SignIn
Kerala Kaumudi Online
Thursday, 05 March 2026 3.41 AM IST

നിത്യയൗവനം എന്ന നടക്കാത്ത സ്വപ്നം

Increase Font Size Decrease Font Size Print Page
ss

പതിനാറാം കേരള നിയസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്,​ സംസ്ഥാനത്തിന്റെ ഭാവിയിലേക്ക് വോട്ടർമാരുടെ പ്രസക്തമായ പല തിരഞ്ഞെടുപ്പുകൾ ഉൾക്കൊള്ളുന്നതാണ്. 2018ലെ മഹാപ്രളയവും,​ 2019-20 ലെ കൊവിഡും പിന്നീടുവന്ന പ്രാദേശിക ദുരന്തങ്ങളും ഏല്പിച്ച പ്രഹരങ്ങൾ സമ്പദ്വ്യവസ്ഥയെ വല്ലാതെ തളർത്തിയിരുന്നു. കാലത്തിനൊപ്പം ഓടിയെത്താത്ത കലാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് വിദ്യാഭ്യാസത്തിനായി സ്റ്റേറ്റ് ചെലവിടുന്ന വലിയ തുകയുടെ മെച്ചത്തെ ദുർബലമാക്കുന്നു. സാമ്പത്തികച്ചുരുക്കം സൃഷ്ടിക്കുന്ന വിവിധ അതൃപ്തികളാൽ മുഖരിതമാണ് ആരോഗ്യരംഗം. വലിയ പൊളിച്ചെഴുത്തുകൾ കൂടാതെ സംസ്ഥാനത്തിന് രാജ്യത്തെ സുസ്ഥിര വളർച്ചയ്ക്കൊപ്പം മാനവ വികസനവും കരുതലും നേടുന്ന മുൻനിര സംസ്ഥാനം എന്നയിടത്ത് തുടരാൻ പ്രയാസമാണെന്ന തിരിച്ചറിവിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ തിരഞ്ഞെടുപ്പ് വന്നണയുന്നത്.

1957-ൽ നിന്ന് 2026 വരെ എത്തുമ്പോൾ ശരാശരി ആയുർദൈർഘ്യം 45-ൽ നിന്ന് 79 ആയി വർദ്ധിച്ച നേട്ടത്തിന്റെ നെറുകയിലാണ് കേരളം. സംസ്ഥാനത്തിന്റെ 22 ശതമാനം പേർ 65 വയസിനും മീതെയാണ്, അതായത്,​ മുതിർന്ന പൗരന്മാർ. ഏറെ ചർച്ച ചെയ്യപ്പെട്ട കാരണങ്ങളാൽ ചെറുപ്പക്കാരും യുവാക്കളും വലിയ തോതിൽ വിദ്യാഭ്യാസവും തൊഴിലും തേടി കേരളത്തിന് പുറത്തേക്കു പോകുന്ന അവസ്ഥയാണ് നാട്ടിലുള്ളത്. ഒരേസമയം വൃദ്ധജനസംഖ്യയുടെ പരിപാലനവും തൊഴിൽക്ഷമതയുള്ള യുവാക്കളുടെ അഭാവവും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ ഞെരിക്കുന്ന ഒരു പ്രതിഭാസം സംജാതമായിരിക്കുന്നു. അതിന്റെ സാമൂഹ്യവും ലിംഗപരവും സാംസ്കാരികവുമായ പ്രതിസന്ധികൾ വേറെ.

അധിക മികവ്,​

അധിക മത്സരം

ദേശീയ നിലവാരവുമായി ഒത്തുനോക്കുമ്പോൾ സമസ്ത മേഖലകളിലും കുടുതൽ മികവും മത്സരവും വേണ്ടതിന്റെ ആവശ്യകതയാണ് ബോദ്ധ്യപ്പെടുന്നത്. പാരമ്പര്യമായി നേടിയ നേട്ടങ്ങളുള്ള ആരോഗ്യ- ഉന്നത വിദ്യാഭ്യാസ മേഖലകളിൽപ്പോലും സമീപ സംസ്ഥാനങ്ങൾ കേരളത്തെ കവച്ചുവയ്ക്കുന്ന വേഗത കൈവരിച്ചിരിക്കുന്നു. സ്വകാര്യ നിക്ഷേപത്തിന്റെ കാര്യത്തിലും,​ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും,​ സ്വതന്ത്ര നിക്ഷേപ സൗഹൃദ സൂചകങ്ങളുടെ കാര്യത്തിലും ആദ്യ പത്തു സംസ്ഥാനങ്ങളുടെ പട്ടികയിൽ സ്ഥിരമായി എത്താൻ കേരളത്തിന് കഴിയുന്നില്ല. പ്രമുഖ വിദേശ വാണിജ്യ നാമങ്ങൾ അയൽ സംസ്ഥാനങ്ങളിലെ രണ്ടാംതരം പട്ടണങ്ങളിൽപ്പോലും വൻകിട ഉത്പാദന ഹബ്ബുകൾ സ്ഥാപിക്കുമ്പോൾ,​ സമാനമായ നിക്ഷേപങ്ങൾ ആകർഷിക്കാൻ കേരളത്തിന് മൗലികമായ പ്രതിസന്ധികൾ ഉള്ളതായാണ് കാണുന്നത്.

ഇനി അധികം വൈകാതെ രാഷ്ട്രീയ സംഘടനകളും മറ്റും തങ്ങളുടെ സ്ഥാനാർത്ഥികളെ പരിഗണിക്കും; നിശ്ചയിക്കും; പ്രഖ്യാപിക്കും. രാഷ്ട്രീയ രംഗത്ത്; പ്രത്യേകിച്ച്,​ നിയമ നിർമ്മാണ സഭകളിലും മന്ത്രിസഭകളിലും പ്രവർത്തിക്കാൻ സ്ഥാനാർത്ഥിയുടെ പ്രായം ഒരു ഘടകമല്ല എന്നത് ഒരു 'വെളുത്ത നുണ"യാണ്. സാമാജികർക്ക് നിയമപരമായി ഉയർന്ന പ്രായപരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല എന്നത് ശരിയാണെങ്കിലും,​ എൺപതും എൺപത്തഞ്ചും വയസ് പിന്നിട്ട,​ പ്രകടമായ ശാരീരിക അവശതകളും ക്ലേശങ്ങളും ഉള്ളവരുടെ നിയമനിർമ്മാണത്തിലെയും ഭരണത്തിലെയും പൂർണ സജീവത വളരെ സംശയാസ്പദമാണ്.

വയസന്മാരിൽ

സംഭവിക്കുന്നത്

ഇപ്പോൾ കേന്ദ്ര മന്ത്രിസഭയിലെ ശരാശരി പ്രായം 58.7 വർഷമാണ്. കേരളത്തിലും നിലവിൽ ശരാശരി പ്രായം അത്ര കൂടുതലല്ല. എന്നാൽ എൺപതുകളിലെത്തുകയും,​ നാലും അഞ്ചും തവണ സാമാജികരായി ധർമ്മം നന്നായി നിർവഹിച്ചു കഴിയുകയും ചെയ്തിട്ടുള്ള പൗരന്മാർ താരതമ്യേന ചെറുപ്പക്കാർക്ക് അവസരങ്ങൾ കൈമാറുന്നത് ജനാധിപത്യ സംവിധാനത്തിന്റെ തുടർച്ചയിലുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. എത്ര ആരോഗ്യമുണ്ടെങ്കിലും,​ എൺപതുകളിൽ മനുഷ്യശരീരവും മനസും ക്രമേണ വേഗതയും കൃത്യതയും കുറഞ്ഞ് ദുർബലമായിത്തീരുന്നു എന്നതാണ് അനുഭവം. ഏതാണ്ടെല്ലാവർക്കും തന്നെ യാത്രചെയ്യാനും നടക്കാനും ബുദ്ധിമുട്ടാവുന്നു. ക്രോണിക് ആയ രോഗങ്ങളുള്ളവരുടെ കാര്യം പറയുകയും വേണ്ട!

എൺപതുകളിൽ വ്യതിരിക്ത ബുദ്ധി പ്രവർത്തിക്കുന്നതായ 'മുൻ തലച്ചോർ" അഥവാ സെറിബ്രൽ കോർട്ടക്സ് പതിയെ ചുരുങ്ങിവരും. ഇതു സംഭവിക്കുമ്പോൾ എഴുപതുകളിൽ ചെയ്തതുപോലെ ഡാറ്റകൾ വിശകലനം ചെയ്യാനും,​ കാര്യങ്ങൾ ചടുലമായി ഗ്രഹിക്കാനുമുള്ള സിദ്ധി കുറയുന്നു. വാശികളും ശാഠ്യങ്ങളും പ്രകടിപ്പിക്കുകയും,​ പലരും കുട്ടികളെപ്പോലെ പെരുമാറുകയും ചെയ്യുന്നതുകൊണ്ടാണ് വാർദ്ധക്യം ഒരു വക രണ്ടാം ബാല്യമായി പൊതുവെ കണക്കാക്കപ്പെടുന്നത്.

പരാശ്രയം

പരിമിതി


ഈ സാഹചര്യത്തിൽ വേണം,​ എൺപതു വയസ് പൂർത്തിയാക്കുന്ന വ്യക്തികൾ സർക്കാരിലും നിയമസഭയിലും നേരിട്ടുളള എക്സിക്യുട്ടീവ് സ്ഥാനങ്ങളിൽ പിന്നെയും പ്രവർത്തിക്കണോ എന്ന് ആത്മപരിശോധന നടത്തേണ്ടത്. ഭരണകൂടങ്ങളുടെ യുവത്വം പുതിയ ചിന്താരീതികളുടെയും ആധുനിക സാങ്കേതിക വിദ്യയുടെയും മാറുന്ന അഭിരുചിയുടെയും സൂചകങ്ങളാണ്. 58-59 വയസാണ് കേരളത്തിലും മന്ത്രി സഭാംഗങ്ങളുടെ ശരാശരി പ്രായം. 79 വയസുള്ള ഒരംഗം കേന്ദ്ര മന്ത്രിസഭയിലും,​ 77 വയസുള്ള ഒരംഗം കേരള മന്ത്രിസഭയിലും 2021ൽ അംഗങ്ങളായിരുന്നു. ഇതിന്റെ അർത്ഥം,​ ചിലരെങ്കിലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ 85-87 വയസുവരെ നിയമസഭാ സാമാജികനും,​ മന്ത്രിയായാൽ മന്ത്രി സഭാംഗവുമായി പ്രവർത്തിക്കേണ്ടിവരും എന്നാണല്ലോ. സീനിയോറിറ്റി ഒരു വലിയ ഘടകമായ നമ്മുടെ സാഹചര്യത്തിൽ അവർ കൈകാര്യം ചെയ്യുന്ന ചുമതലകൾ പ്രധാനമായിരിക്കാനും സാദ്ധ്യതയുണ്ട്.

പ്രായം ഒരുതരത്തിലും വിവേചനപരമാകരുതെന്നും,​ പ്രായവ്യത്യാസമില്ലാതെ മനുഷ്യജീവിതത്തിന്റെ എല്ലാ സാദ്ധ്യതകളും എല്ലാ വ്യക്തികൾക്കും കൈവരിക്കാൻ ആകണമെന്നും ആഗ്രഹമുള്ള ആളാണ് ഞാൻ. എന്നാൽ അനുനിമിഷം തീരുമാനങ്ങളെടുക്കേണ്ട ഒരു മുഴുവൻ സമയ എക്സിക്യുട്ടീവ് എന്ന നിലയിൽ പ്രായാധിക്യമുള്ളവർ പ്രവർത്തിക്കുമ്പോൾ പലവിധ പ്രായോഗിക പ്രശ്നങ്ങളും ഉടലെടുക്കാറുണ്ട് എന്നത് വിസ്മരിക്കാൻ കഴിയുന്നതല്ല. പ്രധാനാദ്ധ്യാപകനായി വിരമിച്ച മുത്തച്ഛന്റെയും,​ പ്രൊഫഷണൽ ഓഡിറ്റർ ആയിരുന്ന പിതാവിന്റെയും എഴുപതുകൾ കഴിഞ്ഞ് 90 വരെയുള്ള സ്ഥിതി അടുത്തുനിന്ന് പരിചരിച്ചതിന്റെ അനുഭവത്തിൽ പറയട്ടെ. എഴുപത്തിയഞ്ചിനു ശേഷം പരാശ്രയം കൂടാതെ സ്വന്തമായും സ്വതന്ത്രമായും തീരുമാനങ്ങളിലെത്താൻ ഏതു വ്യക്തിക്കും സ്വാഭാവികമായ പരിമിതികളുണ്ട്.

അനുദിനം സാങ്കേതികമായി പുരോഗമിക്കുന്ന പൊതുഭരണത്തിന്റെ പശ്ചാത്തലത്തിൽ ഇത് മറ്റു വ്യക്തികളെ ആശ്രയിച്ച് പ്രവർത്തിക്കേണ്ട വലിയൊരു സാഹചര്യം സംജാതമാക്കും. ബുദ്ധിശക്തിയും അപഗ്രഥന ശേഷിയും അതേപടി തുടർന്നാലും,​ കാഴ്ചയിൽ വരുന്ന വ്യത്യാസവും ത്യാജ്യഗ്രാഹ്യ ബുദ്ധി കേന്ദ്രീകരിച്ചിരിക്കുന്ന തലച്ചോറിന്റെ മർമ്മഭാഗമായ സെൻട്രൽ കോട്ടക്സിന്റെ ചുരുങ്ങലും എഴുപത് വയസിനു ശേഷം ഓർമ്മപ്പിശകും ധാരണപ്പിശകും വർദ്ധിപ്പിക്കുന്നതായാണ് അനുഭവം. കൂടുതൽ യുവത്വമുള്ളപ്പോൾ നിസ്സാരമായി അപ്രഗ്രഥിച്ച് കണ്ടെത്തിയിരുന്ന കാര്യങ്ങൾ അതേ വേഗതയിലും കൃത്യതയിലും സാദ്ധ്യമാകാതെ വന്നേക്കും. നിത്യപരിചയംകൊണ്ടും സ്വയം ശക്തികൊണ്ടും രാഷ്ട്രീയ പ്രവർത്തകർ ഇതിനെ കുറെയൊക്കെ അതിജീവിക്കുമെങ്കിലും ഇതിന്റെ ലക്ഷണം അവരിലും സൂക്ഷ്മമായി കാണാൻ കഴിയും.

(നാളെ പൂർണമാകും. ലേഖനത്തിലെ അഭിപ്രായങ്ങൾ വ്യക്തിപരം)​

TAGS: COLUMN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.