തിരുവനന്തപുരം ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് നിസ്‌തുലമായ സംഭാവന നൽകിയ നേതാവാണ് മിനർവ ശിവാനന്ദൻ. പാർട്ടി നിരോധിക്കപ്പെട്ടിരുന്ന 1947- 48 കാലത്താണ് ഊർജ്ജസ്വലനായ സഖാവ് രംഗപ്രവേശം ചെയ്യുന്നത്. പ്രസ് തൊഴിലാളി യൂണിയൻ പ്രവർത്തകനായാണ് തുടക്കം. കെ. ബാലകൃഷ്ണന്റെ കൗമുദിയിലും, കേരളകൗമുദിയിലും പ്രവർത്തിച്ചു. ജില്ലയിൽ ചെത്തുതൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്നതിൽ കാട്ടായിക്കോണം ശ്രീധറിനൊപ്പം പ്രധാന പങ്കുവഹിച്ച ശിവാനന്ദൻ, മിച്ചഭൂമി കർഷക സമരങ്ങളിൽ സജീവ പങ്കാളിയായിരുന്നു.
ഈയിടെ അടിയന്തരാവസ്ഥ തടവുകാരുടെ ഒരു ഒത്തുചേരലിനെക്കുറിച്ചുള്ള സംസാരത്തിനിടെ ഞങ്ങളോടൊപ്പം ജയിലിലുണ്ടായിരുന്ന, റെയിൽവേ ജീവനക്കാരനും അക്കാലത്ത് പേട്ടയിലെ പാർട്ടി സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്നയാളുമായ 'റെയിൽവേ ബാബു" ആണ് ശിവാനന്ദന്റെ ഓർമ്മ ദിനത്തെക്കുറിച്ച് എന്നോടു പറഞ്ഞത്. നീണ്ട 18 വർഷത്തിനു മുമ്പുള്ള വേർപാട് ഇന്നലത്തെപ്പോലെ തോന്നുന്നു.
1970-ൽ മധുരയിൽ നടന്ന ഒമ്പതാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി പാർട്ടിയുടെ സംസ്ഥാന സമ്മേളനം കൊല്ലത്തായിരുന്നു; ജില്ലാ സമ്മേളനം കടയ്‌ക്കലും. 55 വർഷത്തിനു ശേഷം ഇപ്പോൾ വീണ്ടും അത് ആവർത്തിക്കുന്നു. ജില്ലാ സമ്മേളനത്തിന് അവതരിപ്പിക്കേണ്ട പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറിയായിരുന്ന, അനശ്വരനായ എൻ. ശ്രീധരൻ തയ്യാറാക്കി രഹസ്യമായി അച്ചടിപ്പിച്ചത് ശിവാനന്ദന്റെ 'മിനർവ" പ്രസിലായിരുന്നു. റിപ്പോർട്ടിന്റെ പ്രൂഫ് പരിശോധിക്കാൻ എന്നെയാണ് സഖാവ് എൻ.എസ് നിയോഗിച്ചത്. ഒരാഴ്ചക്കാലം 'മിനർവ" പ്രസിൽ താമസിച്ച് പ്രൂഫ് നോക്കി റിപ്പോർട്ട് അച്ചടിപ്പിച്ചു. ആ ഒരാഴ്ച ക്കാലത്താണ് ഞങ്ങൾ കൂടുതൽ അടുത്തത്. ഞാൻ വിദ്യാർത്ഥി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. ഞാൻ പ്രൂഫ് നോക്കിയാലും സഖാവ് ശിവാനന്ദൻ ഒരിക്കൽക്കൂടി നോക്കി തെറ്റില്ലെന്ന് ഉറപ്പുവരുത്തും. അതായിരുന്നു പ്രതിബദ്ധത.
സംസ്ഥാന സമ്മേളനത്തിന് എല്ലാ പ്രചാരണ സാമഗ്രികളും 'മിനർവ"യിലാണ് അച്ചടിച്ചത്. ഇതിനായി ഞാൻ ദിവസങ്ങളോളം 'മിനർവ"യിൽ താമസിച്ചു. സ്നേഹനിധിയായ അദ്ദേഹത്തിന്റെ സഹധർമ്മിണി സ്വന്തം കുടുംബാംഗത്തെപ്പോലെ എല്ലാ ദിവസവും ഭക്ഷണപാനീയങ്ങൾ തന്നു. ആ ഓർമ്മകൾ ഒരിക്കലും മറക്കാൻ കഴിയില്ല. തിരുവനന്തപുരം ലാ കോളേജിൽ പഠിക്കുമ്പോൾ അത് ശക്തിപ്പെട്ടു. എവിടെ വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ചാലും സഖാവ് അവിടെ എത്തുമായിരുന്നു. ഭക്ഷണം നൽകാനും ജാമ്യം എടുക്കാനും ആശുപത്രിയിലാണെങ്കിൽ പരിചരിക്കാനും സഖാവു തന്നെ ഏർപ്പാടാക്കും. ഇത്തരം ചുരുക്കം സഖാക്കളാണ് പ്രസ്ഥാനത്തെ വളർത്താൻ അക്കാലത്ത് ഏറെ സഹായിച്ചത്. 'മിനർവ" പ്രസിനെ ഒരു കമ്മ്യൂണിസ്റ്റ് ഉപകരണമായി അദ്ദേഹം ഉപയോഗിച്ചു. ആ പ്രസ് 24 മണിക്കൂറും പ്രവർത്തിച്ചിരുന്നു.
എഴുപതുകളും എൺപതുകളും നാടാകെ സമര പ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊണ്ട കാലമായിരുന്നു. തൊഴിലാളികളും ജീവനക്കാരും അവരുടെ സംഘടന കെട്ടിപ്പടുക്കാനും സമരം സംഘടിപ്പിക്കാനും തകൃതിയായി നടക്കുന്ന ആ കാലത്ത് നോട്ടീസും പോസ്റ്ററും അച്ചടിക്കാൻ ആലോചിക്കുമ്പോൾ മുന്നിലെത്തുക 'മിനർവ" പ്രസ് ആയിരുന്നു. നോട്ടീസിന്റെയും പോസ്റ്ററിന്റെയും മാറ്ററുകൾ സഖാവ് തന്നെ തയ്യാറാക്കുമായിരുന്നു. പേട്ട എന്നു കേട്ടാൽ ഏതൊരു മലയാളിയും 'കേരളകൗമുദി"യെ ഓർക്കും. പത്രാധിപർ കെ. സുകുമാരനും, പിന്നീട് കെ. ബാലകൃഷ്ണൻ, എം.എസ്. മണി തുടങ്ങി ഇപ്പോഴത്തെ തലമുറയിലെ ദീപു രവി തുടങ്ങിയവരെയെല്ലാം ഓർക്കും. പേട്ട എന്നു കേട്ടാൽ എനിക്ക് സഖാവ് ശിവാനന്ദനെയും 'മിനർവ"യെയും ഓർക്കാതെ വയ്യ. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും തുടർന്ന് സി.പി.എമ്മിലും തലയെടുപ്പോടെ നിലകൊണ്ട സേവനനിരതനായ ആ ഉത്തമ കമ്മ്യൂണിസ്റ്റുകാരൻ എന്നും ഓർക്കപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |