SignIn
Kerala Kaumudi Online
Saturday, 27 April 2024 1.38 AM IST

സി.പി.ഐയിലെ പുകഞ്ഞ കൊള്ളികൾ

kanam-rajendran

സി.പി.ഐ. ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ അതിരൂക്ഷ വിമർശനവുമായി പീരുമേട് മുൻ എം.എൽ.എ. ഇ.എസ്. ബിജിമോൾ രംഗത്തിറങ്ങിയത് പാർട്ടിയിലെ വിഭാഗീയത നീറിനീറി പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്. വല്യേട്ടൻ പാർട്ടിയായ സി.പി. എമ്മിൽ വിഭാഗീയതയുടെ കനലുകൾ നിരവധി തവണ കേരളം കണ്ടതാണ്. എന്നാൽ നമ്മളാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും വിളിച്ചു പറയുന്ന സി.പി. ഐയിൽ അപസ്വരങ്ങൾ അങ്ങാടിപ്പാട്ടാകുമ്പോൾ എവിടെയോ എന്തോ ചീഞ്ഞു നാറുന്നതായി ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ല.

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിരുദ്ധ പക്ഷമെന്ന് അവകാശപ്പെടുന്നവർ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതിനെ വിഭാഗീയത എന്നല്ലാതെ എന്തു വിളിക്കാനാകും. എന്നാൽ ഇതൊന്നും വിഭാഗീയതയുടെ സൂചനകളല്ലെന്നും വെറും അഭിപ്രായ പ്രകടനങ്ങൾ മാത്രമാണെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. ഏതോ ഒരു കോണിൽ നിന്നു ഏതോ ഒരു ശക്തി തൊടുത്തുവിടുന്ന കെണിയിൽ മാദ്ധ്യമപ്രവർത്തകർ വീണുപോകുന്നുവെന്നു പറഞ്ഞ് സ്വയം സമാധാനിക്കുമ്പോഴും സംഘടനയിലെ വിമത ശബ്ദങ്ങളെ മുഖവിലയ്ക്കെടുക്കാതെ വയ്യ.

പുരുഷാധിപത്യത്തിനെതിരെ തുറന്നടിച്ച്

ഒരു ജില്ലയിലെങ്കിലും വനിതാസെക്രട്ടറി എന്ന ലക്ഷ്യംവെച്ചായിരുന്നു കാനം പക്ഷക്കാരിയായ ബിജിമോളെ സ്ഥാനാർത്ഥിയാക്കിയതെങ്കിലും നീക്കം എതിർപക്ഷം പരാജയപ്പെടുത്തുകയായിരുന്നു. മരുന്നിനെങ്കിലും ഒരു വനിതാ സെക്രട്ടറിയില്ലെങ്കിൽ പിന്നെന്ത് സ്ത്രീസമത്വം.

ജനപ്രതിനിധി എന്ന നിലയിൽ സ്ത്രീവിരുദ്ധമായ ഡിഗ്രേഡിങ്ങിന് മറ്റു രാഷ്ട്രീയ പാർട്ടികളിൽനിന്നും മാദ്ധ്യമങ്ങളിൽനിന്നും താൻ ഇരയായിട്ടുണ്ടെന്ന് ബിജിമോൾ പറയുന്നു. 'അതിനെ അതിജീവിക്കാനും പ്രതിരോധിക്കാനും ഉൾക്കൊള്ളുവാനും എനിക്ക് സാധിച്ചിട്ടുണ്ട്. വനിത സെക്രട്ടറി പദവിയിലേക്ക് തന്നെ പരിഗണിച്ചപ്പോൾ ജെൻഡർ പരിഗണന എനിക്ക് ആവശ്യമില്ലെന്നു പറയുകയും എന്നാൽ തന്നെ അപമാനിക്കാൻ തന്റെ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്യുകയും ചെയ്ത ആദർശ രാഷ്ട്രീയ വക്താക്കളുടെ നെറികെട് ഒരു ട്രോമയായി തന്നെ വേട്ടയാടുക തന്നെ ചെയ്യും. പക്ഷേ തളർന്നു പോകില്ല. കൂടുതൽ കരുത്തോടെ മുന്നേറും. സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവർ ഏത് പൊന്നു തമ്പുരാൻ ആയാലും അവരോട് എനിക്ക് എന്നും ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോഗിൽ പറഞ്ഞാൽ ഇറവറൻസാണ്.

സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ ഇത്തിരി ഔട്ട് സ്‌പോക്കണുമാകും തിരുമേനിമാരെ. കാരണം ഇത് ജനുസ് വേറെയാണ്. ബിജിമോളുടെ ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ട് സി.പി. ഐ നേതൃത്വം അക്ഷരാർത്ഥത്തിൽ ഞെട്ടി. പുരോഗമനവാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാർട്ടികളുടെയും സ്ത്രീപക്ഷ നിലപാട് എന്നത് തികച്ചും സ്ത്രീവിരുദ്ധമാണെന്ന് ഖേദപൂർവം പറയേണ്ടി വരുമെന്ന് ബിജിമോൾ പറയാതെ പറഞ്ഞു.

വിഷമവൃത്തത്തിലാക്കുന്ന

വേറിട്ട ശബ്ദങ്ങൾ

സംസ്ഥാന സമ്മേളനത്തിന് രണ്ടാഴ്ച മാത്രം ശേഷിക്കെ വിവിധ ജില്ലകളിൽ നിന്നുയരുന്ന വിഭാഗീയതയുടെ അലയൊലികൾ നേതൃത്വത്തെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കയാണ്.

കാനം അനുകൂലികളും വിരുദ്ധരും നേരിട്ട് ഏറ്റുമുട്ടുന്ന കാഴ്ചയാണ് മിക്ക ജില്ലകളിലും കണ്ടത്. നാലിടത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയപ്പോൾ എറണാകുളത്ത് 24 മണിക്കൂർ നീണ്ട തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും അസി. സെക്രട്ടറി പ്രകാശ് ബാബുവിന്റെയും സാന്നിദ്ധ്യത്തിൽ ഒത്തുതീർപ്പായതോടെയാണ് കൊല്ലം ജില്ലയിൽ പ്രകടമായ കടുത്ത വിഭാഗീയത താൽക്കാലികമായെങ്കിലും ഒഴിവായത്.

ഒരു കാലത്ത് നേതൃത്വത്തിനെതിരെ മുൻനിരയിലുണ്ടായിരുന്ന പി. എസ്. സുപാൽ കാനത്തിനൊപ്പം നിൽക്കുന്ന വിധത്തിൽ മനസ്സ് മാറിയതോടെയാണ് ഇവിടെ പ്രശ്നങ്ങൾക്ക് അവസാനമായത്.

കോട്ടയം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മത്സരങ്ങളുണ്ടായത്. പാർട്ടിയിൽ ഏറെക്കുറെ നിശബ്ദമാക്കപ്പെട്ട കെ. ഇ. ഇസ്മയിൽ അനുകൂലികളാണ് മിക്ക ജില്ലകളിലും നേതൃത്വത്തിനെതിരെ രംഗത്തെത്തിയതെന്നും കാലത്തിന്റെ കാവ്യനീതി.

മിക്ക ജില്ലാ സമ്മേളനങ്ങളിലും സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ തന്നെയാണ് പ്രതിനിധികൾ തുറന്നടിച്ചത്.

ജില്ലാ സമ്മേളനങ്ങളിൽ തനിക്കെതിരെ രൂക്ഷവിമർശനം ഉയർന്നുവെന്നതും പല ജില്ലകളിലും ഭാരവാഹി തിരഞ്ഞെടുപ്പുകളിലും കാനം പക്ഷത്തിന് തിരിച്ചടി കിട്ടിയെന്നുമുള്ള റിപ്പോർട്ടുകൾ മാദ്ധ്യമ സൃഷ്ടിയാണെന്നാണ് കാനം പറഞ്ഞത്. കാനം പക്ഷവും മറുപക്ഷവും പാർട്ടിയിൽ ഇല്ലെന്നും അദ്ദേഹം പറയുന്നു.

വല്യേട്ടനെന്നു നടിക്കുന്ന പാർട്ടിയിൽനിന്നു ശക്തമായ ആക്രമണം നേരിടുമ്പോഴും മൗനിയായി നിൽക്കുന്ന നേതൃത്വവും നേതാക്കളും ആരെയാണ് ഭയക്കുന്നതെന്ന, സമ്മേളനങ്ങളിലെ പ്രതിനിധികളുടെ ചോദ്യത്തിനു മുന്നിൽ നേതൃത്വത്തിന് കൃത്യമായ മറുപടിയില്ലായിരുന്നു. ലോകായുക്തയുടെ ചിറകരിയാൻ പോലും കൂട്ടുനിന്ന നേതൃത്വമാണിത്. സി.കെ. ചന്ദ്രപ്പന് പിന്നാലെവന്ന താങ്കൾ ആദ്യഘട്ടത്തിൽ അദ്ദേഹത്തിന്റെ അതേ നയങ്ങളും നിലപാടുകളും പിന്തുടർന്നപ്പോൾ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ പിന്നീട് താങ്കൾ മൗനിയാകുകയും പ്രതികരണശേഷി പണയപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ആ വസന്തകാലം വരാൻ ഇനി എത്ര കാലം കാത്തിരിക്കണമെന്നുമാണ് കണ്ണൂരിലെ പ്രതിനിധികൾ ചോദിച്ചത്.

കാനം ഗ്രൂപ്പുണ്ടാക്കി വിഭാഗീയത ആളിക്കത്തിക്കാൻ ശ്രമിക്കരുത്. പാർട്ടിയിൽ ഇന്നുവരെ കാണാത്ത വിഭാഗീയത മറനീക്കി പുറത്തുവരാനുള്ള കാരണം നേതൃത്വത്തിന്റെ അമിതമായ വിധേയത്വമാണ്. കോൺഗ്രസ്സും ബി.ജെ.പിയും പൊതുശത്രുവാണെങ്കിലും മുഖ്യശത്രു മുന്നണിയിൽ തന്നെയാണ്. അണികളുടെ വികാരം മനസ്സിലാക്കി പ്രവർത്തിക്കാൻ നേതൃത്വം തയ്യാറായില്ലെങ്കിൽ ആ വഴിക്ക് കൊണ്ടുവരാനും തങ്ങൾക്ക് അറിയാമെന്നു ഭീഷണി സ്വരത്തിൽ പറഞ്ഞ പ്രതിനിധികളുമുണ്ട്. സി.പി. ഐയുടെ നാല് മന്ത്രിമാരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന കുറ്റപ്പെടുത്തലുകളും ജില്ലാ സമ്മേളനങ്ങളിലുണ്ടായി.

ആനിരാജക്കെതിരെ എം.എം. മണി നടത്തിയ വിമർശനത്തിലും എൽദോ എബ്രഹാം എം.എൽ.എയെ പൊലീസ് തല്ലിച്ചതച്ചപ്പോഴും നേതൃത്വത്തിന്റെ മൗനം സഹിക്കാവുന്നതിലും അപ്പുറമാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഈ മൗനത്തിൽ എന്തോ ഒളിഞ്ഞിരിപ്പുണ്ട്. എന്നൊക്കെയുള്ള വിമർശനങ്ങൾ നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ തികഞ്ഞ ജാഗ്രതയോടെയാണ് സംസ്ഥാന സമ്മേളനത്തിലേക്കുള്ള നേതൃത്വത്തിന്റെ നീക്കങ്ങൾ. പുകഞ്ഞ കൊള്ളികളെ എങ്ങനെ ഒതുക്കണമെന്നതിനെ കുറിച്ചുള്ള ചർച്ചകളും സംഘടനയിൽ സജീവമാണ്.

ബിനോയ് വിശ്വത്തിന്

നറുക്ക് വീഴുമോ?

സി.പി. ഐക്ക് ഏറ്റവും സ്വാധീനമുള്ള കൊല്ലത്ത് നിന്നാണ് കൂടുതൽ സംസ്ഥാന കൗൺസിൽ അംഗങ്ങളുണ്ടാകുക. ഇത് കാനം വിരുദ്ധവിഭാഗം അനുകൂല ഘടകമായി കാണുന്നു. സംസ്ഥാന സെക്രട്ടറി പദമാണ് വിരുദ്ധർ ലക്ഷ്യമിടുന്നതെങ്കിലും 72 കാരനായ കാനം രാജേന്ദ്രന് നിലവിൽ തുടരുന്നതിന് തടസ്സമില്ല. പ്രായപരിധി 75 ആണ്. സെക്രട്ടറി സ്ഥാനത്ത് രണ്ട് ടേം മാത്രമേ പൂർത്തിയായുള്ളൂ. മൂന്നുതവണ വരെ തുടരാം. എന്നാൽ അദ്ദേഹത്തിന്റെ അനാരോഗ്യം വിഷയമാക്കി പുതു ചേരിയെ ശക്തിപ്പെടുത്താനുള്ള നീക്കവും അണിയറയിൽ തകൃതിയായി നടക്കുന്നുണ്ട്.

ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വത്തെ സെക്രട്ടറി സ്ഥാനത്തേക്ക് സമവായ സ്ഥാനാർത്ഥിയായി കൊണ്ടുവരാനുള്ള നീക്കവും ഇരുപക്ഷവും തുടങ്ങിയിട്ടുണ്ട്. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം സമവായ നീക്കത്തിലൂടെ സെക്രട്ടറിയെ കണ്ടെത്തി മുഖംരക്ഷിക്കാനുള്ള നീക്കവും സജീവമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.