കേന്ദ്രം ആവിഷ്‌കരിക്കുന്ന പദ്ധതികൾ രാഷ്ട്രീയമായ ഭിന്നതകളുടെ പേരിൽ സംസ്ഥാനം നടപ്പാക്കാതിരുന്നാൽ അതിന്റെ ദോഷം ഗുണഭോക്താക്കളായ സാധാരണ ജനങ്ങളെയാവും പ്രതികൂലമായി ബാധിക്കുക. ഭരണപരവും സാമൂഹ്യവുമായ പദ്ധതികൾ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നതല്ലെങ്കിൽ അത് നടപ്പാക്കാൻ വൈകുന്നത് ഗുണകരമായ മാറ്റങ്ങൾക്ക് മുഖംതിരിഞ്ഞു നിൽപ്പായി മാറുകയും പല മേഖലകളിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നാക്കം പോകാൻ ഇടയാക്കുകയും ചെയ്യും. കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾ തുടർച്ചയായി അവഗണിച്ചാൽ പല പദ്ധതികൾക്കും തുടർ സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്യില്ല. ഇതാകട്ടെ ധനപരമായ പ്രതിസന്ധികൾക്കും ഇടയാക്കും.
ഒന്നാം ക്ളാസിൽ ചേരാനുള്ള പ്രായം, കുറഞ്ഞത് ആറു വയസായി നിജപ്പെടുത്തണമെന്ന് കേന്ദ്രം 2022-ൽ കേരളത്തോട് ആവശ്യപ്പെട്ടിരുന്നതാണ്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഇങ്ങനെ ആവശ്യപ്പെട്ടത്. ഔപചാരിക വിദ്യാഭ്യാസത്ത് കുട്ടികൾ സജ്ജരാകുന്നത് ആറു വയസിനു ശേഷമാണെന്ന ശാസ്‌ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇങ്ങനെ ആവശ്യപ്പെട്ടത്. എന്നാൽ മൂന്നു വയസു മുതൽ പ്രീപ്രൈമറി വിദ്യാഭ്യാസം ശക്തമാണെന്ന സാഹചര്യം കണക്കിലെടുത്ത് കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ ഈ മാറ്റം നടപ്പാക്കാൻ വിസമ്മതിക്കുകയാണ് ചെയ്തത്. കേന്ദ്ര നിർദ്ദേശം നടപ്പാക്കേണ്ടതില്ല എന്ന് തീരുമാനമെടുക്കുകയും ചെയ്തു. പ്രധാനമായും കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയത്തോടുള്ള രാഷ്ട്രീയമായ എതിർപ്പാണ് ഇതിനിടയാക്കിയത്. എന്നാൽ ആ എതിർപ്പ് മാറ്റിവച്ച് കേന്ദ്ര നിർദ്ദേശം നടപ്പാക്കാൻ കേരളം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നു.
ഇതുപ്രകാരം 2026 ജൂണിൽ തുടങ്ങുന്ന അദ്ധ്യയന വർഷം മുതൽ ഒന്നാം ക്ളാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസാകും. ഈ ജൂണിൽ ആരംഭിക്കുന്ന അദ്ധ്യയന വർഷം കൂടിയേ അഞ്ചു വയസുകാർക്ക് പ്രവേശനം അനുവദിക്കൂ. സി.ബി.എസ്.ഇ സ്‌കൂളുകൾക്കും ഈ നിബന്ധന ബാധകമായിരിക്കും. കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും സൈനിക സ്‌കൂളുകളും മാത്രമാണ് സംസ്ഥാനത്ത് ആറു വയസ് നിബന്ധന ഇതിനകം നടപ്പിലാക്കിയിട്ടുള്ളത്. വികസിത രാജ്യങ്ങളിലെല്ലാം കുട്ടികൾ ഒന്നാം ക്ളാസ് പഠനം തുടങ്ങുന്നത് ആറാം വയസിലാണ്. ക്ളാസ് മുറിയിൽ അച്ചടക്കത്തോടെയിരുന്ന് പഠനം ശ്രദ്ധിക്കാൻ അവർ പ്രാപ്‌തരാകുന്നത് അപ്പോഴാണെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധർ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്.
കേരളത്തിലും നിലവിൽ ഒന്നാം ക്ളാസിൽ പ്രവേശനം നേടിയവരിൽ 52 ശതമാനം പേരും ആറു വയസ് തികഞ്ഞവരാണ്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നതിനാലാണ് 2026 മുതൽ ഈ സമ്പ്രദായത്തിലേക്ക് മാറുന്നതെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടിരിക്കുന്നത്. അതുപോലെ തന്നെ, ഒന്നാം ക്ളാസ് പ്രവേശനത്തിന് ഇപ്പോൾ ചില സ്കൂളുകൾ പ്രവേശന പരീക്ഷ നടത്താറുണ്ട്. ഇത് ഇളംപ്രായത്തിലുള്ള കുട്ടികളെ പീഡിപ്പിക്കുന്നതിനു തുല്യമാകയാൽ ഈ രീതിയും അതോടൊപ്പം തന്നെ വൻ തുകകൾ ക്യാപ്പിറ്റേഷൻ ഫീസ് നൽകുന്ന രീതിയും സർക്കാർ അനുവദിക്കാൻ പാടുള്ളതല്ല. പ്രീ സ്‌കൂൾ വിദ്യാഭ്യാസം നൽകുന്ന കാര്യത്തിലും പുതിയ നയത്തിന്റെ പശ്ചാത്തലത്തിൽ ക്രിയാത്‌മകമായ മാറ്റങ്ങൾ ഉണ്ടാകണം. നിശ്ചിത യോഗ്യതയില്ലാത്തവർ ചെറിയ കുട്ടികളെ പഠിപ്പിക്കുന്നത് അവരുടെ മുന്നോട്ടുള്ള അദ്ധ്യയനത്തെ പ്രതികൂലമായി ബാധിക്കാനിടയാക്കും. അതിനാൽ നഴ്‌സറി സ്‌കൂളുകളും മറ്റും നടത്തുന്നവർ പ്രത്യേക നിബന്ധനകൾ പാലിക്കാനിടയാക്കുംവണ്ണം രജിസ്ട്രേഷൻ ഏർപ്പെടുത്താനും വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |