
നിയമസഭാ തിരഞ്ഞെടുപ്പിൽ പത്ത് മണ്ഡലങ്ങളിൽ സി.പി.എമ്മും ബി.ജെ.പിയുമായി ഡീൽ നടക്കാൻ സാദ്ധ്യതയുണ്ടെന്നും, അതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവും, യു.ഡി.എഫം മുൻ കൺവീനറുമായ എം.എം. ഹസൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കേറ്റ തിരിച്ചടിക്കു കാരണം ഭരണവിരുദ്ധ വികാരമാണെന്നും ഹസൻ പറയുന്നു. കേരളകൗമുദിയുമായുള്ള സംഭാഷണത്തിൽ നിന്ന്:
? തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനും കോൺഗ്രസിനും നൽകുന്ന ഊർജ്ജം...
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചതിനും അപ്പുറമുള്ള വിജയമാണ് ലഭിച്ചത്. കോൺഗ്രസിന്റെ കൂട്ടായ പ്രവർത്തനവും ജനങ്ങൾക്കിടയിലുള്ള ശക്തമായ ഭരണവിരുദ്ധ വികാരവുമാണ് വിജയത്തിനു കാരണം. തദ്ദേശ തിരഞ്ഞെടുപ്പിനെ നിയമസഭാ ഇലക്ഷന്റെ കർട്ടൻ റെയ്സർ ആയി വേണം കാണാൻ.
? നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികളെ വളരെ നേരത്തേ പ്രഖ്യാപിക്കുമോ.
സ്ഥാനാർത്ഥി നിർണയത്തിനായി എ.ഐ.സി.സിയുടെ സർവേ നടക്കുന്നുണ്ട്. സ്വകാര്യ ഏജൻസികളും സ്ഥാനാർത്ഥി സാദ്ധ്യത പരിശോധിക്കുന്നുണ്ട്. എ.ഐ.സി.സി സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചതിനു ശേഷമാകും കെ.പി.സി.സി, ഡി.സി.സി എന്നിവയുടെ അഭിപ്രായം കൂടി സ്വരൂപിച്ച് പൊതുസമ്മതരായ സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കുക. വിജയസാദ്ധ്യതയാണ് പ്രധാന യോഗ്യത.
? രാഹുൽ മാങ്കൂട്ടത്തിൽ കേസ് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ.
തദ്ദേശ തിരഞ്ഞെടുപ്പിൽ രാഹുൽ വിഷയം സി.പി.എം ഉന്നയിച്ചെങ്കിലും ജനം തള്ളി. രാഹുലിനെതിരെ കോൺഗ്രസ് ശക്തമായ നടപടിയെടുത്തു. എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ പറയാൻ പാർട്ടിക്കാവില്ല. ശബരിമല സ്വർണക്കൊള്ളയിൽ ഇപ്പോഴും ജയിലിൽ കഴിയുന്നവർക്കെതിരെ സി.പി.എം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല.
? ഭരണവിരുദ്ധ വികാരമെന്ന ആരോപണത്തോടൊപ്പം, മുഖ്യമന്ത്രിയുടെ ശൈലിയിലും വിമർശനമുണ്ടോ.
തീർച്ചയായും. മുഖ്യമന്ത്രിയുടെ ശൈലിയിലും സംസാരത്തിലും ഭരണത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ്. ജനാധിപത്യ രീതിയിലുള്ള ഭരണമല്ല; ഏകാധിപത്യമാണ് കേരളത്തിൽ നടക്കുന്നത്. 'പിണറാധിപത്യം" ആണ് കേരളത്തിലുള്ളത്. സ്റ്റാലിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. വ്യക്തിപരമായി ഏറ്റവും അടുപ്പമുള്ള നേതാവാണ് പിണറായി. എന്നാൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലി വിമർശിക്കപ്പെടേണ്ടതാണ്.
? നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ മുതിർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന കിട്ടില്ലേ.
50 ശതമാനത്തിൽ കൂടുതൽ യുവനിരയ്ക്ക് പ്രാധാന്യം നൽകണമെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം. അതോടൊപ്പം അനുഭവ സമ്പത്തുള്ള മുതിർന്ന നേതാക്കൾക്കും പരിഗണന നൽകും. 70- 90 സീറ്റിലെങ്കിലും കോൺഗ്രസ് മത്സരിക്കും. യുവനിരയിൽ വനിതകൾക്ക് കുടുതൽ പ്രാധാന്യം നൽകും. നേതാക്കൾക്കു പുറമേ സമൂഹത്തിൽ സ്വാധീനമുള്ളവരെയും പരിഗണിക്കും. സാമൂഹ്യ മാദ്ധ്യമങ്ങളിലെ സേവനമല്ല യോഗ്യതയായി കാണുന്നത്.
? സ്ഥാനാർത്ഥികൾക്ക് ടേം വ്യവസ്ഥയുണ്ടോ. നിലവിലെ എം.പിമാർ മത്സരിക്കുമോ...
സിറ്റിംഗ് എം.എൽ.എമാർക്ക് മത്സരിക്കാൻ യാതൊരു തടസവും ഇതുവരെ നിശ്ചയിച്ചിട്ടില്ല. വിജയസാദ്ധ്യതയാണ് പ്രധാന മാനദണ്ഡം. ജനസമ്മതരാണെങ്കിൽ ഹൈക്കമാൻഡ് അനുവദിക്കും. ഒരു എം.പി സ്ഥാനാർത്ഥിയായാൽ മറ്റുള്ളവരും ആഗ്രഹം പ്രകടിപ്പിക്കും. അത് ചർച്ച ചെയ്യുന്നുണ്ട്. ഉഭയകക്ഷി ചർച്ചകൾ കഴിഞ്ഞാലുടൻ സ്ഥാനാർത്ഥി നിർണയ പ്രക്രിയയിലേക്ക് കടക്കും.
? സംസ്ഥാനത്ത് സി.പി.എം- ബി.ജെ.പി ഡീൽ ആരോപിച്ചതിന്റെ അടിസ്ഥാനം.
വ്യക്തമായ തെളിവുകളുണ്ട്. 10 മണ്ഡലങ്ങളിൽ സി.പി.എം- ബി.ജെ.പി ഡീൽ നടക്കാൻ സാദ്ധ്യതയുണ്ട്. അതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇവരുടെ കൂട്ടുകെട്ടിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പി.എം ശ്രീ പദ്ധതി. 12-ന് കേന്ദ്ര സർക്കാരിനെതിരെ സി.പി.എമ്മിന്റെ സമരമുണ്ട്. കഴിഞ്ഞ പത്തുവർഷം ഈ സമരം കണ്ടില്ല. പ്രധാനമന്ത്രിക്ക് ആറന്മുള കണ്ണാടിയും ബാലരാമപുരം കസവും കൊടുക്കാൻ മാത്രമാണ് മുഖ്യമന്ത്രി ഡൽഹിയിൽ പോകുന്നത്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പ്രധാന ശത്രുവായ കോൺഗ്രസിനെതിരെ അവർ യോജിക്കും.
? കേരളത്തിലെ ബി.ജെ.പിയുടെ വളർച്ച.
ബി.ജെ.പിയുടെ വളർച്ചയ്ക്ക് കാരണക്കാർ സി.പി.എമ്മും ആർ.എസ്.എസുമാണ്. ബി.ജെ.പിയെ തടയാൻ കോൺഗ്രസ് മാത്രമേ ശ്രമിക്കുന്നുള്ളൂ. ഭരണത്തിനു വേണ്ടിയും കോൺഗ്രസിനെ തോല്പിക്കാനും സി.പി.എം അവരെ സഹായിക്കുന്നു. സി.പി.എമ്മുകാരാണ് കൂടുതലായും ബി.ജെ.പിയിലേക്ക് പോകുന്നത്. എ.കെ ബാലനെപ്പോലെ നിരവധി പേർ സംസാരിക്കുന്നത് ബി.ജെ.പി നേതാക്കളെ പോലെയാണ്.
? വിജയം നേടിയാൽ മുഖ്യമന്ത്രി ആരാകും.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് ആരെയും അവതരിപ്പിക്കാറില്ല. ആ ചോദ്യം ചോദിക്കാൻ സി.പി.എമ്മിന് അവകാശമില്ല. കാരണം പിണറായി വിജയനല്ലാതെ മറ്റൊരാളുടെ പേര് അവിടെയില്ല. അത് സ്വപ്നം കാണാൻ പോലും സി.പി.എമ്മിൽ ആർക്കും അവകാശമില്ല. ശൈലജ ടീച്ചറുടെ പേര് എവിടെയോ ഉയർന്നതോടെ അവർക്ക് ദുർഗതിയായി. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള ഒരു ഡസനോളം പേരുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |