SignIn
Kerala Kaumudi Online
Monday, 10 November 2025 8.04 AM IST

മിനിസ്റ്ററായി അസ്ഹറുദ്ദിന്റെ പുതിയ ഇന്നിംഗ്സ്

Increase Font Size Decrease Font Size Print Page
aa

2023 നവംബ‌ർ 18ന് ഹൈദരാബാദിലെ റഹ്മത്ത് നഗറിൽ വച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്രൻ മുഹമ്മദ് അസ്ഹറുദ്ദീനെ കാണുമ്പോൾ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ റോളിലായിരുന്നു അദ്ദേഹം. ഏകദിന ലോകകപ്പ് നടക്കുന്ന സമയം കൂടിയായിരുന്നു അത്.

'വേൾഡ് കപ്പ് ഫൈനലിൽ ഇന്ത്യ ജയിക്കും. അതുപോലെ ഇവിടെ (ജൂബിലി ഹിൽസ്) ഞാനും ജയിക്കും. ഇത്തവണ ലോകകപ്പ് രോഹിത് ശ‌ർമ്മയുടെ കരങ്ങളിൽ വരും. അതുപോലെ ഇവിടെ തെലങ്കാനയിൽ ഭരണം കോൺഗ്രസിന്റെ കരങ്ങളിലും വരും."

മൂന്ന് പ്രവചനങ്ങളിൽ ഒരെണ്ണം മാത്രം ശരിയായി. തെലങ്കാനയുടെ ഭരണം ബി.ആർ.എസിൽ നിന്ന് കോൺഗ്രസിന്റെ കൈകളിലെത്തി. പക്ഷെ, ജൂബിലി ഹിൽസ് മണ്ഡലത്തിൽ അസ്ഹറുദ്ദീൻ പരാജയപ്പെട്ടു. ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യൻ ടീമും. അന്ന് അസ്ഹറുദ്ദീൻ വിജയിച്ചിരുന്നുവെങ്കിൽ ഉറപ്പായും മന്ത്രിയാകുമായിരുന്നു. അന്ന് നഷ്ടപ്പെട്ട മന്ത്രിസ്ഥാനം ഇപ്പോൾ അസ്ഹറുദ്ദീനെ തേടിവന്നു. കഴിഞ്ഞ ഒക്ടോബർ 31ന് മുൻ ക്യാപ്ടൻ അസ്ഹറുദ്ദീൻ 'മിനിസ്റ്റർ അസ്ഹറുദ്ദീനായി."

'വൺഡേയിൽ കപ്പ് നഷ്ടപ്പെട്ട രോഹിത് ശർമ്മ ക്യാപ്ടനായ ഇന്ത്യൻ ടീം ട്വന്റി 20 വേൾഡ് കപ്പ് സ്വന്തമാക്കിയല്ലോ" നഷ്ടം മറ്റൊരു അവസരത്തിൽ നേട്ടമായി വരുമെന്നാണ് അസ്ഹറുദ്ദീൻ പറയുന്നത്.

ജൂബിലി ഹിൽസിൽ ഉപതിരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തിൽ അസ്ഹറുദ്ദീനെ മന്ത്രിയാക്കുന്നത് അവിടെ കോൺഗ്രസ് സ്ഥാനാത്ഥിയാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് എന്നായിരുന്നു പ്രതിപക്ഷ ആരോപണം. പക്ഷെ, അസഹ്റുദ്ദീനെ എം.എൽ.സി (മെമ്പർ ഓഫ് ലെജിസ്ലേറ്രീവ് കൗൺസിൽ) ആക്കുകയായിരുന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചെയ്തത്. ആന്ധ്ര, തെലങ്കാന ഉൾപ്പെടെ ആറു സംസ്ഥാനങ്ങളിൽ എം.എൽ.സിയുണ്ട്. നിയമസഭയിലെ അംഗബലം അനുസരിച്ച് നേരിട്ട് എം.എൽ.സി മാരെ നോമിനേറ്റ് ചെയ്യാം. പൊതുസംരംഭം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളാണ് അസ്ഹറുദ്ദീന് നൽകിയത്. ഒപ്പം ഒരു ചുമതല കൂടി രേവന്ത് റെഡ്ഡി നൽകി. ജൂബിലി ഹിൽസിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണം. ഇപ്പോൾ അവിടെ മുഴുവൻ സമയ പ്രചാരണത്തിലാണ് അസ്ഹറുദ്ദീൻ.

ജൂബിലി ഹിൽസ്

പിടിക്കൽ ഈസിയല്ല

സിറ്റിംഗ് എം.എൽ.എയായിരുന്ന ബി.ആർ.എസ് നേതാവ് മാഗന്തി ഗോപിനാഥ് ജൂണിൽ മരിച്ചതിനെ തുടർന്നാണ് ജൂബിലി ഹിൽസിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 11നാണ് തിരഞ്ഞെടുപ്പ്.

2023-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസിൽ മാഗന്തി ഗോപിനാഥ് കോൺഗ്രസ് മുഹമ്മദ് അസ്ഹറുദ്ദീനെ 16,337 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയാണ് മൂന്നാംവട്ടവും എം.എൽ.എ ആയത്.

ജനകീയ എം.എൽ.എ എന്ന ഇമേജാണ് മാഗന്തിക്കുണ്ടായിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം ബി.ആർ.എസിന്റെ സംഘടനാ സംവിധാനം ക്ഷയിച്ചെങ്കിലും ജൂബിലി ഹിൽസ് നിലനിറുത്താൻ പാർട്ടി ശക്തമായി തന്നെ രംഗത്തുണ്ട്. മാഗന്തി ഗോപിനാഥിന്റെ ഭാര്യ മഗന്തി സുനിതയാണ് ബി.ആർ.എസ് സ്ഥാനാർത്ഥിയായി അവതരിപ്പിച്ചിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പിൽ നവീൻ യാദവാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ഡി.സി.സി മുൻ പ്രസിഡന്റ് കൃഷ്ണയാദവിന്റെ മകനാണ് നവീൻ. ഇത്തവണ എ.ഐ.എം.ഐ.എം സ്ഥാനാർത്ഥിയെ നിറുത്താതെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ എ.ഐ.എം.ഐ.എം സ്ഥാ നാർത്ഥിക്ക് 7,848 വോട്ടുകളാണ് ലഭിച്ചത്. മുസ്ലിം വോട്ടുകൾ നിർണ്ണായകമാകുന്ന മണ്ഡലത്തിൽ താരപ്രചാരകനും മന്ത്രിയുമായി അസ്ഹറുദ്ദീനെ അവതരിപ്പിക്കുന്നതിലൂടെ സീറ്റ് പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് നേതൃത്വത്തിന്. ബി.ആർ.എസ് ആ സീറ്റ് നേടുന്നതിനു മുമ്പ് അഞ്ചുതവണ കോൺഗ്രസ് തുടർച്ചയായി ജയിച്ച സീറ്രാണ് ജൂബിലിഹിൽസ്.

'ആരിൽ നിന്നും ദേശസ്‌നേഹ

സർട്ടിഫിക്കറ്റ് ആവശ്യമില്ല'

ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷ വോട്ട് ബാങ്കിംഗ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രീണന രാഷ്ട്രീയമാണ് തന്നെ മന്ത്രിയാക്കിയതിന്റെ കാരണമെന്ന ബി.ജെ.പി ആരോപണം അസ്ഹറുദ്ദീൻ നിഷേധിച്ചു. ''ജൂബിലി ഉപതിരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ല. അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി സത്യസന്ധമായി പ്രവർത്തിക്കും. ആരിൽ നിന്നും ദേശസ്‌നേഹ സർട്ടിഫിക്കറ്റ് ആവശ്യമില്ല'' അദ്ദേഹം കേരള കൗമുദിയോടു പറഞ്ഞു.

? ജൂബിലിൽ ഹിൽസിൽ കോൺഗ്രസ് വിജയിക്കുമെന്ന പ്രതീക്ഷയുണ്ടോ.

• തീർച്ചയായും. രണ്ടുവർഷം മുമ്പുള്ള സാഹചര്യമല്ല ഇപ്പോൾ. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഭരണം മികച്ചതെന്ന ബോദ്ധ്യം ഇവിടുത്തെ വോട്ടർമാർക്കുണ്ട്.

? മന്ത്രിയെന്ന നിലയിൽ പ്രവർത്തനം.

• തുടങ്ങിയതല്ലെ ഉള്ളൂ. ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകും.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.