SignIn
Kerala Kaumudi Online
Wednesday, 08 May 2024 12.46 PM IST

കണ്ണൂർ കൈത്തറിയല്ല; കണ്ണീർ കൈത്തറി 

kaithari

ഇന്ത്യയിലെ പ്രധാന കൈത്തറി കയറ്റുമതി കേന്ദ്രമാണ് കണ്ണൂർ. പാരമ്പര്യ തനിമ ചോരാത്ത കണ്ണൂർ കൈത്തറിക്ക് അന്താരാഷ്ട്ര പ്രശസ്തിയുണ്ട്. എന്നാലിപ്പോൾ കണ്ണീർ കാലമാണ് കണ്ണൂർ കൈത്തറിക്ക്.
സ്‌കൂൾ യൂണിഫോം വകയിൽ അടക്കം സർക്കാരിൽ നിന്നും പണം ലഭിക്കാക്കാത്തതിനാൽ വലയുകയാണ് കണ്ണൂരിലെ കൈത്തറി സൊസൈറ്റികൾ. യൂണിഫോം തുണി നെയ്തതിന്റെ കൂലിയടക്കം സൊസൈറ്റികൾക്കു ലഭിച്ചിട്ടില്ല. ഈ സ്ഥിതി തുടർന്നാൽ കൈത്തറി മേഖലയെ ആശ്രയിച്ച് കഴിയുന്ന നൂറു കണക്കിന് കുടുംബങ്ങളാവും പട്ടിണിയിലാവുക.നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് കൈത്തറി വസ്ത്രങ്ങൾ. ഊടും പാവും തെറ്റാതെ ഓരോ നൂലിഴകളും കോർത്തിണക്കി കൃത്യതയും അദ്ധ്വാനവും അടിസ്ഥാനമായ ഈ തൊഴിൽ മേഖല അന്ത്യശ്വാസം വലിക്കുകയാണ്.

ഇഴതെറ്റിയ ജീവിതങ്ങൾ

കണ്ണൂരിലെ തറികൾ നിശ്ചലമായിക്കൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് കൈത്തറി മേഖലയിൽ പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന സ്ത്രീകൾ ഈ മേഖലയെ പൂർണമായും ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. രാവിലെ മുതൽ വൈകിട്ട് വരെ തറിയിൽ പണിയെടുത്താൽ പരിചയസമ്പന്നയായ ഒരു സ്ത്രീ തൊഴിലാളിക്ക് ലഭിക്കുന്നത് പരമാവധി 350 രൂപയാണ്. തുടക്കക്കാർക്ക് 200 രൂപയും. അതുകൊണ്ട് തന്നെ പുതിയ സ്ത്രീകളാരും ഈ മേഖലയിലേക്ക് കടന്ന് വരുന്നില്ല. ഗുണമേന്മ കൂടുതൽ ഉണ്ടങ്കിലും കൈത്തറി വസ്ത്രങ്ങൾക്ക് വില അധികമാണ്. അതിനാൽ ആളുകൾ കൈത്തറി വസ്ത്രങ്ങളോട് മുഖം തിരിക്കുകയാണ്. ഇതോടെ ജോലിയും കുറഞ്ഞു. 400 പേർ പണിയെടുത്തിരുന്ന തറികളിൽ ഇപ്പോൾ ഉള്ളത് 30 പേർ മാത്രം. മുന്നൂറ് രൂപയ്ക്ക് എങ്ങനെ കുടുംബം പുലർത്തും എന്ന് സ്ത്രീ തൊഴിലാളികൾ ചോദിക്കുന്നു.

സ്‌കൂൾ യൂണിഫോം പ്രഹരമായി


യൂണിഫോം തുണിത്തരങ്ങൾ കൈത്തറി മേഖലയ്ക്ക് സാമ്പത്തികമായി ആശ്രയമായിരുന്നു. സ്‌കൂൾ യൂണിഫോമുകൾക്ക് കൈത്തറി വസ്ത്രങ്ങൾ ഉപയോഗിക്കാൻ സർക്കാർ നിർദ്ദേശം വന്നപ്പോൾ മേഖലയ്ക്ക് ഉണർവ്വുണ്ടായിരുന്നെങ്കിലും ഇപ്പോൾ നിരാശയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി നടത്തിയ പഠനത്തിൽ സൗജന്യ യൂണിഫോം പദ്ധതി കേരളത്തിലെ കൈത്തറി തൊഴിലാളികളിൽ സംതൃപ്തിയും സന്തോഷവുമുണ്ടാക്കിയെന്ന് കണ്ടെത്തിയിരുന്നു.
കൈത്തറി യൂണിഫോം തയാറാക്കിയ ജില്ലയിലെ സംഘങ്ങൾക്ക് അഞ്ചര കോടിയാണ് കുടിശിക. ഇതോടെ കൈത്തറി തൊഴിലാളികളുടെ കൂലി 68 മാസം വരെ കുടിശികയായി. ഒട്ടുമിക്ക സംഘങ്ങൾക്കും സർക്കാർ ഏറ്റെടുത്ത തുണിയുടെ വില യഥാസമയം ലഭിച്ചിട്ടില്ല. യഥാസമയം തുണി ഏറ്റെടുക്കാത്തതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി. പദ്ധതി ആരംഭിച്ച 2017 മുതൽതന്നെ, നടപ്പിലാക്കുന്നതിലെ അപാകതകൾ കാരണം യൂണിഫോം ഉത്പാദിപ്പിച്ചു നൽകുന്ന കൈത്തറി സഹകരണ സംഘങ്ങളും കൈത്തറി തൊഴിലാളികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പദ്ധതിയുടെ ആരംഭകാലത്ത് നിശ്ചയിച്ച വില പുനർനിർണയിച്ചിട്ടുമില്ല. അതിനുശേഷമുണ്ടായ നൂൽവില വർദ്ധന അടക്കമുള്ളവ കാരണം ചെലവേറി.

തൊഴിലാളികൾക്ക് സർക്കാർ തന്നെ പ്രഖ്യാപിച്ച മിനിമംകൂലി നൽകുന്നതിനു പോലുമുള്ള തുക പദ്ധതിയിൽ വകയിരുത്തിയിട്ടില്ല. ഇതിനാൽ തന്നെ മിനിമം കൂലി തൊഴിലാളികൾക്ക് ലഭ്യമാകാത്ത അവസ്ഥയാണ്. യൂണിഫോമിന്റെ ജോലിയുള്ളതിനാൽ, തനത് ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്ന തൊഴിലാളികൾക്ക് ആ തൊഴിൽ നൽകാൻ സാധിക്കാത്ത സ്ഥിതിയുമാണ്. പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സംസ്ഥാന ഹാൻഡ്‌ലൂം സൊസൈറ്റീസ് അസോസിയേഷൻ സർക്കാറിലേക്ക് നിരവധി നിവേദനങ്ങളയക്കുകയും പ്രതിഷേധിക്കുകയും ചെയ്‌തെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല.


ശമ്പളമില്ലാതെ ഹാൻവീവ്

മാസങ്ങളായി ശമ്പളം ലഭിക്കാതെ കൈത്തറി വികസന കോർപ്പറേഷൻ (ഹാന്റ് വീവ്) ജീവനക്കാർ. ജില്ലയിൽ നാൽപതിനടുത്ത് ജീവനക്കാരും ആയിരത്തോളം നെയ്ത്ത് തൊഴിലാളികളുമാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്.ഇതിന് പുറമെ 2021ൽ വിരമിച്ച ജീവനക്കാർക്ക് വിരമിക്കൽ ആനുകൂല്യവും ലഭ്യമായിട്ടില്ല. ശമ്പളം മുടങ്ങിയതിനെ കുറിച്ച് സി.ഐ.ടിയുവിന്റെ നേതൃത്വത്തിൽ ജീവനക്കാർ നവകേരളസദസിൽ പരാതി നൽകിയിരുന്നു. നേരത്തെയും രണ്ട് മാസം കൂടുമ്പോഴായിരുന്നു ശമ്പളം ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തുടർച്ചയായ മാസങ്ങളിൽ ശമ്പളമില്ലാത്തത് ജീവനക്കാരെയും നെയ്ത്ത് തൊഴിലാളികളെയും ഒരു പോലെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.

ആഭ്യന്തര ഉത്പാദനം കുറഞ്ഞു

നിലവിൽ കൈത്തറി വികസന കോർപ്പറേഷനിൽ ആഭ്യന്തര ഉത്പാദനം കാര്യമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ നടപ്പിലാക്കിയ സൗജന്യ യൂണിഫോം പദ്ധതി മാത്രമാണ് ആകെയുള്ളത്. മീറ്ററിന് 4.50 രൂപയാണ് വില.

ബാങ്കുകൾ കനിയുന്നില്ല

കൈത്തറി സംഘങ്ങൾക്ക് ബാങ്കുകൾ വായ്പ നൽകാൻ മടിക്കുകയാണ്. ഇതുമൂലം സംഘങ്ങൾക്ക് പ്രവർത്തന മൂലധനം കണ്ടെത്താൻ സാധിക്കുന്നില്ല. സംഘങ്ങൾ അടച്ചുപൂട്ടുന്നതിലേക്ക് എത്തുന്ന സാഹചര്യമാണ് ഇതുമൂലമുണ്ടാകുന്നത്. നൂലും ചായവും വാങ്ങാൻ വഴിയില്ലാത്ത അവസ്ഥയിലാണ് മിക്ക സംഘങ്ങളും.


അനുവദിച്ച 20 കോടിയുമില്ല

സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെ ജനുവരിയിൽ 20 കോടി അനുവദിച്ചെങ്കിലും ഇതിൽ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.

ബഡ്ജറ്റിൽ പ്രതീക്ഷ

ഇക്കുറി കൈത്തറി മേഖലയ്ക്ക് 207.23 കോടിയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. മുൻവർഷത്തേക്കാൾ 12 കോടി അധികം. കൈത്തറി സംഘങ്ങൾക്ക് യൂണിഫോം തയ്യാറാക്കാൻ 155.34 കോടിയും കൈത്തറി-യന്ത്രത്തറി മേഖലയ്ക്ക് 51.89 കോടിയും നീക്കിവച്ചു. നെയ്ത്തുകാരുടെയും അനുബന്ധ തൊഴിലാളികളുടെയും ഉത്പാദനക്ഷമത കൂട്ടാനുള്ള പദ്ധതിക്ക് 4.50 കോടി. കൈത്തറി ഗ്രാമങ്ങങ്ങളുടെ നവീകരണവും വികസനവും ലക്ഷ്യമിട്ട് മറ്റൊരു 4.50 കോടിയും നീക്കിവച്ചു. കൈത്തറി സഹകരണസംഘങ്ങൾ, ഹാൻടെക്‌സ്, ഹാൻവീവ് എന്നിവയ്ക്ക് ഓഹരിവിഹിതമായി നൽകുന്നതിന് 5.29 കോടി വകയിരുത്തി. ഇതിൽ 4.40 കോടി ഹാൻടെക്‌സ്, ഹാൻവീവ് എന്നിവയ്ക്കുള്ള വിഹിതമാണ്.

ഖാദിക്ക് വിഹിതം കുറഞ്ഞു

ഖാദി-ഗ്രാമവ്യവസായവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്ക് ഇക്കുറി 14.80 കോടി വകയിരുത്തിയുള്ളൂ. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടുകോടി കുറവാണിത്. മുൻവർഷം 16.50 കോടി നീക്കിവച്ചതിൽ 9.25 കോടിയാണ് അനുവദിച്ചത്.

വേണം പാക്കേജ്

കൈത്തറി നെയ്ത്ത് മേഖലക്കായി ഒരു പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുവാൻ സർക്കാർ തയാറായാൽ ഈ വ്യവസായത്തെയും, പരമ്പരാഗതമായി ഈ മേഖലയിൽ തൊഴിലെടുക്കുന്നവരെയും സംരക്ഷിക്കാൻ കഴിയും. കൂലി ഏകീകരണത്തിനായി ഒരു വേതന നയം നടപ്പാക്കണം. വനിതകൾക്ക് തൊഴിൽ പരിശീലനം നൽകി ഈ മേഖലയിലേക്ക് കൊണ്ടുവരണം. സംഘങ്ങൾക്ക് പ്രവർത്തന മൂലധനം നൽകുകയും, പുതുതലമുറയെ നെയ്ത്ത് മേഖലയിലേക്ക് കൊണ്ടുവരുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HANDLOOM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.