
സ്വാമി ശാരദാനന്ദ
(തീർത്ഥാടന കമ്മിറ്റി സെക്രട്ടറിയാണ് ലേഖകൻ)
ശ്രീനാരായണ ഗുരുദേവ ദർശനത്തിന്റെ അടിസ്ഥാന തത്വം മാനുഷികതയാണ്. ദാർശനിക ലോകത്തിന്റെ വിചാരണയിൽ മനുഷ്യൻ പരമാണുപ്രായനായിത്തീർന്നപ്പോൾ ശ്രീനാരായണ ഗുരു മനുഷ്യത്വത്തിൽ അധിഷ്ഠിതമായ തത്വദർശനമാണ് അവതരിപ്പിച്ചത്. ഗുരുദേവ ദർശനത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. മനുഷ്യരുടെ സമഗ്ര പുരോഗതിക്കു വേണ്ടിയാണ് ഗുരുദേവൻ 73 വർഷക്കാലം ജീവിതം നയിച്ചത് . തൃപ്പാദങ്ങൾ സായാഹ്ന ഗീതോപദേശമായി ഉപദർശനം ചെയ്ത ശിവഗിരി തീർത്ഥാടന പ്രസ്ഥാനത്തിലും ഇത് തെളിഞ്ഞു കാണാം.
ജീവിതവിജയത്തിന്റെ അടിസ്ഥാനം ധാർമ്മികതയാണ്. എവിടെ ധർമ്മമുണ്ടോ, അവിടെ വിജയമുണ്ട്. ഗുരുദേവൻ ഉപദേശിക്കുന്നു: 'ധർമ്മമാണ് പരമമായ ദൈവം, ധർമ്മമാണ് മഹാധനം. ജനങ്ങൾക്ക് ശ്രേയസിനെ പ്രദാനം ചെയ്യുന്ന ആ ധർമ്മം എപ്പോഴും വിജയിക്കുമാറാകട്ടെ." ധർമ്മത്തെ പരിപാലിക്കുമ്പോൾ ആ ധർമ്മം അവരെ പരിപാലിക്കും. ധർമ്മം വന്നു നിറയുവാനുള്ള മാർഗം എന്താണ്? നിയതമായ ആചാരങ്ങളുടെ അനുഷ്ഠാനത്തിലൂടെയത്രേ ധർമ്മം പ്രകാശിക്കുന്നത്. ഗുരുദേവൻ വിധിച്ചിട്ടുള്ള ആചാരങ്ങൾ അനുഷ്ഠിക്കുമ്പോൾ ശ്രീനാരായണ ധർമ്മം നമ്മളിൽ പ്രകാശിതമാകുന്നു. ശിവഗിരി തീർത്ഥാടന സന്ദേശത്തിലൂടെ ജീവിതപുരോഗതിയെ വിഭാവനം ചെയ്ത മഹാഗുരു തീർത്ഥാടകർക്കായി നിശ്ചിതമായ ആചാരാനുഷ്ഠാനങ്ങളും വിധിച്ചിട്ടുണ്ട്.
നീണ്ട വ്രതവും കഠിന വ്യവസ്ഥകളും ഇക്കാലത്ത് എല്ലാവരും ആചരിച്ചെന്നു വരില്ലെന്നും, പത്തുദിവസത്തെ വ്രതം ശ്രീബുദ്ധന്റെ പഞ്ചശുദ്ധിയോടുകൂടി ആചരിച്ചാൽ മതിയെന്നുമാണ് ഗുരു ഉപദേശിച്ചത്. തീർത്ഥാടകരുടെ വസ്ത്രരീതിയെപ്പറ്റി ഗുരു അരുളി ചെയ്തത് ഇങ്ങനെയാണ്: 'ശിവഗിരി തീര്‍ത്ഥാടകർക്ക് മഞ്ഞവസ്ത്രമായിക്കൊള്ളട്ടെ. ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും മുണ്ട്. മഞ്ഞ വസ്ത്രം എന്ന് നാം പറഞ്ഞതിന് മഞ്ഞപ്പട്ട് വാങ്ങിക്കുവാൻ ആരും തുനിയരുത്. കോടിവസ്ത്രം പോലും ആവശ്യമില്ല. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വസ്ത്രം മഞ്ഞളിൽ മുക്കി ഉപയോഗിച്ചാൽ മതി. പിന്നീട് അലക്കിത്തെളിച്ച് എടുക്കാമല്ലോ."
