തെലുങ്ക് സിനിമാ വ്യവസായത്തെ ഇന്ത്യൻ സിനിമയുടെ ചരിത്ര പുസ്തകത്തിൽ ഒഴിച്ചുകൂടാനാകാത്ത അദ്ധ്യായമാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് റാമോജി റാവു. പല സൂപ്പർ താരങ്ങളുടെയും പിറവിക്കും റാമോജി കാരണമായി. സൂപ്പർ താരങ്ങളല്ലാത്തവർ അഭിനയിച്ച നിരവധി ചിത്രങ്ങളെ അദ്ദേഹം ഹിറ്റാക്കി മാറ്റി. 80കളിലും 90കളിലും സൂപ്പർ താരങ്ങൾ അടക്കി വാണ തെലുങ്ക് സിനിമാ മേഖലയ്ക്ക് അതൊരു അത്ഭുതമായിരുന്നു. തെലുങ്ക് ചിത്രങ്ങളെ പാൻ ഇന്ത്യയാക്കി മാറ്റണമെന്ന അനേകം പേരുടെ സ്വപ്നങ്ങൾക്ക് റാമോജിയുടെ പ്രവർത്തനങ്ങൾ ചിറകുനൽകി.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഹൈദരാബാദിന്റെ തലയെടുപ്പായി നിൽക്കുന്ന റാമോജി ഫിലിം സിറ്റി. 1,666 ഏക്കറിലേറെ വ്യാപിച്ചുകിടക്കുന്ന റാമോജി ഫിലിം സിറ്റി ലോകത്തെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ കോംപ്ലക്സാണ്. നഗരത്തിനുള്ളിലെ നഗരം എന്നാണ് ഫിലിം സിറ്റി വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ന് പ്രതിവർഷം 15 ലക്ഷത്തോളം സഞ്ചാരികളെ ആകർഷിക്കുന്ന ജനപ്രിയ ടൂറിസം ഡെസ്റ്റിനേഷൻ കൂടിയാണ് ഫിലിംസിറ്റി.
അമ്യൂസ്‌മെന്റ് പാർക്ക് അടക്കം ഒരുപാട് കാഴ്ചകളാണ് ഇവിടെയുള്ളത്. ഹോളിവുഡിനോട് കിടപിടിക്കുന്ന ഫിലിം സ്റ്റുഡിയോ എന്ന റാമോജി റാവുവിന്റെ സ്വപ്നമാണ് റാമോജി ഫിലിം സിറ്റിക്ക് വിത്തുപാകിയത്. പ്രശസ്ത ആർട്ട് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ നിതീഷ് റോയിയെ ആണ് ഫിലിം സിറ്റി കോംപ്ലക്സ് ഡിസൈൻ ചെയ്യാൻ റാമോജി തിരഞ്ഞെടുത്തത്. ഇവിടുത്തെ സ്വാഭാവിക മരങ്ങളും കുന്നുകളും നിലനിറുത്തിക്കൊണ്ടാണ് 1996-ൽ ഫിലിം സിറ്റി പിറന്നത് എന്നതും അത്ഭുതമാണ്. കാട് മുതൽ എയർപോർട്ട് വരെയുള്ള സെറ്റുകൾ ഫിലിം സിറ്റിയിലുണ്ട്.
അതിനാൽ ലൊക്കേഷൻ അന്വേഷിച്ച് സിനിമാ സംഘത്തിന് അലയേണ്ട ആവശ്യമില്ല. ഫിലിം സിറ്റിക്കുള്ളിൽ കടന്നാൽ സിനിമ ചെയ്തുതന്നെ മടങ്ങാം. താമസിക്കാൻ ഹോട്ടൽ അടക്കമുള്ള സൗകര്യങ്ങളും ലഭ്യം. ദിവസം വിവിധ ടീമുകൾക്ക് സുഖമായി ഷൂട്ട് നടത്താം. ബാഹുബലി, ആർആർആർ, രാധേ ശ്യാം, ഉദയനാണ് താരം, ചെന്നൈ എക്‌സ്‌പ്രസ്, പുഷ്പ, പൊന്നിയിൻ സെൽവൻ ഇങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളാണ് റാമോജി ഫിലിം സിറ്റിയിൽ പിറന്നത്.
1936 നവംബർ 16-ന് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപുഡിയിലെ ഒരു കർഷക കുടുംബത്തിലാണ് റാമോജിയുടെ ജനനം. ' ഉഷാ കിരൺ മൂവീസ് ' എന്ന കമ്പനിയിലൂടെയാണ് അദ്ദേഹം സിനിമാ നിർമ്മാണ മേഖലയിൽ വേരുറപ്പിച്ചത്. റാമോജി ഗ്രൂപ്പിനു കീഴിൽ മാർഗദർശി ചിട്ടി ഫണ്ട്, ഈനാട് ന്യൂസ്‌പേപ്പർ, ഈടിവി നെറ്റ്‌വർക്ക്, പ്രിയ ഫുഡ്സ്, രമാദേവി പബ്ലിക് സ്കൂൾ എന്നിങ്ങനെ ബിസിനസ് സാമാജ്യം വളർന്നു.
സിനിമയിൽ മാത്രമല്ല, മാദ്ധ്യമ രംഗത്തും അദ്ദേഹം ഒരു മാർഗദർശിയായി വളർന്നു. ആന്ധ്രയിലും തെലങ്കാനയിലും ഏറ്റവും കൂടുതൽ പ്രചാരമുള്ള തെലുങ്ക് ഭാഷാ ദിനപ്പത്രമാണ് 'ഈനാട്." 1974ൽ വിശാഖപ്പട്ടണത്തു നിന്നാണ് 'ഈനാടിന്റെ" തുടക്കം. അന്ന് പ്രചാരത്തിൽ മുന്നിൽ നിന്ന 'ആന്ധ്രാ പ്രഭ" യുമായി മത്സരിച്ചാണ് 'ഈനാട്" ഇന്നത്തെ നിലയിലെത്തിയത്. ആദ്യകാലത്ത് ആഴ്ചയിൽ 5000 കോപ്പികൾ പോലും വിൽക്കാൻ ഈനാടിന് കഴിഞ്ഞിട്ടില്ല. എന്നാൽ തെലുങ്ക് ജനതയുടെ രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ താത്പര്യങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ പത്രത്തിനു കഴിഞ്ഞു. ഇതുതന്നെയാണ് പത്രത്തിന്റെ വളർച്ചയിലേക്കു നയിച്ചതും. തന്റെ മാദ്ധ്യമ സംരംഭങ്ങളിലൂടെ തെലുങ്ക് ഭാഷയെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. തെലുങ്ക് ജനതയ്ക്കായി എന്നും പുതിയ കാര്യങ്ങൾ ചെയ്യണമെന്ന പ്രതിബദ്ധത അവസാന നിമിഷം വരെ റാമോജി റാവുവിന്റെ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |