SignIn
Kerala Kaumudi Online
Friday, 12 July 2024 7.47 AM IST

വിദ്യാഭ്യാസ പരിഷ്‌കാരം ദിശ മാറുന്നോ?​ ഇടത്തേക്ക് സിഗ്‌നൽ വണ്ടി വലത്തോട്ട്!

school

കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസരംഗം അധിക പ്രവൃത്തിദിനവുമായി ബന്ധപ്പെട്ടപുതിയ വിവാദത്തിലാണ്. ശനിയാഴ്ചകൾ കൂടി പ്രവൃത്തിദിനങ്ങളായി പ്രഖ്യാപിച്ചതോടെ അതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരുമായി പൊതുസമൂഹവും അദ്ധ്യാപകരും രണ്ടു തട്ടായി മാറിയിരിക്കുന്നു. അദ്ധ്യാപക സംഘടനകൾ പ്രത്യക്ഷ- പരോക്ഷ സമരങ്ങളിലുമാണ്. പഴയ മത്സരാധിഷ്ഠിത പരീക്ഷാ രീതികളും കുട്ടികളെ തോൽപ്പിച്ച് അരിച്ചുമാറ്റലും തിരികെ കൊണ്ടുവരാനുള്ള അജൻഡയാണ് ഇതിനു പിന്നിലെന്ന് ഉറപ്പിക്കുന്നവരാണ് എതിർപ്പുമായി രംഗത്തു വരുന്നത്.

ഇടതുപക്ഷം കൊട്ടിഗ്ഘോഷിച്ച പുതിയ കരിക്കുലത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളായ ജ്ഞാതൃ മനഃശാസ്ത്രം (Cognitive Psychology), ജ്ഞാനനിർമിതിവാദം (Constructivism), സാമൂഹ്യജ്ഞാന നിർമിതിവാദം (Social Constructivism), വിമർശനാത്മക ബോധനം (Critical Pedagogy), നിരന്തര മൂല്യനിർണയം (Continuous Evaluation) എന്നിങ്ങനെയുള്ള ജ്ഞാനശാസ്ത്ര സംബന്ധിയായ (Epistemological) നിലപാടുകളെ മുഴുവൻ റദ്ദു ചെയ്യലാണ് ഇതിലൂടെ സംഭവിക്കുക എന്നത് പകൽ പോലെ വ്യക്തമാണ്.

ഇടത്ത് സിഗ്നലിട്ട്

വലത്തേക്കോ?​

കുട്ടികളെ ഏറ്റവും കുറഞ്ഞ സമയം മാത്രം സ്‌കൂളുകളിൽ ഇരുത്തുകയും വർഷത്തിൽ 180 ദിവസങ്ങൾ മാത്രം പ്രവർത്തിക്കുകയും ഹൈസ്റ്റെയ്ക് പരീക്ഷകൾ പാടേ ഉപേക്ഷിച്ച്, കുട്ടികളുടെ പഠന നിലവാരം പൂർണമായും നിരന്തര മൂല്യനിർണയത്തിലൂടെ നടത്തുകയും ചെയ്യുന്ന ഫിൻലന്റിലെ വിദ്യാഭ്യാസ മാതൃക പഠിക്കാൻ അവിടെപ്പോയ വിദ്യാഭ്യാസ മന്ത്രി തന്നെ ഇതിനെല്ലാം കാർമ്മികത്വം നിർവഹിക്കുമ്പോൾ അത് ഇടത്തേക്ക് സിഗ്‌നലിട്ട്, വലത്തേക്ക് വണ്ടിയോടിക്കൽ മാത്രമാണെന്ന് പറയാതെ നിവൃത്തിയില്ല.

വിദ്യാഭ്യാസ ഗുണമേന്മ കൊണ്ട് അടയാളപ്പെടുത്തപ്പെട്ട ഫിൻലന്റ് പോലുള്ള രാജ്യങ്ങളിൽ 180 ദിവസമാണ് ഒരു അക്കാ‌ഡമിക് വർഷം സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. പഠന ബോധന പ്രവർത്തനങ്ങൾ എന്നത്, കായികാദ്ധ്വാനം പോലെ കൂടുതൽ സമയം പ്രവർത്തിക്കുന്നതുകൊണ്ട് കൂടുതൽ ഫലം കൊയ്യാൻ പറ്റുന്ന ഒന്നല്ലെന്ന് അവർ തിരിച്ചറിഞ്ഞതാണ് പഠന ബോധന സമയം ഗണ്യമായി കുറയ്ക്കാൻ കാരണം.

പറച്ചിലൊന്ന്,​

പ്രവൃത്തി വേറെ!


220 ദിവസം സ്‌കൂളുകൾ പ്രവർത്തിക്കണം എന്നത് തന്റെ ഏറ്റവും പുതിയ ഇടപെടലായാണ് സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി പറയുന്നത്. 1959-ൽ നിലവിൽ വന്ന കെ.ഇ.ആർ വ്യവസ്ഥകളിൽ അങ്ങനെ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് കാരണമായി പറയുന്നത്. എന്നാൽ ഒരു ക്ലാസിലെ പരമാവധി കുട്ടികളുടെ എണ്ണം ഉൾപ്പടെ നമ്മുടെ സംസ്ഥാനത്ത് കെ.ഇ.ആർ പുതുകാലത്തിനനുസരിച്ച് മാറ്റിമറിച്ചതെല്ലാം മന്ത്രി സൗകര്യപൂർവം മറക്കുകയാണ്. 'മാറ്റുവിൻ ചട്ടങ്ങളെ" എന്ന് ഉദ്‌ഘോഷിക്കുന്നവർ പഴയ ചട്ടങ്ങൾ ഉയർത്തിക്കാട്ടി പുരോഗമനത്തിനു പകരം പിൻഗമനം നടത്തുന്നതും വിമർശകരുടെ വായടപ്പിക്കാനിറങ്ങുന്നതുമാണ് ഇന്നിന്റെ കൗതുകകരമായ കാഴ്ച.

കുട്ടികളുടെ സാമൂഹികവത്കരണവും മൂല്യവിചാരവും ചിന്താശേഷിയും സർഗശേഷിയും കായികശേഷിയും ഒരേ അളവിൽ വികസിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസപ്രകിയ മുഖ്യമായും ലക്ഷ്യമിടുന്നത്. വിജ്ഞാനവും വിനോദവും വിശ്രമവും ശരിയായ അളവിൽ ലഭ്യമാകുമ്പോൾ മാത്രമാണ് വിദ്യാഭ്യാസ പ്രക്രിയ അർത്ഥവത്താകുന്നത്. കൂടുതൽ ദിനങ്ങൾ കുട്ടികളെ സ്‌കൂളിൽ പിടിച്ചിരുത്തുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന തിരിച്ചറിവാണ് ദിവസം അഞ്ചോ ആറോ മണിക്കൂർ മാത്രം പ്രവർത്തിക്കുന്ന 180 മുതൽ 200 വരെയുള്ള അക്കാഡമിക്ക് വർഷം വിദ്യാഭ്യാസ വിദഗ്ദ്ധർ നിർദ്ദേശിക്കാൻ കാരണം. കുട്ടികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങളായ കായിക പരിശീലനവും,​ കലാവാസനയുള്ള കുട്ടികളുടെ ബന്ധപ്പെട്ട മേഖലകളിലെ പരിശീലനവും,​ എൻ.സി.സി, എസ്.പി.സി (സ്റ്റുഡന്റ് പൊലീസ് കേഡറ്റ്)​,​ ലിറ്റിൽ കൈറ്റ്‌സ് പോലുള്ള മറ്റു മേഖലകളിലെ പ്രവർത്തനവും ശനിയാഴ്ചകൾ കേന്ദ്രീകരിച്ചാണ് നടക്കാറ്.

അദ്ധ്യയനത്തിലെ

സ്മാർട്ട് വർക്ക്

അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം ഹാർഡ് വർക്കിനേക്കാൾ സ്മാർട്ട് വർക്കിനാണ് പ്രാധാന്യം. പുതിയ ലോകത്ത് മിക്ക ജോലികളും ആവശ്യപ്പെടുന്നത് സ്മാർട്ട് വർക്ക് ആണ്. മികച്ച ആസൂത്രണത്തോടെയുള്ള സർഗാത്മകവും അന്വേഷണാത്മകവുമായ പ്രവർത്തനങ്ങളും,​ സാങ്കേതികവിദ്യയുടെ പ്രയോഗവുമാണ് അദ്ധ്യാപനത്തിലെ സ്മാർട്ട് വർക്ക്. ഇതിനായി അധ്യാപകർ ഏറെ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. പ്രതിബദ്ധതയുള്ള അധ്യാപകരെല്ലാം തങ്ങളുടെ ഒഴിവു ദിവസങ്ങൾ മിക്കവാറും ഈ തയ്യാറെടുപ്പുകൾക്കായി മാറ്റിവയ്ക്കുകയാണ് ചെയ്യുക.

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി മാറാൻ ആദ്യം വേണ്ടത്,​ അദ്ധ്യാപകരുടെ പ്രൊഫഷണൽ ഡവലപ്‌മെന്റിന് ആവശ്യമായ പിന്തുണാ സംവിധാനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും ലഭ്യമാക്കുകയാണ്. വിദ്യാഭ്യാസ കച്ചവടക്കാരും വികല വിദ്യാഭ്യാസ കാഴ്ചപ്പാടുകാരും 365 ദിവസവും സ്‌കൂൾ പ്രവർത്തിച്ചാൽ കൂടുതൽ ഗുണമേന്മയുണ്ടാകും എന്നു പറഞ്ഞാൽ അതിശയിക്കാനില്ല. അതേസമയം,​ കൂടുതൽ പഠനസമയം ആവശ്യമായ ഹയർ എഡ്യുക്കേഷൻ,​ ഹയർ സെക്കൻഡറി മേഖലകളിലും 220 പ്രവൃത്തിദിനങ്ങൾ ആവശ്യമുണ്ടെന്ന് കോടതിയോ സർക്കാരോ പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്.

മൈക്കിട്ട

ടീച്ചർമാർ

കമ്പോളാധിഷ്ഠിത മത്സരപരീക്ഷയും,​ ജപപഠനവും,​ വ്യവഹാര മനഃശാസ്ത്രത്തിൽ അധിഷ്ഠിതമായ പഠന ബോധന രീതികളും തിരികെ കൊണ്ടുവരികയെന്ന അജൻഡ ഭംഗിയായി നടപ്പിലാക്കുകയാണെന്ന് നിസംശയം പറയാം.

ആശയതലത്തിൽ മാത്രമല്ല,​ പ്രായോഗികതയിലും കൂടുതൽ പ്രവൃത്തി ദിനങ്ങൾ ദുരന്തങ്ങൾ വിളിച്ചു വരുത്തുകയേയുള്ളൂ. അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ തളർച്ചയിലേക്ക് കൂപ്പുകുത്തും. ഇപ്പോൾത്തന്നെ 'ടീച്ചേഴ്‌സ് മൈക്ക്" കഴുത്തിലണിഞ്ഞ അദ്ധ്യാപകരെക്കൊണ്ട് ക്ലാസ് മുറികൾ നിറയുകയാണ്.

നിത്യവും 56 പിരിയഡുകൾ ചേർന്നതാണ് ക്ലാസ് ക്രമീകരണം. തുടർച്ചയായ ക്ലാസുകൾ വരുന്നതിലൂടെ ശ്വാസതടസവും ശബ്ദതടസവും നേരിട്ട് പലരും കളമൊഴിയാൻ വെമ്പുകയാണ്. കൂടുതൽ സമയം,​ കൂടുതൽ കിതച്ചുള്ള ഈ ഓട്ടം താങ്ങാവുന്നതാണോ എന്ന് അനുഭവതലത്തിൽ ഇതേക്കുറിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പഠനം നടത്തേണ്ടതുണ്ട്.

(കേരള എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ ആണ് ലേഖകൻ)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.