SignIn
Kerala Kaumudi Online
Thursday, 18 July 2024 9.24 AM IST

മൂർച്ചയേറിയ കൊടു'വാൾ"

kejrival

ഉറയിൽനിന്നൂരിയ വാളാണ് കേജ്‌രിവാളെന്ന് 'ഇന്ത്യ" മുന്നണിയിലെ പടനായകന്മാർ പ്രഖ്യാപിച്ചതോടെ കീഴടങ്ങണോ അതോ മുളവടി ഉപേക്ഷിച്ച് എസ്‌കേപ്പാകണോ എന്ന ആലോചനയിലാണ് പരിവാറുകാർ. തിഹാർ ജയിലിലെത്തുമ്പോൾ തുരുമ്പെടുത്ത കത്തിയായിരുന്നെങ്കിൽ ഇപ്പോൾ കേജുവണ്ണൻ കൊടുവാളാണ്. ഈ വാളെടുത്ത് മോദിജിക്കും താടിക്കാരൻ 'ഷാ"ജിക്കും എതിരെ വീശാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. ആരാദ്യം വീശണമെന്ന കാര്യത്തിൽ മാത്രമാണ് ചെറിയൊരു കൺഫ്യൂഷൻ. രാഹുൽജി, അഖിലേഷ്ജി, മമതാജി, ലാലുജി, സ്റ്റാലിൻജി മറുപക്ഷത്ത് റെഡിയാണ്. ഒരവസരം തരൂവെന്ന് പറഞ്ഞ് പ്രിയങ്കാജിയുടെ 'പതിജി" വാദ്രാജിയും രംഗത്തുണ്ട്.

തന്നെ വെറുമൊരു വാളാക്കി ആവശ്യംകഴിഞ്ഞ് ഉറയിലിടാനുള്ള ആ വിശാലമോഹം പിടികിട്ടിയ 'ആപ്പുകാർ" കേജുവണ്ണനെ നേരെ കളത്തിലിറക്കി കാര്യങ്ങൾ ഉഷാറാക്കി. ഇന്ത്യ മുന്നണിയുടെ വാളല്ല, ഇന്ത്യൻ മനസാക്ഷിയുടെ നാവാണ് കേജുവണ്ണനെന്ന് ആപ്പുകാർ വ്യക്തമാക്കിയിട്ടുണ്ട്.
തിഹാർ ജയിലിൽ കാലങ്ങളായി കഴിയുന്ന കളരിയാശാന്മാരിൽ നിന്ന് 50 ദിവസം കൊണ്ട് കേജ്‌രിവാൾ കാര്യമായ എന്തോ മർമ്മാണി പ്രയോഗങ്ങൾ പഠിച്ചിട്ടുണ്ടെന്നുറപ്പ്. അല്ലെങ്കിൽ മോദി ഇത്രയും ഭയക്കില്ല. കേജ്‌രിവാൾ പൂഴിക്കടകൻ പ്രയോഗിച്ചാൽ മോദിയണ്ണന് അങ്കത്തട്ടിൽ നിന്ന് ഇറങ്ങിയോടേണ്ടിവരും. പൂഴിയടങ്ങുമ്പോൾ പ്രധാനമന്ത്രിക്കസേരയിൽ പുതിയ ആൾക്കിരിക്കാം. അതാരാവണമെന്ന കാര്യത്തിൽ ചർച്ച തുടങ്ങിക്കഴിഞ്ഞു. ശ്രീരാമദാസനായ ഹനുമാന്റെ ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങി പ്രചാരണം തുടങ്ങിയ കേജുവണ്ണൻ രാമഭക്തന്മാരുടെയും ഹൃദയം കീഴടക്കി. മോദിയേക്കാൾ വലിയ കുറിതൊട്ട ഹനുമാൻഭക്തൻ വോട്ട് ചോദിച്ചാൽ രാമഭക്തന് പ്രസാദിക്കാതിരിക്കാനാവില്ലെന്നാണ് കേജുവണ്ണന്റെ പ്രതീക്ഷ.
പേരിൽ ഗാന്ധിയില്ലെങ്കിലും സ്വഭാവത്തിൽ ഒന്നാന്തരം ഗാന്ധിയനായ കേജ്‌രിവാൾജി കൂടെ നിൽക്കണമെന്നാണ് ത്രിവർണ ഗാന്ധിയന്മാരുടെ ആഗ്രഹം. കോൺഗ്രസിലെ നിത്യവസന്തമായ രാഹുൽജിയുടെ കരങ്ങൾക്ക് ശക്തിപകരാൻ ഈ 'വാളിന്" കഴിയും. ജയിലിൽ നിന്നിറങ്ങിയ കേജ്‌രിവാളിനെ രഹസ്യമായെങ്കിലും ആദരിക്കണമെന്ന് ഹൈക്കമാൻഡിന് ആഗ്രഹമുണ്ട്. പരിവാറുകാർക്കൊപ്പം പോകാൻ വീടിന്റെ പടിക്കൽവരെ എത്തിയ ചില ഖദറുകാർ തത്കാലം തീരുമാനം മാറ്റിത് കേജുവണ്ണൻ കാരണമാണ്. ഇനി പേടിക്കേണ്ട. തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലുവരെ ആരും പോകാൻ സാദ്ധ്യതയില്ല.
ജയിലിൽ തനിക്കുനേരെ പവനായി മോഡൽ വധശ്രമങ്ങളുണ്ടായെന്നാണ് കേജ്‌രിവാളിന്റെ വെളിപ്പെടുത്തൽ. മലപ്പുറം കത്തി, എ.കെ. 47 തുടങ്ങിയവ പ്രയോഗിക്കുന്നത് ബുദ്ധിപരമല്ലെന്നു തിരിച്ചറിഞ്ഞ പരിവാർ ഭീകരന്മാർ തന്ത്രപരമായ നീക്കമാണ് നടത്തിയത്. ലഡു, ജിലേബി, ഫലൂഡ തുടങ്ങിയവ ദിവസവും തന്നപ്പോൾ ആദ്യമൊന്നും സംശയിച്ചില്ല. മധുരം തന്ന് പ്രമേഹം കൂട്ടി കൊല്ലാനായിരുന്നു പരിപാടി. പ്രഷറുകൂട്ടാനായി നന്നായി ഉപ്പിട്ട സോഡാലൈമും ഇടയ്ക്കിടെ തന്നു. രണ്ടും കത്തിക്കയറി. സ്

നേഹിച്ച് കൊല്ലാനുള്ള ഗൂഢനീക്കം ആം ആദ്മി പ്രവർത്തകരുടെ പ്രാർത്ഥനകൊണ്ടാണ് ഫലിക്കാതെപോയത്.
പുറത്തിറങ്ങിയാൽ, മുഖ്യമന്ത്രിയുടെ ഓഫീസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ ചെല്ലരുതെന്ന് സുപ്രീംകോടതി പ്രത്യേകം നിർദ്ദേശിച്ചതിനാൽ പ്രചാരണത്തിലും വാർത്താസമ്മേളനങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് കേജുജിയുടെ തീരുമാനം. തുടക്കം ഗംഭീരമായി. വോട്ടായാൽ രക്ഷപ്പെടും. അതാരെന്നറിയാൽ അടുത്തമാസം നാലുവരെ കാത്തിരിക്കണം. തന്റെ ഓരോതുള്ളി രക്തവും ഊ രാജ്യത്തിനുള്ളതാണെന്ന് കേജു പറഞ്ഞതുകേട്ട് ഒരുപാട് പേർ പൊട്ടിക്കരഞ്ഞെന്നാണ് റിപ്പോർട്ട്.
വീണ്ടും അധികാരത്തിൽ വന്ന് സഖാവ് പിണറായി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ലാലുജിയുടെ മോൻ തേജസ്വി, ഉദ്ധവ് താക്കറെ എന്നിവരെ ജയിലിലാക്കാനാണ് മോദിയുടെ പദ്ധതിയെന്ന് ജയിലിൽ പൊലീസുകാരും ഇ.ഡിക്കാരും ചർച്ചചെയ്യുന്നത് താൻ കേട്ടുവെന്ന കേജ് രി വാളിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. പിൻഗാമിയായി യു.പി മുഖ്യൻ യോഗി ആദിത്യനാഥിനെയും
ഒതുക്കുമെന്നാണ് പ്രവചനം. അമിത്ഷാജിയെ പ്രധാനമന്ത്രിയാക്കി മോദിജി ഹിമാലയത്തിലേക്കു മുങ്ങും. പിന്നെ പ്രതിപക്ഷ നേതാക്കളുടെ വീടുകൾ ബാക്കിയുണ്ടാവില്ല. ഒരു വാളും ആയിരം നേതാക്കളുമുള്ള ഇന്ത്യ മുന്നണിയിലേക്ക് മറ്റൊരു മല്ലൻ കൂടി എത്തുകയാണെന്നും സൂചനയുണ്ട്. പവറുപോയെങ്കിലും എൻ.സി.പി നേതാവ് ശരദ് പവാറിന് കാശും ഐഡിയയും ആവശ്യത്തിലേറെയുണ്ട്. പൊതുശത്രുവിന്റെ കഥകഴിക്കാൻ ഒരുപാടുപേർ ഒത്തുകൂടുന്നതാണ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലെ ചിത്രം.
ഇന്ത്യ മുന്നണി അധികാരമുറപ്പിച്ചെന്ന രാഷ്ട്രീയ ജ്യോത്സ്യൻമാരുടെ പ്രവചനം ശരിയായാൽ ആരാകും പ്രധാനമന്ത്രിയെന്ന ചോദ്യം സംഘികൾക്കു മുമ്പേ ചില കോൺഗ്രസുകാർ പാർട്ടി വേദികളിൽ ഉന്നയിച്ചുകഴിഞ്ഞു. ഓരോ പാർട്ടിയും പങ്കിട്ടെടുത്താൽ അഞ്ചുകൊല്ലം ഒന്നുമല്ല. ഒരു നേതാവിന് ഒരുമാസമെങ്കിലും പ്രധാനമന്ത്രിയാവാൻ കഴിയണം. പാർട്ടിയുടെ വലിപ്പം നോക്കി പങ്കിട്ടാൽ രാഹുൽജിക്ക് ഏതാനും ആഴ്ചകൾ കൂടുതൽ തുടരാം. ഒരാൾ പ്രധാനമന്ത്രിയാവുമ്പോൾ ബാക്കിയുള്ളവർക്ക് ഉപപ്രധാനമന്ത്രിയാവാനും അവസരം ലഭിക്കും.

അയ്യരുടെ വിലാപങ്ങൾ

എക്കാലത്തും ഇന്ത്യയുടെ മിത്രമായിരുന്ന പാക്കിസ്ഥാനെ പിണക്കാതെ ഇടയ്ക്കിടെ സന്തോഷിപ്പിക്കണമെന്ന് മോദിക്കും അമിത്ഷായ്ക്കും കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ ഉപദേശം നൽകിയത് കൃത്യസമയത്താണ്. കൈയിൽ അണുബോംബുള്ള പാക്കിസ്ഥാൻ അതിലൊന്നു പ്രയോഗിച്ചാൽ എന്താവും കഥയെന്നാണ് ചോദിച്ചത്. പിണക്കക്കാരനായ സഹോദരനെ സ്‌നേഹംകൊണ്ട് കീഴ്‌പ്പെടുത്തണമെന്നാണ് അയ്യർജി ഉദ്ദേശിച്ചത്.
കോൺഗ്രസുകാർ ഒരുപാട് സ്‌നേഹിച്ച പാക്കിസ്ഥാനെ ബി.ജെ.പിക്കാർ പിണക്കിയതിലുള്ള സങ്കടം തുറന്നുപറഞ്ഞതിൽ ഹൈക്കമാൻഡിന് വലിയ വിഷമമുണ്ട്. കാർഗിൽ യുദ്ധകാലത്ത് ഇതേ മുന്നറിയിപ്പ് പാക്കിസ്ഥാൻ ഇന്ത്യക്ക് നൽകിയിരുന്നു. പാക്കിസ്ഥാൻ എന്ന രാജ്യം ഭൂമുഖത്ത് ഉണ്ടാവണമെന്നാണ് ഇന്ത്യയുടെ ആഗ്രഹമെന്ന് അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി മറുപടി നൽകിയതോടെ അവസാനിച്ച കാര്യമാണ് അയ്യർജി കുത്തിപ്പൊക്കിയത്. തിരഞ്ഞെടുപ്പ് കഴിയുംവരെ അയ്യർക്ക് കാത്തിരിക്കാമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KEJRIVAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.