യാത്രയെക്കുറിച്ചും മഹാഗുരു അരുളി ചെയ്തു: 'യാത്ര ആർഭാടരഹിതമായിരിക്കണം, വിനീതമായിരിക്കണം. ഈശ്വര സ്തോത്രങ്ങൾ ഭക്തിയായി ഉച്ചരിക്കുന്നത് കൊള്ളാം. തീർത്ഥയാത്രയുടെ പേരിൽ ആർഭാടങ്ങളും ആഡംബരങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കി ഈ പ്രസ്ഥാനത്തെ മലിനപ്പെടുത്തരുത്. അനാവശ്യമായി ഒരു കാശുപോലും ചെലവു ചെയ്യരുത്. ഈഴവർ പണമുണ്ടാക്കും; പക്ഷേ മുഴുവൻ ചെലവുചെയ്തു കളയും! ചിലർ കടംകൂടി വരുത്തിവയ്ക്കും. അതു പാടില്ല. മിച്ചം വയ്ക്കുവാൻ പഠിക്കണം. സമുദായം വിദ്യാഭ്യാസത്തിലും ധനസ്ഥിതിയിലും ശുചിത്വത്തിലും വളരെ പിന്നാക്കമാണ്. ഈ രീതി മാറണം; മാറ്റണം!"
ഗുരുദേവന്റെ ഈ തിരുവാണികളിലൂടെ ശിവഗിരി തീർത്ഥാടകർ എങ്ങനെ, എപ്രകാരം തീർത്ഥാടകരായി എത്തിച്ചേരണമെന്ന് മനസിലായല്ലോ. ചുരുക്കത്തിൽ, പീതാംബരധാരികളായി പത്തുദിവസത്തെ വ്രതമെടുത്ത് നടന്നോ വാഹനങ്ങളിലായോ ഈശ്വരനാമങ്ങൾ ഭക്തിയായി ഉച്ചരിച്ച് എത്തിച്ചേരണം. പത്തു ദിവസത്തെ വ്രതാനുഷ്ഠാനത്തിൽ ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി എന്നിങ്ങനെ ശ്രീബുദ്ധന്റെ പഞ്ചശുദ്ധികൾ ആചരിക്കണം. ഇതോടൊപ്പം, ഗുരുദേവൻ ശ്രീനാരായണ ധർമ്മത്തിൽ വിധിച്ചിട്ടുള്ള പഞ്ചധർമ്മങ്ങളായ അഹിംസ, സത്യം, അസ്തേയം (മോഷ്ടിക്കാതിരിക്കൽ), ബ്രഹ്മചര്യം, മദ്യവർജ്ജനം എന്നിവ കൂടി ഉൾപ്പെടുത്തി ആചരിക്കണം. മത്സ്യം, മാംസം, മദ്യം എന്നിവ ഉപേക്ഷിച്ച് പ്രാർത്ഥനാനിർഭരമായ ധ്യാനാത്മക ജീവിതചര്യയോടെ തീർത്ഥാടനത്തിൽ പങ്കാളികളാകണം.
സാധാരണ തീർത്ഥാടനങ്ങളെല്ലാം പ്രാധാന്യം കൊടുക്കുന്നത് പാപം പോക്കി പുണ്യം നേടാനാണ്. ഗുരുദേവൻ അത് തള്ളിക്കളയുന്നില്ല. എന്നാൽ അതു മാത്രം പോരാ. അതിനെ അതിവർത്തിച്ച് അറിവിന്റെ തീർത്ഥാടനമായി തീർത്ഥാടന സമ്പ്രദായത്തെ ഗുരു പുതുക്കി വിലയിരുത്തി. അവിടുന്ന് ഉപദേശിച്ചത് ഇങ്ങനെ: 'ഏതു പ്രവൃത്തിക്കും ഒരു ഉദ്ദേശ്യം വേണം- ഒരു ലക്ഷ്യം." എന്നിട്ട്, വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ ശാസ്ത്ര സാങ്കേതിക പരിശീലനങ്ങൾ എന്നീ എട്ടു വിഷയങ്ങൾ അരുളിചെയ്ത് ശിവഗിരിയിൽ പ്രസംഗ പരമ്പര നടത്തണമെന്നാണ് ഗുരു ഉപദേശിച്ചത്. ശ്രീനാരായണ ഗുരു എന്ന രാഷ്ട്ര മീമാംസകനെയാണ് ഈ വാക്കുകളിൽ കാണാനാവുന്നത്. ഒരു രാജ്യത്തിന്റെ വളർച്ചയ്ക്ക് അവശ്യം ഉണ്ടായിരിക്കേണ്ടതെല്ലാം ഗുരുദേവൻ ഇവിടെ ക്രോഡീകരിച്ചിട്ടുണ്ട്. ജനതയുടെ ഭൗതികവും ആത്മീയവുമായ സമഗ്രപുരോഗതിക്ക് ആവശ്യമായ മാർഗരേഖയാണ് ഗുരുവിന്റെ ഈ തീർത്ഥാടന സന്ദേശം.
വ്രത ദിനങ്ങളിൽ ദിവസവും പ്രഭാതത്തിൽ കുളിച്ച് ഗുരുവിന്റെ പ്രാർത്ഥനകളും അഷ്ടോത്തര ശതനാമാവലി പുഷ്പാഞ്ജലീ മന്ത്രവും, ആത്മോപദേശശതകാദി കൃതികളുടെ പാരായണവും തുടർന്ന്, അടുത്തുള്ള ഗുരുദേവ ക്ഷേത്രത്തിൽ ദർശനവും നടത്തണം. പത്തു ദിവസവും മഞ്ഞവസ്ത്രം ധരിച്ച് ഗൃഹസന്ദർശനവും ഗുരുദേവ സന്ദേശ പ്രചാരണവും നടത്താവുന്നതാണ്.
ഇക്കാലത്ത് തീർത്ഥാടനം ഒരു ക്ഷേത്രദർശനം പോലെയാകുന്നുവെന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ശിവഗിരിയിൽ പന്തൽ നിറച്ച് ആളുകൾ ശ്രോതാക്കളായി ഉണ്ടെങ്കിലും തീർത്ഥാടകരിൽ നല്ലൊരു ഭാഗവും ശിവഗിരി പ്രാന്തങ്ങൾ ദർശിച്ച് ഒരു ടൂർപ്രോഗ്രാം പോലെ അടുത്ത സ്ഥലത്തേക്ക് പോകുന്നു. ഗുരു കല്പിച്ചതുപോലെ ഭക്തിയോടെ ഈശ്വരനാമങ്ങൾ ഉച്ചരിക്കുന്നതിനും, പത്തുദിവസത്തെ വ്രതം ആചരിച്ച് പീതാംബരധാരികളായി ശിവഗിരിയിൽ നടക്കുന്ന പ്രഭാഷണ പരമ്പരയിൽ കുറേയെങ്കിലും പങ്കാളികളാകുന്നതിനും പലർക്കും സാധിക്കുന്നില്ല. ഇതിന് മാറ്റം വരണം. തീർത്ഥാടകർ വ്രതം നോറ്റ് പ്രഭാഷണപരമ്പരകളിൽ പങ്കാളികളായി, ശ്രോതാക്കളായി ജീവിതവിജയം നേടുവാൻ ശ്രദ്ധാലുക്കളാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |