
. ഇപ്പോൾ അതിമനോഹരവുമാണ്.ഇനി വയനാട്ടിലേക്ക് വരുന്നവർ ഇവിടെയുളള പ്രകൃതി ഭംഗി കാണാൻ മാത്രമായിരിക്കില്ല ചുരം കയറിയെത്തുക.ലോക മാതൃകയായി ഉയർന്ന വയനാട് ടൗൺഷിപ്പുകൂടി കാണാനായിരിക്കും ഓരോരുത്തരുടെയും വരവ്. ഇപ്പോൾ അത് കണ്ടുതുടങ്ങി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാജ്യത്തിന് പുറത്തുനിന്നും ടൗൺഷിപ്പ് കാണാൻ ജനം ഒഴുകിയെത്തുകയാണ്. അതിൽ വിദേശികളും ഉൾപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഛിന്നഭിന്നമായി മാറിയേക്കാവുന്ന ഒരു ജനതയെ ചങ്കുറപ്പോടെ നെഞ്ചിലേറ്റിയതിന്റെ നേർസാക്ഷ്യം ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ വന്നാൽ കാണാം. തൊഴിൽ സമരത്തെ തുടർന്ന് രണ്ടാൾ പൊക്കത്തിൽ വളർന്ന നിന്ന് തേയിലച്ചെടികൾ നിറഞ്ഞ് നിന്ന ഭൂമി.അവിടെ ഇടിഞ്ഞ് പൊളിയാറായ പാടി(ലയങ്ങൾ)യിൽ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ കുറെ തോട്ടം തൊഴിലാളികൾ. ചെയ്ത ജോലിക്ക് പോലും കൂലി ലഭിക്കാത്തതിനെ തുടർന്ന് സമരം ചെയ്ത് മടുത്തവർ. ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്നവർ.ആ എൽസ്റ്റൺ എസ്റ്റേറ്റാണ് കേരള സർക്കാർ വൻ വില കൊടുത്ത് വാങ്ങിയത്. എന്തിനെന്നല്ലേ?.ഉരുൾ ദുരിതരെ അവരുടെ ആഗ്രഹ പ്രകാരം ഒരു കുടക്കീഴിൽ പുനരധിവസിപ്പിക്കാൻ.അത് പൂവണിഞ്ഞിരിക്കുന്നു.ഏതാനും മാസം മുമ്പ് കണ്ട ആ പഴയ എൽസ്റ്റൺ എസ്റ്റേറ്റല്ല ഇന്നത്. അതിമനോഹരമായ വീടുകളുടെ ഒരു വലിയ സമുച്ചയം.അതും ആധുനിക രീതിയിൽ പണിതവ.ഇവിടെ എല്ലാമുണ്ട്. ഒരു സ്വർഗ്ഗം പോലെ.ഇത് കാണാനാണ് ജനങ്ങൾ കൽപ്പറ്റയിലേക്ക് ഒഴുകിയെത്തുന്നത്. ഒപ്പം ഉരുൾ ദുരിതബാധിതരെ കണ്ട് സ്നേഹം പ്രകടിപ്പിക്കാനും.
#
2024 ജൂലൈ 30 ന് പുലർച്ചെ പുഞ്ചിരിമട്ടത്തെ മലഞ്ചെരിവിൽ 1750 അടി മുകളിൽ പൊട്ടിയ ഉരുൾ ഉലച്ച വയനാട് എന്ന മണ്ണിന് 579 ദിവസങ്ങൾക്ക് ശേഷം പുനർജനി. 298 ജീവനുകൾ നഷ്ടപ്പെട്ട് ഒന്നാകെ ഛിന്നഭിന്നമായ ഒരു ജനതയ്ക്ക് ലോകമെമ്പാടുമുള്ള മലയാളികൾ നൽകിയ വാഗ്ദത്തത്തിന്റെ പൂർത്തീകരണത്തിനായിരുന്നു ഞായറാഴ്ച കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റ് നിറഞ്ഞ മനസ്സോടെ സാക്ഷ്യം വഹിച്ചത്.പ്രകൃതി ദുരന്തത്തിൽ ഉലഞ്ഞുപോയ നാടിനെ തിരികെയേൽപ്പിക്കാൻ ഓരോ മലയാളിയും കൂടെ നിന്നു. ഹാനിയുടെയും നൈസ മോളുടെയും വത്സലയുടെയും ശ്രുതിയുടെയും മാധവിയുടെയും ശെൽവരാജിന്റെയും ഉള്ളുലയ്ക്കുന്ന നൊമ്പരങ്ങളെ ഹൃദയത്തിൽ ഏറ്റുവാങ്ങി.
'ഞങ്ങൾക്ക് പഴയതുപോലെ ഒന്നിച്ചു ജീവിക്കണം 'എന്ന അതിജീവിതരുടെ ആവശ്യത്തെ നെഞ്ചിലേറ്റിയ സംസ്ഥാന സർക്കാർ രാജ്യത്തെ ദുരന്തനിവാരണ ചരിത്രത്തിലെ ആദ്യത്തെ സംയോജിത ടൗൺഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു.
ദുരന്തം നടന്നു 63ാം ദിവസം കൽപ്പറ്റ ബൈപ്പാസിന് അടുത്തുള്ള എൽസ്റ്റൺ എസ്റ്റേറ്റ് പദ്ധതിക്കായി കണ്ടെത്തി. കോടതി നടപടികൾ തടസ്സപ്പെടുത്തിയത് വേഗം കുറച്ചെങ്കിലും കഴിഞ്ഞ വർഷം മാർച്ച് 27ന് ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. 410 വീടുകൾ ടൗൺഷിപ്പിൽ ഉയരുമെന്ന് പ്രഖ്യാപിച്ചു. ആശുപത്രി, കമ്മ്യൂണിറ്റി സെന്റർ, അംഗനവാടി, മാർക്കറ്റ്, കളിസ്ഥലം, റോഡുകൾ, പാലം, സ്മാരകം എന്നിങ്ങനെ പദ്ധതിയിൽ വിഭാവനം ചെയ്ത ഓരോ കാര്യങ്ങളും പ്രഖ്യാപിച്ചു. ഏപ്രിൽ 11ന് സ്ഥലം ഏറ്റെടുത്ത് രണ്ട് ദിവസത്തിനകം വീട് നിർമാണം തുടങ്ങി. മാതൃക വീട് പൂർത്തിയാക്കി അത് കാണാൻ ജനങ്ങളെ ക്ഷണിച്ചു. മേൽത്തരം വൈദഗ്ദ്യവും എൻജിനീയറിംഗ് മേന്മയും ബ്രാൻഡഡ് വസ്തുക്കളും ഉപയോഗിച്ചുള്ള നിർമാണം കണ്ടു ആളുകൾക്ക് സ്വയം ബോധ്യപ്പെട്ടു. നിർത്താതെ പെയ്ത മഴയെയും കൂസാതെ അഭംഗുരം മുന്നോട്ട് പോയ നിർമാണ പ്രവൃത്തി, ദുരന്ത ദിനം കഴിഞ്ഞു 579 ദിനങ്ങൾ പൂർത്തിയായപ്പോൾ ആദ്യഘട്ടത്തിലെ 178 വീടുകൾ പൂർത്തിയായി.
ഞായറാഴ്ച എൽസ്റ്റണിൽ മാതൃക ടൗൺഷിപ്പ് പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിൽ പട്ടയം സ്വീകരിച്ച ചൂരൽമല സ്വദേശി 70കാരി മാധവി മുഖ്യമന്ത്രിയുടെ കൈയിൽ മുത്തമിട്ട് കണ്ണീർ വാർത്തപ്പോൾ അത് ഉയിർത്ത വയനാടിന്റ നന്ദി സൂചകമായി മാറി.
#
കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ചകൾ
ടൗൺഷിപ്പ് ഉദ്ഘാടന വേദയിൽ കണ്ടത് മുഴുവൻ കരളലയിപ്പിക്കുന്ന കാഴ്ചകൾ.ഉരുൾ ദുരിതബാധിതരെ നെഞ്ചോട് ചേർത്ത് സംരക്ഷിച്ച സർക്കാരിനെ വാനോളം വാഴ്ത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ഉരുൾ ദുരിതർക്കൊപ്പം കൂടി നിന്ന ജനങ്ങൾ ആവേശകരമായ മുദ്രാവാക്യങ്ങൾ വിളിച്ചാണ് അദ്ദേഹത്തെ എതിരേറ്റത്. തങ്ങളുടെ ജീവിതം പച്ച പിടിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ജനനായകനെ അവർ തൊഴുകൈകളോടെ വരവേറ്റു. അതൊരു വികാരഭരിതമായ രംഗമായിരുന്നു. കൊച്ച് കുട്ടികൾ മുതൽ പ്രായമായവർവരെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.മുണ്ടക്കൈ ചൂരൽമല മേഖലയിലെ ഓരോ ജനതയെയും പേരെടുത്ത് വിളിക്കാനുളള ബന്ധമാണ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജനും വയനാടിന്റെ സ്വന്തം മന്ത്രിയായ ഒ. ആർ. കേളുവിനും ഉളളത്. അത്രക്കും ബന്ധമാണ് ഉരുൾ ദുരിതബാധിതരോട് ഇവർക്കുളളത്. പ്രതിസന്ധി ഘട്ടത്തിൽ സമാധാനിപ്പിക്കാൻ എത്തിയവരാണിവർ. മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷ പ്രസംഗം ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാണ്. ഉരുൾദുരിതബാധിതരുടെ തുടക്കം മുതലുളള അവസ്ഥ ഉളളിൽ തട്ടുന്ന തരത്തിൽ പറഞ്ഞ് അവതരിപ്പിക്കുമ്പോൾ പലപ്പോഴും അദ്ദേഹത്തിന്റെ കണ്ഠം ഇടറുന്നത്പോലെ. ഇനിയും ആഴത്തിൽ അതേക്കുറിച്ച് പറഞ്ഞെങ്കിൽ ഒരു പക്ഷെ അദ്ദേഹത്തിന് പ്രസംഗം തുടരാനാകാതെ പൊട്ടിക്കരഞ്ഞേനെ.പ്രസംഗം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ മന്ത്രി കെ.രാജനെ ഉരുൾ ദുരിതബാധിതരായ സ്ത്രീകളും കുട്ടികളും മറ്റും കെട്ടിപ്പിടിച്ച് പാെട്ടിക്കരുയുന്നതും നാം കണ്ടു. മന്ത്രിയും പലപ്പോഴും കണ്ണുകൾ തുടക്കുന്നത് കാണാമായിരുന്നു. അതേപോലെ ഉപ്പയെയും സഹോദരങ്ങളെയും ബന്ധുക്കളെയും നഷ്ടമായ നാലുവയസുകാരി നൈസമോളെ മടിയിലിരുത്തി മുഖ്യമന്ത്രി കുശലാന്വേഷണം നടത്തുന്നതും നാം കണ്ടു. ആ സ്നേഹ പ്രകടനം ആകാംക്ഷയോടെയാണ് ഏവരും കണ്ടത്.ഏവരെയും ചേർത്ത് പിടിക്കുന്ന ഒരു വലിയ മനസ്.
#
ശരിയാണ്, ഉരുൾ ദുരിതബാധിതർക്കായി സർക്കാർ അരയും തലയും മുറുക്കി കരുണയുളള ലോക ജനതയുടെ സഹായത്തോടെ സ്വപ്നഭൂമിയിൽ ടൗൺ ഷിപ്പ് പടുർത്തുയർത്തിയപ്പോൾ ചിലർ മുഖം തിരിഞ്ഞ് നിന്നിട്ടുണ്ട്. സർക്കാരിന് ഫണ്ട് നൽകാനും വിമുഖത കാട്ടിയിട്ടുമുണ്ട്. അതിന്റെ വാദപ്രതിവാദങ്ങൾ വാനിൽ ഇപ്പോഴും ഉയരുന്നുമുണ്ട്.ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ആശംസാ പ്രസംഗം നടത്താനെത്തിയ സ്ഥലം എം.എൽ.എ കൂടിയായ ടി.സിദ്ദീഖിനെ കൂവി അഭിമാനിച്ച് വിട്ടത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല. അദ്ദേഹം ഒരു ജനപ്രതിനിധിയാണ്. അഭിപ്രായ വ്യത്യാസങ്ങൾ പലതും ഉണ്ടാകാം. ക്ഷണിച്ചിട്ട് വന്ന ഒരു ജനപ്രതിനിധിയെ കൂവി തോൽപ്പിച്ച നടപടി ഒരു നല്ല ചടങ്ങിലെ കല്ലുകടിയായ മാറിയെന്ന് വേണം പറയാൻ.ഡി. വൈ.എഫ്. ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.റഫീഖ്, സംസ്ഥാന കമ്മറ്റി അംഗം സി.കെ.ശശീന്ദ്രൻ എന്നിവർ കൂകി ബഹളം വച്ചവരുടെ അടുത്തേക്ക് പോയി അടങ്ങിയിരിക്കാൻ ആവശ്യപ്പെടാൻ പാടുപെടുന്നുണ്ടായിരുന്നു. ആര് കേൾക്കാൻ. അത്രക്കും അവരുടെ മനസിൽ വെറുപ്പിന്റെ രാഷ്ട്രീയം അടിഞ്ഞ് കൂടിയിട്ടുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |