എത്രയെത്ര പാട്ടുകൾ, കവിതകൾ...... മണവാട്ടിയായി ഒഴുകിയ കല്ലായിപ്പുഴ ഇന്ന് കണ്ണീർപുഴയാകുമ്പോൾ ആരാണ് ഉത്തരവാദികൾ. ജനകീയ പ്രതിഷേധങ്ങളും വിലക്കുകളുമെല്ലാം മറികടന്ന് ജെണ്ടകൾ പോലും കൈയേറിയുള്ള കൈയേറ്റം. എന്തിനാണ് ഈ പുഴയെ ഇങ്ങനെ കൊല്ലുന്നത്. ഒരുഭാഗത്ത് കനോലി കനാലിലൂടെ ഒഴുകിവരുന്ന മലിന ജലം, മറുഭാഗത്ത് ജനങ്ങൾ പുഴയിലേക്ക് തള്ളുന്ന മാലിന്യങ്ങൾ. ഒപ്പം ഇവിടെ ജീവിതം കെട്ടിപ്പടുത്ത ചിലരുടെ കൈയേറ്റങ്ങൾ. കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടുന്നില്ലെങ്കിലും മിണ്ടാൻ ഈ പുഴ മണവാട്ടിയെ അണിയിച്ചൊരുക്കിയ നമ്മൾക്കും ഉത്തരവാദിത്വമില്ലേ...!
കല്ലായിയുടെ മര വ്യവസായം കോഴിക്കോടൻ ചരിത്രത്തിന്റെ ഭാഗമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമായി തടി വ്യവസായത്തിലൂടെ കല്ലായി നൽകിയ പേരിനും പെരുമയ്ക്കും കോഴിക്കോടിനോളം തലയെടുപ്പുണ്ടായിരുന്നു. പക്ഷെ യഥാസമയം മാലിന്യങ്ങൾ നീക്കം ചെയ്യാതെ, കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ എല്ലാവരും കണ്ണടച്ചപ്പോൾ കല്ലായിപ്പുഴ കണ്ണീർപുഴയായി. ഓരങ്ങളിലെ മരവ്യവസായവും അസ്തമിച്ചു. ചിലർ പുഴക്കായി കൂടെ നിന്നെങ്കിലും മറ്റു ചിലർ കിട്ടാവുന്നത് കൈയേറ്റം ചെയ്തു. ഇപ്പോഴും തുടരുന്നു ആ കൈയേറ്റങ്ങൾ.
പുഴസംരക്ഷണ
സമിതി പറയുന്നത്
കഴിഞ്ഞ ഏതാനും വർഷമായി കോഴിക്കോട്ടെ പൗരാവലി പുഴ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നുണ്ട്. കല്ലായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പുഴ സംരക്ഷണ സമിതി വലിയ പോരാട്ടങ്ങളാണ് നടത്തുന്നത്. കല്ലായി പുഴയും തീരവും മരവ്യവസായത്തിന്റെ മറവിൽ സ്വകാര്യ വ്യക്തികൾ കൈയേറി കെട്ടിടങ്ങൾ നിർമ്മിച്ച് മറ്റു വ്യക്തികൾക്ക് വാടകയ്ക്ക് നൽകിയിട്ടും നടപടിയെടുക്കേണ്ട റവന്യൂ, കോർപ്പറേഷൻ അധികാരികൾക്ക് തികഞ്ഞ നിസംഗതയാണെന്ന് കല്ലായി പുഴ സംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി പറയുന്നു. ഈ അവസ്ഥയിലാണെങ്കിൽ കൈയേറ്റങ്ങൾ പുഴയെ തന്നെ മായ്ച്ചുകളയുന്ന അവസ്ഥയിലേക്ക് എത്തുക്കുമെന്നുറപ്പാണ്. പുഴയുടെ നവീകരണത്തിന് കോർപ്പറേഷൻ അനുവദിച്ച പതിമൂന്ന് കോടി തൊണ്ണൂറ്റി ഏഴ് ലക്ഷത്തിന്റെ പ്രവൃത്തിയിൽ പുഴയുടെ രണ്ട് മീറ്റർ ആഴത്തിലും 50 മീറ്റർ വീതിയിലുമുള്ള ചെളിയും മാലിന്യങ്ങളും, നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചെങ്കിലും സ്വകാര്യ വ്യക്തികൾ കൈയേറിയത് തിരിച്ചു പിടിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടില്ല. 2018 ൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം റവന്യൂ വകുപ്പ് നടത്തിയ സർവ്വേയിൽ 33.5 ഏക്കർ പുഴ തീരം സ്വകാര്യ വ്യക്തികൾ കൈയേറിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് കോർപ്പറേഷന്റെ സഹായത്തോടെ സർക്കാർ ഭൂമിയാണെന്ന് തിരിച്ചറിയുന്നതിന് വേണ്ടി 2019ൽ പുഴ തീരത്ത് വിവിധ സ്ഥലങ്ങളിലായി 100 ജെണ്ടകൾ സ്ഥാപിച്ചു .
ജെണ്ടകൾ തകർത്തും
കൈയേറ്റം
പുഴയുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ജെണ്ടയും തകർത്താണ് ഇപ്പോൾ കൈയേറ്റം. പൊതുസ്വത്ത് കൈവശപ്പെടുത്തിയവരിൽ നിന്ന് തിരികെ പിടിക്കുന്നതിനായി കല്ലായി പുഴ സംരക്ഷണ സമിതി 2022ൽ ഹൈക്കോടതിയെ സമീപിച്ച് കൈയേറ്റം ഒഴിപ്പിക്കാനുള്ള വിധി നേടിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ ഉഴപ്പൻ മട്ടാണ്. ഇതിനെതിരെ പുഴ സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക് പോകാനൊരുങ്ങുകയാണെന്ന് ഫൈസൽ പള്ളിക്കണ്ടി പറഞ്ഞു. തീരത്ത് വളരുന്ന കണ്ടൽ കാടുകളുടെ മറവിലും പുഴയിൽ മണ്ണിട്ട് നികത്തി ഭൂമിയാക്കി മാറ്റുകയാണ്. തടി വ്യവസായത്തിന്റെ മറവിൽ നടത്തിയ പുഴ കൈയേറ്റത്താൽ പുഴയും മരവ്യവസായും ഇപ്പോൾ ഇല്ലാത്ത അവസ്ഥയാണ്. പ്രതാപം നഷ്ടപ്പെട്ടതോടെ കല്ലായിയുടെ തീരത്തെ മരമില്ലുകളിൽ ബഹുഭൂരിപക്ഷവും ഇപ്പോൾ ഗോഡൗണുകളാക്കി മാറ്റിയിരിക്കുകയാണ്.
സർക്കാർ മരവ്യവസായത്തിന് ലീസിന് നൽകിയ പുഴ തീരത്ത് കയ്യേറ്റങ്ങൾ കണ്ടെത്തിയതിന് ശേഷം ലിസ് (കരം)ഇപ്പോൾ വില്ലേജ് ഓഫീസിൽ സ്വീകരിക്കുന്നില്ല. കഴിഞ്ഞ തലമുറ വരുന്ന തലമുറക്ക് കാത്ത് വെച്ച കല്ലായി പുഴയിലെ കയ്യേറ്റങ്ങൾ തുടർന്ന് പോകുന്നതിനാൽ ഇനിവരുന്നതലമുറക്ക് ഇവിടെ കല്ലായി പുഴ ഉണ്ടായിരുന്നു എന്ന് പറഞ്ഞ് കൊടുക്കേണ്ട വിധം കയ്യേറ്റങ്ങളിലൂടെ കല്ലായി പുഴ ദിനം തോറും ഇല്ലാതായി കൊണ്ടിരിക്കുകയാണെന്നും ഫൈസൽ.
സർക്കാർ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളുമെല്ലാം കാറ്റിൽ പറത്തിയാണ് കൈയേറ്റം. പുഴയോരത്തെ കൈയേറ്റങ്ങൾ കണ്ടെത്തി സർക്കാർ ഭൂമി തിരിച്ചറിയുന്നതിന് കോഴിക്കോട് കോർപ്പറേഷന്റെ സഹായത്തോടെ റവന്യൂ വകുപ്പ് സ്ഥാപിച്ച ജെണ്ടകളാണ് വ്യാപകമായി തകർത്തിരിക്കുന്നത്. തകർത്തവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർ, കോർപ്പറേഷൻ സെക്രട്ടറി, താഹസിൽദാർ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് കല്ലായി പുഴ സംരക്ഷണ സമിതി.
കല്ലായി പുഴയും തീരവും സ്യകാര്യവ്യക്തികൾ കൈയേറിയതിനെതിരെ കല്ലായി പുഴ സംരക്ഷണ സമിതിയുടെ പരാതിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം 2019 ൽ കോർപ്പറേഷന്റെ അഞ്ചര ലക്ഷം രൂപ ചെലവിൽ റവന്യൂ വിഭാഗം കല്ലായി പുഴ തീരത്ത് സ്ഥാപിച്ച ജെണ്ടകളാണ് വ്യാപകമായി കൈയേറ്റക്കാർ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഒരു ജെണ്ടക്ക് 5,500 രൂപ ചെലവിൽ 100 ജെണ്ടകളാണ് സ്ഥാപിച്ചത്. അസി. കളക്ടറുടെയും ഡെപ്യൂട്ടി കളക്ടറുടെയും നേതൃത്വത്തിൽ റവന്യൂവിഭാഗം ജെണ്ട സ്ഥാപിക്കുന്ന നടപടിയെ കല്ലായിയിലെ കൈയേറ്റക്കാരായ കച്ചവടക്കാർ തടഞ്ഞപ്പോൾ പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയാണ് ജെണ്ടകൾ സ്ഥാപിച്ചത്. മരമില്ലിന് മുൻവശത്തുള്ള ജെണ്ട വാഹനം കയറ്റിയാണ് നശിപ്പിച്ചത്. കല്ലായിക്കടവത്തെ കാറ്റൊന്നും മിണ്ടുന്നില്ലെന്നു കരുതി ഇങ്ങനെ കുരുതി കൊടുക്കണോ ഈ പുഴയെ...?
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |