SignIn
Kerala Kaumudi Online
Monday, 27 October 2025 7.02 PM IST

വയലാർ വിടപറഞ്ഞിട്ട് ഇന്ന് 50 വർഷം,​ വയലാർ അവാർഡിനു പിന്നിലെ കഥ; മലയാളത്തിന്റെ കൊടിയടയാളം

Increase Font Size Decrease Font Size Print Page

vayalar-

കടുകുമണിയോളമെങ്കിലും ജീവിതസ്‌നേഹം വേണം, ജീവിതത്തെ സാദ്ധ്യമാക്കാൻ. അതായിരിക്കാം ജീവിതസ്‌നേഹികളെ ജീവിക്കുന്നവരെല്ലാം സർവാത്മനാ സ്‌നേഹിച്ചു പോകുന്നത്. അപ്പോൾ, 'ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി" എന്ന് പാടിയ ലോകോത്തര ജീവിതസ്‌നേഹിയെ മലയാളികൾ നെഞ്ചോടു ചേർക്കാതിരിക്കുമോ? ആ ഹൃദയപ്രതിഷ്ഠയുടെ മുഴുത്ത ദൃഷ്ടാന്തങ്ങളായിരുന്നു അമ്പതുവർഷം മുമ്പ് വയലാർ മരിച്ചപ്പോൾ കേരളത്തിലുടനീളം കണ്ടത്. ആൾത്തരമില്ലാതെ സഹജരെ സ്‌നേഹിച്ച്, വിരമിച്ച അദ്ദേഹം ജീവിതത്തിലും മരണത്തിലും ഏവരാലും ഓമനിക്കപ്പെട്ടു.

വ്യക്തിത്വത്തിന്റെയും വീക്ഷണത്തിന്റെയും വലുപ്പത്താലാകാം ഗജപരാക്രമങ്ങളോടെന്നപോലെ കാലുഷ്യലേശമില്ലാതെയാണ് വയലാറിന്റെ ദൗർബല്യങ്ങൾപോലും ആളുകൾ ഏറ്റെടുത്തത്. സ്‌നേഹം സാന്ത്വനം മാത്രമല്ല, കരുത്തുറ്റ ഇന്ധനവുമാണെന്ന് അന്ന് ആ വിയോഗം സ്ഥാപിച്ചെടുത്തു. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ചേർത്തല രാഘവപ്പറമ്പിൽ വയലാറിന്റെ സംസ്‌കാരം കഴിഞ്ഞ് പ്രധാനികൾ പുറത്തുവരികയായിരുന്നു. അതിൽ മലയാറ്റൂർ രാമകൃഷ്ണൻ, സി.വി. ത്രിവിക്രമൻ, എസ്.കെ. നായർ (മലയാളനാട്) എ.കെ. ഗോപാലൻ എന്നിവർ വല്ലാത്ത വിമ്മിട്ടപ്പെടുന്നതായി തോന്നി. നമുക്ക് ഒന്നിച്ചിറങ്ങാമെന്ന് അവർ ആത്മഗതപ്പെട്ടു. വഴിക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ എസ്. കെ. നായർ വിഷയം അവതരിപ്പിച്ചു.


'എല്ലാവരും കരച്ചിലും പിഴിച്ചിലും പൂമാല അണിയിക്കലും കഴിഞ്ഞ് പിരിഞ്ഞുപോകും. നമ്മുടെ കുട്ടന്റെ കുടുംബത്തിന്റെ കാര്യം നമ്മൾ ആലോചിക്കേണ്ടേ?" അങ്ങനെയാണ് ഫണ്ട് സ്വരൂപിക്കാനുള്ള തീരുമാനം ഉടലെടുത്തത്. പ്രിയപത്നിക്കും പറക്കമുറ്റാത്ത മക്കൾക്കും വേണ്ടി ഒരു സംഖ്യ മാറ്റിവച്ച്,​ ശേഷിച്ച തുക കൊണ്ട് വയലാറിന് ശാശ്വതമായ ഒരു സ്മാരകം ഏർപ്പെടുത്തുക എന്നതായിരുന്നു പദ്ധതി. പിറ്റേന്നു തന്നെ മലയാറ്റൂരും എസ്.കെ. നായരും സി.വി. ത്രിവിക്രമനും എ.കെ. ഗോപാലനും (മദ്രാസ്) കൂടി കന്റോൺമെന്റ് ഹൗസിൽ പോയി മുഖ്യമന്ത്രി സി. അച്യുതമേനോനെ കണ്ട് കാര്യം ധരിപ്പിച്ചു. പിരിച്ച പണം നാനാവിധമാക്കരുതെന്നു മാത്രമായിരുന്നു മുഖ്യൻ മുന്നോട്ടുവച്ച കണ്ടീഷൻ.


അച്യുതമേനോൻ മുഖ്യ രക്ഷാധികാരിയും മന്ത്രിസഭാംഗങ്ങൾ രക്ഷാധികാരിമാരും ജോസഫ് മുണ്ടശ്ശേരി ചെയർമാനും കെ.എം. മാത്യു (മലയാള മനോരമ) ട്രഷററുമായി കമ്മിറ്റി ഉടൻ സംഘടിപ്പിക്കപ്പെട്ടു. സി.വി. ത്രിവിക്രമനും എ.കെ. ഗോപാലനും ഫണ്ട് കമ്മിറ്റി സെക്രട്ടറിമാരായി. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന ഫണ്ട് കളക്ഷന്റെ ഉദ്ഘാടനത്തോടെ കേരളത്തിനകത്തും പുറത്തും കൂപ്പൺ വില്പന തുടങ്ങി. പണത്തിനും കവിതാക്കമ്പമോ എന്നു തോന്നിക്കും വിധമായിരുന്നു,​ ഫണ്ട് സെക്രട്ടറി, ത്രിവിക്രമന്റെ കൈയിലേക്ക് ചെറുതും വലുതുമായ തുകകൾ കുതിച്ചെത്തിയത്!

പക്ഷെ ഏതു സ്വർഗത്തിലും കട്ടുറുമ്പുകൾ ഉണ്ടാകുമല്ലോ, ഏത് തുടക്കങ്ങൾക്കും മുടക്കങ്ങളും ഉണ്ടാകുമല്ലോ! ജുഗുപ്സാവഹമായ ചില ഇടപെടലുകളാൽ ഫണ്ട് പിരിവ് നിറുത്തിവയ്ക്കപ്പെട്ടു. പദ്ധതിക്ക് സംഭവിക്കാവുന്ന കണ്ണുപറ്റൽ ഏതായാലും ഇല്ലാതായി. പക്ഷെ പ്രഗത്ഭരും ഹൃദയാലുക്കളുമായ കമ്മിറ്റി മെമ്പർമാക്ക് ഹൃദയക്ഷോഭമുണ്ടായി, വാശി മൂത്തു. സ്വരൂപിക്കപ്പെട്ട സംഖ്യയിൽ ഒരു ഭാഗം കുടുംബത്തിനു നൽകി,​ ബാക്കികൊണ്ട് രണ്ടും കല്പിച്ച് മഹത്തായൊരു സാഹിത്യ പുരസ്‌കാരം വയലാറിന്റെ നാമധേയത്തിൽ പ്രഖ്യാപിക്കാൻ അവർ ഉറപ്പിച്ചു.


'സ്‌നേഹത്തിൽ നിന്നുദിക്കുന്നു,​ ലോകം
സ്‌നേഹത്താൽ വൃദ്ധി തേടുന്നു
സ്‌നേഹം നരകത്തിൻ ദ്വീപിൽ
സ്വർഗ ഗേഹം പണിയും പടുത്വം'


സ്നേഹം പടുത്തുയർത്തിയ ആ സ്വർഗ ഗേഹമാണ് പിന്നീട് മലയാള സാഹിത്യ മഹിമയുടെ സ്വർണ്ണപ്പട്ടം പറത്തിയ വയലാർ അവാർഡ്. ഫണ്ട് കലക്ഷൻ കമ്മിറ്റിക്കു പിറകെ സംഘടിപ്പിക്കപ്പെട്ട വയലാർ രാമവർമ്മ ട്രസ്റ്റിനായിരുന്നു അവാർഡ് നടത്തിപ്പിന്റെ ചുമതല. മുഖ്യമന്ത്രി തന്നെ ട്രസ്റ്റ് രൂപീകരിക്കാൻ മുൻകൈയെടുക്കുകയും ആത്മാർത്ഥതയുടെ ആൾരൂപമായ സി.വി. ത്രിവിക്രമനെ മെമ്പർ സെക്രട്ടറിയായി നിയോഗിക്കുകയും ചെയ്തു. പ്രസിഡന്റായ മുഖ്യമന്ത്രി സി. അച്യുതമേനോനു പുറമെ,​ എ.കെ. ആന്റണി, മലയാറ്റൂർ രാമകൃഷ്ണൻ, കാമ്പിശ്ശേരി കരുണാകരൻ, എസ്.കെ. നായർ, എ.കെ. ഗോപാലൻ, ടി.വി.തോമസ് തുടങ്ങിയ പ്രഗത്ഭരും ട്രസ്റ്റ് അംഗങ്ങളായി വന്നു. പിന്നീട് മലയാറ്റൂർ രാമകൃഷ്ണനും പി.കെ.വിയും പ്രസിഡന്റുമാരായി.

ഇവരുടെയെല്ലാം ഉത്സാഹവും തുടർന്ന് സാനുമാഷുടെ പ്രസിഡന്റ്ഷിപ്പിനു കീഴെ വന്ന ഒ.എൻ.വി,​ പ്രഭാവർമ്മ, കെ. ജയകുമാർ, സി. രാധാകൃഷ്ണൻ, സാറാ ജോസഫ്, ശാരദാ മുരളീധരൻ, ഡോ. വി. രാമൻകുട്ടി, ശരച്ചന്ദ്രവർമ്മ, ഗൗരിദാസൻ നായർ തുടങ്ങിയവരുടെ ആർജ്ജവവും സെക്രട്ടറി സി.വി. ത്രിവിക്രമന്റെ 44 വർഷത്തെ കഠിന പരിശ്രമവുമാണ് ഇന്നത്തെ പേരും പെരുമയും വയലാർ അവാർഡിന്‌ നേടിക്കൊടുത്തത്. കൃതിയുടെ മൂല്യം പരിഗണിച്ചു മാത്രമായിരിക്കണം ഇരുപത്തയ്യായിരം രൂപയുടെ വയലാർ അവാർഡ് (2012 മുതൽ തുക ഒരു ലക്ഷം രൂപയാണ്) നൽകേണ്ടതെന്ന് രൂപീകരണ സമയത്തുതന്നെ ട്രസ്റ്റ് അതിന്റെ നയമായി സ്വീകരിച്ചിരുന്നു. വയലാർ രാമവർമ്മയെപ്പോലെ വയലാർ അവാർഡും ജനങ്ങൾക്ക് തങ്ങളുടെ സ്വന്തമായി തോന്നുകയും വേണം. അതിനായി അത്യന്തം വിവേകത്തോടെയുള്ള തിരഞ്ഞെടുപ്പ് രീതി ട്രസ്റ്റ് ഭാരവാഹികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

കേന്ദ്ര സാഹിത്യ അക്കാഡമിയുടെയടക്കം പുരസ്‌കാര നിർണയ സമിതികളിൽ അംഗമായിരിക്കാനും വലിയ നാഷണൽ അവാർഡുകളുടെ സെലക്ഷൻ പ്രൊസീജിയർ പഠിക്കാനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. എന്നാൽ വയലാർ അവാർഡിന്റേതു പോലെ ജഡ്ജിംഗ് കമ്മിറ്റിയെ സമൂഹത്തിന്റെ മൂല്യപ്രജ്ഞയ്ക്കു മുന്നിൽ നിറുത്തിപ്പൊരിക്കാൻ നിർബന്ധിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് രീതി എവിടെയും ഞാൻ കണ്ടിട്ടില്ല. വയലാറിന്റെ സ്നഹപ്പെരുമ, അവാർഡിലെ ജനപങ്കാളിത്തം, രാമവർമ്മ ട്രസ്റ്റിന്റെ ആത്മാർത്ഥത, അവാർഡ് നിർണയത്തിലെ സൂക്ഷ്മത- മേൽപ്പറഞ്ഞ ഘടകങ്ങളെല്ലാം ഒത്തുചേർന്നതുകൊണ്ടായിരിക്കാം, ഒരു പുരസ്‌കാരം ചുരത്താവുന്ന സ്‌നേഹോഷ്മളതയുടെ നറുംപാൽ എഴുത്തുകാർ ഏറ്റവുമധികം നുകരുന്നത് വയലാർ അവാർഡ് ലഭിക്കുന്ന സന്ദർഭത്തിലാണ്.

ജീവിതത്തിന്റെ പുസ്തകത്തിന് വയലാർ അവാർഡ് ലഭിച്ചപ്പോൾ ഞാൻ ആ അനുഗ്രഹം ശരിക്കും അനുഭവിച്ചിട്ടുണ്ട്. ഗുരുദേവന്റെ കരുണയ്‌ക്കൊപ്പം നിശ്ചയദാർഢ്യവും സ്വായത്തമായ സാനുമാഷും,​ കാര്യക്ഷമതയുടെ അപ്പോസ്തലനായ സി.വി. ത്രിവിക്രമനുമായിരുന്നു ദീർഘകാലം വയലാർ അവാർഡ് ട്രസ്റ്റിനെ മുന്നോട്ടു നയിച്ചത്. ഇപ്പോൾ മലയാളത്തിന്റെ പ്രിയകഥാകാരനായ പെരുമ്പടവം ശ്രീധരൻ പ്രസിഡന്റും,​ പുരസ്‌കാര പാരമ്പര്യത്തിന്റെ മൂല്യമറിയുന്ന ഊർജ്ജസ്വലനായ ബി. സതീശൻ സെക്രട്ടറിയും. ദേശീയവും അന്തർദ്ദേശീയവുമായ തലങ്ങളിൽ വയലാർ അവാർഡിന്റെ പ്രശസ്തി വളർത്താൻ ഇവർക്ക് സാധിക്കട്ടെ. എന്തെന്നാൽ വയലാർ പുരസ്‌കാരം വെറുമൊരു പുരസ്‌കാരമല്ല, സാഹിത്യപ്രധാനവും സർവ്വാശ്ലേഷ സന്നദ്ധവുമായ കേരളീയ സംസ്‌കാരത്തിന്റെ കൊടിയടയാളമാണ്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.