കുന്നത്. വനംവകുപ്പിന്റെ കീഴിലാണ് മൃഗശാലയുടെ പ്രവർത്തനം. കേരളത്തിന്റെ സ്വന്തം 'ഡ്രീംപാർക്ക് " ആണ് പുത്തൂരിൽ ഉദ്ഘാടനം ചെയ്തത്. സീബ്ര, ജിറാഫ്, അനാകോണ്ട എന്നിവയോടൊപ്പം തെക്കൻ ആഫ്രിക്കയിലെ തുറന്ന സമതലങ്ങളിലും പീഠഭൂമിയുടെ താഴ്‌വരകളിലും കാണുന്ന വലിപ്പമുള്ള മാനുകളായ എലാൻഡകളും ഉടനെ പാർക്കിലെത്തുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ 28ന് ശേഷം രണ്ടുമാസം ട്രയൽ റണ്ണാക്കാനായിരുന്നു തീരുമാനം. ഈ കാലയളവിൽ പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായി നിജപ്പെടുത്തുകയായിരുന്നു. തിരക്കുണ്ടാകുമ്പോൾ മൃഗങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാനായിരുന്നു ഇത്. മനുഷ്യരുമായി ഇണങ്ങിച്ചേരുന്നതോടെ ജനുവരി മാസത്തോടെ എല്ലാവർക്കും പ്രവേശനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, വീണ്ടും വെെകി.

പല വിദേശമൃഗങ്ങൾക്കും അനുകൂലമാണ് പുത്തൂർ. ധാരാളം കുറ്റിച്ചെടികൾ പോലെയുള്ള കുറ്റിക്കാടുകൾ അടങ്ങിയ വരണ്ട പ്രദേശങ്ങളിലാണ് എലാൻഡകൾ പോലുളള മൃഗങ്ങൾ കഴിയുക. അതുകൊണ്ട് പുത്തൂർ ഇവയ്ക്ക് അനുയോജ്യമാകും. പാർക്ക് പ്രവർത്തനം തുടങ്ങിയ ശേഷമാണ് സാധാരണ മൃഗങ്ങളെയെത്തിക്കാറുള്ളത്. പക്ഷേ, നിർമ്മാണത്തിന് കാലതാമസമുണ്ടായതോടെ തൃശൂർ മൃഗശാലയിൽ നിന്ന് വേഗം മൃഗങ്ങളെ എത്തിക്കുകയായിരുന്നു. പാർക്ക് തുറക്കുമ്പോൾ പ്രതീക്ഷിക്കുന്ന പക്ഷിമൃഗാദികൾ 700 ലേറെയാണ്. പ്രതീക്ഷകളേറെയുണ്ട്. കാരണം ഇതൊരു മൃഗശാലയല്ല, പ്രകൃതിയെ, വന്യമൃഗങ്ങളെ സ്വാഭാവികമായി കണ്ട് അറിയാനുളള ഇടമാണ്....

TAGS: ZOO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.