SignIn
Kerala Kaumudi Online
Friday, 20 September 2024 1.38 PM IST

തിരുത്തപ്പെടുമോ വിഭാഗീയതയുടെ തുരുത്തുകൾ?

Increase Font Size Decrease Font Size Print Page

cpm-palakkadu

കേരളത്തിലെ സി.പി.എം പ്രധാനവും നിർണായകവുമായ ഘട്ടത്തിലേക്ക് കടക്കുകയാണ്,​ സംഘടനാപരമായ സമ്മേളനങ്ങളുടെ ഘട്ടം. സംസ്ഥാന സമ്മേളനത്തിലേക്കും പാർട്ടി കോൺഗ്രസിലേക്കും കടക്കുന്നതിന് മുൻപ് താഴെത്തട്ടിലെ സമ്മേളനങ്ങളുടെ കാലം. 35,​000 ബ്രാഞ്ച് സമ്മേളനങ്ങളും 2100 ലധികം ലോക്കൽ സമ്മേളനങ്ങളും 200 ലധികം ഏരിയാ സമ്മേളനങ്ങളും വിവിധ ഘട്ടങ്ങളിലായി പൂർത്തിയാക്കിയാണ് സി.പി.എം ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമിട്ടത്. പാർട്ടി പുനഃസംഘടനയും നിർണായക സംഘടനാ മാറ്റങ്ങളുമാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നത്. ചരിത്രത്തിലാദ്യമായി കേരളത്തിൽ തുടർഭരണം ലഭിച്ചതിന്റെ ആവേശം സമ്മേളനങ്ങൾക്ക് കരുത്തേകുന്നുണ്ടെങ്കിലും പാലക്കാട് ഉൾപ്പെടെ ചിലയിടങ്ങളിലെ വിഭാഗീയത പാർട്ടിക്ക് തലവേദനയാകുന്നുണ്ടെന്ന് വ്യക്തം.

സി.പി.എം സംസ്ഥാനതലത്തിൽ വിഭാഗീയത എന്നന്നേക്കുമായി അവസാനിച്ചെന്നാണ് നേതൃത്വം ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ, രാഷ്ട്രീയ കേരളത്തിന്റെ ദൈനംദിന അനുഭവങ്ങൾ മറിച്ചാണ്. പാലക്കാട്ടെ പാർട്ടിക്കുള്ളിൽ വിഭാഗീയതയുടെ തുരുത്തുകൾ രൂപപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതായി ഒടുവിൽ മുഖ്യമന്ത്രിക്ക് വരെ പറയേണ്ടിവന്നത് നേതൃത്വത്തിന്റെ വാദങ്ങളിലെ പൊള്ളത്തരം വെളിവാക്കുന്നു. മറ്റ് ജില്ലാ സമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്ന് ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യം പാലക്കാട്ടെ സമ്മേളനത്തിലുണ്ടായത് പ്രത്യേകതയാണ്. പ്രാദേശിക വിഭാഗീയതയ്ക്കെതിരെ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ശക്തമായ താക്കീത് നല്കുക തന്നെയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സമ്മേളനത്തിന് കൊടിയിറങ്ങിയപ്പോഴും പുതിയ ജില്ലാനേതൃത്വത്തെ തിരഞ്ഞെടുത്തപ്പോഴും പിണറായിയുടെ കർശന നിലപാടിന്റെ പ്രതിഫലനം വ്യക്തമായിരുന്നു.

കൈയുംകാലും മുളയ്ക്കാൻ

അനുവദിക്കില്ല

'' മറ്റു ജില്ലകളിൽ നിന്നു വ്യത്യസ്തമായി പാലക്കാട്ട് വിഭാഗീയതയുടെ തുരുത്തുകൾ നിലനില്ക്കുന്നുണ്ട്. അതിനു കൈയും കാലും മുളയ്ക്കാൻ അനുവദിക്കില്ല. അവ പൊളിച്ചു കളയാൻ തടസങ്ങളുണ്ടെങ്കിൽ അത് ആദ്യം ഒഴിവാക്കണം. സംസ്ഥാന ഘടകത്തിൽ പൊതുവേ വിഭാഗീയത ഇല്ലാതായതിന്റെ സുഖം പാലക്കാട് ജില്ലയിലെ പ്രവർത്തകർക്ക് അനുഭവിക്കാൻ കഴിയാത്തത് ഇവിടെ ചില വിഭാഗീയ തുരുത്തുകൾ ശേഷിക്കുന്നതു കൊണ്ടാണ്. നിർബന്ധമായും പാർട്ടിയിലുണ്ടാകേണ്ടവർ ലോക്കൽ, ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പിൽ തോറ്റിട്ടുണ്ട്. പ്രാദേശിക വിഭാഗീയതയിൽ ചിലയിടത്തു മത്സരവും അതിൽ ജയവും തോല് ‌വിയും ഉണ്ടായി. മത്സരം ജനാധിപത്യ രീതിയാണ്, കുറ്റംപറയാൻ കഴിയില്ല. പക്ഷേ, പരാജയപ്പെട്ടവരിൽ പലരും പാർട്ടിയിൽ ഏറെക്കാലത്തേക്കു വേണ്ടവരാണെന്ന് കൂടി മനസിലാക്കണം. ഈ വിഷയം അതീവഗൗരവമായാണ് പാർട്ടി കാണുന്നത്. ഇനിയും ഇക്കാര്യം ആവർത്തിക്കില്ല''

- പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ശക്തമായ ഭാഷയിൽ ഓർമ്മിപ്പിച്ചു.

ജില്ലാ നേതൃത്വം

അതീവ ദുർബലമെന്ന്

കൃത്യവും ശക്തവുമായ നിലപാടെടുക്കാതെ ഒരു ജില്ലാ നേതാവിന്റെയും സന്തത സഹചാരിയുടെയും പിന്തുണയോടെ ജില്ലാ നേതൃത്വത്തിന് സമാന്തരമായി ഒരു സംഘം വിഭാഗീയ പ്രവർത്തനം നടത്തിയെന്ന ഗുരുതര ആരോപണമാണ് ജില്ലാ സെക്രട്ടറിയായിരുന്ന സി.കെ.രാജേന്ദ്രൻ സമർപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള ചർച്ചയിൽ പ്രവർത്തകർ ഉന്നയിച്ചത്. ജില്ലാനേതൃത്വം അതീവ ദുർബലമായെന്ന കുറ്റപ്പെടുത്തൽ ആവർത്തിച്ച് ഉന്നയിക്കപ്പെട്ടു. നേതൃത്വത്തിന്റെ കഴിവുകേട് രണ്ടു നേതാക്കളുടെ നേതൃത്വത്തിലുള്ള നിഴൽസംഘം പരമാവധി മുതലെടുത്തു. സംസ്ഥാന സർക്കാർ ഒരു പ്രധാന ചുമതല നല്കിയപ്പോൾ പത്രങ്ങളിൽ പരസ്യം ചെയ്ത് സ്വയം പുകഴ്ത്തലിന് അവസരമായി എടുത്ത സെക്രട്ടേറിയറ്റിലെ നേതാവ് പ്രവർത്തകർക്ക് എന്ത് മാതൃകയാണെന്ന് പ്രവർത്തകർ ചോദിച്ചു.

കണ്ണമ്പ്രയിൽ പാപ്‌കോസിനു സ്ഥലമെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതു പ്രദേശത്തെ ജനപ്രതിനിധിയായിരുന്ന കേന്ദ്രകമ്മിറ്റി അംഗത്തിന്റെയും അവിടെനിന്നുള്ള ജില്ലാ സെക്രട്ടറിയുടെയും ജാഗ്രതക്കുറവു കൊണ്ടുകൂടിയാണ്. വിഷയത്തിൽ ചിലർക്കെതിരെ മാത്രം നടപടിയെടുത്തതുകൊണ്ടായില്ല. നടപടി നേരിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനവും ഒഴിവാക്കണമായിരുന്നു. വാളയാർ ലോക്കൽ സമ്മേളനം കൈയ്യാങ്കളിയിലും അക്രമത്തിലുമെത്തിയതിന് പിന്നിൽ ഒരു ജില്ലാനേതാവുണ്ട്. സമ്മേളനത്തിന്റെ മറവിൽ കുഴൽമന്ദം ഏരിയ കമ്മിറ്റിയെ അട്ടിമറിക്കാൻ നീക്കം നടന്നു. സമ്മേളനത്തിന്റെ തലേദിവസം ഏരിയ സെക്രട്ടറിയോട് മാറിനില്ക്കാൻ പറഞ്ഞു തുടങ്ങി ചൂടേറിയ ചർച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ നടന്നത്.

പാർട്ടിക്ക് പാർട്ടിയുടെ വഴി

സംഘടനാ ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സൂചിപ്പിച്ചതുപോലെ പുതിയ ജില്ലാ നേതൃത്വത്തെ തിരഞ്ഞെടുത്തപ്പോൾ പാർട്ടി പാർട്ടിയുടെ വഴിക്കുതന്നെ പോയി. ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ് പാനലും വിഭാഗീയതയ്ക്ക് താക്കീത് നല്കുന്നതായിരുന്നു. കുഴൽമന്ദം ഏരിയാ കമ്മിറ്റിയിൽ നിന്ന് വെട്ടിനിരത്തിയ കെ.ശാന്തകുമാരി എം.എൽ.എയെ ജില്ലാ കമ്മിറ്റിയിലെടുത്തു. ജില്ലാസമ്മേളന പ്രതിനിധി പോലുമാക്കാതെ പുതുശ്ശേരി ഏരിയ സമ്മേളനത്തിൽ തോല്പ്പിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളെയും ജില്ലാക്കമ്മിറ്റിയിൽ ഉൾപ്പെടുത്തി. വിഭാഗീയതയുടെ ഭാഗമായി കഴിഞ്ഞതവണ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നൊഴിവാക്കിയ എ.പ്രഭാകരൻ എം.എൽ.എയെ ജില്ലാ സെക്രട്ടേറിയേറ്റിൽ തിരികെ കൊണ്ടുവന്നു. കണ്ണമ്പ്ര ഭൂമി ഇടപാടിൽ കുറ്റാരോപിതനായ നിലവിലെ സെക്രട്ടറിയേറ്റംഗം സി.കെ.ചാമുണ്ണിയെയും ജില്ലാക്കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തു. പതിന്നാല് പുതുമുഖങ്ങൾ കമ്മിറ്റിയിൽ ഇടംനേടിയപ്പോൾ പഴയ പതിന്നാലു പേരെ ഒഴിവാക്കുകയും ചെയ്തു. 44 അംഗ ജില്ലാക്കമ്മിറ്റിയിൽ 10 ശതമാനം വനിത പ്രാതിനിദ്ധ്യവും പാർട്ടി ഉറപ്പാക്കി.

പുതിയ നേതൃത്വത്തിൽ പ്രതീക്ഷയേറെ

മൂന്ന് ടേം പൂർത്തിയാക്കിയാണ് സി.കെ.രാജേന്ദ്രൻ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തിരഞ്ഞെടുപ്പുകളിൽ നേട്ടവും കോട്ടവുമുണ്ടായി. പാലക്കാട് നിയോജകമണ്ഡലം സി.പി.എമ്മിന് നഷ്ടമായതും ലോക്സഭാ തിരഞ്ഞെടുപ്പിൽ ചുവപ്പ് കോട്ടയായ ആലത്തൂർ ഉൾപ്പെടെ ജില്ലയിലെ രണ്ട് സീറ്റുകളും നഷ്ടമായതും പ്രധാന തിരിച്ചടിയാണ്. എന്നാൽ, പിന്നീട് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തൃത്താല പിടിച്ചെടുത്ത് നില മെച്ചപ്പെടുത്താൻ കഴിഞ്ഞത് നേട്ടമാണ്.

ചിറ്റൂരിൽ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ഇ.എൻ.സുരേഷ് ബാബുവാണ് പുതിയ ജില്ലാ സെക്രട്ടറി. എസ്.എഫ്‌.ഐയിലൂടെ രാഷ്ട്രീയ രംഗത്തുവന്ന സുരേഷ് ബാബു പെരുമാട്ടി ലോക്കൽ സെക്രട്ടറിയായും രണ്ട് തവണ ചിറ്റൂർ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. മൂന്നാം തവണയും ഏരിയ സെക്രട്ടറിയായെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായതോടെ ആ സ്ഥാനം ഒഴിയുകയായിരുന്നു.

ചിറ്റൂരിൽ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഇ.എൻ.സുരേഷ് ബാബു കടന്നുവന്നതോടെ പാർട്ടിക്കുള്ളിൽ വലിയ രീതിയിൽ മാറ്റമുണ്ടായി. വിഭജിച്ചു നില്‌ക്കുന്നവർ ഒരു കുടക്കീഴിൽ എത്തി. ഏരിയ കമ്മിറ്റിക്കു കീഴിലുള്ള മുഴുവൻ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികളിലും തിരഞ്ഞെടുപ്പിന് പോലും ഇടനല്കാതെയാണു ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഏഴരപ്പതിറ്റാണ്ടു കാലം കോൺഗ്രസിന്റെ കുത്തകയായിരുന്ന ചിറ്റൂർ – തത്തമംഗലം നഗരസഭ പിടിച്ചെടുത്തതിൽ സുരേഷ് ബാബുവിന്റെ തന്ത്രജ്ഞത വ്യക്തമാണ്. പാർട്ടി നേതാക്കളെപ്പോലും സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിച്ച തന്ത്രം വിജയകരമായി. സമീപ പഞ്ചായത്തുകളിലും വിജയം ആവർത്തിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ ചിറ്റൂരിൽ പാർട്ടിയിലേക്കു കടന്നുവന്നത് മറ്റു പാർട്ടികളിലെ രണ്ടായിരത്തിലധികം ആളുകളാണ്. രണ്ട് പതിറ്റാണ്ടുകാലം കോൺഗ്രസ് ഭരിച്ച മണ്ഡലം എൽ.ഡി.എഫ് തിരിച്ചുപിടിക്കുന്നതിലും സുരേഷ് ബാബു വഹിച്ച പങ്ക് വലുതാണ്.

പുതിയ നേതൃത്വത്തിൽ പ്രതീക്ഷകൾ ഏറെയാണ്. കോൺഗ്രസിൽ നിന്ന് പാലക്കാട് നിയോജക മണ്ഡലം തിരിച്ചു പിടിക്കുകയാണ് അതിൽ പ്രധാനം. അതുപോലെ തന്നെ നഗരസഭയിൽ സീറ്റ് നില മെച്ചപ്പെടുത്തി ഭരണം നേടുകയെന്നതും വെല്ലുവിളിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PALAKKADU DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.