സർവത്ര പിഴവുകൾ! പഠനബോർഡ് പുനഃസംഘടന മുതൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി കണ്ണൂർ സർവകലാശാലയിൽ വിവാദ പരമ്പരകളാണ്. പ്രിയ വർഗീസിന്റെ നിയമന വിവാദം, ആർ.എസ്.എസ്. സൈദ്ധാന്തികരുടെ പാഠപുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തൽ, വി.സി. നിയമനത്തിലെ അനധികൃത നീക്കം തുടങ്ങിയ വിവാദങ്ങൾ കൊടുമ്പിരികൊണ്ടിരുന്നു. ചോദ്യപേപ്പർ ആവർത്തനം, ചോദ്യപേപ്പർ ചോർച്ച, പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ ലഭ്യമാകാതിരിക്കൽ, ഡാറ്റാ ചോർച്ച തുടങ്ങിയ വീഴ്ചകളാണ് ഇപ്പോൾ വീണ്ടും സർവകലാശാലയുടെ മാർക്കിടിച്ചിരിക്കുന്നത്.
കേസും നൂലാമാലകളും
കണ്ണൂർ സർവകലാശാലയ്‌ക്കെതിരായ കേസിൽ ഹാജരായ അഭിഭാഷകന് സർവകലാശാലാ ഫണ്ടിൽ നിന്ന് അനുവദിച്ച നാലുലക്ഷം രൂപ അന്നത്തെ വൈസ് ചാൻസലർ തിരിച്ചടക്കേണ്ടി വന്നു. ഗോപിനാഥ് രവീന്ദ്രൻ വൈസ് ചാൻസലറായിരുന്നപ്പോൾ കണ്ണൂർ സർവകലാശാലയെത്തന്നെ എതിർകക്ഷിയാക്കി ഫയൽ ചെയ്ത കേസിലാണ് വക്കീൽ ഫീസ് അനുവദിക്കാൻ തീരുമാനിച്ച സിൻഡിക്കേറ്റിന്റെ അസാധാരണ നടപടിയുണ്ടായത്. തീരുമാനം ക്രമപ്രകാരമല്ലെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം. ഡോ. എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട കേസിൽ 2022 ഒക്ടോബർ 21ന് സുപ്രീംകോടതി വിധി വന്നതിന് പിറകെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വി.സി നിയമനത്തിന് പാനൽ നല്കുന്നതിന് പകരം ഒരാളുടെ പേര് മാത്രം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലുള്ള നിയമനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഈ വിധി കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ബാധകമാണെന്നതിനാൽ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചാൻസലറായ ഗവർണർ റദ്ദാക്കി. സെർച്ച്/സെലക്ഷൻ കമ്മിറ്റി ഗോപിനാഥ് രവീന്ദ്രന്റെ പേര് മാത്രം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ 2017ൽ വൈസ് ചാൻസലറായി ഗവർണർ നിയമിച്ചത്. 2021ൽ പുനർനിയമനവും നല്കി. സുപ്രീംകോടതി വിധി വന്നതോടെ രാജിവയ്ക്കാൻ 2022 ഒക്ടോബർ 24 ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി അദ്ദേഹത്തിന് കത്ത് നൽകി. തുടരാൻ നിയമപരമായ അധികാരമുണ്ടെങ്കിൽ കാരണം കാണിക്കണമെന്നുള്ള നോട്ടീസും നല്കി. ഈ നടപടിക്കെതിരേയാണ് ചാൻസലറെ ഒന്നാം എതിർകക്ഷിയും സംസ്ഥാന സർക്കാരിനെ രണ്ടാം എതിർകക്ഷിയും കണ്ണൂർ സർവകലാശാലയെ മൂന്നാം എതിർകക്ഷിയുമാക്കി ഗോപിനാഥ് രവീന്ദ്രൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. കേസിൽ വക്കീലിന് നല്കാൻ ഡിസംബർ 20ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് നാലുലക്ഷം രൂപ അനുവദിച്ചത്. അതേസമയംതന്നെ സർവകലാശാലയ്ക്കുവേണ്ടി ഹാജരായ വക്കീലിന് 6,000 രൂപ അനുവദിക്കുകയും ചെയ്തു.
കണ്ണിൽ പൊടിയിടാനെന്ന് ആക്ഷേപം
ഗോപിനാഥ് രവീന്ദ്രൻ കേസിൽ സർവകലാശാല ഫണ്ടിൽ നിന്നും ചെലവായ തുക തിരിച്ചടച്ചു എന്നുള്ള സർവകലാശാലയുടെ വാദഗതി തെറ്റിദ്ധരിപ്പിക്കുന്നത് എന്ന നിലപാടുമായി കണ്ണൂർ സർവ്വകലാശാല യു.ഡി.എഫ് സെനറ്റേഴ്സ് ഫോറം രംഗത്ത്. 30 ലക്ഷത്തോളം രൂപ സർവകലാശാലയും, 38 ലക്ഷത്തോളം രൂപ സർക്കാരും ചെലവഴിച്ചു എന്നത് രേഖകളിൽ നിന്നും വ്യക്തമാണ്.
എന്നാൽ വെറും നാല് ലക്ഷം രൂപ ഗോപിനാഥ് രവീന്ദ്രൻ തിരിച്ചടച്ചു എന്നുള്ള വാദഗതി, അദ്ദേഹത്തിന് വേണ്ടി ചിലവായ മുഴുവൻ തുകയും തിരിച്ചടച്ചു എന്ന പ്രതീതി സൃഷ്ടിക്കുവാൻ സർവകലാശാല ഉപയോഗിക്കുന്നതായി യു.ഡി.എഫ് സെനറ്റ് അംഗങ്ങൾ അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ച
കഴിഞ്ഞയാഴ്ച ബി.സി.എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിന് പിന്നാലെ എല്ലാ പരീക്ഷാ സെന്ററുകളിലും നിരീക്ഷകരെ ഏർപ്പെടുത്താൻ കണ്ണൂർ സർവകലാശാലയുടെ തീരുമാനം. അൺ എയ്ഡഡ് കോളജുകളിൽ നിരീക്ഷണം ശക്തമാക്കാനും നിർദേശമുണ്ട്. ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിദ്ധ്യത്തിലാകണം. ഇതുവരെ നടന്ന പരീക്ഷ റദ്ദാക്കില്ല. സെൽഫ് ഫിനാൻസിംഗ് സ്ഥാപനമായ ഗ്രീൻ വുഡ് കോളജിലെ പരീക്ഷാ ഹാളിൽ സർവകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയത്. വിദ്യാർത്ഥികളുടെ വാട്സാപ്പിൽ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ കണ്ടെത്തിയത്. പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ മുൻപ് പ്രിൻസിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പർ ആണ് ചോർന്നത്. പാസ്വേഡ് സംരക്ഷിതമായ ചോദ്യപേപ്പർ തുറക്കാൻ അധികാരം പ്രിൻസിപ്പലിന് മാത്രമാണ്. ഇത് പ്രിന്റൗട്ട് എടുത്ത് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണം. എന്നാൽ പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ വിദ്യാർത്ഥികൾക്ക് വാട്സാപ്പിലൂടെ കിട്ടി. ഇതിനുപിന്നിൽ പ്രിൻസിപ്പൽ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്. കണ്ണൂർ കമ്മീഷണർക്കും ബേക്കൽ പൊലീസിനും നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്.
വിദ്യാർത്ഥികളെത്തിയപ്പോൾ
ചോദ്യപേപ്പർ ഇല്ല
പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾ എത്തിയപ്പോൾ സർവ്വകലാശാല ചോദ്യക്കടല തയാറാക്കാത്തത് കൊണ്ട് പരീക്ഷകൾ മാറ്റിവച്ചു. പുതുതായി ആരംഭിച്ച നാലുവർഷ ബിരുദ കോഴ്സിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ ചോദ്യങ്ങൾ സർവകലാശാലയിൽ നിന്ന് ലഭിക്കാത്തതുകൊണ്ടാണ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തത്. പരീക്ഷ ആരംഭിക്കുന്നതിനു ഒരു മണിക്കൂർ മുമ്പ് കോളേജ് പ്രിൻസിപ്പൽ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണം. വിദ്യാർത്ഥികൾ ക്ലാസ് റൂമിൽ കയറിയ ശേഷം ഉത്തരമെഴുതേണ്ട പേപ്പറുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു ഒരു മണിക്കൂർ കഴിഞ്ഞിട്ടും സർവ്വകലാശാലയിൽ നിന്ന് ചോദ്യകടലാസ് എത്തിയില്ല. സർവകലാശാല നേരത്തെ വിജ്ഞാപനം ചെയ്ത പ്രകാരമാണ് പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാൽ പരീക്ഷ മാറ്റിവച്ചതായ ഒരു മെയിൽ അറിയിപ്പ് മാത്രമാണ് പത്തു മണി കഴിഞ്ഞപ്പോൾ പരീക്ഷ കൺട്രോളറുടെ പി.എയുടെ അറിയിപ്പായി വന്നത്. സാധാരണ മുൻകാലങ്ങളിൽ പരീക്ഷ മാറ്റി വയ്ക്കുമ്പോൾ പരീക്ഷ കൺട്രോളറുടെ വിജ്ഞാപനമാണ് ലഭിക്കാറുള്ളത്.
സർവകലാശാല അറിയാതെ
ബിരുദപരീക്ഷ ഫലം
സർവകലാശാല അറിയാതെ ബിരുദപരീക്ഷ ഫലം പ്രസിദ്ധീകരിച്ച് മഹാരാഷ്ട്ര കമ്പനി. അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാരുടെ മെയിലിൽ പരീക്ഷാഫലം വന്നതോടെ റിസൾട്ട് വിദ്യാർത്ഥികൾക്ക് ലഭിക്കുകയായിരുന്നു. യൂണിവേഴ്സിറ്റിയുടെ അനുമതി കൂടാതെ ഫലം പുറത്തു വിട്ട മഹാരാഷ്ട്ര കമ്പനിക്കെതിരെ നടപടി കൈക്കൊള്ളുന്നതിനു പകരം, കോളേജ് പ്രിൻസിപ്പൽമാരോട് വിശദീകരണം ചോദിക്കുകയായിരുന്നു. സർവകലാശാല നിയമത്തിലെ വകുപ്പ് 25(15) പ്രകാരം പരീക്ഷാ ഫലം സിൻഡിക്കേറ്റ് അംഗീകരിച്ചുമാത്രമേ പ്രസിദ്ധീകരിക്കാവുവെന്നാണ് വ്യവസ്ഥ. അത് അവഗണിച്ചാണ് മഹാരാഷ്ട്ര കമ്പനി യൂണിവേഴ്സിറ്റിയുടെ അനുമതിയില്ലാതെ നേരിട്ട് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത്. വി.സിയും പരീക്ഷ കൺട്രോളറും പരീക്ഷഫലം പ്രസിദ്ധീകരിച്ച വിവരം അറിഞ്ഞതോടെ ഫലം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതായി അറിയിച്ച് സർവകലാശാലയുടെ പത്രക്കുറിപ്പ് ഇറക്കി മുഖം രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.
ടെൻഡർ ക്ഷണിക്കാതെ
കരാർ നൽകി
താവക്കര ക്യാമ്പസിൽ സെമിനാർ കെട്ടിടസമുച്ചയം നിർമിക്കാൻ കണ്ണൂർ സർവകലാശാല അക്രഡിറ്റഡ് ഏജൻസികളിൽ നിന്ന് ടെൻഡർ ക്ഷണിക്കാതെ നേരിട്ട് ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ നൽകിയെന്ന് ഓഡിറ്റ് റിപ്പോർട്ട്. നിർമാണ കാലാവധി കഴിഞ്ഞ് നാലുവർഷമായിട്ടും പണി പൂർത്തിയാക്കിയില്ലെന്നും 2022-23ലെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2018ൽ കരാർ നൽകുമ്പോൾ 15 മാസം കൊണ്ട് പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. 5.44 കോടി രൂപയുടെ അടങ്കൽത്തുക 2021ൽ 6.04 കോടിയായി പരിഷ്‌കരിക്കുകയും ചെയ്തു. ഊരാളുങ്കലിന് അഞ്ച് ബില്ലുകളിലായി 4.75 കോടി രൂപ നൽകി. എന്നിട്ടും നിർമാണം തുടങ്ങാൻ ബാക്കിയുള്ള ഒന്ന്, രണ്ട്, മൂന്ന് നിലകളുടെയും ടെറസിന്റെയും അടങ്കൽപോലും തയ്യാറായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സെമിനാർ കെട്ടിടസമുച്ചയം നിർമിക്കുന്ന സ്ഥലത്തിലൂടെ 2022 ഫെബ്രുവരിയിൽ കെ റെയിൽ പദ്ധതി രൂപരേഖയുടെ ഭാഗമായുള്ള അതിർത്തിക്കല്ല് സ്ഥാപിച്ചിരുന്നു. തുടർന്ന് പണി നിറുത്തിവച്ചു. രൂപരേഖയിൽ മാറ്റം വരുത്താതെ പണി പുനരാരാംഭിക്കാൻ 2022 ഓഗസ്റ്റിലെ സിൻഡിക്കേറ്റ് യോഗം അനുമതി നൽകിയിരുന്നു. കേന്ദ്രപദ്ധതിയായ റൂസയിൽനിന്ന് ആദ്യഘട്ടമായി അനുവദിച്ച തുക ഉപയോഗിച്ചുള്ള നിർമാണമാണ് താഴത്തെ നിലയുടേതെന്നും മുറികളിൽ സജ്ജീകരണങ്ങളൊരുക്കുന്ന പണിയാണ് ബാക്കിയുള്ളതെന്നും സർവകലാശാല അധികൃതർ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |