
ഭൂമിയെ അടിസ്ഥാനമാക്കിയാണ് എല്ലാ വികസന പ്രവർത്തനങ്ങളും. അതേസമയം, നമ്മുടെ ഭൂരേഖകൾ കാലങ്ങളായി അപൂർണവും ആശയക്കുഴപ്പമുണ്ടാക്കുന്നതും പലപ്പോഴും തർക്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നതുമാണ് എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ സ്വത്ത് വാങ്ങുന്നതിലും, ഭൂമിയുടെ അവകാശം നേടുന്നതിലും, വായ്പകൾ ലഭിക്കുന്നതിലും സർക്കാർ പദ്ധതികളിലേക്കുള്ള പ്രവേശനത്തിലുമൊക്കെ സാധാരണക്കാർക്ക് പല വെല്ലുവിളികളും നേരിടേണ്ടിവരുന്നു.
ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴിലുള്ള ഭൂവിഭവ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് 'നക്ഷ" അഥവാ നാഷണൽ ജിയോസ്പേഷ്യൽ നോളജ്- ബേസ്ഡ് ലാൻഡ് സർവെ ഒഫ് അർബൻ ഹാബിറ്റേഷൻസ്. രാജ്യത്തെ ഭൂപരിപാലനം, ഭരണനിർവഹണം, രേഖകൾ സൂക്ഷിക്കൽ എന്നിവയിൽ വലിയ മാറ്റത്തിന് ലക്ഷ്യമിട്ടുള്ള സംരംഭമാണിത്. ഒരു ഡിജിറ്റൽ അധിഷ്ഠിത ഭൂരേഖാ സംവിധാനമാണ് 'നക്ഷ."
കടലാസുകൾ
കൈവിടാം
കാലങ്ങളായി, കടലാസ് അടിസ്ഥാനമാക്കിയുള്ള മടുപ്പിക്കുന്ന പ്രക്രിയയാണ് നമ്മുടെ ഭൂമി രജിസ്ട്രേഷൻ. പഴയ രജിസ്റ്ററുകളും ഫയലുകളും, പിശകുകൾക്കും കൃത്രിമത്വത്തിനും സാദ്ധ്യതയുള്ളവ മാത്രമല്ല, പല തർക്കങ്ങളുടെയും മൂലകാരണമായി മാറിയിട്ടുമുണ്ട്. വ്യക്തതയില്ലാത്ത സ്വത്ത് രേഖകൾ ബാങ്ക് വായ്പകൾക്കുള്ള സാദ്ധ്യതയ്ക്ക് മങ്ങലേല്പിക്കുകയും ചെയ്യും. അനന്തരാവകാശ പ്രക്രിയയും ഉടമസ്ഥാവകാശം നിയമവിധേയമാക്കലും പലപ്പോഴും കോടതികളിൽ വർഷങ്ങളോളം കുടുങ്ങിക്കിടക്കാനും ഇത് ഇടയാക്കും.
'നക്ഷ"യിൽ ഡിജിറ്റൽ ഭൂരേഖകൾ നിർമ്മിക്കുന്നതിന് ഡ്രോൺ സർവേകൾ, GNSS മാപ്പിംഗ്, GIS ഉപകരണങ്ങൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു. ഈ സംരംഭത്തിനു കീഴിൽ, പൗരന്മാർക്ക് സർക്കാർ അംഗീകാരമുള്ള UrPro (നഗര സ്വത്ത് ഉടമസ്ഥാവകാശ രേഖ) കാർഡ് ലഭിക്കും. ഇത് സ്വത്ത് ഇടപാടുകൾ ലളിതമാക്കാൻ ഉതകുന്ന ഉടമസ്ഥാവകാശത്തിന്റെ ഡിജിറ്റൽ പ്രമാണമാണ്. 'നക്ഷ" ഉപയോഗിച്ച് ഉടമസ്ഥാവകാശം സാധൂകരിക്കുന്നതിന് കടലാസുകെട്ടുകളെയോ ഇടനിലക്കാരെയോ ആശ്രയിക്കേണ്ടതില്ല.
മുനിസിപ്പാലിറ്റികൾക്കും തദ്ദേശ കൗൺസിലുകൾക്കും വ്യക്തവും കൃത്യവുമായ ജിയോസ്പേഷ്യൽ ഡാറ്റയിലേക്ക് ഇതുവഴി പ്രവേശനം ലഭിക്കുന്നു. പൗരന്മാർക്കാകട്ടെ, കരട് ഭൂപടങ്ങൾ ഓൺലൈനായി കാണാനും എതിർപ്പുകൾ ഉന്നയിക്കാനും കഴിയും. നഗര ആസൂത്രണത്തിന്റെയും അടിസ്ഥാന സൗകര്യ രൂപകല്പനയുടെയും കൃത്യതയും വേഗതയും മെച്ചപ്പെടുത്തുന്നതിനൊപ്പം, ഈ ഡിജിറ്റൽ സംവിധാനം നികുതി സംവിധാനത്തെ നീതിയുക്തവും സുതാര്യവുമാക്കുകയും ചെയ്യുന്നു.
സേവനത്തിനും
വികസനത്തിനും
വ്യക്തിഗത ഉടമസ്ഥതയ്ക്കും ഭരണപരമായ കാര്യക്ഷമതയ്ക്കും അപ്പുറം, ദുരന്തനിവാരണത്തിനും നഗര ആസൂത്രണത്തിനുമുള്ള ഒരു നിർണായക ഉപാധിയായി മാറുന്ന 'നക്ഷ"പദ്ധതിയുടെ മറ്റൊരു പ്രയോജനം, പ്രളയസാദ്ധ്യതയുള്ള മേഖലകളെ തിരിച്ചറിയാൻ സഹായിക്കുന്നു എന്നതാണ്. ഒപ്പം, പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസവും കാലതാമസമില്ലാതെ നടത്താൻ ഇത് സഹായകമാകുന്നു. പരിശോധിച്ച് ഉറപ്പിച്ച ഡിജിറ്റൽ ഉടമസ്ഥാവകാശ രേഖകൾ നഷ്ടപരിഹാരവും സഹായവും അർഹരായ ഗുണഭോക്താക്കളിലേക്കുതന്നെ എത്തുന്നുവെന്ന് ഉറപ്പാക്കുകയും, ദുരന്താനന്തര പുനരധിവാസം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.
പ്രവാസികൾക്കും അംഗപരിമിതർ ഉൾപ്പെടെ ദുർബല വിഭാഗങ്ങൾക്കും 'നക്ഷ" സുരക്ഷയും പ്രവേശനക്ഷമതയും ഉറപ്പാക്കുന്നു. സർക്കാർ ഓഫീസുകളിൽ അടിക്കടിയുള്ള സന്ദർശനം കൂടാതെതന്നെ സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, 'നക്ഷ" കേവലം സാങ്കേതിക പരിഷ്കരണം മാത്രമല്ല, ഇന്ത്യയുടെ ഭൂമിയിലും ഭാവിയിലും പങ്കാളിത്തമുള്ള ലോകമെമ്പാടുമുള്ള പൗരന്മാർക്ക് വിശ്വാസത്തിന്റെയും ശാക്തീകരണത്തിന്റെയും പ്രതീകം കൂടിയാണ്.
നഗരങ്ങളിലെ ഭൂഉടമകൾക്കും, തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും അനുഗ്രഹമാകുന്ന 'നക്ഷ", സ്മാർട്ട് സിറ്റികൾ, പി.എം ഗതിശക്തി, പി.എം സ്വനിധി തുടങ്ങിയ ദേശീയ ദൗത്യങ്ങളുമായി സമന്വയിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ ഭാവി വികസനത്തിലെ സുപ്രധാന ഘടകമായി മാറുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |