
? നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉയർന്ന കേരളാ കോൺഗ്രസ് (എം) മുന്നണിമാറ്റ വിവാദത്തിന് പിന്നിൽ ആരെങ്കിലുമുണ്ടോ
ആശയകുഴപ്പം ഉണ്ടാക്കി പാർട്ടിയെ ഇടിച്ചു താഴ്ത്താൻ ശ്രമമുണ്ടായെന്നത് നേരാണ്.
?പാർട്ടിക്കുള്ളിലുള്ളവരാണോ ഇതിന് പിന്നിൽ
പാർട്ടിക്കുള്ളിൽ നിന്നാണെന്ന് കരുതുന്നില്ല. ഞാൻ വിദേശത്തായിരുന്ന സന്ദർഭം നോക്കി ബോധപൂർവ്വം ചില ശക്തികളാണ് ആശയകുഴപ്പം ഉണ്ടാക്കി പാർട്ടിയെ ഇടിച്ചു താഴ്ത്താൻ ഗൂഢനീക്കം നടത്തിയത്. ചില രാഷ്ടീയക്കാരും ചില മീഡിയയുമൊക്കെ പിന്നിൽ കളിച്ചിരിക്കാം . പാർട്ടി ഒറ്റക്കെട്ടായി നിന്ന് ഈ നീക്കം പരാജയപ്പെടുത്തുമെന്ന് ഭിന്നിപ്പുണ്ടാക്കാൻ അണിയറനീക്കം നടത്തിയവർ പ്രതീക്ഷിച്ചു കാണില്ല.
? മുന്നണി മാറ്റചർച്ചക്കു പിന്നിൽ ക്രൈസ്തവ സഭയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ
സഭ ഒരിക്കലും രാഷ്ടീയത്തിൽ ഇടപെടില്ല. ജനങ്ങളെ ബാധിക്കുന്ന മുഖ്യ വിഷയങ്ങളിൽ പ്രതിപക്ഷത്തേക്കാൾ കൂടുതൽ ഇടപെട്ടതും പ്രശ്നപരിഹാരമുണ്ടാക്കിയതും ഞങ്ങളാണ്. സഭ ഉന്നയിച്ച വിഷയങ്ങളിലെല്ലാം ശക്തമായ ഇടപെടൽ നടത്തി പരിഹാരം കണ്ടിട്ടുണ്ട്. അദ്ധ്യാപക നിയമന കാര്യത്തിൽ സഭയ്ക്ക് ചില ആശങ്കകളുണ്ട്. ഈ വിഷയത്തിൽ എൻ.എസ്.എസ് സുപ്രീം കോടതിയിൽ നിന്ന് നേടിയ അനുകൂല വിധി എന്തുകൊണ്ട് സർക്കാർ ക്രൈസ്തവ മാനേജ്മെന്റുകൾക്കു ബാധകമാക്കുന്നില്ലെന്നതാണ് സഭയുടെ ഒരു പരാതി. മറ്റു മാനേജ്മെന്റ് സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനം സുപ്രീം കോടതിയെ അറിയിച്ചേ നടത്താവൂ എന്ന് വിധിയിൽ പ്രത്യേകം പറയുന്നതിനാലാണ് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടി സുപ്രീം കോടതിയിൽ സർക്കാർ ഹർജി ഫയൽ ചെയ്തത്. കോടതി അനുമതി ഉണ്ടായാൽ അടിയന്തിരമായി ഈ പ്രശ്നവും പരിഹരിക്കും. ജെ.ബി. കോശി റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും ഇതിനകം നടപ്പാക്കിയിട്ടുണ്ട്. സഭാപ്രതിനിധികളുമായി അടുത്ത മാസമാദ്യം മുഖ്യമന്ത്രി ചർച്ച നടത്തി ബാക്കിയുള്ള പ്രധാന നിർദ്ദേശങ്ങളും നടപ്പാക്കും.
? തദ്ദേശ തിരഞ്ഞെടുപ്പിൽ പിന്നിലായ സാഹചര്യത്തിൽ ഇടതുമുന്നണിക്ക് തുടർഭരണ സാദ്ധ്യയുണ്ടോ
ജില്ലാ പഞ്ചായത്തുകൾ ഏഴു വീതമാണ് ഇരു മുന്നണിയും പങ്കിട്ടത്. സ്വർണകൊള്ള വിവാദം പോലും യു.ഡി.എഫിനെ ഇപ്പോൾ തിരിഞ്ഞു കൊത്താൻ തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നുമാസം ഇനിയും മുന്നിലുണ്ട്. തദ്ദേശ തോൽവിയുടെ പാഠങ്ങൾ ഉൾക്കൊണ്ട് കൂടുതൽ ജനപിന്തുണ ഉറപ്പാക്കി ഇടതു മുന്നണിക്ക് മൂന്നാമതും തുടർഭരണം ഉറപ്പാക്കാൻ കഴിയുമെന്നാണ് വിശ്വാസം
? കേരളാ കോൺഗ്രസ് (എം) എത്ര സീറ്റീൽ മത്സരിക്കും
15 സീറ്റ് ആവശ്യപ്പെടും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 13സീറ്റ്കിട്ടിയെങ്കിലും ഒന്ന് സി.പി.എം ഏറ്റെടുത്തിരുന്നു. അത് കൂടി വാങ്ങി മത്സരിക്കും.
? നിലവിലുള്ള എം.എൽ.എമാരെല്ലാം മത്സര രംഗത്തുണ്ടാവുമോ
ജയസാദ്ധ്യത നോക്കിയാകും പൊതുവായ സ്ഥാനാർത്ഥി നിർണയം. നിലവിലുള്ളവർ ഉണ്ടാകും.
? രാജ്യസഭയിൽ നാലുവർഷ കാലാവധി ഉള്ളതിനാൽ ജോസ് കെ. മാണി മത്സരിക്കുമോ
പാർട്ടിയാണ് തീരുമാനിക്കേണ്ടത്.
? പാലായിലായിരിക്കുമല്ലോ മത്സരിക്കുക
പാർട്ടിയാണ് തീരുമാനിക്കേണ്ടത് (ചിരിക്കുന്നു)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |