SignIn
Kerala Kaumudi Online
Friday, 26 April 2024 1.37 PM IST

ഫയലുകൾ മരിച്ച രേഖകളല്ല...

files

മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ആദ്യ സർക്കാരിന്റെ തുടക്കത്തിൽ ജീവനക്കാരെ അഭിസംബോധന ചെയ്തപ്പോൾ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞു. ഇപ്പോൾ അഞ്ചുവർഷം പിന്നിടുമ്പോൾ ഫയലുകൾ മരിച്ച രേഖകൾ ആകരുതെന്നും അവ തുടിക്കുന്ന ജീവിതമാകണമെന്നും അദ്ദേഹം വീണ്ടും ആവർത്തിക്കുന്നു . മുഖ്യമന്ത്രി ഇങ്ങനെയെല്ലാം പറഞ്ഞിട്ടും ഫയൽതീർപ്പ് പ്രതീക്ഷിക്കുന്നതുപോലെ കാര്യക്ഷമമാകാത്തതിന്റെ കാരണം എന്തായിരിക്കും.?

ഇതേക്കുറിച്ചു ചോദിച്ചപ്പോൾ സംസ്ഥാന ചീഫ് സെക്രട്ടറി വി.പി.ജോയി ഇങ്ങനെ പ്രതികരിച്ചു." എല്ലാ ഫയൽ നീക്കവും ഓൺലൈനാക്കാനുള്ള പരിശ്രമത്തിലാണ്.സേവനങ്ങളിൽ ഒരു കുതിച്ചുചാട്ടത്തിനാണ് നോക്കുന്നത്. ജനങ്ങൾ ഓഫീസിൽ വരാതെ ഓൺലൈനിലും മൊബൈലിലും സേവനങ്ങൾ ലഭ്യമാക്കും. സെക്രട്ടേറിയറ്റിലടക്കം മൂന്ന് നാലുമാസത്തിനകം ഇത് പ്രാവർത്തികമാക്കുകയാണ് ലക്ഷ്യം. ഒരു ഫയൽ ഒറിജിനേറ്റ് ചെയ്താൽ അത് തീർപ്പാകാൻ വിവിധ സെക്ഷനുകളിലൂടെ അല്ലെങ്കിൽ വകുപ്പുകളിലൂടെ നീങ്ങും. ഈ തലങ്ങൾ അല്ലെങ്കിൽ തട്ടുകൾ കുറയ്ക്കുമെന്നും ഡെലിഗേഷൻ കാര്യക്ഷമമാക്കുമെന്നും വി.പി.ജോയി ചൂണ്ടിക്കാട്ടി.

ഫയൽ തീർപ്പ് ഫലപ്രദമാകാൻ അത് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയും അർപ്പണബോധവും സുപ്രധാനമാണെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ.എം.വിജയനുണ്ണി പറഞ്ഞു. ഉഴപ്പൻമാരും കഴിവില്ലാത്തവരുമാണെങ്കിൽ ഫയൽ വൈകും.നല്ലവണ്ണം ജോലി ചെയ്യുന്നവർക്ക് അവരുടെ പെർഫോമൻസിന് അനുസരിച്ച് അംഗീകാരം കൊടുക്കാറില്ല. സമയാസമയങ്ങളിൽ പ്രൊമോഷൻ കിട്ടുമെന്നതിനാൽ ഉഴപ്പൻമാർ ഉഴപ്പുതുടരുകയും ചെയ്യും. വകുപ്പുകളിലായാലും മന്ത്രിതലത്തിലായാലും നല്ല നേതൃത്വമുണ്ടായാൽ ഫയലുകൾ വേഗം തീർപ്പാകുമെന്നും വിജയനുണ്ണി വ്യക്തമാക്കി.

നിസാരമായി കൈകാര്യം ചെയ്യാവുന്ന ഫയലുകൾ പോലും വെറുതെ സംശയങ്ങളുടെ കൊറിയിട്ട് സങ്കീർണമാക്കുന്ന വിരുതൻമാരുണ്ടെന്ന് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പറഞ്ഞു. ചില ഫയലുകൾ അങ്ങനെ മുകളിലോട്ട് പോയാൽ പോയതുതന്നെ. ആദ്യത്തെ വിദ്വാൻ ചോദിച്ചിരിക്കുന്ന സംശയത്തിന്റെയടിയിൽ യേസ് യേസ് എന്നു കുറിച്ചായിരിക്കും തട്ടേൽക്കേറുക. ഇതിനിടയിൽ ആരും ഈ സംശയത്തിന് അടിസ്ഥാനമുണ്ടോയെന്ന് നോക്കുകയില്ല.മറ്റൊന്ന് പലരും ഭാവിയിൽ ഉണ്ടായേക്കാവുന്ന അന്വേഷണത്തെ മുന്നിൽക്കണ്ട് ,തനിക്ക് ഒരു പ്രശ്നവും വരരുതെന്ന സമീപനത്തോടെ ഫയലുകൾ നോക്കുന്നവരാണെന്നതാണ് . ഉത്തമബോധ്യത്തോടെ ഫയൽ തീർപ്പാക്കിയവരൊന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന ചരിത്രം അവർ കണക്കിലെടുക്കുന്നതേയില്ല. -ജയകുമാർ പറയുന്നു.

ഫയൽ ഒറിജിനേറ്റ് ചെയ്യുന്നയാൾക്ക് ആർജ്ജവമുണ്ടെങ്കിൽ മിക്ക ഫയലുകളും കാലതാമസംകൂടാതെ തീർപ്പാക്കാനാകുമെന്ന് മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ചൂണ്ടിക്കാട്ടി.സ്വയം തീരുമനമെടുക്കേണ്ടെന്ന കാഴ്ച്ചപ്പാടിൽ മുകളിലേക്ക് റഫർ ചെയ്യുന്നതിനാൽ വലിയ താമസം ഉണ്ടാകുന്നു.ചില ഫയലുകൾ വൈകുന്നതിനു പിന്നിൽ അഴിമതിയുമുണ്ട്.ബിൽഡിംഗ് ലൈസൻസിന്റെയൊക്കെ കാര്യത്തിൽ വീട്ടിലിരുന്നാൽ കാര്യം നടക്കുകയില്ലെന്ന ജനങ്ങളുടെ തോന്നൽ തള്ളിക്കളായാവുന്നതല്ല. അഴിമതിതന്നെയാണ് അതിന്റെ രഹസ്യം.അപേക്ഷകൾ എത്ര ദിവസത്തിനകം തീർപ്പാകുമെന്ന വിവരങ്ങൾ അടങ്ങുന്ന പൗരാവകാശരേഖ നൽകാനുള്ള തീരുമാനം ഇനിയും നടപ്പിലായിട്ടില്ലെന്നും വിജയാനന്ദ് പറയുന്നു.

ഫയൽ നീക്കം വേഗത്തിലാക്കാൻ നാലാം ഭരണപരിഷ്ക്കാര കമ്മീഷൻ തയ്യാറാക്കിയ റിപ്പോർട്ട്

( പെഴ്സണൽ റിഫോംസ്. സെക്രട്ടേറിയറ് റിഫോംസ് )സർക്കാരിന്റെ കൈയ്യിലുണ്ട്. വി.എസ്.അച്യുതാനന്ദൻ ചെയർമാനും മുൻ ചീഫ് സെക്രട്ടറിമാരായ സി.പി.നായർ, നീലാഗംഗാധരൻ എന്നിവർ അംഗങ്ങളും മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഷീലാ തോമസ് മെമ്പർ സെക്രട്ടറിയുമായ കമ്മിഷൻ 2019 ആഗസ്റ്റിൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ഇതിനുള്ള നിർദ്ദേശങ്ങൾ അക്കമിട്ടു നിരത്തുന്നുണ്ട്.ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്ന പബ്ളിക് സെർവന്റ്സ് അഴിമതിയോ, ചായ് വോ കാണിക്കാതെ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റണമെന്ന ആമുഖത്തോടെയാണ് റിപ്പോർട്ട് തുടങ്ങുന്നത്.ഏത് വകുപ്പുകളിലായാലും ഓരോ ജീവനക്കാരന്റെയും പ്രവർത്തനം മൂന്നുമാസത്തിലൊരിക്കൽ വീതം അവരുടെകൂടി പങ്കാളിത്തത്തോടെ അവലോകനം ചെയ്യണം.ഇങ്ങനെ രണ്ട് പാദങ്ങളിലെ അവലോകനങ്ങളിലും മോശം പെർഫോമൻസാണെങ്കിൽ തിരുത്തൽ നടപടി സ്വീകരിക്കണം.എല്ലാ ഓഫീസുകളിലും കമ്പ്യൂട്ടർ സഹായത്തോടെയുള്ള ഫയൽ ട്രാക്കിംഗ് വേണം. അപേക്ഷകർക്കു കൂടി ഫയൽ ട്രാക്ക് ചെയ്യാൻ ഡോക്കറ്റ് നമ്പർ നൽകണം.ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അപേക്ഷകൾ ഇങ്ങനെ ട്രാക്ക് ചെയ്യാനാകും. സെക്രട്ടേറിയറ്റ് ഉൾപ്പെടെ ജനസേവനം ലഭ്യമാക്കുന്ന എല്ലാ വകുപ്പുകളിലും ഒരു സിംഗിൾ ഡിജിറ്റൽ ഫയൽ പ്രോസസിംഗ് രീതി വേണമെന്നതാണ് ഏറ്റവും പ്രധാന ശുപാർശ. ഫയൽ ഒറിജിനേറ്റ് ചെയ്യുന്നതു മുതൽ ഏത് വകുപ്പുകളിൽ പോയാലും ഈ നമ്പർ മാറരുത്. മാത്രമല്ല ഫയലുകളിലെ സ്‌പഷ്ടീകരണത്തിന്റെ പേരിൽ വിവിധ തട്ടുകളിലേക്ക് കൈമാറുന്ന അവസ്ഥ മാറ്റുകയും താഴ്ന്ന ലെവലിൽ നിന്ന് പല തട്ടുകൾ കറങ്ങാതെ നേരിട്ട് അന്തിമ തീരുമാനം എടുക്കേണ്ട ഉദ്യോഗസ്ഥനുതന്നെ അയയ്‌ക്കുകയും വേണം. ഈ നിർദ്ദേശങ്ങൾ പഠിക്കാൻ സർക്കാർ അന്നത്തെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ വെച്ചിരുന്നതായി ഷീലാതോമസ് പറയുന്നു.

ഫയലുകൾ കണ്ണീർപ്പുഴകളായ എത്രയെത്ര കഥകൾ സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് പറയാനുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇച്ഛാശക്തി ഇക്കുറിയെങ്കിലും വിജയിക്കട്ടെയെന്ന് ആശംസിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAALAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.